Saturday, November 14, 2015

ഉദയം റസിഡന്‍‌സ്‌ ചരിത്രമാകുമ്പോള്‍

ഉദയം റസിഡന്‍‌സ്‌ ചരിത്രമാകുമ്പോള്‍
ദോഹ :ദോഹയുടെ ഹൃദയ ഭാഗമായ ഉദയം റസിഡന്റ്സ്‌ ഉള്‍‌കൊള്ളുന്ന കെട്ടിട സമുച്ചയങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു.മുശേരിബ്‌ സോണില്‍ അബ്‌ദുല്‍ അസീസ്‌ സ്‌ട്രീറ്റില്‍ ജൈദ ടവറിന്നടുത്തുള്ള വ്യാപാര കേന്ദ്രങ്ങളും താമസ സഥലങ്ങളും പൊളിച്ചു നീക്കപ്പെടുന്നതിന്റെ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍‌കപ്പെട്ടിരിക്കുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്ലോക് പരിധിയില്‍ പെട്ടവരും പരിസര നാട്ടുകാരും ജില്ലക്ക്‌ പുറത്തു നിന്നുള്ള ചിലരുമടക്കം മുശേരിബില്‍ താവളം കണ്ടെത്തിയവരാണ്‌. അതായിരുന്നു ഉദയം റസിഡന്‍‌സ്‌. ഒരു കാലത്തെ ഏറെ പ്രസിദ്ധമായിരുന്ന അബ്‌ദുല്ല ബിന്‍ ഥാനിയിലെ കെട്ടിടത്തില്‍ നിന്നും പുതിയ ഇടം കണ്ടെത്തുന്നതില്‍ എല്ലാ അര്‍‌ഥത്തിലും അതിന്റെ മുന്നണിയെ നയിച്ചത്‌ വി.എം റഫീഖായിരുന്നു.എ.വി ഹം‌സ,എ.വി അബൂബക്കര്‍,എന്‍.പി ഉമറലി,എന്‍.പി അഷറഫ്‌,കെ.എച് കുഞ്ഞു മുഹമ്മദ്‌,വി.പി ഷം‌സുദ്ധീന്‍ തുടങ്ങിയ ഒരേ പ്രദേശത്തുകാര്‍ ഒരിടത്തു ഒത്തു ചേര്‍‌ന്നു താമസം തുടങ്ങിയതിന്റെ പശ്ചാത്തലമായിരിക്കണം ഒരു വേദി ഒരുങ്ങുന്നതിന്റെ അനുകൂല ഘടമായത്.

മൂന്നു കിടപ്പു മുറികളും ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടവും കൂടാതെ ഒരു മജ്‌ലിസും അടങ്ങുന്നതാണ്‌ ഉദയം റസിഡന്‍‌സ്‌.ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തന മണ്ഡലമായ മുല്ലശ്ശേരി ബ്ലോക് പരിധിക്കുള്ളിലെ പാടുര്‍ തിരുനെല്ലൂര്‍ പൈങ്കണ്ണിയൂര്‍ വെന്മേനാട്‌ തുടങ്ങിയ പ്രാദേശിക മഹല്ലു കൂട്ടായ്‌മകളുടെയും ഇതര മഹല്ലു സം‌രം‌ഭങ്ങളുടെയും പ്രവര്‍‌ത്തക സമിതി യോഗങ്ങള്‍‌ക്ക്‌ ഉദയം വേദിയാകാറുണ്ട്‌.

കൃത്യമായി പറഞ്ഞാല്‍ 1992 ലാണ്‌ ഉദയം പഠനവേദി രൂപീകൃതമാകുന്നത്‌.നാട്ടില്‍ കെ.അബ്‌ദുല്‍ വാഹിദ്‌ സാഹിബിന്റെ നേതൃത്വത്തിലും ഖത്തറില്‍ എ.വി ഹം‌സ സാഹിബിന്റെ നേതൃത്വത്തിലുമായിരുന്നു പ്രഥമ സമിതി നിലവില്‍ വന്നത്‌.ഒരു കൊച്ചു പ്രദേശത്തിന്റെ എളിയ സം‌രം‌ഭമാണെങ്കിലും ഉദയം പഠനവേദിയും അതിന്റെ ആസ്ഥാനവും ഖത്തറില്‍ ഏറെ പ്രസിദ്ധമാണ്‌.പ്രശസ്ഥരായ പ്രമുഖര്‍ പലരും ഉദയത്തിലെ കുടും‌ബാന്തരീക്ഷം ആസ്വദിച്ചവരാണ്‌.സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക രം‌ഗത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍‌ക്ക്‌ പലപ്പോഴും ഉദയം ഇടത്താവളമായിട്ടുണ്ട്‌.ഉദയം റസിഡന്‍സിനെ ഏറെ ഹൃദയഹാരിയാക്കിയതില്‍ വലിയ പങ്കു വി.എം റഫീഖിന്റെ നായകത്വമായിരുന്നു.

സ്വന്തം വീട്ടില്‍ വരുന്ന പ്രതീതി ജനിപ്പിക്കുന്ന അന്തരീക്ഷം ഉദയം റസിഡന്‍സിനു സ്വന്തമായിരുന്നു.എല്ലാ കാര്യങ്ങളും ഒരു കുടും‌ബ നായകനെപ്പോലെ അന്വേഷിച്ചും അവതരിപ്പിച്ചും കൊണ്ടായിരുന്നു ഈ മണലാരണ്യത്തിലെ മേടയെ റഫീഖ്‌ നോക്കി നടത്തിയത്.
ഖത്തറിലെ സാംസ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ പ്രധാനികളിലൊരാളായ ഇഖ്‌ബാല്‍ ചേറ്റുവ,ചെറുകിട കച്ചവട രം‌ഗത്തെ പ്രമുഖരിലൊരാളായ സലീം അല്‍‌ഹൈകി ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നേതൃ നിരയിലുള്ള അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഉദയത്തിന്റെ പഴയകാല അന്തേവാസികളില്‍ ചിലരാണ്‌.ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ മുശേരിബ്‌ യൂണിറ്റിന്റെ ആസ്ഥാനം കൂടെയായ ഉദയം റസിഡന്‍സ് ഇനി ചരിത്രമാകുകയാണ്‌.


മാധ്യമം പത്രത്തിനുവേണ്ടി
അസീസ്‌ മഞ്ഞിയില്‍