മുഹമ്മദ് ഫാസില്‍ ഷംസുദ്ധീന്‍ ഈ ലോകത്തെ സകല നൊമ്പരങ്ങളില്‍ നിന്നും മുക്തനായി അല്ലാഹുവിലേയ്‌ക്ക് യാത്രയായി.സഹോദരി ആമിനക്കുട്ടിയുടെ മകള്‍ സീനത്തിന്റെയും ഷംസുദ്ധീന്റെയും നാലാമത്തെ പുത്രനാണ് പതിനെട്ടുകാരനായ ഫാസില്‍.ഡിസംബര്‍ 16 വെള്ളിയാഴ്‌ച വൈകീട്ട് 7.40 ന് പാടൂരിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.പിതാവ് ഷംസുദ്ധീനും, ഉമ്മയും, ഉമ്മൂമയും, സഹോദരങ്ങള്‍ നൗഫല്‍, അജ്‌മല്‍, ഉമ്മുകുത്സും, മറ്റു ബന്ധുക്കളും ചാരത്തുണ്ടായിരുന്നു.അവസാന ശ്വാസ സമയത്ത് മാമയും.ശാന്തനായി മരണത്തിനു കീഴടങ്ങിയ സുധീരനായ കൗമാരക്കാരന്‍.ഇനി ഓര്‍മ്മ മാത്രം.ഖത്തറിലുള്ള സഹോദരന്‍ അഫ്‌സല്‍ കാലത്ത് നാട്ടിലെത്തും.ഉച്ചയ്‌ക്ക് മുമ്പ് പാടൂര്‍ മഹല്ലു ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.
തീരെ അവശനായി വേദനകൊണ്ട് പ്രയാസപ്പെടുമ്പോള്‍ ആശ്വസിപ്പിക്കുന്നവരോട് ഫാസില്‍ പറയുമായിരുന്നു.'സമയമാകും വരെ സ്വസ്ഥനായി വിശ്രമിക്കാനുള്ള ആഗ്രഹം മാത്രമേ ഉള്ളൂ.നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നതായി നല്ല ബോധ്യമുണ്ട്.ആശ്വസിപ്പിച്ചവര്‍ മിഴിനീര്‍ തുടച്ചു പിന്മാറും.മരണ ശയ്യയില്‍ കിടന്നു ബന്ധുമിത്രാധികളോടായി ഒരു താക്കീതും ഫാസില്‍ നല്‍കിയിരുന്നു.'ഓമനത്വത്തിനു വേണ്ടിയുള്ള 'പാച്ചു' പ്രയോഗം ഉപേക്ഷിക്കുക.മുഹമ്മദ് ഫാസില്‍ എന്നു പൂര്‍ണ്ണമായും തന്നെ പറഞ്ഞേക്കുക.അതായിരിക്കും അല്ലാഹു ഒരുക്കിവെച്ച പദവിക്ക് ചേരുക.
ഒടുവില്‍ മരണത്തെ പുല്‍കാന്‍ കാത്തു കിടന്ന മുഹമ്മദ് ഫാസില്‍ പുഞ്ചിരി തൂകിക്കൊണ്ട് സ്വര്‍ഗീയമായ യാത്ര ആസ്വദിച്ചിരിക്കുന്നു.സര്‍വ ശക്തനായ തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ.