ഹിബമോളുടെ മംഗല്യ സുദിനം ഇതാ കയ്യെത്തും ദൂരത്ത്.പുവ്വത്തൂര്‍ കസവയിലാണ് നിഖാഹും വിരുന്നും ഒരുക്കുന്നത്.വീട്ടിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് വിവാഹ തലേന്നാള്‍ കൂട്ടുകുടുംബങ്ങളും കുടുംബങ്ങളും അയല്‍വാസികളും ഹൃദയ ബന്ധം ചേര്‍ക്കപ്പെട്ടവരും കസവയില്‍ തന്നെ ഒത്തു കൂടും.
കല്യാണം കുറിക്കപ്പെട്ടതു മുതല്‍ എല്ലാ ദിവസവും മക്കളുമായും ബന്ധുക്കളുമായും ഓരോ ദിവസവും ചെയ്‌തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.ഉറങ്ങും മുമ്പ് അതതു ദിവസം അനുവര്‍ത്തിച്ചതൊക്കെ പുനരവലോകനം ചെയ്യും.കല്യാണവുമായ ബന്ധപ്പെട്ട വളരെ അനിവാര്യമായതൊക്കെ തയ്യാറായിരിക്കുന്നു.ക്ഷണിക്കപ്പെടുന്നവരുടെ പേരു വിവരങ്ങള്‍ തയാറാക്കപ്പെട്ട വിധം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഗ്രാമത്തിലെ ഒരു ഭാഗവും പരിസര പ്രദേശവും മാത്രമാണ് ഇനിയും ബാക്കി.ദൂരെ ദിക്കുകകളിലുള്ളതൊക്കെ ആദ്യമാദ്യം ക്ഷണിച്ചു.നേരിട്ടും അല്ലാതെയും ക്ഷണങ്ങള്‍ നടന്നു.വീടുകള്‍ സന്ദര്‍ശിച്ച് ക്ഷണിക്കുന്നതിനാണ് പരമാവധി ശ്രമിച്ചത്.ദീര്‍ഘനാളായി സന്ദര്‍ശിച്ചിട്ടില്ലാത്ത പല കുടുംബങ്ങളിലും കല്യാണം ക്ഷണിക്കുന്നതിന്റെ ഭാഗമായെങ്കിലും എത്തിപ്പെട്ടെന്ന പരിഭവം നിറഞ്ഞ വാക്കുകള്‍ കുറ്റബോധം ഉണ്ടാക്കുമായിരുന്നു.ക്ഷണിക്കാനിറങ്ങുന്നതിലെ പ്രയാസങ്ങള്‍ പലരും പങ്കുവെച്ചിരുന്നു.പക്ഷെ ക്ഷണിക്കാന്‍ പുറപ്പെട്ടതിലെ സന്തോഷങ്ങളാണ് യഥാര്‍ഥത്തില്‍ അനുഭവിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ പശ്ചിമ ഭാഗം മുതലുള്ള വീടുകളില്‍ മക്കളോടൊപ്പമായിരുന്നു സന്ദര്‍ശിച്ചത്.ഓരോ വീടും കയറും മുമ്പ് മക്കള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുമായിരുന്നു.ബന്ധുക്കളും കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കപ്പെട്ടവരും ഹൃദയ ബന്ധം ഉള്ളവരും ഒക്കെ ഉണ്ടായിരുന്നു.ഹൃസ്വമായി പറഞ്ഞു വെച്ചതിന്റെ ബാക്കി ഭാഗം പിന്നീട് അവസരോചിതം വിശദീകരിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു.
കഥകള്‍ കേള്‍ക്കാന്‍ മക്കള്‍ക്ക് നല്ല താല്‍പര്യവുമാണ്.പഴയ കാല അയല്‍പക്കക്കാരായിരുന്നവരുടെ വീടുകളിലെത്തിയപ്പോള്‍ പൊയ്‌പോയകാലാനുഭവങ്ങള്‍ അയവിറക്കിയുള്ള അവരുടെ ഭാവഭേദങ്ങള്‍ വര്‍ത്തമാനങ്ങള്‍ ഒക്കെ മക്കള്‍ക്ക് പുതിയ അനുഭവമായിരിക്കണം.പലരും സങ്കടപ്പെടുന്നുണ്ടായിരുന്നു.മുത്തു മണികള്‍ പോലെ ഈറനണിഞ്ഞ കണ്ണുകളും ഇടറിയ സ്വരങ്ങളും നിഷ്‌കളങ്കമായ പ്രാര്‍ഥനകളും ഏറെ ധന്യമായി അനുഭവപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം എല്ലാവരും കൂടെയാണ് പുറപ്പെട്ടത്.അന്‍സാറിന്റെ സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു ലക്ഷ്യം.യാത്രയില്‍ തന്റെ സുഹൃത്തിനെ കുറിച്ച് അന്‍സാര്‍ പറയുന്നുണ്ടായിരുന്നു.തൃശൂര്‍ നഗര കവാടത്തിന്നടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തുമ്പോള്‍ വെയില്‍ ഉരുകി ഒലിച്ചിറങ്ങി തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളില്‍ ചായം പൂശുന്നുണ്ടായിരുന്നു. നഗരത്തിന്റെ ശബ്‌ദ കോലാഹലങ്ങള്‍ക്കിടയിലെ ശാന്തമായ ഭവനം.കോളിങ് ബല്ലില്‍ വിരലമര്‍ത്തും മുമ്പേ വാതില്‍ തുറക്കപ്പെട്ടെന്ന് തോന്നി.തീരെ പരിചയമില്ലാത്ത വീട്ടില്‍ ഏറെ പരിചിതരപ്പോലെയായിരുന്നു കടന്നു ചെന്നത്.പരസ്‌പര സ്‌നേഹാന്വേഷണങ്ങളോടെ സ്വീകരിച്ചിരുത്തി.നിഷ്‌കളങ്കയായ സ്വാതിമോള്‍. കുലീനയായ അമ്മയും.അഛന്‍ വീട്ടിലില്ലായിരുന്നു.ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചനുജത്തിയേയും പരിചയപ്പെടുത്തി.
കുടുംബ സമേതം കല്യാണം ക്ഷണിക്കാന്‍ ചെന്നതിലുള്ള സന്തോഷാധിക്യത്തിന്റെ വെപ്രാളം മറച്ചു വെക്കാനുള്ള ശ്രമം വിജയിച്ചിരുന്നില്ല,മുല്ലശ്ശേരിയുമായി കുടുംബന്ധങ്ങളുള്ള അമ്മയുമായി സംസാരിച്ചു തുടങ്ങാന്‍ എളുപ്പം സാധിച്ചു.പിന്നെ കല്യാണ വിശേഷം.കല്യാണ തലേന്നാളിലെ മൈലാഞ്ചിയൊക്കെ സംഭാഷണത്തിന് വിഷയമായി.പുതുമകള്‍ അനുകരിക്കപ്പെടുന്നതും,അനുകരണങ്ങള്‍ അനിവാര്യതയായി മാറുന്നതും പിന്നീട് ആചാരമാകുന്നതും പറഞ്ഞു വെച്ചപ്പോള്‍ ആശയ വിനിമയങ്ങള്‍ക്ക് ദാരിദ്ര്യം ഉണ്ടായില്ല.
മക്കളെ ഓരോരുത്തരേയും പേരിന്റെ പൊരുള്‍ സഹിതം പരിചയപ്പെടുത്തിയതും ആഥിതേയര്‍ക്ക് കൗതുകം ജനിച്ചിരിക്കണം.സ്വാതിമോള്‍ കൊണ്ടുവന്ന പഴച്ചാര്‍ കുടിച്ചു തീരും മുമ്പ് അഛന്‍ തിരിച്ചു വന്നു.പരസ്‌പരം പരിചയപ്പെടുത്തി. ഒരിക്കല്‍ കൂടെ കല്യാണ ദിവസം ഓര്‍മ്മിപ്പിച്ചു ഞങ്ങള്‍ മടങ്ങി.വാതില്‍ പടിവരെ യാത്രയാക്കിയ ഹൃദയം തൊട്ട സ്‌നേഹ സമ്പന്നര്‍.ഈശ്വരാനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി.