Monday, April 1, 2019

വര്‍‌ത്തമാനങ്ങള്‍

പ്രവാചകാ, നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം.
ക്ഷമ അവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവ ഗുണം ലഭിക്കുന്നതല്ല.മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല.നിനക്ക് പൈശാചികമായ വല്ല പ്രേരണയും അനുഭവപ്പെട്ടാല്‍, അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.{ഹാമീം അസ്സജദ 34:36}
......

ആരോടും പകയില്ലാതെ പരിഭവമില്ലാതെ ഇണങ്ങി നിന്നവനോടും പിണങ്ങി നിന്നവനോടും വിദ്വേഷമില്ലാതെ രക്ഷിതാവായ പടച്ച തമ്പുരാനോട്‌ നന്ദി പ്രകാശിപ്പിച്ച്‌ ഉറങ്ങാന്‍ കഴിയുന്നവനോളം സൗഭാഗ്യവാന്‍ ഈ ഭൂമിയില്‍ ആരും ഇല്ല.സ്വര്‍‌ഗ പ്രവേശത്തിനു അര്‍‌ഹനാണെന്നു പ്രവാചകന്‍ ചൂണ്ടിക്കാട്ടിക്കൊടുത്ത ഒരു സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരു സ്വഹാബിയെ മറ്റു പ്രവാചകാനുചരന്മാര്‍ പിന്തുടര്‍‌ന്നപ്പോള്‍ അവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞ രഹസ്യവും ഇതു തന്നെയായിരുന്നു.

ഉറങ്ങും മുമ്പ്‌ അന്നേ ദിവസത്തെ സൗഹൃദങ്ങളും പരസ്‌പര സം‌ഭാഷണങ്ങളും ഇടപാടുകളും അഭിവാദ്യ പ്രത്യഭിവാദ്യങ്ങള്‍ പോലും വിലയിരുത്തി ഓരോ മുഹൂര്‍‌ത്തത്തിലും സം‌ഭവിച്ചിരിക്കാനിടയുണ്ടായ തെറ്റും ശരിയും വിലയിരുത്തുകയും അപരനില്‍ നിന്നും തനിക്ക്‌ ഏല്‍ക്കേണ്ടി വന്ന ദൗര്‍‌ഭാഗ്യകരമായ രം‌ഗവും അതിലെ അനിഷ്‌ടകരമായതിനെയും മനസ്സില്‍ നിന്നും വേരോടെ പിഴുതെറിയുകയും ചെയ്‌തിരുന്നു എന്നതാണത്രെ ആ മനുഷ്യനെ സ്വര്‍‌ഗ്ഗാവകാശിയായി പ്രഖ്യാപിക്കപ്പെടാനുണ്ടായ കാരണം.

ചുരുക്കത്തില്‍ മനസ്സ്‌ എല്ലാ അര്‍‌ഥത്തിലും ശുദ്ധമാകുകയും മസ്‌തിഷ്‌കം ശാന്തമാകുകയും ചെയ്യുന്ന പ്രകൃതത്തിലൂടെ ഒരു വിശ്വാസി/വിശ്വാസിനി അനുഭവിക്കുന്ന അനുഭൂതിയുടെ ആഴവും പരപ്പും വിവരണാതീതമത്രെ.ഇപ്പറഞ്ഞ ആനന്ദ നിര്‍‌വൃതിയുടെ മാരിവില്‍ ചിത്രം ആസ്വദിക്കാന്‍ ശ്രമിക്കുക തന്നെ വേണം.കാരണം ഇവ്വിധമുള്ള വിതാനത്തിലേയ്‌ക്ക്‌ ഉയര്‍‌ന്നു വരാനാകുന്നത് വലിയ അനുഗ്രഹം തന്നെയാണ്‌.അല്ല വിശേഷാല്‍ അനുഗ്രഹീതര്‍‌ക്കേ ഇതു സാധിക്കുകയുള്ളൂ.
------------------------------------------------
ചില വര്‍‌ത്തമാനങ്ങള്‍ പങ്കിടുകയാണ്‌.കലാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങി തൊഴിലിടങ്ങളില്‍ ചേക്കേറുന്ന ആളുകള്‍ നമുക്ക്‌ സുപരിചിതങ്ങളാണ്‌.അഥവാ ആദ്യം പഠിക്കുന്നു.എന്നിട്ട്‌ പ്രവര്‍‌ത്തിക്കുന്നു. എന്നാല്‍ ജീവിതത്തില്‍ എന്താണ്‌ സം‌ഭവിക്കുന്നത്.ആദ്യം പലതും പ്രവര്‍‌ത്തിക്കുന്നു.എന്നിട്ട്‌ അതില്‍ നിന്നും പഠിക്കുന്നു.അഥവാ ജിവിതത്തില്‍ നിന്നും പാഠം പഠിക്കുന്നു.ഇങ്ങനെ ജീവിതാനുഭവങ്ങളുടെ പാഠങ്ങളെ വിലയിരുത്തിയും വികസിപ്പിച്ചും വിശകലനം ചെയ്‌തും ജീവിതത്തെ സാരസമ്പൂര്‍‌ണ്ണമാക്കാന്‍ സാധിക്കുക എന്നത് ചെറിയ കാര്യമല്ല.എന്നല്ല എല്ലാവര്‍‌ക്കും സാധിക്കുന്ന കാര്യവും അല്ല. വിശ്വാസികളെ സം‌ബന്ധിച്ചിടത്തോളം പഠിപ്പിക്കപ്പെട്ട കാര്യം അനുഭവ സമ്പത്തിനെ പരിപോഷിപ്പിച്ച് മുന്നോട്ട്‌ പോകാനാണ്‌.വിചാരണ ചെയ്യപ്പെടും മുമ്പ്‌ കണിശമായ വിചാരണക്ക്‌ വിധേയമാക്കുക.തൂക്കം നോക്കപ്പെടും മുമ്പ്‌ സ്വയം ഒന്നു തൂക്കി നോക്കുക.പരിശോധിക്കപ്പെടും മുമ്പ്‌ ആത്മ പരിശോധന നടത്തുക.
............
കാര്യ കാരണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഒന്നും സം‌ഭവിക്കുന്നില്ല.സം‌ഭവിക്കുകയും ഇല്ല.സ്വര്‍ഗ രാജ്യത്ത്‌ നിന്നും ആദമും ഹവ്വാ ഉമ്മയും പുറത്താക്കപ്പെടുന്നതു പോലും കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.ഉഹദിലെ പരാജയവും ബദറിലെ വിജയവും കാര്യ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.നിര്‍‌ദിഷ്‌ട തീരുമാനങ്ങളെ മുഖവിലക്കെടുക്കാത്തതിനാല്‍ സം‌ഭവിച്ച അവിചാരിതമായ പതനവും,വിജയിക്കാതെ തരമില്ലെന്ന ദൃഢ ബോധത്തോടൊപ്പം പടച്ച തമ്പുരാനില്‍ ഭരമേല്‍‌പ്പിച്ച്‌ സമര പാതയില്‍ നിലയുറപ്പിച്ചപ്പോള്‍ സം‌ജാതമായ അത്യത്ഭുതകരമായ വിജയ ഗാഥയും കടങ്കഥയൊന്നും അല്ല.വിശുദ്ധ ഗ്രന്ഥത്തിലും പ്രവാചകന്റെയും അനുചരന്മാരുടേയും ജിവിതത്തിലെ സം‌ഭവ വികാസങ്ങളും പകര്‍‌ന്നു നല്‍‌കപ്പെടുന്ന പാഠങ്ങള്‍ കേവലമായ വായനാ സുഖത്തിനു വേണ്ടിയുള്ളതല്ലെന്നും മനസ്സിലാക്കുക.
.............

ജീവിത യാത്രക്കിടയിലെ ചില ഇടനാഴികകളില്‍ മനുഷ്യര്‍ വിവിധങ്ങളായ ആവശ്യങ്ങള്‍‌ക്കായി കാത്തു നില്‍‌ക്കുന്നവരാണ്‌.ക്ഷമയോടു കൂടെ കാത്തു കഴിയുന്നവരും അക്ഷമരാകുന്നവരും ഉണ്ട്‌.സകല ഭാവഭേദങ്ങളും ലോക രക്ഷിതാവിന്റെ നിരീക്ഷണത്തില്‍ പതിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്‌.ക്ഷമ കൈവരിക്കുന്നവരോടൊപ്പമാണ്‌ നാഥന്‍ എന്ന്‌ വിശുദ്ധ വചനങ്ങളിലൂടെ ഓര്‍‌മ്മിക്കപ്പെട്ടിട്ടുമുണ്ട്‌.എന്നിട്ടും അസ്വസ്ഥരാകുന്നത്‌ അവിവേകമത്രെ.ഒരു യാത്രയില്‍ ഒരു പക്ഷെ സാധിക്കുന്നതും സാധിക്കാത്തതുമായ പലതും ഉണ്ടായേക്കാം.യാത്രാ ക്ലേശത്തെ ചൊല്ലി വല്ലാതെ പരിഭവിക്കരുത്.യാത്രാന്ത്യമത്രെ പ്രധാനം.
.............

ഈശ്വര നിരാസവും ഇതിന്റെ സ്വാധീന വലയവും സമൂഹത്തില്‍ സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന അനാഥത്വവും അനിശ്ചിതത്വവും അധമ സം‌സ്‌കാര പ്രവണതയും ഒരു ഭാഗത്ത്‌ അഴിഞ്ഞാടി - നിറഞ്ഞാടിക്കൊണ്ടിരിക്കുന്നു.എന്നാല്‍ അതിനെക്കാളേറെ അപകടകരമത്രെ അറിവ്‌ കെട്ട വിശ്വാസവും അന്ധവിശ്വാസവും.
പ്രപഞ്ചം മുഴുവന്‍ ചൂഴ്‌ന്നു നില്‍‌ക്കുന്ന പൂഴ്‌ന്നിരിക്കുന്ന ശക്തി വിശേഷം,തേജസ്സ്‌ - പ്രകാശം തുടങ്ങിയ അര്‍‌ഥ കല്‍‌പനകളാണ്‌ സകല വേദങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്രഷ്‌ടാവിനെ പരിചയപ്പെടുത്തുന്നത്.ഇവിടെ ആള്‍‌ദൈവങ്ങള്‍ പ്രതിഷ്‌ഠിക്കപ്പെടുന്നതും ബഹുദൈവത്വത്തിലേയ്‌ക്ക്‌ വഴുതി വിഴുന്നതും അതില്‍ അന്ധമായി ചെന്നു ചാടുന്നതുമാണ്‌ വിശ്വാസികളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സകല മത വിഭാഗങ്ങളുടേയും സന്ദര്യം കെടുത്തുന്നതിനും സാം‌സ്‌കാരികമായ അപചയത്തിനും ഹേതു.

ദൗര്‍‌ഭാഗ്യകരം,ഇപ്പോള്‍ ആള്‍ ദൈവവും കടന്ന്‌ ജന്തു ജാല ദൈവങ്ങള്‍ എന്ന പുതിയ ശ്രേണി കൂടെ ആയിരിയ്‌ക്കുന്നു.ഏതു വിഭാഗത്തില്‍ പെട്ടവരാണെങ്കിലും,അധരവ്യായാമവും കേവലാക്ഷര വായനയും എന്ന നടപ്പ്‌ ശീലങ്ങള്‍‌ക്കപ്പുറം ആത്മാര്‍‌ഥമായി വായിക്കാന്‍ തുടങ്ങട്ടെ...

...........

നന്മേഛുക്കളായ ഒരു സം‌ഘം യാത്ര ചെയ്യുകയായിരുന്നു.വഴിയില്‍ ഒരു കൊച്ചു തടാകത്തില്‍ ഒരു തേള്‍ കിടന്നു പിടയുന്നത് ശ്രദ്ധയില്‍ പെട്ടു.സം‌ഘത്തലവന്‍ തേളിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.തേള്‍ തിരിച്ച്‌ ഉപദ്രവിച്ചിട്ടും തന്റെ ശ്രമത്തില്‍ നിന്നും അദ്ദേഹം പിന്മാറിയില്ല.കൂട്ടത്തിലൊരാള്‍ ചോദിച്ചു.'ഈ ക്ഷുദ്ര ജീവിയെ താങ്കള്‍ എന്തിന്‌ രക്ഷപ്പെടുത്തണം.അതാകട്ടെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.'ഉടനെ സം‌ഘത്തലവന്‍ പ്രതിവചിച്ചു.'എന്റെ ശീലം ഞാന്‍ അനുവര്‍‌ത്തിക്കുന്നു.അതിന്റെ ശീലം അതും...!