Saturday, April 22, 2017

ഹമദ്‌

ഞാന്‍ ദോഹയിലാണ്‌.അന്‍‌സാര്‍ ചെന്നൈലും. കഴിഞ്ഞ ദിവസം പതിവ്‌ പ്രാര്‍ഥനകളോടെ ഉറങ്ങാന്‍ കിടന്നു.എന്നിരുന്നാലും ഉള്ളിന്റെയുള്ളില്‍ ഒരു തീവണ്ടിക്കുതിപ്പ്‌.ഹമദ് ദല്‍ഹിയിലേയ്ക്ക്‌ യാത്ര തിരിച്ചിരിക്കുന്നു.
 
കടുത്ത ശാരീരികാസ്വസ്ഥതകളും പനിയും ഉണ്ടായിരുന്നെങ്കിലും യോഗ്യതാ നിര്‍ണ്ണയപ്പരിക്ഷയ്‌ക്ക്‌ എത്താതിരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ യാത്ര നിശ്ചയിക്കപ്പെട്ട ദിവസം തന്നെ പുറപ്പെട്ടു.കണ്ണുറങ്ങിയെങ്കിലും മനസ്സുറങ്ങിയില്ലെന്നതായിരിക്കാം ശരി.
 
ഇന്ന്‌ പുലര്‍ച്ചയ്‌ക്ക്‌ ഉണര്‍‌ന്നു.പ്രഭാത കൃത്യങ്ങളും പ്രാര്‍‌ഥനയും ഒക്കെ കഴിഞ്ഞിട്ടും തീവണ്ടിക്കുതിപ്പ്‌ തുടര്‍‌ന്നു കൊണ്ടിരുന്നു.പന്ത്രണ്ട്‌ മണിക്കൂര്‍ യാത്ര കഴിഞ്ഞിരിക്കുന്നു.ടലഫോണില്‍ വിളിച്ചപ്പോള്‍ വണ്ടി ഏതോ സ്റ്റേഷനില്‍ നിന്നും നീങ്ങുകയാണെന്ന്‌ ശബ്ദ വ്യന്യാസങ്ങളില്‍ നിന്നും മനസ്സിലായി.
 
ഉപ്പാ തീവണ്ടി പുറപ്പെടുന്നു.ഇനി സംസാരം വ്യക്തമായി ക്കൊള്ളണമെന്നില്ല. പനി അല്‍‌പം ശാന്തതയുണ്ട്‌.പഴവര്‍‌ഗങ്ങളും കരുതി വെച്ച വെള്ളവും മാത്രമേ കഴിക്കുന്നുള്ളൂ..തിവണ്ടിയുടെ താളം ഉയര്‍ന്നതോടെ ഫോണ്‍ വെച്ചു.അല്‍പം അസ്വസ്ഥതയോടെ കട്ടിലില്‍ വന്നു കിടന്നു.എന്നെ ചാരി ഹമദും ഇരിക്കുന്നതുപോലെ.
 
ഫാത്വിഹയും സൂറത്തുകളും ഓതി ഹമദിന്റെ തലയില്‍ തടവി.ഇനി ഊതിയാല്‍ ക്ഷീണിച്ചുറങ്ങുന്ന ഹമദ്‌ ഉണരുമോ എന്ന ആശങ്കയില്‍ ഞാന്‍ കിടക്കയില്‍ നിന്നും എണീറ്റിരുന്നു.സര്‍വ്വ ശക്തനായ നാഥനില്‍ എല്ലാം ഭരമേല്‍‌പിക്കുന്നു.ശുഭരാത്രി...മോനേ.ഹമദ്..ഭാവുകങ്ങള്‍...