Sunday, July 15, 2018

മക്കളെ സ്നേഹിക്കുക

രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ ചൊല്ലി വിവരണാതീതമാം വിധം അസ്വസ്ഥരാണെന്നു മനസ്സിലാക്കുന്നു.മക്കളുടെ കൗമാര പ്രായം ഏറെ ശ്രദ്ധാപൂര്‍‌വം കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നതത്രെ സത്യം.കൗമാരത്തിലേയ്‌ക്ക്‌ കാലെടുത്തു വയ്‌ക്കുന്ന പ്രായം.സ്വന്തമായ കാഴ്‌ചപ്പടുകളും ജീവിത വീക്ഷണങ്ങള്‍ പോലും ചൊട്ടയിടുന്ന കാലം.വാത്സല്യവും താങ്ങും തണലും തലോടലും ഒക്കെ ഏറെ ആവശ്യമുള്ള കാലം.എന്നാല്‍ ദൗര്‍ഭാഗ്യകരം ഇക്കാലയളവില്‍ മക്കള്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നു.അം‌ഗീകരിക്കപ്പെടാതെ പോകുന്നു.സ്‌നേഹിക്കപ്പെടാതെ പോകുന്നു.രക്ഷിതാക്കള്‍ മക്കളെ ന്‌നേഹിക്കുന്നുണ്ടാകാം.പക്ഷെ അവര്‍‌ക്ക്‌ അത്‌ ബോധ്യമാകുന്നില്ല എങ്കില്‍ ആ സ്‌നേഹം ഫലം ചെയ്യുകയില്ല.

ഒന്നു പറഞ്ഞ്‌ രണ്ടാമത്തതിന്‌ 'ദേ നീയിപ്പം ഇള്ളക്കുട്ടിയൊന്നും അല്ല' എന്ന പ്രയോഗം പോലുള്ള പ്രഹരങ്ങള്‍‌ക്ക്‌ സാക്ഷിയാകുന്നവരാണ്‌ ബഹു ഭൂരി പക്ഷം കൗമാര പ്രായക്കാരും.ഇതു തന്നെയാണ്‌ ജിവിതം തന്നെ വലിയ ദുരന്തമായി മാറുന്നതിലെ മഹാ വില്ലന്‍.രക്ഷിതാക്കളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഒരു പണത്തൂക്കം മറ്റെവിടെ നിന്നു കിട്ടിയാലും മക്കള്‍ സന്തോഷഭരിതരാകുന്നു.താന്‍ അണിഞ്ഞൊരുങ്ങിയതിനെക്കുറിച്ച് വീട്ടുകാര്‍ ഒരക്ഷരം പോലും ഉരുയിടാത്ത സാഹചര്യത്തില്‍ കവലയില്‍ ഒരാള്‍ മന്ത്രമനോഹരമായി വര്‍‌ണ്ണിക്കുന്നു.ഇത് ഒരു ദുരന്തത്തിന്റെ തുടക്കമായി തീരുന്നു.അതേ സമയം തന്റെ ബന്ധുക്കളില്‍ നിന്നും ഈ ആസ്വാദനം ഉണ്ടായിരുന്നുവെങ്കില്‍ കവലയിലെ പ്രശം‌സയില്‍ കുരുങ്ങുകയില്ലായിരുന്നു.

കൗമാര പ്രായത്തില്‍ ഏറെ സര്‍ഗാത്മകമായി മക്കളെ പരിപാലിക്കുക.ഖേദിക്കേണ്ടി വരികയില്ലായിരിയ്‌ക്കും.

മഞ്ഞിയില്‍.