കുറച്ചു കാലമായി റമദാന്‍ അവസാനങ്ങളിലും പെരുന്നാളുകള്‍ക്കും നിര്‍ബന്ധമായും വീട്ടില്‍ ഉമ്മയോടും കുടുംബത്തോടും മക്കളോടും ഒപ്പം നാട്ടിലുണ്ടാകുക എന്നതായിരുന്നു പതിവ്. കൃത്യമയി പറഞ്ഞാല്‍ 2011 മുതല്‍ അങ്ങിനെയായിരുന്നു.ഉമ്മയുടെ വിയോഗാനന്തരം ഇത്തരം ചിന്തകള്‍ക്ക് വലിയ പ്രാധന്യം പോലും ഇല്ലാത്തതു പോലെ.കരുണാമയനായ തമ്പുരാന്‍ മണ്‍ മറഞ്ഞു പോയ മാതാപിതാക്കളുടേയും ബന്ധു ജനങ്ങളുടേയും പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.
വ്രതാരംഭം മുതല്‍ ഉമ്മ ചോദിച്ചു തുടങ്ങുമായിരുന്നു.മോനെന്നാണ് നാട്ടിലെത്തുക...? ഇതേ ചോദ്യം പലവട്ടം ആവര്‍ത്തിക്കുമായിരുന്നു.2018 മുതല്‍ ഈ ചോദ്യം ഇല്ലാതായി എന്നല്ല ഇനി ഒരിക്കലും ഈ ചോദ്യം കേള്‍ക്കാനുള്ള ഭാഗ്യവുമില്ല.ഈ ചോദ്യമില്ലായ്‌മ വല്ലാത്തൊരു ശൂന്യതയായി നൊമ്പരമായി മനസ്സില്‍ മര്‍മ്മരം സൃഷ്‌ടിക്കുന്നു.മോനെന്നു വരും.....?
പ്രിയപ്പെട്ട ഉമ്മയില്ലാത്ത കാലത്തെ വിശേഷങ്ങള്‍ വരുമ്പോളൊക്കെ അണഞ്ഞു പോയ ആ ദീപ ശിഖയുടെ അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുക പതിവാണ്.
2017 ല്‍ ബക്രീദ് അവധി ദിനങ്ങള്‍ മാത്രമായി ദോഹയില്‍ നിന്നും നാട്ടിലേയ്‌ക്കില്ലെന്നു ഈദുല്‍ ഫിത്വര്‍ അവധിയില്‍ നാട്ടിലുള്ളപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു.ബക്രീദിനു ശേഷം മൂന്നാഴ്‌ച കഴിഞ്ഞ് നാട്ടിലെത്തുമെന്നായിരുന്നു ഉദ്ധേശം.എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹമെന്നു പറയട്ടെ ബക്രീദ് അവധി കഴിഞ്ഞുടന്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കേണ്ടതില്ലാത്ത വിധം അവധി അനുവദിക്കപ്പെട്ടു. അഥവാ ആഗസ്റ്റ് 28 ന് സുഖമായി നാട്ടിലെത്തി.തൊട്ടടുത്ത ദിവസം അന്‍സ്വാര്‍ ചെന്നെയില്‍ നിന്നും വന്നു.പിറ്റേന്നു അറഫാ ദിനമായിരുന്നു.ഞങ്ങള്‍ എല്ലാവരും കൂടെ ഉമ്മയുടെ കൂടെ നോമ്പ് തുറന്നു.ശാരീരിക അസ്വസ്ഥതകള്‍ വകവെക്കാതെ പെരുന്നാള്‍ നിസ്‌കാരത്തിന് രാജാ ഈദ് ഗാഹില്‍ പ്രിയപ്പെട്ട ഉമ്മ പങ്കെടുത്തു.ഉമ്മയുടെ ജീവിതത്തിലെ അവസാനത്തെ പെരുന്നാള്‍ നിസ്‌കാരം.
സപ്‌തംബര്‍ 10 ന് ഉമ്മയെ പന്തല്ലൂരിലുള്ള സഹോദരി ത്വാഹിറാടെ വീട്ടിലേയ്‌ക്ക് കൊണ്ടുപോയി.പെരുന്നാള്‍ അവധിയ്‌ക്ക് ശേഷം സപ്‌തംബര്‍ 11 ന് അന്‍സ്വാര്‍ ചെന്നെയിലേയ്‌ക്ക് പോയി.സപ്‌തംബര്‍ 17 ന് സഹോദരി ഫാത്വിമയുടെ പേരമകള്‍ ഷഹന റഷീദിന്റെ വിവാഹം നടക്കുമ്പോള്‍ ഉമ്മ പന്തല്ലൂരായിരുന്നു.സപ്‌തംബര്‍ 19 നായിരുന്നു സഹോദരി ഫാത്വിമയുടെ പേരമകള്‍ ഹനിയ്യ അലിയുടെ വിവാഹം നിശ്ചയ തീരുമാനം.സപ്‌തംബര്‍ 20 ന് ത്വാഹിറയുടെ മകന്‍ അന്‍വര്‍ മലേഷ്യയിലേയ്‌ക്ക് പോയി.
സപ്‌തംബര്‍ 20നു രാത്രി പ്രിയപ്പെട്ട ഉപ്പയുമായി ഒരു സമാഗമം സ്വപനം കണ്ടു.ഉമ്മയെ മുല്ലശ്ശേരിയിലേയ്‌ക്ക് കൊണ്ടുവരണമെന്നു നിര്‍ദേശിക്കും വിധമായിരുന്നു സ്വപ്‌ന ദര്‍ശനത്തിലെ ഉള്ളടക്കം.വിവരം ഇത്തയെ ധരിപ്പിച്ചിരുന്നു.സപ്‌തംബര്‍ 21 വ്യാഴാഴ്‌ച ഉമ്മയെ മുല്ലശ്ശേരിയിലേയ്‌ക്ക് കൊണ്ടു പോന്നു.ശാരീരികമായ ഏറെ അസ്വസ്ഥതയുണ്ടായിരുന്നതിനാല്‍ ചാവക്കാട് ഹയാത്തില്‍ ശുശ്രുഷയ്‌ക്ക് വിധേയയാക്കി.
സപ്‌തംബര്‍ 27 ന് രാത്രി സഹോദരി ശരീഫയുടെ വീട്ടിലേയ്‌ക്ക് പോയെങ്കിലും പിറ്റേ ദിവസം തന്നെ മഞ്ഞിയിലേയ്‌ക്ക് വരാന്‍ നിര്‍ബന്ധം പിടിച്ചു.എത്രയും പെട്ടെന്ന് മഞ്ഞിയില്‍ വീട്ടിലെത്തണമെന്ന ശാഠ്യം ഞങ്ങളെ അമ്പരപ്പിക്കാതിരുന്നില്ല.
സപ്‌തംബര്‍ 29 ന് മുഹറം അവധിയില്‍ അന്‍സ്വാര്‍ നാട്ടിലെത്തി.സപ്‌തംബര്‍ 30 ശനിയാഴ്‌ചയും ഒക്‌ടോബര്‍ 1 ഞായറാഴ്‌ചയും എല്ലാവരും ഒരുമിച്ച് നോമ്പ് തുറന്നു.സഹോദരന്‍ ഹമീദ്‌ക്കയും നോമ്പ് തുറക്കാനുണ്ടായിരുന്നു.അത് ഉമ്മയുമായുള്ള അവസാനത്തെ നോമ്പു തുറയായിരിക്കുമെന്നു സങ്കല്‍പിച്ചതു പോലുമില്ല.നോമ്പു തുറക്ക് ശേഷം ഉമ്മ ചില ആശങ്കകള്‍ എന്നോട് പങ്കുവെച്ചു. ഇത്തരം ആശങ്കകള്‍ ദൂരീകരിക്കാനുതകുന്ന ചില നസ്വീഹത്തുകള്‍ ഉമ്മാക്ക് നല്‍കി. അന്നേദിവസം രാത്രി എല്ലാവരും കൂടെ ദീര്‍ഘമായ പ്രാര്‍ഥന നടത്തി.ഉമ്മയുടെ മനസ്സിലുണ്ടായിരുന്ന അസ്വസ്ഥകള്‍ നീങ്ങിയെന്നും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു എന്നും ഉമ്മ എന്നോട് സൂചിപ്പിച്ചു.ഭയപ്പെടേണ്ട അടുത്ത ദിവസം തൃശൂര്‍ ആശുപത്രിയിലേയ്‌ക്ക് പോകാമെന്നു സമാശസിപ്പിച്ചു.
ഒക്‌ടോബര്‍ 2 നായിരുന്നു ഫാത്വിമ മുസ്‌തഫയുടെ വിവാഹ നിശ്ചയം.നിശ്ചയത്തിനെത്തിയവര്‍ തിരിച്ച് പോകും മുമ്പ് തന്നെ ഞങ്ങള്‍ തൃശൂര്‍ ദയയിലേയ്‌ക്ക് പുറപ്പെട്ടു.
അനുവദിച്ചതിലും കൂടുതല്‍ അവധിയെടുത്ത അന്‍സ്വാര്‍ ഒക്‌ടോബര്‍ 4 ന് എന്തായാലും പോകാനുറച്ചിരുന്നു.സന്ധ്യയ്‌ക്ക് പുറപ്പെടേണ്ട ട്രൈന്‍ വീണ്ടും വീണ്ടും വൈകിയതായി അറിഞ്ഞപ്പോള്‍ റ്റിക്കറ്റ് റദ്ധ് ചെയ്യാന്‍ ഞാന്‍ നിര്‍ദേശിച്ചു.മണിക്കൂറുകള്‍ക്ക് ശേഷം അഥവാ ഒക്‌ടോബര്‍ 5 പ്രഭാതത്തോടടുത്ത സമയത്തായിരുന്നു ഉമ്മയുടെ അന്ത്യം.
പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും ഒക്കെയായി 161 പേരുടെ ഉമ്മയും ഉമ്മൂമയും ഓര്‍മ്മയില്‍ മാത്രമായി ശാശ്വതമായ ജീവിതത്തിലേയ്‌ക്ക് പറന്നു പോയി.... ദൈവവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ് എന്റെ എല്ലാം.ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ അഞ്ചാം ക്ലാസ്സുകാരിയായ പുന്നാര മോള്‍ ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടിയുടെ മകന്‍ ഖാദര്‍ സാഹിബിന്റെ ഭാര്യ ഐഷ.കൃത്യമായി പറഞ്ഞാല്‍ നൂറോടടുത്തതിന്റെ അടയാളങ്ങളൊന്നു പോലും ആര്‍ക്കും പിടികൊടുക്കാത്ത സ്‌നേഹ നിധിയായ പൊന്നുമ്മ.
പത്രവായന ശീലമാക്കിയ തനി നാട്ടിന്‍ പുറത്തുകാരി.കേട്ടറിവിനേക്കാള്‍ വായിച്ചറിവിന് പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസ്രതമായി തര്‍ജമകളും വാരികകളും വായിക്കാന്‍ സമയം നീക്കിവിക്കുകയും ചെയ്‌തിരുന്ന മാതൃകയുടെ തനി രൂപം.വര്‍ത്തമാനകാല അമ്മായിയമ്മമാര്‍ മൂക്കത്ത് വിരല്‍വെച്ചുപോകുന്ന പുന്നാര ഉമ്മ.മരുമക്കള്‍ എന്ന പ്രയോഗം പോലും ഇല്ലെന്നതത്രെ ഐസ എന്ന ഐഷയുടെ വിഭാവന.
സമയവും സാഹചര്യവുമുണ്ടെങ്കില്‍ സ്‌ത്രീകളുടെ ആരാധനലയ സന്ദര്‍ശനങ്ങള്‍ വിലക്കപ്പെടേണ്ടതല്ല എന്ന് തുറന്നു പറയുന്ന ഉമ്മ.ശാരീരികമായി പ്രയാസങ്ങളില്ലെങ്കില്‍ വെള്ളിയാഴ്‌ചകളില്‍ പ്രാര്‍ഥനക്കിറങ്ങുന്ന ബുദ്ധിമതിയായ ഉമ്മ.കടലും കരയും നീലാകാശവും നീന്തി പരിശുദ്ധ ഭവനങ്ങളില്‍ പോകാമെന്നുണ്ടെങ്കില്‍ എന്തു കൊണ്ട് പ്രാദേശത്തെ ദൈവ ഭവനങ്ങളില്‍ പോയിക്കൂടാ എന്നതാണ് ഇവ്വിഷയത്തില്‍ സംശയമുയര്‍ത്തുന്നവരോട് ഉമ്മയുടെ പ്രതികരണം.പള്ളിയില്‍ പോയേ തീരൂ എന്ന നിര്‍ബന്ധമൊന്നും ഇല്ലല്ലോ.എന്നാല്‍ സൗകര്യപ്പെടുമ്പോള്‍ സൗകര്യങ്ങളുള്ളതിനെ ഉപയോഗപ്പെടുത്താം എന്നതത്രെ അഭികാമ്യം.
ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരി.മുതുവട്ടൂര്‍ ഖത്വീബ് സുലൈമാന്‍ അസ്ഹരിയുടെ പ്രഭാഷണം ഏറെ ഇഷ്‌ടമാണെന്ന വിവിരം അദ്ധേഹത്തെ അറിയിക്കണമെന്നു ശാഠ്യമുള്ള നാടന്‍ വൃദ്ധ.ഏറെ പ്രയാസങ്ങളുണ്ടായിട്ടും 2017 ലെ ബലിപ്പെരുന്നാളിന് ഉമ്മ ഞങ്ങളോടൊപ്പം ഈദ് ഗാഹില്‍ പങ്കെടുത്തിരുന്നു.
മുല്ലശ്ശേരിയിലെ അബ്‌സ്വാര്‍ കോര്‍ണര്‍ ശാന്തമായിരിയ്‌ക്കുന്നു.ഒക്‌ടോബര്‍ രണ്ടിന് വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടുംബത്തിന്റെ ഉമ്മൂമയുമായുള്ള അവസാനയാത്രയായിരിക്കുമെന്നു നിനച്ചതേയില്ല.മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍ക്ക് മുമ്പ്‌വരേയും തന്നെ സന്ദര്‍ശിക്കാനെത്തിയവരെ വേണ്ടവിധം പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു.ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓര്‍മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട് പറയാം എന്ന നര്‍മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ സാക്ഷാല്‍ ഉമ്മ.
2017 ഒക്‌ടോബര്‍ നാലിനു വൈകുന്നേരം പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.പാതിരായ്‌ക്ക് ശേഷം സങ്കീര്‍ണ്ണമാണെന്ന അറിയിപ്പ് നല്‍കപ്പെട്ടു.അഥവാ ഒക്‌ടോബര്‍ 5 പുലര്‍ച്ചയ്‌ക്ക് ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു.ജീവിച്ചിരിക്കുന്ന എല്ലാ മക്കളും എന്റെ സഹധര്‍മ്മിണിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചു.
വാര്‍ദ്ധക്യ സഹജമായ നേര്‍ത്ത ചില അടയാളങ്ങള്‍ പോലും അന്ത്യയാത്രയുടെ സന്തോഷ നിമിഷങ്ങളുടെ പുഞ്ചിരികൊണ്ട് ഒളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ..ഉമ്മമ്മ സമധാനത്തിന്റെ ലോകത്തേയ്‌ക്ക് യാത്രയായി......