Friday, March 10, 2017

വിജയാശംസകള്‍.

പരീക്ഷയെ അഭിമുഖീകരിക്കുന്ന എല്ലാ പഠിതാക്കള്‍ക്കും വിജയാശംസകള്‍. ഇത്തരുണത്തില്‍ വിദ്യയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ഏറെ വാചലനായ ഒരു പ്രതിഭയുടെ നിരീക്ഷണങ്ങള്‍ ഇവിടെ പകര്‍ത്തുന്നു.2003 ല്‍ ഈ ലോകത്തോട്‌ വിടപറയുന്ന ദിവസം വിദ്യാലയമുറ്റത്ത്‌ വെച്ച്‌ അധ്യാപകരേയും വിദ്യാര്‍ഥികളേയും സാക്ഷിയാക്കി അബ്‌സ്വാര്‍ എന്ന പതിമൂന്നുകാരന്‍ നടത്തിയ ഇംഗ്‌ളീഷ്‌ പ്രഭാഷണത്തിന്റെ ഭാഷാന്തരം.

ലോകത്ത്‌ വിദ്യ നേടുന്നവരുടെ ശതമാനം ഏറിക്കൊണ്ടിരിക്കുന്നുവെങ്കിലും സംസ്‌കാര ശൂന്യമായ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.മാനവികത എന്നത്‌ നേതാക്കളുടെ പ്രഭാഷണങ്ങളിലും എഴുത്താണികളിലും പരിമിതപ്പെട്ടിരിയ്‌ക്കുന്നു. വിദ്യാസമ്പന്നരാണെന്നാണ്‌ എല്ലാവരുടേയും ഭാവം . എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനത്തോടൊപ്പം മറ്റുള്ളവരുടെ വികാര വിചാരങ്ങളെ വായിച്ചെടുക്കാനുള്ള സന്നദ്ധത ഊട്ടിയുറപ്പിക്കപ്പെടുമ്പോഴാണ്‌ വിദ്യാഭ്യാസം പൂര്‍ണ്ണമാകുന്നത്‌. ദേശീയതയും പ്രാദേശികതയും മതപരമായ വിഭാഗീയതകളും മാറ്റിവെച്ച്‌ മാനവികതയ്‌ക്ക്‌ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പരമപ്രധാന്യം നല്‍കപ്പെടണം. നമ്മുടെ പരിതികളും പരിമിതികളും ഹൃദായന്തരങ്ങളില്‍ അരക്കിട്ടുറപ്പിച്ചത്ര ശക്തമൊന്നുമല്ല. ഇഛാശക്തിയുണ്ടെങ്കില്‍ ഹൃദയാന്തരങ്ങളില്‍ ഉയര്‍ത്തപ്പെട്ട എല്ലാ മതിലുകളും പൊളിച്ച്‌ മാറ്റാവുന്നതാണ്‌. 

ഇതുവഴി ജനങ്ങളില്‍ നിന്നും ജനങ്ങളിലേയ്‌ക്കുള്ള ദൂരം ഇല്ലാതാകും . അതിനാല്‍ നമുക്ക്‌ വിശാല മനസ്‌കരാകാം .നന്മയുടെ വെളിച്ചത്തിലൂടെ ത്യാഗമനോഭാവം വളര്‍ത്തി സ്വാര്‍ഥതയെ അറുത്ത്‌ മാറ്റാം . ദക്ഷിണ ധ്രുവത്തിലുള്ളവരുടെ വേദന ഉത്തര ധ്രുവത്തിലുള്ളവര്‍ക്ക്‌ അനുഭവേദ്യമാകുന്ന കാലത്തിന്റെ സാക്ഷാല്‍കാരത്തിനുവേണ്ടി പരിശ്രമിക്കാം . ഇതത്രെ മാതൃകാപരമായ വിഭാവന. ഇങ്ങനെ ഭൂമിയില്‍ തന്നെ സ്വര്‍ഗം തിര്‍ക്കാന്‍ കഴിഞ്ഞേക്കും. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന ബോധവും ബോധ്യവുമുള്ള സമൂഹത്തിലാണ്‌ ഇത്തരത്തിലുള്ള മാതൃകാ സമൂഹത്തെക്കുറിച്ചുള്ള സ്വപ്‌നത്തിന്‌ സാംഗത്യമുള്ളൂ. ഈ സന്ദേശമത്രെ വിശുദ്ധ ഗ്രന്ഥം - ഗ്രന്ഥങ്ങൾ ഉദ്‌ഘോഷിക്കുന്നത്‌.

അബ്‌സ്വര്‍..