Wednesday, October 9, 2024

ജിവിതയാത്രയിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ..

ജീവിതത്തിലെ ചില നുറുങ്ങുകള്‍ അനുഭവങ്ങള്‍ ഒക്കെ കുറിച്ചു വെക്കുകയും പങ്കുവെക്കുകയും ചെയ്യറുണ്ട്. സ്‌കൂള്‍ അവധിക്കാലങ്ങളിലെ ബോം‌ബെ യാത്രയൊക്കെ ഓര്‍‌ത്തെടുത്ത് ഈയിടെ എഴുതിയതും പങ്കുവെച്ചിരുന്നു.ദോഹാ മെട്രോ അനുഭവങ്ങള്‍ തല്‍‌സമയം കുറിച്ചതും കൂട്ടത്തിലുണ്ട്.ചില ദിവസങ്ങളില്‍ പ്രത്യേകമായി മനസ്സുലിദിക്കുന്ന വിചാരങ്ങള്‍ ചിന്തകള്‍ മനസ്സില്‍ കിടന്ന്‌ പുകയാറുണ്ട്.ഒരു പക്ഷെ ആത്മസം‌വാദം പോലും നടത്താറുണ്ട്.ഇന്ന്‌ മനസ്സില്‍ വന്നത് അയല്‍‌പക്ക ബന്ധങ്ങള്‍ കൂട്ടു കുടും‌ബ ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ എന്നിവയെ കുറിച്ചും ഒക്കെയായിരുന്നു.
അയല്‍ വീടുകളുമായി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സുവര്‍‌ണ്ണ കാലഘട്ടം,വീടുകള്‍ക്കിടയിലെ പുല്ലു മുളയ്‌ക്കാത്ത നടപ്പാതയിലൂടെ നിരന്തരം നടന്നു പോയിക്കൊണ്ടിരുന്ന ഹാര്‍‌ദ്ദമായ അയല്‍‌പക്ക ബന്ധം,വിശേഷപ്പെട്ട എന്തെങ്കിലും പാകം ചെയ്‌താല്‍ അയല്‍‌ക്കാരന്റെ ഓഹരിയെക്കുറിച്ച്‌ മറക്കാന്‍ കഴിയാതിരുന്ന പച്ചപിടിച്ച മനുഷ്യരുടെ വസന്തകാലം.മക്കള്‍‌ക്ക്‌ മാത്രമായി കൊണ്ടുവരുന്ന മധുര പലഹാരങ്ങൾ‍ തൊട്ട വീട്ടിലെ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം സജീവമായിരുന്ന കാലം.ഇത്തരം അമൂല്യങ്ങളായ സം‌സ്‌ക്കാരങ്ങള്‍‌ക്ക് നല്ല പരിക്ക് പറ്റിയിരിക്കുന്നു.ഇതൊക്കെ ജീവിതത്തിലേയ്‌ക്ക്‌ പകര്‍‌ത്താനുള്ള ബോധപൂര്‍‌വ്വമായ പരിശ്രമങ്ങള്‍ പുരോഗമിക്കുമ്പോൾ‍ നഷ്‌ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വരും. മനസ്സും മസ്‌തിഷ്‌കവും ഇത്തരം ഹരിതാഭമായ ഓര്‍‌മ്മകളില്‍ മേഞ്ഞ് നടക്കുകയായിരുന്നു.കാലത്ത് 9 മണിക്ക് ശേഷം മുഷേരിബ് മെട്രോ സ്റ്റേഷനില്‍ ഗ്രീന്‍ ലൈന്‍ ട്രൈന്‍ കാത്തു നില്‍‌ക്കുമ്പോള്‍ ഷാമിന ഹിഷാമും അവരുടെ സുഹൃത്തും അരികിലേക്ക് വന്നു.കുശലങ്ങള്‍ പറഞ്ഞു.നിമിഷങ്ങളുടെ ദൈര്‍‌ഘ്യമുള്ള സം‌ഭാഷണം.യാത്ര പറഞ്ഞു പിരിഞ്ഞു.മുല്ലശ്ശേരി പാവറട്ടി മേഖലയിലെ സാമൂഹ്യ സേവന രം‌ഗത്ത് കൊട്ടിഘോഷങ്ങളില്ലാതെ സേവനനിരതനായ അബൂബക്കര്‍ സാഹിബിന്റെ മകളാണ്‌ ഷാമിന.
മഞ്ഞിയിൽ എന്നത് ഒരു പ്രദേശത്തിന്റെ പേരാണെന്നായിരുന്നു ഷാമിന മനസ്സിലാക്കി വെച്ചിരുന്നത് .ആ ധാരണ തിരുത്തി കൊടുത്തു. നാമൊരു ഒരു പ്രദേശത്തു കാരാണെന്നും കൂടുതൽ‍ വിശദീകരിച്ചാൽ‍ ഒരുപക്ഷെ കുടും‌ബക്കാരാകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു കൊടുത്തു.എല്ലാറ്റിലുമുപരി ഈ സ്‌നേഹ സൗഹൃദമുണ്ടല്ലോ...അതാണ്‌ വലിയ കാര്യം.മെട്രോ സ്റ്റേഷനില്‍ ട്രൈന്‍ കാത്ത് നില്‍‌ക്കുന്ന ഈ സാധുവിനെ തിരിച്ചറിഞ്ഞതിനോളം വരില്ല ഒരു ബന്ധവും സ്‌നേഹവും സൗഹൃദവും.
തിരിച്ചവുകൾ‍ നഷ്‌ടപ്പെട്ട കാലത്തെ ഓര്‍‌ത്ത് നടക്കുമ്പോൾ‍,എന്തിനിങ്ങനെ അസ്വസ്ഥനാകുന്നു എന്നു ചോദിച്ചു വന്നപോലെ അനുഭവപ്പെട്ടു പ്രിയ സഹോദരിയെ കണ്ടതും കേട്ടതും. സ്‌നേഹത്തോടെ.. ============ മഞ്ഞിയിൽ