Tuesday, March 3, 2020

ഒരു വഴിത്തിരിവില്‍

ജിവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു ദിവസം.അന്വേഷണ പാതയില്‍ തിരിച്ചറിവുകള്‍‌ക്ക്‌ അനന്യമായ തിളക്കം കൂട്ടിയ ദിവസം.അനുസരിക്കുന്നവര്‍ എന്നര്‍‌ഥം വഹിക്കുന്നവര്‍ ഒന്നുകില്‍ പാരമ്പര്യമായി കിട്ടിയ ആചാരാനുഷ്‌ഠാനങ്ങളുടെ തടവറയില്‍. അല്ലെങ്കില്‍ ഇതില്‍ നിന്നൊക്കെ തടവു ചാടി ഉറഞ്ഞു തുള്ളുന്നവരുടെ മൈതാനിയില്‍ അതുമല്ലെങ്കില്‍ മദമിളകാനും മദമിളക്കി വിടാനുമുള്ളവരുടെ ചൊല്‍‌പടിയില്‍. എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന വര്‍‌ത്തമാന കാലഘട്ടത്തില്‍; വ്യവസ്ഥാപിതവും സന്തുലിതവുമായ മനോഹരമായ ദര്‍‌ശനം എന്ന വിവക്ഷയെ മനസാ വാചാ കര്‍‌മ്മണാ അം‌ഗികരിച്ച്‌ ആനന്ദാശ്രു പൊഴിച്ച ദിവസം.

കൗമാരം വിട്ടുണരുമ്പോള്‍ തന്നെ  ഒരു പരന്ന വായനയുടെ ശീലം എന്നെ പിടികൂടിയിരുന്നു.പത്താം തരം കഴിയുന്നതിന്നു  മുമ്പുതന്നെ വായനയുടെ ഒരു വലിയ ലോകത്തെ പ്രാപിക്കാന്‍ ഭാഗ്യം സിദ്ധിച്ചിരുന്നു.എഴുപതുകളുടെ അവസാനം ഇന്നലെക്കഴിഞ്ഞതുപോലെ മനസ്സിലുണ്ട്‌.ശുദ്ധമായ സംസ്‌കാരത്തോട്‌ ആയിരം കാതം ബന്ധം പോലുമില്ലാത്ത ഒരു വികൃതമായ സംസ്‌കൃതി ഇഴപിരിഞ്ഞു കിടക്കുന്നാതായി അനുഭവപ്പെടുമായിരുന്നു. എന്നോടൊപ്പം ഇത്തരം ചിന്തകള്‍ പങ്കുവെക്കുന്ന വേറെയും സഹോദരങ്ങളും ഉണ്ടായിരുന്നു.

വായനയും പഠന മനനങ്ങളും നിരുത്സാഹപ്പെടുത്തുക,വിജ്ഞാന സമ്പാദനത്തില്‍ ലിംഗഭേദം കാല്‍പ്പിക്കുക,വിശുദ്ധ വേദത്തിന്റെയും പ്രവാചകാധ്യാപനങ്ങളേയും കവച്ചു വെക്കുന്ന വിധം കേവല ഐതിഹ്യ സമാനമായതിനോട്‌ കൂടുതല്‍ കൂറു കാണിക്കുക തുടങ്ങിയ വൈകൃതങ്ങളാണ്‌ എന്നെ ഏറെയും വേദനിപ്പിച്ചിരുന്നത്‌.നമ്മുടെ പരമ്പരാഗത സംവിധാനം മനസ്സിനെ വേപഥുകൊള്ളിച്ച വിഷയങ്ങളില്‍ അത്ഭുതപ്പെടുത്തും വിധം ഭാവമാറ്റത്തോടെ സം‌ഘങ്ങളും സം‌ഘടനകളും കുറെയൊക്കെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു എന്നത്‌ ഏറെ സന്തോഷ ദായകമാണ്‌.

ഒരു വഴിത്തിരിവില്‍ ഒന്നു പുറകോട്ട്‌ തിരിഞ്ഞു നോക്കി എന്നു മാത്രം.സര്‍‌വ്വലോക പരിപാലകനായ തമ്പുരാന്‌ സ്‌തുതി.2019 ഡിസം‌ബര്‍ 7 ആത്മാഭിമാനം അനുഭവപ്പെട്ട ദിവസം.
.................

നാള്‍‌വഴികള്‍:-

കഴിഞ്ഞ രണ്ട്‌ മൂന്നു വര്‍‌ഷമായി ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അം‌ഗമാകാനുള്ള ബോധപൂര്‍‌വ്വമുള്ള ശ്രമത്തിലായിരുന്നു.മാനസികമായും ബുദ്ധിപരമായും മറ്റു ഭൗതിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും പഠന പാരായണ വൈജ്ഞാനിക വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധചെലുത്തി പോന്നിരുന്നു.അസോസിയേഷന്‍ പ്രാഥമിക അം‌ഗത്വം നേടിയത് 1989 ല്‍ ആണെന്നാണ്‌ രേഖ.കാര്‍‌കുന്‍ ആയത് 19.10.1991 ലും ആയിരുന്നു. 2017 ലാണ്‌ അം‌ഗത്വത്തിനുള്ള അപേക്ഷ നല്‍‌കിയത്.അതിനെ തുടര്‍‌ന്നുള്ള മുഖാമുഖം ഖത്തറില്‍ വിടി ഫൈസല്‍ സാഹിബുമായി 08.02.2017 ല്‍ നടന്നു.

പ്രാഥമിക മുഖാമുഖം 24.11.2018 ലായിരുന്നു.അമീര്‍ എം.ഐ അബ്‌ദുല്‍ അസീസ്‌ സാഹിബുമായുള്ള      മുലാഖാത്ത് 07.12 2019 ല്‍ നടന്നു.ഉര്‍‌ദു അപേക്ഷ പൂരിപ്പിച്ച് 12.12.2019 ന്‌ സമര്‍‌പ്പിച്ചു.ഔദ്യോഗിക പ്രഖ്യാപന വിവരം 03.03.2020  ലഭിച്ചു. 

ഇന്ന്‌ ഈ പൂമരച്ചോട്ടില്‍ അല്‍‌പ സമയം ഒന്നു വിശ്രമിച്ചോട്ടെ.