Sunday, December 16, 2018

ദൈവത്തിന്‌ സ്‌തുതി...

കസവ ഹാളില്‍ 2018 ഡിസം‌ബര്‍ 15 ന്‌ എന്റെ മകള്‍ ഹിബയുടെ വിവാഹം ദൈവാനുഗ്രഹത്താല്‍ സമം‌ഗളം നടന്നു.

കല്യാണ തലേന്നിന്റെ തലേന്നാള്‍ തന്നെ മുല്ലശ്ശേരി മഞ്ഞിയില്‍ വീട്ടില്‍ കല്യാണപ്പെരുക്കത്തിനു സജീവത കൈവന്നിരുന്നു.ഡിസം‌ബര്‍ 14 കല്യാണ തലേന്നാള്‍ മഞ്ഞിയില്‍/ഐക്കപ്പറമ്പു കുടും‌ബാം‌ഗങ്ങളും കുടും‌ബ സുഹൃത്തുക്കളും ഒത്തു കൂടി.ഏറേ നേരം കഴിഞ്ഞാണ്‌ പിരിഞ്ഞത്‌.

കല്യാണ ദിവസം കാലത്ത് പത്ത്‌ മണിക്ക്‌ ശേഷം എല്ലാവരും പുവ്വത്തൂര്‍ കസവ ഹാളിലേയ്‌ക്ക്‌ പുറപ്പെട്ടു.ഉച്ചക്ക്‌ മുമ്പ്‌ 11.30 ന്‌ നിഖാഹ്‌ എന്നായിരുന്നു തീരുമാനിക്കപ്പെട്ടിരുന്നത്.എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അല്‍‌പം തമാസിച്ചാണ്‌ നിഖാഹ്‌ കര്‍‌മ്മത്തിലേയ്‌ക്ക്‌ കടക്കാന്‍ കഴിഞ്ഞുള്ളൂ.

ഹിബമോളോട്‌ നിഖാഹിന്‌ സമ്മതം അന്വേഷിച്ചുറപ്പു വരുത്തിയ ശേഷം വിശിഷ്‌‌ട അഥിതികളോടൊപ്പം സദസ്സിലെത്തി.സദസ്സില്‍ ഹാജറായവരെ സ്വാഗതം ചെയ്‌തു.ശേഷം സിദ്ധീഖുല്‍ അക്‌ബര്‍ മസ്‌ജിദ്‌ ഖത്വീബ്‌ ജമാലുദ്ദീന്‍ ബാഖവി വിവാഹ കര്‍മ്മത്തിന്‌ ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിച്ചു.വിവാഹ ജീവിതത്തിന്റെ പരിശുദ്ധിയും ലളിതമായ പ്രസ്‌തുത കര്‍‌മ്മത്തിന്റെ കാമ്പും കാതലും കാര്യ ഗൗരവവും അവസരോചിതം അദ്ദേഹം സദസ്സിനെ ധരിപ്പിച്ചു.പ്രിയ അളിയന്‍ സ്വലാഹുദ്ദീന്‍ മുസ്‌ല്യാര്‍ പ്രാര്‍‌ഥന നടത്തി.തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയ കര്‍‌മ്മം ധന്യമായി.

മഹല്ല്‌ നേതൃത്വങ്ങള്‍ സമൂഹ്യ സാം‌സ്‌കാരിക രം‌ഗത്തെ പ്രമുഖര്‍,പ്രദേശത്തിന്റെ പ്രിയങ്കരനായ ജനപ്രതിനിധി ശ്രീ മുരളി പെരുനെല്ലി,ജനകീയനായ പഞ്ചായത്ത് സാരഥി എ.കെ ഹുസൈന്‍, ഗ്രാമപഞ്ചായത്ത് അം‌ഗം ഷരീഫ്‌ ചിറക്കല്‍,പ്രദേശത്തെ പൊലീസ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ സഹൃദയര്‍ എല്ലാം വിവാഹ മം‌ഗള കര്‍‌മ്മത്തിനു സാക്ഷികളായി.

വളരെ ചുരുങ്ങിയ ദിവസങ്ങള്‍‌ക്കുള്ളില്‍ പൂര്‍‌ത്തീകരിക്കപ്പെടാന്‍ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ച്‌ വിവാഹ ക്ഷണം.നല്ലൊരു ശതമാനം പേരേയും ഫോണ്‍ വഴിയായിരുന്നു ബന്ധപ്പെട്ടത്.പലരേയും രണ്ടും മൂന്നും തവണ വിളിക്കേണ്ടി വന്നിരുന്നു.ആവര്‍‌ത്തിച്ചുള്ള വിളികളുടെ അനിവാര്യതയില്‍ അപൂര്‍‌വം പേരെങ്കിലും തീരെ വിളിക്കപ്പെടാതെ ക്ഷണിക്കപ്പെടാതെ പോയിരിയ്‌ക്കാം.ബന്ധുക്കളും അല്ലാത്തവരും തങ്ങള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല എന്ന വിവരം സ്‌നേഹബുദ്ധ്യാ ഓര്‍‌മ്മപ്പെടുത്തിയിരുന്നു എന്നത് ഏറെ ആഹ്‌ളാദം സൃഷ്‌ടിച്ചിരുന്നു.വീട്ടിലെത്തി ക്ഷണിച്ചില്ലെന്ന പരിഭവം ഉള്ളവരും ഉണ്ടെന്നു തോന്നുന്നു.

ഭക്ഷണം കഴിച്ചതിനു ശേഷം വലപ്പാട്ടുകാര്‍ തിരിച്ചു പോയി.നവ ദമ്പതികള്‍ മഞ്ഞിയിലേയ്‌ക്ക് പോന്നു.വീട്ടു വരാന്തയില്‍ കുടും‌ബാം‌ഗങ്ങള്‍ എല്ലാവരും കൂടെ മധുരം പങ്കിട്ടു.മധുരത്തിന്റെ പിന്നിലെ കരവിരുത് ഷം‌ലമോളുടേതായിരുന്നു.ബന്ധുക്കളുമായി പരസ്‌പരം പരിചയപ്പെട്ടതിനു ശേഷം മണവാളനും മണവാട്ടിയും വലപ്പാട്‌ നമ്പൂരി മഠത്തിലേയ്‌ക്ക്‌ പുറപ്പെട്ടു.അന്‍‌സാറും ഒരു കൊച്ചു സം‌ഘവും നവദമ്പതികളെ അനുഗമിച്ചു.

രാത്രിയില്‍ പലരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു.തങ്ങളുടെ സന്തോഷം വിളിച്ചറിയിക്കാനും അനുമോദനങ്ങള്‍ നേരാനും.പരിചയ സമ്പന്നരായ സിമ്പിള്‍ ഒരുക്കിയ സ്വാദിഷ്‌ടമായ ഭക്ഷണത്തെ കുറിച്ച്‌ പലരും വാചാലരായി.അവസരോചിതമായ വിവാഹ സന്ദേശത്തെ കുറിച്ചും മതിപ്പ്‌ രേഖപ്പെടുത്തപ്പെട്ടിരുന്നു.

അനുവദനീയങ്ങള്‍ പ്രയാസമാകുകയും നിഷിദ്ദങ്ങള്‍ എളുപ്പമാകുകയും ചെയ്യുന്ന കാലത്ത് മാതൃകാപരം.ശാന്ത മനോഹരമായ പ്രൗഡ ഗം‌ഭീര വിവാഹം. എന്നൊക്കെയായിരുന്നു ഒരു തറവാട്ടു കാരണവരുടെ മനം നിറഞ്ഞ പ്രതികരണം. വിവാഹഘോഷങ്ങള്‍ ആഭാസങ്ങളാകുന്ന കാലത്ത് അനുകരണീയം എന്നും അഭിപ്രായം രേഖപ്പെടുത്തപ്പെട്ടിരുന്നു.

നന്മ തിരുനെല്ലൂര്‍,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ തുടങ്ങിയ പ്രാദേശിക സംഘങ്ങള്‍ അനുമോദനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

ദൈവത്തിന്‌ സ്‌തുതി.
മഞ്ഞിയില്‍..