Monday, April 12, 2021

തുറന്ന കത്ത്‌

പ്രിയരേ,അല്ലാഹു നമ്മെ ഏവരേയും അനുഗ്രഹിക്കുമാറാകട്ടെ.പരിശുദ്ധ റമദാന്‍ പടി വാതിലില്‍ എത്തിയിരിക്കുന്നു.

അനുഗ്രഹീതമായ മാസം.വിശ്വാസിയുടെ മനസ്സും,മസ്‌തിഷ്‌കവും എന്നല്ല അകവും പുറവും എല്ലാമെല്ലാം ശുദ്ധീകരിക്കാന്‍ - പുതുക്കിപ്പണിയാന്‍ അതിലുപരി ഈമാനിനെ പ്രോജ്ജലമാക്കാനുള്ള രാവും പകലും ഇതാ വരവായി.അഥവാ ഏറെ അനുഗ്രഹീതമായ രാപകലുകള്‍ ഇതാ എത്തിക്കഴിഞ്ഞിരിക്കുന്നു.വിശ്വാസികളുടെ ആത്യന്തികമായ മോഹം സങ്കല്‍‌പം ശാശ്വതമായ ജിവിതത്തിലെ സ്വര്‍‌ഗ പ്രവേശമാണ്‌.വിശ്വാസികള്‍‌ക്കിടയില്‍ പല കാര്യങ്ങളിലും വീക്ഷണ വ്യത്യാസം ഒരു പുതിയ കാര്യമൊന്നും അല്ല.ഇസ്‌ലാമിക ലോകം ഇതൊക്കെ അംഗീകരിക്കുന്നുമുണ്ട്‌.വിവിധ വീക്ഷണങ്ങളെയും ധാരകളെപ്പോലും ഉള്‍‌കൊള്ളാനാകും വിധം വിശാലമാണ്‌ ഇസ്‌ലാം.

എന്നെപ്പോലെയെന്തേ അപരന്‍ ചിന്തിക്കുന്നില്ല എന്നത്‌ അഭിലഷണീയമായ വിചാരമല്ലെന്നാണ്‌ യഥാർഥ നിരീക്ഷണം. വൈജ്ഞാനികമായ ഗവേഷണ ശാസ്‌ത്രങ്ങളും പാഠഭേദങ്ങളും വിരല്‍ തുമ്പിലെന്നോണം ഓളം വെട്ടുന്ന ഇക്കാലത്ത്‌ തനിക്ക്‌ ശരി എന്നു മനസ്സിലാക്കിയത്‌ ആരായാലും സ്വീകരിക്കട്ടെ.

പ്രവാചക പാഠങ്ങള്‍ ഓതിപ്പറയാന്‍ അനാശാസ്യമായ ഭാഷയും ശൈലിയും ഉപയോഗിക്കുന്നത് വിശ്വാസികളുടെ സംസ്‌കാരമല്ലെന്നു പറയേണ്ടതില്ലല്ലോ?. അവതാരകരുടെ വിവരമില്ലായ്‌മയേയും സൂക്ഷ്‌മതക്കുറവിനെയുമാണ്‌ ഇതൊക്കെ സുചിപ്പിക്കുക എന്നും ഓര്‍‌മ്മപ്പെടുത്തുന്നു. അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.

വരുന്ന റമദാനിനെ പരിപൂര്‍‌ണ്ണാര്‍ഥത്തില്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിന്റെ സം‌പ്രീതരായ ദാസന്മാരില്‍ ഉള്‍‌പെടാനുള്ള സൗഭാഗ്യം സിദ്ധിക്കുമാറാകട്ടെ.പരലോകം പൂകിയ മാതാ പിതാക്കള്‍ക്കും, ബന്ധുമിത്രാധികള്‍‌ക്കും, ഗുരുനാഥന്മാര്‍‌ക്കും, നന്മയുടെ സഹകാരികള്‍‌ക്കും സഹചാരികള്‍ക്കും പാപമോചനവും സ്വര്‍‌ഗ പ്രവേശവും അനുഗ്രഹിച്ചരുളുമാറാകട്ടെ.....
ഹൃദയം തൊട്ട പ്രാര്‍ഥനയോടെ.

അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍