2018 ആഗസ്റ്റ് ഒന്നിന് അവര്‍ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളിലായിരുന്നു.പ്രവാസിയായ പ്രിയ മകന്‍ ശാഹുലിന്റെ ഭാര്യയോടൊപ്പം ആഗസ്റ്റ് രണ്ടിന് അബുദാബിയിലേയ്‌ക്ക് പറക്കാനിരിക്കുകയായിരുന്നു.ഗള്‍ഫിലേയ്‌ക്കുള്ള യാത്രയില്‍ കൊണ്ടു പോകാനുള്ളതെല്ലാം ഓരോന്നോരോന്നായി അടുക്കി ഭദ്രമാക്കി പെട്ടിയിലാക്കി.യാത്രാ ഒരുക്കങ്ങളുടെ ഭാഗമായി അര്‍ദ്ധ രാത്രി കഴിഞ്ഞിട്ടും വീട്ടിലുള്ളവര്‍ ആരും തന്നെ ഉറങ്ങിയിട്ടില്ലായിരുന്നു.എല്ലാം കഴിഞ്ഞ് അല്‍പം വിശ്രമം.
പെട്ടെന്ന് അസ്വസ്ഥയാകുന്നു.പ്രയാസപ്പെടുന്നു.പരിസര വാസികളും ബന്ധുക്കളും ഓടിയെത്തുന്നു.ആതുരാലയത്തില്‍ എത്തും മുമ്പേ അവര്‍ നീണ്ട നിദ്ര പ്രാപിച്ചു കഴിഞ്ഞിരുന്നു. നിശ്ചിത സമയത്ത് വിസമ്മതിക്കാനാകാത്ത അന്ത്യ യാത്ര നടത്തിക്കഴിഞ്ഞിരുന്നു.ഇക്കാലത്ത് മരണങ്ങള്‍ പോലും എത്ര നാടകീയമാണെന്നോ?. യാത്രക്കൊരുക്കി വെച്ച സാധന സാമഗ്രികളുടെ ഭാണ്ഡം കിടപ്പു മുറിയുടെ ഒരു മൂലയില്‍ അനാഥമായ ഒരു പ്രതീകം പോലെ.
കഴിഞ്ഞ ദിവസം നിര്യാതയായ സൈനബ.എന്റെ മൂത്തുമ്മയുടെ മകന്‍ പരേതനായ കേലാണ്ടത്ത് അഹമ്മദ് മുസ്‌ല്യാരുടെ സഹധര്‍മ്മിണിയുടെ യഥാര്‍ഥ കഥയാണിത്.തന്റെ പ്രിയപ്പെട്ട മാതാവും കുടുംബവും നാട്ടില്‍ നിന്നും സസന്തോഷം വിമാനമിറങ്ങുന്നതും കാത്തിരുന്ന മകന്റെ മാനസികാവസ്ഥ വിവരാണീതിതമായിരിയ്‌ക്കും.മകന്‍ വിവരമറിഞ്ഞ് നാട്ടിലെത്തി ഉമ്മയെ യാത്രയാക്കിയിരിക്കുന്നു.അവസാനത്തെ യാത്ര.
എല്ലാം ഉപേക്ഷിച്ച് ഒരു യാത്ര സുനിശ്ചിതമാണ്.ഒരുങ്ങിയിരിക്കുക.എപ്പോള്‍ വേണമെങ്കിലും വിളിക്കപ്പെടാം.ഒരിക്കലും മാറ്റി വെയ്‌ക്കാനാകാത്ത യാത്രയ്‌ക്ക് പാഥേയമൊരുക്കി കാത്തിരിക്കുക. സമയാസമയങ്ങളില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് മറ്റൊരു അവധി വെയ്‌ക്കുന്നത് മൗഢ്യമത്രെ.സമയമായിക്കഴിഞ്ഞാല്‍ ഒരു തരത്തിലുള്ള കാരണത്താലും പോകാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത യാത്രയെ മറന്നു പോകരുത്.
എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ.