Sunday, December 20, 2020

ആയുര്‍‌വേദത്തില്‍ കണ്ണ്‌ ചികിത്സ

ആയുര്‍‌വേദത്തില്‍ കണ്ണ്‌ ചികിത്സ..
-------------------------
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളാണ് ദൈവം നല്‍‌കിയിട്ടുള്ളത്."ദൈവാനുഗ്രഹങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല. "അനുഗ്രഹങ്ങളില്‍ ഏറെ വിലപ്പെട്ട ഒന്നാണ് ആയുരാരോഗ്യ സൌഖ്യം.
ഓണ്‍‌ലൈന്‍ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകുമ്പോള്‍ കാഴ്‌ചക്ക്‌ പ്രയാസം അനുഭവപ്പെട്ടേക്കും.കടുത്ത തലവേദനയും. ശുഷ്‌കാന്ധത എന്നാണ്‌ ഈ നേത്ര രോഗം ആയുര്‍‌വേദത്തില്‍ അറിയപ്പെടുന്നത്. തുടര്‍ച്ചയായി വായിക്കുന്നവരിലും തുടര്‍‌ച്ചയായി ഇലക്ട്രോണിക് മീഡിയകള്‍ ഉപയോഗിക്കുന്നവരിലും കാണപ്പെടുന്നതാണ്‌ ശുഷ്‌കാന്ധത.

ഫലപ്രദമായ ചികിത്സയും പരിചരണവും വിശ്രമവും ഉണ്ടായാല്‍ ആശ്വാസം ലഭിക്കും.

അനുഭവം :-
ബാല്യത്തില്‍ തന്നെ ഇടത്‌ കണ്ണ്‌ ഭാഗികമായി മാത്രമേ പ്രകാശമുണ്ടായിരുന്നുള്ളൂ.പിന്നീട് വലത്‌ കണ്ണിനും കാഴ്‌ച കുറവ്‌ ഉണ്ടായിരുന്നെങ്കിലും കണ്ണടയുടെ സഹായത്താല്‍ പരിഹരിച്ചു പോരുമായിരുന്നു.ഒരു ദശകത്തിന്ന്‌ മുമ്പ്‌ വലത്‌ കണ്ണിന്റെ കാഴ്‌ച ക്രമാതീതമായി മങ്ങുന്നതായി അനുഭവപ്പെട്ടിരുന്നു. അറിയപ്പെടുന്ന ചികിത്സാ സമ്പ്രദായങ്ങള്‍ പലതും വേണ്ടത്ര പ്രതീക്ഷകള്‍ നല്‍‌കാതിരുന്നതിനാല്‍ ആയുര്‍വേദത്തില്‍ അഭയം തേടി.നേത്ര ചികിത്സയില്‍ പ്രസിദ്ധനായ സിദ്ധാര്‍ഥ ശങ്കര്‍ എന്ന ഭിഷഗ്വരന്റെ നേതൃത്വത്തിലുള്ള തര്‍‌പ്പണം എന്ന ചികിത്സയിലൂടെ  ദൈവാനുഗ്രഹത്താല്‍ പ്രകാശം തിരിച്ചു കിട്ടി‌.അഥവാ തികച്ചും ഉപകാരപ്രദമാണ്‌ ഈ ചികിത്സാ രീതി.

ഫലപ്രദമായ തര്‍‌പ്പണം എന്ന ചികിത്സയെ കുറിച്ച്‌ ഹ്രസ്വമായി പറയാം.ഔഷധയോഗ്യമായ നെയ്യ്‌ നിശ്‌ചിത അളവില്‍ നേത്രഗോളത്തിന്മേല്‍ നിര്‍ത്തുന്ന ചികിത്സയ്‌ക്ക്‌‌ ആയുര്‍‌വേദത്തില്‍ അറിയപ്പെടുന്ന പേരാണ്‌ തര്‍‌പ്പണം.പ്രഭാതത്തിലും പ്രദോഷത്തിലുമാണ്‌ ഈ ചികിത്സയുടെ ഭാഗമായുള്ള മരുന്ന്‌ കണ്ണിലൊഴിക്കുക.അതിനു ശേഷം കണ്ണ്‌ വെള്ള തുണി ഉപയോഗിച്ച്‌ കെട്ടും.പിന്നീട് അടുത്ത ദിവസം മരുന്ന്‌ ഒഴിക്കാനാണ്‌ ‌ കണ്ണ്‌ അഴിക്കുകയുള്ളൂ. ചികിത്സാ കാലത്ത് സകല ലോക കാഴ്‌ച്ചകളും നിഷേധിക്കപ്പെടും. മനോഹരമായ പ്രകൃതിയുടെ മുടിയിഴ പോലും കാണാനാകുകയില്ല. ചികിത്സാ കാലം അല്‍‌പം ക്ലേശകരമാണെങ്കിലും, ഫലപ്രദമായ ഒരു ചികിത്സാ രീതി എന്നതിനാല്‍ ആവശ്യമായി വരുമ്പോള്‍ ഈ ചികിത്സക്ക്‌ വിധേയനാകും.

ചുരുക്കത്തില്‍ ആയുര്‍‌വേദത്തില്‍ കണ്ണ്‌ ചികിത്സയും ഫലപ്രദമെന്ന് വീണ്ടും അടിവരയിടുന്നു.എന്ത്‌ കാര്യത്തിലായാലും ചില വാര്‍‌പ്പു മാതൃകകള്‍‌ക്കപ്പുറം ചിന്തിക്കാനോ അന്വേഷിക്കാനോ സമ്മതിക്കാത്ത ചിലര്‍ ഇപ്പോഴും ഉണ്ട്‌.അത്തരക്കാര്‍‌ക്ക്‌ ഉപകരപ്പെട്ടേക്കും എന്നു കരുതിയാണ്‌ ഈ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. 
===========
മഞ്ഞിയില്‍