Wednesday, January 16, 2019

വിശ്രമിത്തിനു നിര്‍‌ബന്ധിതനായിരിക്കുന്നു

എന്റെ കണ്ണുകള്‍ക്ക്‌ ഇടയ്‌ക്ക്‌ ബാധിക്കാറുള്ള ശുഷ്‌കാന്ധത ബാധിച്ചിരിക്കുന്നു.ഇനി വിശ്രമിക്കാന്‍ നിര്‍‌ബന്ധിതനാണ്‌.കഴിഞ്ഞ ദിവസം ഡോക്‌ടര്‍ സിദ്ധാര്‍‌ഥ ശങ്കറിനെ കണ്ടിരുന്നു.

പ്രതിവിധിയായി വര്‍‌ഷാവര്‍‌ഷം ചെയ്‌തു പോരുന്ന ആയുര്‍‌വേദ തര്‍പ്പണം ചികിത്സയ്‌ക്ക്‌ വിധേയനാകണം.അഥവാ ഔഷധയോഗ്യമായ നെയ്യ്‌ നിശ്‌ചിത അളവില്‍ നേത്രഗോളത്തിന്മേല്‍ നിര്‍ത്തുന്ന ചികിത്സ.എന്നും പുലര്‍‌ച്ചയ്‌ക്ക്‌ നിശ്ചിത സമയ ധാരയ്‌ക്ക്‌ ശേഷം കണ്ണുകള്‍ അടച്ചു കെട്ടും.അടുത്ത പ്രഭാതം വരെ.ഇവ്വിധം ഒരു ആഴ്‌ച തര്‍‌പ്പണം നീണ്ടു നില്‍‌ക്കും.തുടര്‍ച്ചയായി വായിക്കുന്നവരിലും ഇലക്ട്രോണിക് മീഡിയകള്‍ ഉപയോഗിക്കുന്നവരിലും കാണപ്പെടുന്നതാണ്‌ ശുഷ്‌കാന്ധത.

വരും ദിവസങ്ങളില്‍ ധാര തുടങ്ങും.അഞ്ച്‌ ദിവസങ്ങള്‍‌ക്ക്‌ ശേഷം തര്‍‌പ്പണ ചികിത്സയും.രണ്ടാഴ്‌ച നീണ്ടു നില്‍‌ക്കുന്ന തര്‍‌പ്പണം എന്ന നേത്ര ചികിത്സയില്‍ സകല കാഴ്‌ച്ചകളും നിഷേധിക്കപ്പെട്ടേക്കും.മനോഹരമായ പ്രകൃതിയുടെ മുടിയിഴപോലും കാണാനാകുകയില്ല.നല്ല പാതിയുടെ വിശ്രമമില്ലാത്ത പരിചരണ കാലം.ദൈനം ദിന ചര്യകള്‍‌ക്ക്‌ പുതിയ രൂപ ഭാവം പകരും.പത്ര വാര്‍‌ത്തകളുടെ ചുമതലക്കാരി ഹിബ മോള്‍ വിവാഹിതയായതിനാല്‍ അമീനമോള്‍‌ക്ക്‌ കൂടുതല്‍ ചുമതലകള്‍ നല്‍‌കേണ്ടി വരും.സാമൂഹിക മാധ്യമങ്ങളിലെ വാര്‍‌ത്താധിഷ്‌ടിത ചര്‍‌ച്ചകളും വരികള്‍‌ക്കിടയിലെ വായനകളും വിലയിരുത്തലുകളുമായി ഇത്തവണ അന്‍‌സാര്‍ ഉണ്ടാകുകയില്ല.നീണ്ട അവധി കഴിഞ്ഞ്‌ അന്‍‌സാര്‍ ചെന്നൈയിലേയ്‌ക്ക് തിരിച്ച്‌ പോയിരിക്കുന്നു.ഹമദ്‌ കൂട്ടിനുണ്ടാകും.നിഷ്‌ഠയോടെയുള്ള ചികിത്സ നല്ല ഫലം കാണിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ട്‌.

സോഷ്യല്‍ മീഡിയ ഇടക്കാലത്ത് വെച്ച് പൂര്‍‌ണ്ണമായും വിരാമമിടാന്‍ നിര്‍‌ബന്ധിതനാകും.സാധിക്കുമെങ്കില്‍ പര സഹായത്താല്‍ ഭാഗികമായ സാന്നിധ്യമുണ്ടായേക്കാം.പ്രാര്‍‌ഥനയില്‍ മറക്കാതിരിക്കുക.ദൈവത്തിനാണ്‌ സര്‍‌വ്വ സ്‌തുതിയും.

മഞ്ഞിയില്‍.