Monday, July 28, 2014

വിസ്‌താരമുള്ള ഹൃദയം 

ദോഹ: പ്രാര്‍ഥനയുടേയും പ്രതിജ്ഞയുടേയും സഹനത്തിന്റേയും സഹാനുഭൂതിയുടേയും ഒരു മാസക്കാലത്തെ ശിക്ഷണങ്ങളുടെ പരിസമാപ്‌തിയില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന സുദിനമാണ്‌ ഈദുല്‍ ഫിത്വര്‍ .ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ആക്‌ടിങ് പ്രസിഡന്റ്‌കെ.ടി അബ്‌ദുറഹിമാന്‍ പറഞ്ഞു.ഔഖാഫ്‌ മന്ത്രാലയം അല്‍അറബി സ്‌പോര്‍ട്‌സ്‌ ക്‌ളബ്ബ്‌ മൈതാനിയില്‍ സംഘടിപ്പിച്ച പെരുന്നാള്‍ ഖുതുബയുടെ പരിഭാഷ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം .ദൈവ കല്‍പന പ്രകാരം വ്രതം അനുഷ്‌ഠിച്ചു.അവന്റെ കല്‍പനപ്രകാരം വ്രതം ഉപേക്ഷിച്ചു.ജീവിതത്തിലുടനീളം ദൈവ ശാസനകള്‍ അനുസരിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്‌. 

വളരെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലൂടെയാണ്‌ വിശ്വാസി സമൂഹം കടന്നു പോകുന്നത്‌. ശത്രുക്കളുടെ ആസൂത്രിതമായ ചതിക്കുഴികളെ തിരിച്ചറിയാനാവാത്തതിന്റെ ദുരന്തം വിവരണാതീതമാണ്‌.തങ്ങള്‍ക്കനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതിലും കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലും സയണിസ്റ്റുകള്‍ കാണിക്കുന്ന ജാഗ്രത മധ്യേഷ്യയെ ചുടലക്കളമാക്കി മാറ്റുകയാണ്‌.

ശത്രുക്കളുടെ കരുനീക്കങ്ങള്‍ മനസ്സിലാക്കുന്നതിലും പ്രതികരിക്കുന്നതിലും പൊതു സമൂഹത്തോളം ഉയരാന്‍ അറബ്‌ ഇസ്‌ലാമികലോകത്തിനു കഴിയുന്നില്ല എന്നത്‌ നഗ്നമായ യാഥാര്‍ഥ്യമാണ്‌.എങ്കിലും ഒറ്റപ്പെട്ട ചില വെള്ളി നക്ഷത്രങ്ങള്‍ ചക്രവാളത്തില്‍ ജ്വലിച്ചു നില്‍ക്കുന്നുണ്ട്‌.വിസ്തൃതി കുറഞ്ഞ രാജ്യത്തിന്റെ വിസ്‌താരമുള്ള ഹൃദയം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 

രാജ്യത്തിന്റെ വലിപ്പവും രാഷ്‌ട്രിയ പ്രമാണിത്തവും നോക്കാതെ അതിസങ്കീര്‍ണ്ണമായ അവസ്ഥയിലും പൊതു സമൂഹത്തിന്റെ മനസ്സുള്ള നിലപാടുകളുള്ള കൊച്ചു രാജ്യത്തിനും ഭരണനേതൃത്വത്തിനും സകലവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ടാണ്‌ പ്രഭാഷണം അവസാനിപ്പിച്ചത്‌.

സ്‌ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന്‌ മലയാളികള്‍ ഈദ്‌ഗാഹില്‍ പങ്കെടുത്തു.