Tuesday, July 17, 2018

ഓര്‍‌മ്മവേണം

ഭൂമിയില്‍ അഹങ്കരിച്ചു നടക്കരുത്. ഭൂമിയെ പിളര്‍ക്കാന്‍ നിനക്കാവില്ല. പര്‍വതങ്ങളുടെ ഉയരം പ്രാപിക്കാനും ആവില്ല....
ഓര്‍‌മ്മവേണം വരാനിരിക്കുന്ന ആദ്യ രാത്രി
---------------
മണ്ണറ ഒരുക്കാന്‍ വേണ്ട ആയുധങ്ങള്‍ മണ്‍ വെട്ടിയും കൈകോട്ടും പള്ളി മൂലയിലെ പഴയ ചരു മുറിയിലുണ്ട്‌.വിളിപ്പാടകലെ ഖബറൊരുക്കാന്‍ സന്നദ്ധയാരവരുമുണ്ട്‌.തുണി ശാലകളില്‍ നിന്നെ പുതപ്പിക്കാനുള്ള പുതു വസ്‌ത്രം നെയ്‌തു കൊണ്ടിരിക്കുന്നു.ഒരു പക്ഷെ തൊട്ടടുത്ത തുണിക്കടയിലെ ചില്ലളമാരയില്‍ ഇപ്പോള്‍ തന്നെ ഈ ശുഭ്ര വസ്‌ത്രം വന്നിട്ടുണ്ടാകാം.പരുത്തിയും സുഗന്ധവും സാബൂനും എല്ലാം തയാറാണ്‌.പള്ളി വരാന്തയില്‍ അന്ത്യ യാത്രക്കുള്ള വാഹനവും ഉണ്ട്‌.അത്‌ ചുമക്കാന്‍ തയാറായവര്‍ നിനക്ക്‌ ചുറ്റുമുണ്ട്‌.ഉമ്മയുടെ ഗര്‍‌ഭ പാത്രത്തില്‍ വെച്ച്‌ ജീവന്‍ തുടിച്ച നാള്‍ മുതല്‍ മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം സ്‌തം‌ഭിച്ചാല്‍ ശ്വാസ നിശ്വാസങ്ങള്‍ നിലച്ചാല്‍ മാത്രം മതി..പിന്നെ ആദര സൂചക ചിഹ്നങ്ങളോടെയുള്ള നിന്റെ പേരു പോലും മാറും....

അവസാനമായി കുളിപ്പിക്കാന്‍ ചടുലതയോടെ ചാടി ഒരുങ്ങുന്നവരോടാണ്‌ നീ കയര്‍‌ത്തു കൊണ്ടിരിക്കുന്നത്.അവസാനമായി നിന്നെ പുതു വസ്‌ത്രം അണിയിപ്പിക്കുന്നവരോടും നിനക്ക്‌ വേണ്ടി കണ്ണീര്‍ തൂകി പ്രാര്‍‌ഥിക്കുന്നവരോടുമാണ്‌ നിന്റെ ഗര്‍‌വ്വ്‌.അവസാനത്തെ യാത്രയില്‍ അനുഗമിക്കുന്നവരോടും മണ്ണറയിലേയ്‌ക്ക്‌ പ്രവേശിപ്പിച്ചതിന്‌ ശേഷം 'മണ്ണില്‍ നിന്നാണ്‌ തുടക്കം മണ്ണിലേയ്‌ക്ക്‌ തന്നെയാണ്‌ മടക്കം .....' എന്ന്‌ പറഞ്ഞ്‌ പിടി മണ്ണെറിയുന്നവരോടുമാണ്‌ നീ അഹങ്കരിക്കുന്നത്.

ഖബറിന്‌ ചുറ്റും കൂടി നിന്ന്‌ പ്രാര്‍‌ഥനാ നിര്‍‌ഭരമായ മനസ്സോടെ യാത്ര അയക്കുന്നവരോടും ഖബറടയാളത്തിന്റെ പുല്‍കൊടി വെക്കും വരെയും പിന്നെയും കണ്‍ഠമിടറി പ്രാര്‍‌ഥിക്കാന്‍ ഒരുക്കമുള്ളവരോടുമാണ്‌ നിന്റെ അസഹിഷ്‌ണുതാപരമായ നിലപാട്‌.

മറന്ന്‌ പോകരുത് മണ്ണറയിലെ ഒരു ആദ്യ രാത്രിയെക്കുറിച്ച്.മറന്ന്‌ പോകരുത്. 

'ഭൂമിയില്‍ അഹങ്കരിച്ചു നടക്കരുത്. ഭൂമിയെ പിളര്‍ക്കാന്‍ നിനക്കാവില്ല. പര്‍വതങ്ങളുടെ ഉയരം പ്രാപിക്കാനും ആവില്ല....{17:37 ഖുര്‍‌ആന്‍}

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.....

മഞ്ഞിയില്‍.