Saturday, September 30, 2023

യാത്രാമൊഴി

ഏര്‍‌ച്ചം വീട്ടില്‍ അഹമ്മദ് യാത്രയായി.സങ്കടപ്പെട്ട കാര്‍‌മേഘങ്ങളുടെ ആകാശകാഴ്‌‌ചയില്‍ തൊയക്കാവ്‌ ജുമാ‌അത്ത് ഖബര്‍‌സ്ഥാനിലെ നനഞ്ഞ മണ്ണ്‌ പ്രിയ കൂട്ടുകാരന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി.

മാമാടെ മകന്‍ എന്നതിലുപരി സമപ്രായക്കാരും സ്നേഹ നിധിയായ കളിക്കൂട്ടുകാരനുമായിരുന്നു.

അവധി ദിവസങ്ങളില്‍ കൂട്ടു കുടും‌ബങ്ങളിലേക്ക് വിരുന്നു പോയിരുന്ന പഴയകാലങ്ങളൊന്നും ഇന്നത്തെ തലമുറക്ക് പരിചയമുണ്ടായിക്കൊള്ളണമെന്നില്ല. പെരിങ്ങാട് നിന്നും ഇടിയഞ്ചിറ കടന്ന് തങ്ങന്മാരുടെ വളപ്പുകള്‍‌ക്കരികിലൂടെ നടന്ന്‌ പോയിരുന്ന കാലം ഓര്‍‌മ്മയിലുണ്ട്.

കാരക്കോസ് പള്ളിയും കടന്ന് മൂന്നു നാല്‌ ഇടുങ്ങിയ തിരിവുകള്‍ കഴിഞ്ഞാല്‍ അല്‍‌പം ഉയരത്തിലുള്ള പറമ്പിന്റെ മുകളില്‍ അപ്പൂപ്പന്റെ പെട്ടി കടയുണ്ട്.നടന്നു പോകുമ്പോള്‍ അതൊരു ഇടത്താവളമായിരുന്നു.അഞ്ചോ പത്തോ പൈസയിലൊതുങ്ങുന്ന തേന്‍‌നിലാവും നാരങ്ങ സത്തും വാങ്ങിയിട്ടാണ്‌ ബാക്കി ദൂരം താണ്ടുക. അന്നത്തെ മധുരമിഠായികളില്‍ പേരെടുത്ത ഇനങ്ങളായിരുന്നു ഇതൊക്കെ.

കുറച്ചു ദൂരം കൂടെ നടന്നാല്‍ ഷാപ്പിന്റെവിടെ എന്നു പ്രസിദ്ധമായിരുന്ന സെന്ററില്‍ എത്തും.സെന്ററില്‍ നിന്നും നേരെ വീണ്ടും നടന്നാല്‍ ചൂനാമനയും അവരുടെ താവളങ്ങളുമാണ്‌.തൊയക്കാവ് മുട്ടിക്കല്‍ സെന്ററില്‍ എത്തും മുമ്പേ കിഴക്കോട്ടുള്ള വഴിയിലൂടെ കുറച്ചു ദൂരം കഴിഞ്ഞാല്‍ മേനോത്തകായില്‍ അഥവാ വൈദ്യന്മാരുടെ തറവാടായ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ വീട്.

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ പുതിയ തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

അമ്മുണ്ണി വൈദ്യരുടെ മകന്‍ കുഞ്ഞു ബാവു വൈദ്യര്‍.വൈദ്യരുടെ മക്കളാണ്‌ മുഈനുദ്ദീന്‍ വൈദ്യര്‍, നഫീസ, റാബിയ ,ഹവ്വ,ഹാജറു, അഹമ്മദ്‌, റസാഖ്‌, ആമിനക്കുട്ടി,ഉസ്‌മാന്‍.അഥവാ വിടപറഞ്ഞ അഹമ്മദ് കുഞ്ഞു ബാവു വൈദ്യരുടെ ആറാമത്തെ മകനാണ്‌.

പറഞ്ഞു വന്നത് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തിയതിനെക്കുറിച്ചാണ്‌.പെരിങ്ങാട്ടേക്ക് തിരിച്ചു പോരുന്നത് വരെ അഹമ്മദുമായിട്ടാണ്‌ പിന്നീടുള്ള ഓരോ നിമിഷവും.മുട്ടിക്കല്‍ പീടികയിലേക്കുള്ള പോക്കുവരവുകള്‍ മുതല്‍ പൊന്നാന്റെ കുളത്തിലെ വിസ്‌തരിച്ചുള്ള കുളിയിലും കളിയിലും അഹമ്മദിന്റെ അനുജന്‍ റസാഖും കൂടെയുണ്ടാകും.

വീടിനോട് ചേര്‍‌ന്നുള്ള കയ്യാലയുടെ തൊട്ടുള്ള മുറിയിലായിരുന്നു ഉറക്കം.കഥകളും തമാശകളും പറഞ്ഞ് ഉറങ്ങാന്‍ വൈകുമ്പോള്‍ മക്കളുറങ്ങണില്ലേ എന്നു ഒരു അന്വേഷണം കേള്‍‌ക്കാം.കയ്യാലയില്‍ ആരെങ്കിലും അതിഥികള്‍ സാധാരണയുണ്ടാകും. അവരിലാരെങ്കിലുമായിരിക്കും ഇങ്ങനെ അന്വേഷിക്കുന്നത്.ഒരു പക്ഷെ യാത്രയില്‍ ഇടത്താവളമായി തങ്ങിയവര്‍,അതുമല്ലെങ്കില്‍ ദൂരെ ദിക്കില്‍ നിന്നും വന്നു തല്‍‌ക്കാലം തിരിച്ചു പോകാത്തവര്‍,അതുമല്ലെങ്കില്‍ പ്രത്യേക ചികിത്സക്ക് എത്തിയവര്‍.ഏതായാലും പിന്നെയും അടക്കിപ്പിടിച്ച പോലെ സം‌സാരങ്ങള്‍ തുടരും.

നേരം വെളുത്താല്‍ പിന്നെ തിരിച്ചു പോക്കിനെ കുറിച്ചുള്ള വേവലാധിയായിരിയ്‌ക്കും. പറഞ്ഞ സമയത്തും കാലത്തും തിരിച്ചെത്തിയില്ലെങ്കില്‍ പെരിങ്ങാട്‌ നിന്നും അന്വേഷിക്കാന്‍ അരെയെങ്കിലും പറഞ്ഞയക്കും.അതിനാല്‍ കൃത്യസമയത്ത് തിരിച്ചു പോകാന്‍ നിര്‍‌ബന്ധിതനാണ്‌.

തൊയക്കാവില്‍ നിന്നുള്ള തിരിച്ചുവരവ് പലപ്പോഴും ബസ്സിലായിരിക്കും. മേച്ചേരിപ്പടി വരെ നടന്ന്‌ വരുമ്പോള്‍ ബസ്സ്‌ സ്റ്റോപ്പ് വരെ അഹമ്മദും കൂടെ വരുമായിരുന്നു. അവിടെ നിന്നും മുല്ലശ്ശേരി ബ്ലോക് സ്റ്റോപ്പില്‍ ബസ്സിറങ്ങും.ബ്ലോക്കില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള വഴിയിലൂടെ കോഴിത്തോട് കടന്ന് (ഇന്നത്തെ കനാല്‍ ഭാഗം) പെരിങ്ങാടെത്തും.അന്നു മേച്ചേരിപ്പടിയിലേക്ക് വന്നിരുന്ന വഴിയിലാണ്‌ അഹമ്മദിന്റെയും റസാഖിന്റെയും പുതിയ വീടുകള്‍ തറവാട്ടില്‍ മുഈനുദ്ദീന്‍ വൈദ്യരും. മുല്ലശ്ശേരി ബ്ലോക്കില്‍ ബസ്സിറങ്ങി പറങ്കിമാവിന്‍ കാടെന്നു പറയാവുന്നത്ര തിങ്ങി നിറഞ്ഞ പഴയകാലത്തെ ഗൃഹാതുരത്വമുണര്‍‌ത്തുന്ന വഴിയിലെ തിരിവിലാണ്‌ ഞാന്‍ ഇപ്പോള്‍ തമസിക്കുന്ന ഇടം.

ഇവിടെ പരാമര്‍‌ശിച്ചു പോയ സ്ഥലങ്ങള്‍‌ക്കും പെരുവഴികള്‍‌ക്കും പൊതുവഴികള്‍‌ക്കും എല്ലാം എന്തെക്കെ മാറ്റങ്ങള്‍ സം‌ഭവിച്ചിരിക്കുന്നു.യാത്രാ സൗകര്യങ്ങളും പരസ്‌‌പരം കാണാനും കേള്‍‌ക്കാനുമുള്ള ഇന്നത്തെ സൗകര്യങ്ങള്‍ അന്നൊന്നും ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.

എന്നാല്‍ പ്രയാസമാണെന്നു കരുതപ്പെടുന്ന കാലത്തെ സ്നേഹോഷ്‌‌മളമായ ബന്ധങ്ങളും സൗഹൃദങ്ങളും ഏറെ ധന്യമായിരുന്നു. നിഷ്‌‌പ്രയാസം എന്തിനും സാധ്യതയുള്ള സൗകര്യമുള്ള പുതിയ കാലത്ത് ഇതെല്ലാം അസ്‌‌തമിച്ചു കൊണ്ടിരിക്കുകയാണ്‌. 

അവധിയില്‍ നാട്ടിലുള്ളപ്പോള്‍ കണ്ടതും കേട്ടതും ഒക്കെ അവസാനത്തെ കൂടിയിരുത്തമായിരുന്നെന്ന്‌ ഓര്‍‌ക്കുമ്പോള്‍ വല്ലാതെ നോവുന്നു.

ഇവിടെ ഏതൊക്കെ ഇടങ്ങളിലും ഭവനങ്ങളിലുമായിരുന്നെങ്കിലും ശാശ്വതമായ ഗേഹം അതത്രെ പ്രധാനം.

ദീര്‍‌ഘനാളത്തെ മാനസിക ശരീരികാസ്വസ്ഥതകള്‍ പാപമോചനത്തിനുള്ള ഉപാധിയായി നാഥന്‍ സ്വീകരിച്ച് ശാശ്വതമായ സ്വര്‍‌ഗീയാരാമങ്ങളില്‍ ഇടം നല്‍‌കി അനുഗ്രഹിക്കട്ടെ.

പെയ്‌തിറങ്ങുന്ന ഈ അനുഗ്രഹത്തിന്റെ മഴയോരത്ത് പ്രപഞ്ച നാഥന്റെ അനുഗ്രഹ വര്‍‌ഷത്തില്‍ ഒരിറ്റു കണ്ണീരോടെ പ്രതീക്ഷയോടെ കൈകളുയര്‍‌ത്തി പ്രാര്‍‌ഥന പൂര്‍‌വ്വം. 

മഞ്ഞിയില്‍ ...

ഭാര്യ:നഫീസ.മക്കള്‍:- ഫാഹി യാസിര്‍.  അനസ്, ഫാസില്‍.