Wednesday, April 7, 2021

ഒന്നും മറക്കാത്ത മനുഷ്യന്‍

കുരുടനും കാഴ്‌ചയുള്ളവനും തുല്യരല്ല. ഇരുട്ടും വെളിച്ചവും ഒരുപോലെയല്ല. കുളിര്‍തണലും കൊടും വെയിലും തുല്യമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമന്മാരല്ല.വിശുദ്ധ ഖുര്‍‌ആനിലെ ഈ വചന ഗരിമയില്‍ മുഴങ്ങുന്ന പ്രഘോഷണം മനുഷ്യന്റെ മസ്‌തിഷ്‌കത്തോടാണ്‌ സം‌വദിച്ചു കൊണ്ടിരിക്കുന്നത്.

വിശ്വാസികള്‍ കാഴ്‌ചയുള്ളവരാണ്‌.അവര്‍ വെളിച്ചമാണ്‌ തെളിച്ചമാണ്‌.അവര്‍ തന്നെയാണ്‌ അപരന്റെ താങ്ങും തണലും.അതിലുപരി അവര്‍ ജീവിച്ചിരിക്കുന്നവരാണ്‌.അഥവാ ജീവിച്ചിരിക്കുമ്പോള്‍ തന്നെ യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വിശ്വാസികളാണ്‌.മാത്രമല്ല മണ്‍‌മറഞ്ഞാലും മറയാതെ ജീവിച്ചിരിക്കുന്നവരായിരിക്കും ആയിരിക്കണം.

ആദരണീയനായ സിദ്ദീഖ്‌ ഹസന്‍ അക്ഷരാര്‍‌ഥത്തില്‍ എല്ലാവരുടേയും സിദ്ദീഖ്‌ വിടപറഞ്ഞ വാര്‍‌ത്ത കേട്ടതു മുതല്‍ വിശുദ്ധ ഖുര്‍‌ആനിലെ ഈ വചനങ്ങളായിരുന്നു ചുണ്ടിലും ചിന്തയിലും.

ജീവിതത്തിന്റെ വിവിധ തുറകളിലുള്ള എല്ലാ ഓരോരുത്തര്‍‌ക്കും ഈ വ്യക്തി പ്രഭാവത്തെ കുറിച്ച് പറയാനുണ്ട്‌.ഓര്‍‌മ്മകളുടെ മണിച്ചെപ്പില്‍ സൂക്ഷിച്ച ഒരു മയില്‍ പീലി ഞാനും തലോടുകയാണ്‌.

എന്റെ മകന്റെ വിയോഗാനന്തരം അവന്റെ രചനകളുടെ സമാഹാരം  പ്രകാശനം ചെയ്‌തിരുന്നു.പുസ്‌തക പ്രകാശന വാര്‍‌ത്ത അറിഞ്ഞതു മുതല്‍ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും പരിചയക്കാരും അല്ലാത്തവരുമായ ഒട്ടനവധി പേരുടെ സന്ദേശങ്ങള്‍ പോസ്റ്റ്‌ വഴി ലഭിച്ചിരുന്നു.2003 നവം‌ബര്‍ ഒന്നിന്‌ പുസ്‌തകം പ്രകാശനം ചെയ്യപ്പെട്ടതിനു ശേഷവും കത്തുകളുടെ പ്രവാഹം  തന്നെയായിരുന്നു.

ഒരു ദിവസം വന്ന കത്തുകളില്‍ ഒന്ന്‌ ആദരണീയനായ സിദ്ദീഖ്‌ ഹസ്സന്‍ സാഹിബിന്റേതായിരുന്നു.ഇരു ലോകത്തും വെളിച്ചം ചൊരിയുന്ന ഈ 'മണിദീപത്തെക്കുറിച്ചോര്‍‌ത്ത്' സന്തോഷിക്കുക എന്ന സമാശ്വാസിപ്പിക്കുന്ന വരികളിലെ സ്‌നേഹ സ്‌പര്‍‌ശം വിവരണാതീതം.ഒരു യാത്രക്കിടയില്‍ റെയില്‍‌വെ സ്‌‌റ്റേഷനിലിരുന്നു കൊണ്ടാണ്‌ ഇത് എഴുതുന്നത് എന്നു കൂടെ കുറിച്ചു കൊണ്ടാണ്‌ കത്ത് ചുരുക്കിയിട്ടുള്ളത്.

ഉത്തരവാദിത്തങ്ങളുടെ ധൃതിപിടിച്ച കൃത്യ നിര്‍‌വഹണത്തിന്നിടയിലും ഒന്നും മറക്കാത്ത മനുഷ്യന്‍.മനസ്സ്‌ മന്ത്രിച്ചു.വലിയ വലിയ കാര്യങ്ങളുടെ തിരക്കുകള്‍‌ക്കിടയിലും കൊച്ചു കൊച്ചു കാര്യങ്ങള്‍‌ക്കും സമയം കണ്ടെത്താനാകുമെന്ന്‌ പഠിപ്പിച്ച മഹാനുഭാവന്റെ ഓര്‍‌മ്മകളില്‍ ഒരു തുള്ളി മിഴിനീര്‍...


പ്രാര്‍‌ഥനാ പൂര്‍‌വ്വം...
അസീസ്‌ മഞ്ഞിയില്‍


--
Tamima
MafcTrading & Contracting Co.
P.O. Box 3463
Doha, Qatar.
Q.Mob + 974 3100 9440
Q.Mob + 974 5552 2853
..................................
Absar corner,
Mullassery,
Thrissur,
Kerala - India.
680509
+91 4872963362
+91 9747331972
+91 8078374062
..................................