Wednesday, March 11, 2020

വൈദ്യര്‍ വിടപറഞ്ഞു

ഏനാമാവ്‌ - മുപ്പട്ടിത്തറ ബാല ചികിത്സാ ഭിഷഗ്വരൻ മുഹമ്മദ്‌ കുട്ടി വൈദ്യര്‍ (80) യാത്രയായി.ശ്വാസകോശ സം‌ബന്ധമായ രോഗത്താല്‍ ദീര്‍‌ഘ കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു.11.03.2020 ന്‌ (ബുധനാഴ്‌ച) പുലര്‍‌ച്ചയ്‌ക്ക്‌ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.രോഗം മൂര്‍‌ഛിച്ചത്‌ അറിഞ്ഞ്‌ ഗള്‍‌ഫിലായിരുന്ന മകന്‍ അഷ്‌റഫ്‌ നാട്ടിലെത്തിയിരുന്നു. മുപ്പട്ടിത്തറ ഖബര്‍‌സ്ഥാനില്‍ മധ്യാഹ്നത്തിനു ശേഷം വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം നടന്നു.

ഭാര്യ:- സൈനബ.മക്കള്‍:- അഷ്‌റഫ്‌, റഹ്‌‌മത്ത് സൈനുദ്ധീൻ,സീനത്ത് അബ്‌‌ദുല്‍ സലാം,റംല അബ്‌‌ദുല്‍ റസാഖ്‌.മരുമകള്‍:- സബ്‌‌ന അഷ്‌റഫ്‌ .
.....
ആ നര്‍‌മ്മ ഭാവവും അടക്കി ഒതുക്കിയ ചിരിയും ഇനി ഓര്‍‌മ്മ മാത്രം.അറുപതുകളിലും എഴുപതുകളിലും ഗ്രാമ ഗ്രാമന്തരങ്ങളിലൂടെ തന്റെ റാലി സൈക്കിളില്‍ വൈദ്യ ശുശ്രൂഷകള്‍‌ക്കായി ഓടി നടന്നിരുന്ന കാലം ഓര്‍‌മ്മയിലുണ്ട്‌.സൈക്കിളിന്റെ മണിയടി നാദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്‌.പഴയ കാലങ്ങളില്‍ കുട്ടികളില്‍ പരക്കെ കണ്ടിരുന്ന കരപ്പന്‍ ചൊറി ചിരങ്ങ്‌ തുടങ്ങിയ രോഗങ്ങള്‍‌ക്ക്‌ ആശ്വാസവും രോഗശമനവും നല്‍‌കുന്നതില്‍ വൈദ്യര്‍ പ്രസിദ്ധനായിരുന്നു.

മഴക്കാലത്തായിരിയ്‌ക്കും ഈ രോഗം കൂടുതല്‍ പകരുന്നതും പടരുന്നതും. ചര്‍മം പൊട്ടുന്നതും ചിലയിനം ഫംഗസ് രോഗങ്ങളും ഈ കാലത്ത് വരാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവരിലും രോഗം വ്യാപകമാകാറുണ്ട്‌. ശുചിത്വമില്ലായ്‌മയും വൃത്തിഹീനമായ സാഹചര്യങ്ങളുമായിരുന്നു ഇത്തരം രോഗങ്ങളുടെ മൂലകാരണം.അതിനാല്‍ ചികിത്സയ്‌ക്ക്‌ എത്തുന്നവരെ വളരെ ലളിതമായ ഭാഷയില്‍ മേമ്പൊടിയായി നര്‍‌മ്മം ചേര്‍‌ത്ത്‌ കാര്യങ്ങള്‍ വിവരിച്ചു കൊടുക്കുമായിരുന്നു.ഇത്തരം കഥകളും കൗതുകങ്ങളും പിന്നീട്‌ വളരെ സരസമായി സൗഹൃദ സം‌ഭാഷണങ്ങളില്‍ വിളമ്പുകയും ചെയ്യും.

കരുവന്തലയില്‍ ഒരു പീടിക മുറിയിലായിരുന്നു ചികിത്സാ കേന്ദ്രം.അതിരാവിലെ തന്നെ അമ്മമാര്‍ മക്കളേയും കൊണ്ട്‌ കാത്തു നില്‍‌ക്കുന്നത് കാണാം.ചിലര്‍ വീടുകളിലേയ്‌ക്ക്‌ ക്ഷണിയ്‌ക്കും.സന്ദര്‍‌ശകര്‍ കഴിഞ്ഞാല്‍ ക്ഷണിക്കപ്പെട്ട വീട്ടിലേയ്‌ക്ക്‌ പോകും.വളരെ അപൂര്‍‌വ്വമായി മാത്രമേ ഗ്രാമീണര്‍ അലോപ്പതി ചികിത്സകള്‍‌‌ ആശ്രയിച്ചിരുന്നുള്ളൂ
.......................
അസീസ്‌ മഞ്ഞിയിലിന്റെയും പാടൂര്‍ അബ്‌ദുറഹിമാന്‍ കേലാണ്ടത്തിന്റെയും, കണ്ണോത്ത് ബാവുട്ടി ഹാജിയുടെ മകന്‍ ഷാഹുലിന്റെയും ഉമ്മമാരുടെ സഹോദരിയുടെ മകനാണ്‌ പരേതനായ വൈദ്യര്‍.

2019 ഡിസം‌ബറില്‍ അഥവാ മൂന്നു മാസം മുമ്പ്‌ വീട്ടു വരാന്തയില്‍ ഒരു സായാഹ്നം പങ്കിട്ടിരുന്നു.പഴങ്കഥകളും സമകാലിക ജീവിത രീതികളും ഒക്കെ ചര്‍‌ച്ചയിൽ പരാമർശിച്ചു.എന്റെ മക്കളും കൂടെ ഉണ്ടായിരുന്നു.ഈ സരസ സായാഹ്നം ജിവിതത്തിലെ ഒടുവിലത്തെ സമാഗമമായിരുന്നു എന്നോര്‍‌ക്കിമ്പോള്‍ ഹൃദയം നുറുങ്ങുന്നു.

പ്രതികരണങ്ങള്‍ ചിലത്:-
അഡ്വ:ബന്നി കെ.ജെ

മോമുട്ടി വൈദ്യർ ഒരുപാട് ചികിൽസിച്ചിട്ടുണ്ട്, കുട്ടിക്കാലത്തു, വൈദ്യരെ കണ്ടുവന്നാൽ വിശേഷം ചോദിക്കാൻ കാത്തിരുന്ന അമ്മാമ ഇന്നില്ല, കൊണ്ടു പോയിരുന്ന അപ്പനുമില്ല എല്ലാവരും പോയി, എന്നാലും അമ്മയോട് വിളിച്ചുപറയണം മോമുട്ടി വൈദ്യരും പോയി എന്ന്, 45 കൊല്ലം മുൻപ് വെങ്കിടങ്ങ് സെന്ററിൽ ആയിരുന്നു വൈദ്യർ ഇരുന്നിരുന്നത്, 40 കൊല്ലമായി ഞങ്ങൾ തൃശ്ശൂരിലേക്ക് വന്നിട്ട്. എന്നിട്ടും മോമുട്ടി വൈദ്യർ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.അഡ്വ:ബന്നി കെ.ജെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
...............
റഹ്‌മാന്‍ തിരുനെല്ലൂര്‍

പൊയ്‌പോയ ഒരു കാലഘട്ടത്തിൽ കുട്ടികൾക്ക് എന്ത് അസുഖം വന്നാലും ആശ്രയിച്ചിരുന്നത് വൈദ്യരെ ആയിരുന്നു.മക്കളെയും തോളിലിട്ട് കാൽ നടയായി എത്രയെത്ര ഉമ്മമാർ, ഉപ്പമാർ, സഹോദരങ്ങൾ .അദ്ദേഹത്തിന്റെ അരികിൽ ഓടിയെത്തുമായിരുന്നു.ചൊറി, ചിരങ്ങ്, പോലുള്ള അസുഖങ്ങൾ ഭേദപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഔഷധങ്ങൾ മുൻ നിരയിൽ ഉണ്ടായിരുന്നു.അനുശോചന സന്ദേശത്തില്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍ പറഞ്ഞു.

ജോഫി മാത്യു മണലൂര്‍

എനിക്ക് എന്നും കടപ്പാട് ഉള്ള ഒരു നല്ല വൈദ്യർ ആയിരുന്നു മുഹമ്മദ്‌ കുട്ടി വൈദ്യർ. ഒരിക്കൽ അബുദാബിയിൽ വെച്ച് വലിയ ഒരു കുരു കഴുത്തിൽ പിൻവശത്തു വന്നു. ലൈഫ്‌ ലൈന്‍, അഹല്യ ഹോസ്‌പിറ്റല്‍ ഡോക്ടർ മാർ അത് സർജറി ചെയ്യുവാൻ നിർദേശിച്ചു.ഞാൻ ഒരു എമർജൻസി ലീവിൽ നാട്ടിൽ വന്ന് വൈദ്യരെ കാണിച്ചു.വെറും 3 ദിവസം ഒരു കുഴമ്പ് പുരട്ടുവാൻ തന്നു. അത് ഓപ്പറേഷൻ ഇല്ലാതെ പൊട്ടി.വേഗം ഉണങ്ങുവാന്‍ മരുന്ന് തന്നു അത് പെട്ടെന്ന് സുഖപ്പെട്ടു.അതിനു ശേഷം എന്റെ സ്ഥിരം ഡോക്ടർ ആയി മാറി.അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.

സൈനുദ്ദീന്‍ ഖുറൈഷി

മുഹമ്മദ്‌ കുട്ടി വൈദ്യര്‍ ഒരു കാലഘട്ടത്തില്‍ ഏറെ പ്രസിദ്ധനും പ്രഗത്ഭനുമായ  ഭിഷഗ്വരനായിരുന്നു.ദാരിദ്ര്യം തൊട്ടറിഞ്ഞ പാവപ്പെട്ട അമ്മമാരുടെ മക്കളുടെ സ്വന്തം വൈദ്യന്‍.സൈനുദ്ദീന്‍ ഖുറൈഷി തന്റെ സന്ദേശത്തില്‍ അറിയിച്ചു.പരേതന്റെ പാരത്രിക ജീവിതം സ്വര്‍‌ഗീയമാക്കി കൊടുക്കുമാറാകട്ടെ.

പി.എ.കെ മുഹമ്മദ്‌

മുഹമ്മദ്‌ കുട്ടി വൈദ്യരുടെ പിതാമഹന്‍ അമ്മുണ്ണി വൈദ്യര്‍,കെട്ടുങ്ങൽ അറമാൻകുട്ടിയുടെ (എന്റെ പിതാവിന്റെ) അമ്മാവനാണ്.മരണ വിവരം യഥാ സമയം അറിയാഞ്ഞതിനാൽ ജനാസയെ അനുഗമിക്കാന്‍ കഴിഞ്ഞില്ല.  അല്ലാഹുവിന്റെ അനുഗ്രഹത്തിനും പാപമോചനത്തിനും പ്രാര്‍‌ഥിക്കുന്നു