Tuesday, January 15, 2019

നിര്‍‌വൃതിയുടെ നിറവില്‍

അല്ലാഹുവിന്‌ ഒരായിരം സ്‌തുതി.മക്കളുടെ വിദ്യാഭ്യാസപരവും വൈജ്ഞാനികമായ ഉയര്‍‌ച്ചക്കും നല്ല ഇണതുണകളാല്‍ അനുഗ്രഹിക്കപ്പെടാനും മനസ്സ്‌ തൊട്ട പ്രാര്‍ഥന നിരന്തരം നടത്താറുണ്ട്‌.പ്രാര്‍‌ഥനകള്‍ അക്ഷരാര്‍‌ഥത്തില്‍ സ്വീകരിക്കപ്പെട്ട പ്രതീതി.
ഹിബമോള്‍‌ടെ വിവാഹം ഒരു സ്വപ്‌നം കണ്ടുണര്‍‌ന്നതു പോലെ.നാം ഉദ്ദേശിച്ച സമയത്ത് നടന്നില്ലെന്നേ ഉള്ളൂ.അല്ലാഹു ഉദ്ദേശിച്ച സമയത്ത് കാര്യം കൃത്യമായി നടന്നിരിക്കുന്നു എന്നതാണ്‌ യാഥാര്‍‌ഥ്യം.

ഏകദേശം ഒരു മാസക്കാലം കല്യാണത്തിനു മുമ്പും കല്യാണം കഴിഞ്ഞ്‌ അത്ര തന്നെ നാളുകളും.അഥവാ ജനുവരി 15 ന്‌ ഒരു മാസം.മകന്‍ ഷമീര്‍ ദോഹയിലേയ്‌ക്ക്‌ അവധി കഴിഞ്ഞ്‌ തിരിച്ചു പോയി.അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ അധികം താമസിയാതെ എനിക്കും തിരിച്ചു പോകണം.ഇനി അന്‍‌സാര്‍ മോന്റെ കാര്യവും അധികം ദീര്‍‌ഘിക്കാതെ നടക്കണം.അല്ലാഹു അനുഗ്രഹിക്കട്ടെ.

കല്യാണങ്ങള്‍ നമുക്ക്‌ ചുറ്റും നിരന്തരം നടന്നു കൊണ്ടിരിക്കുന്നു.മാന്യതയുടെ സകല അതിരുകളും പൊളിക്കുന്ന തരത്തില്‍ വിശിഷ്യാ വിശ്വാസികളുടെ സംസ്‌കാരത്തിന്റെ മേല്‍‌കൂര തന്നെ പൊളിക്കുന്ന വിധമാണ്‌ ഇതില്‍ അധികത്തേക്കാള്‍ അധികവും.

സമൂഹം സൃഷ്‌ടിച്ചെടുത്ത സകല മൂടു പടങ്ങളും വലിച്ചു കീറാന്‍ ആയില്ലെങ്കിലും ഒരു പരിധിവരെ നമുക്ക്‌ സാധിച്ചു എന്നത് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യങ്ങളാണ്‌.മുമ്പ്‌ ചെയ്‌തതിനെ കൈവിടുകയില്ലെന്ന ശാഠ്യത്തിനു പകരം പിന്നീട്‌ ലഭിച്ച തിരിച്ചറിവുകള്‍ ഉള്‍‌കൊണ്ട്‌ ചങ്കൂറ്റത്തോടെ ഒറ്റയാനാണെങ്കിലും സധൈര്യം കളത്തിലിറങ്ങുക എന്ന ശിക്ഷണത്തെ പരിപാലിക്കാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ട്‌.

ഡിസംബര്‍ 15 എന്ന തിയ്യതിയില്‍ കുരുങ്ങിയ ഒറ്റവ്യവസ്ഥ സാര്‍‌ഥകമായതിലുള്ള സന്തോഷം വിവരണാതീതം തന്നെ.വീടും സ്ഥലവും അന്വേഷിച്ച് ഞാനും ഹമദും വലപ്പാട്‌ പോയി.പിന്നീട്‌ ബന്ധുക്കളുമായി ഒരു സന്ദര്‍‌ശനം. തിരിച്ച് ഒരു സം‌ഘം ഇങ്ങോട്ടും.ഷമീര്‍ അവധിയിലെത്തിയതിനു ശേഷം ഒരു പെണ്ണുകാണല്‍.സഹോദരങ്ങളും അവരുടെ ഇണകളും കൂടെ മുല്ലശ്ശേരിയിലെത്തി.തന്റെ തൃപ്‌തിയും സന്തോഷവും രേഖപ്പെടുത്താന്‍ ഒരു പൂകൂടയില്‍ കുറച്ച് മധുരം.നടപ്പു ശീലങ്ങള്‍‌ക്ക്‌ സങ്കല്‍‌പ്പിക്കാനാകാത്തതാണിതൊക്കെ.

കല്യാണ തലേന്നും തലേന്നിന്റെ തലേന്നും ബന്ധുക്കളെല്ലാം പരമാവധി എത്തി.ഒന്നിലും അതിരുവിടാത്ത ശൈലി മാത്രമാണുണ്ടായുള്ളൂ.ആഭരണങ്ങളില്‍ പോലും പരിധി വിടാതിരിക്കാനും പ്രകടനാത്മകമാകാതിരിക്കാനും ശ്രമിച്ചിരുന്നു.പിന്നെ കല്യാണ ദിനം.സ്ഥലം ഖത്വീബിന്റെ സദസ്യര്‍‌ക്ക്‌ മലസ്സിലാവുന്ന തരത്തിലുള്ള സന്ദേശം.നിഖാഹും ഭക്ഷണവും കഴിഞ്ഞ്‌ അവര്‍ തിരിച്ചു പോകുന്നു. മൂന്ന്‌ മണിക്ക്‌ മുമ്പ്‌ കല്യാണ മണ്ഡഭത്തില്‍ നിന്നും എല്ലാവരും പിരിഞ്ഞു.

മക്കളേ അല്ലാഹു നിങ്ങളുടെ ദാമ്പത്യ ജീവിതം അനുഗ്രഹീതമാക്കി തരുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ വീട്ടിലേയ്‌ക്ക്‌ സ്വാഗതം ചെയ്‌തു.വര്‍‌ത്തമാന കാല നാട്ടു നടപ്പ്‌ സ്വീകരണ രീതി എഴുതാന്‍ പോലും ലജ്ജയുണ്ടാക്കുന്നതാണെന്ന്‌ സാന്ദര്‍‌ഭികമായി പറയട്ടെ.പിന്നെ വീട്ടിലെത്തി വധൂവരന്മാരെ സ്വീകരിച്ചിരുത്തി.കുടും‌ബ ബന്ധുക്കളെ മാത്രം സാക്ഷിയാക്കി മധുരം വിളമ്പി.വരനും വധുവും വരന്റെ വീട്ടിലേയ്‌ക്ക്‌ ആദ്യ നാള്‍ തന്നെ പോകുന്നു.ഇതും നാട്ടു നടപ്പുകള്‍‌ക്ക്‌ അന്യം.ചുരുക്കത്തില്‍ സാധാരണ കണ്ടു വരാറുള്ള രീതികളില്‍ നിന്നൊക്കെ ഭിന്നവും ശാന്ത ഗംഭീരവും അനുഗ്രഹീതവുമായിരുന്നു മോളുടെ വിവാഹം.

നാട്ടില്‍ നടന്നു പോരുന്ന എന്തും ഡസിമില്‍ പോയിന്റ്‌ വ്യത്യാസമില്ലാതെ നടപ്പാക്കാന്‍ കിതച്ചോടുന്ന നാട്ടു കൂട്ടത്തിലാണിതൊക്കെ.ഇതൊന്നും എല്ലാവര്‍‌ക്കും കഴിയുന്ന കാര്യവുമല്ല.കല്യാണ ഒരുക്കങ്ങള്‍ മുതല്‍ പലതിലും നാം കാണിക്കാന്‍ ശ്രമിച്ച ധൈര്യവും സ്ഥൈര്യവും ദൂരെ നിന്നു നോക്കുന്നവര്‍‌ക്ക്‌ പോലും അനുഭവപ്പെട്ട ആശ്വാസം ചേര്‍‌ത്തു പിടിക്കപ്പെട്ട പലര്‍‌ക്കും ഒരു പക്ഷെ ഇല്ലാതെ പോയിട്ടുണ്ടാകാം.എന്നിരുന്നാലും നാട്ടിലെ സാഹചര്യങ്ങള്‍ വെച്ച്‌ നോക്കുമ്പോള്‍ അവരോട്‌ പരിഭവിക്കാന്‍ കഴിയില്ല.

നാട്ടു ചിട്ടകള്‍ ആവാഹിച്ചെടുത്ത വേരുകളുടെ ആഴം ഊഹിക്കുന്നതിനും അപ്പുറമാണെന്ന ഒരു നിരീക്ഷണം അസ്ഥാനത്തല്ലെന്ന പാഠവും കൂട്ടത്തില്‍ മനസ്സിലാക്കാന്‍ അവസരവും ലഭിച്ചു.നാട്ടു നടപ്പുകളില്‍ എന്നല്ല നാട്ടു ശീലാധിഷ്‌ടിത പരസ്‌പരാന്വേഷണ സം‌സാര രീതിപോലും ഡസിമല്‍ അളവില്‍ മാറ്റം വരുന്നതില്‍ വേവലാധി കൊള്ളുന്നവരാണ്‌ ബഹുഭൂരിപക്ഷവും.നിര്‍‌ബന്ധാനുഷ്‌ഠാനങ്ങളില്‍ പോലും ഇല്ലാത്ത അതി സൂക്ഷ്‌മതയാണ്‌ നാട്ടാചാരങ്ങളുടെ കാര്യത്തിലുള്ള ഈ സാധുക്കളുടെ ജാഗ്രത.ഇവിടെ ഒന്നും സം‌ഭവിക്കാത്ത മട്ടില്‍ ക്ഷമയവലം‌ബിച്ച്‌ നടന്നു നീങ്ങാനാണ്‌ നമ്മുടെ ശ്രമം.

ഒന്ന്‌ പിന്തിരിഞ്ഞ്‌ ആശ്വാസപ്പടിയിലിരുന്ന്‌ ഓര്‍‌ത്തപ്പോള്‍ എത്ര എത്ര നൂലാമാലകളെയാണ്‌ തുത്തെറിയാന്‍ സാധിച്ചതെന്ന ആശ്വാസം ഏറെ ഹൃദ്യമാണ്‌.

കമ്പിയിടലും കാല്‌ കഴുകലും അടുക്കള കാണലും അടുപ്പ്‌ കാണലും കായക്കുല കണിയും മുതല്‍ പലതിനേയും പടിക്ക്‌ പുറത്താക്കിയ കല്യാണമായിരുന്നു കഴിഞ്ഞത്.ഇതിന്നര്‍‌ഥം അങ്ങോട്ടുമിങ്ങോട്ടും കൊള്ളക്കൊടുക്കകള്‍ ഒന്നും ഇല്ലെന്നല്ല.അതിനൊക്കെ ഒരു സാവകാശവും സമാധാനവും ഉണ്ടാകും.

കൂട്ടത്തില്‍ ഒരു കാര്യം കൂടെ സൂചിപ്പിച്ച് ചുരുക്കാം.എണ്ണിത്തിട്ടപ്പെടുത്തിയ പൊലെയുള്ള ദിവസങ്ങളായതിനാല്‍ ബന്ധുമിത്രാധികളുടെ വിരുന്നുകളൊക്കെ സ്‌നേഹപൂര്‍‌വ്വം നിരസിക്കുകയായിരുന്നു.എങ്കിലും വേണ്ടപ്പെട്ട ഒരുവിധം വീടുകളിലൊക്കെ ഒരു തവണയെങ്കിലും ഹിബമോളും ഷമീറും പോയിരുന്നു.

ജനുവരി 14 അവധി കഴിഞ്ഞ്‌ മുഹമ്മദ്‌ ഷമീര്‍ ദോഹയിലേയ്‌ക്ക്‌ തിരിച്ചു.

നിത്യേനയുള്ള പ്രതിജ്ഞയുടേയും പ്രാര്‍‌ഥനയുടേയും പരം പൊരുളില്‍ മനസ്സ്‌ കുതിരട്ടെ.സകല കുടുസ്സായ ചിന്തകളില്‍ നിന്നും മോചനം ലഭിക്കാനുപകരിക്കും.കേവല അധര വ്യായാമ ചിട്ടവട്ടങ്ങള്‍‌ക്കപ്പുറം മനസ്സിനെ വ്യാപരിപ്പിക്കാനായാല്‍ സാധ്യമാകുന്ന സമാധാനവും സമാശ്വാസവും പുതിയ ഉശിരും ഊര്‍ജ്ജവും പ്രധാനം ചെയ്യും.

അല്ലാഹു സകലവിധ ജീര്‍‌ണ്ണതകളില്‍ നിന്നും മുക്തി നേടാന്‍ അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.അല്ലാഹു നമ്മെ ഇഹപരവിജയികളില്‍ ഉള്‍‌പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.മണ്‍‌മറഞ്ഞ പൂര്‍‌വ്വികര്‍‌ക്കും മാതാപിതാക്കള്‍‌ക്കും ബന്ധു മിത്രാധികള്‍‌ക്കും പാപമോചനവും പരലോക മോക്ഷവും പ്രധാനം ചെയ്യുമാറാകട്ടെ.

മഞ്ഞിയില്‍