Wednesday, July 18, 2018

ദുഃഖം പങ്കുവെയ്‌ക്കുമ്പോള്‍

ദുഃഖം പങ്കുവെയ്‌ക്കുമ്പോള്‍ കുറയും സന്തോഷം പങ്കിട്ടാല്‍ അധികരിക്കും.എന്നത്രെ പഴമൊഴി.

മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ദിവസം.പ്രവാസിയായി യു.എ.യില്‍ കഴിഞ്ഞിരുന്ന തന്റെ പ്രിയതമന്‍ ആകസ്‌മികമായി മരണപ്പെട്ടതായി അറിയുന്നു.ഒരാഴ്‌ചയോളം നീണ്ട കാത്തിരിപ്പിനു ശേഷം മൃതദേഹം നാട്ടിലെത്തുന്നു.താമസിയാതെ ഖബറടക്കവും നടക്കുന്നു.വിരഹത്തിന്റെ നീറുന്ന വേദനയില്‍ തനിക്ക്‌ തുണയും തണലുമായ മാതാവും യാത്രയാകുന്നു.ഓര്‍‌ത്താല്‍ ഒരാഴക്കടലിലേയ്‌ക്ക്‌ മുങ്ങിപ്പോകുന്ന പ്രതീതി.സകലവിധ പ്രതിസന്ധികളിലും മനക്കരുത്തോടെ ജീവിതത്തെ മുഖാമുഖം നേരിടാനുള്ള ആര്‍ജ്ജവം നല്‍‌കി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

പറഞ്ഞു വന്നത് എന്തെന്നാല്‍ കഴിഞ്ഞ വാരത്തില്‍ എന്റെ അമ്മായിയുടെ മകളുടെ മകന്‍ ത്വാലിബ്‌ യു.എ.ഇ അല്‍ ഐനില്‍ വെച്ച്‌ മരണമടഞ്ഞിരുന്നു.ഖബറടക്കം ഇന്ന്‌ തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ കാലത്ത് പത്ത്‌ മണിക്ക്‌ നടന്നു.ഇതിന്നിടെ ത്വാലിബിന്റെ ഭാര്യാ മാതാവ്‌ റുഖിയയെ (പൈങ്കണ്ണിയൂർ പരേതനായ ഇ.കെ മൊയ്‌തു എന്നവരുടെ വട്ടേക്കാട് താമസിക്കുന്ന മകള്‍) ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന്‌ പാവറട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അവരും അല്ലാഹുവിന്റെ വിളിക്ക്‌ ഉത്തരം നല്‍‌കിയിരിക്കുന്നു.പ്രാര്‍‌ഥനയില്‍ ഓര്‍‌മ്മിക്കാന്‍ അഭ്യര്‍‌ഥിക്കുന്നു.