Saturday, April 3, 2021

അല്‍ ജാമിഅ വേള്‍‌ഡ്‌ കാമ്പസ്

അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്‌ കീഴില്‍ നടത്തിയ മഖാസിദുശ്ശരീഅ,ഉലൂമുല്‍ ഖുര്‍‌ആന്‍ ഓണ്‍ ലൈന്‍ കോഴ്‌സുകളുടെ സര്‍‌ട്ടിഫിക്കറ്റ് വിതരണം ഏപ്രില്‍ മൂന്നിന്‌ രാവിലെ പത്തിന്‌ അല്‍ ജാമിഅ കോണ്‍‌ഫറന്‍‌സ്‌ ഹാളില്‍ നടന്നിരുന്നു.എം.വി മുഹമ്മ്ദ്‌ സലീം മൗലവി,വി.കെ അലി, ഡോ.കൂട്ടില്‍ മുഹമ്മദലി, ഡോ.അബ്‌ദുസ്സലാം അഹമ്മദ് തുടങ്ങിയവര്‍ കോണ്‍വെക്കേഷന്‍ പരിപാടിയില്‍ പങ്കെടുത്തു.

അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ഉലൂമുല്‍ ഖുര്‍‌ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍‌ത്തീകരിക്കാന്‍ എനിക്കും ഭാഗ്യം ലഭിച്ചു.

സദസ്സിനെ അഭിമുഖീകരിച്ചു സം‌സാരിക്കാന്‍ ക്ഷണിക്കപ്പെട്ട പഠിതാക്കളില്‍ ഒരാളാകാനുള്ള സൗഭാഗ്യവും ഉണ്ടായി.ഖത്തറില്‍ വെച്ച്‌ വിശുദ്ധ ഖുര്‍‌ആനിന്റെ സൗന്ദര്യ ശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍‌ക്ക്‌ പ്രചോദനം നല്‍‌കിയ ആദരണീയനായ ഉസ്‌താദ് സലീം മൗലവിയില്‍ നിന്ന്‌ അം‌ഗീകാരം ഏറ്റു വാങ്ങാനും സദസ്സിനെ അഭിമുഖീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി മധുരം പോലെ അനുഭവപ്പെട്ടു.....

നൂതന സാങ്കേതിക വിദ്യയുടെയും വിദഗ്‌ദ അധ്യാപകരുടേയും നേതൃത്വത്തില്‍ വീഡിയോ,ഓഡിയോ പഠന സാമഗ്രികളും ലൈവ്‌ ക്ലാസ്സുകളും ഉള്‍‌പ്പെടുത്തിയാണ്‌ കോഴ്‌സുകള്‍ ക്രമീകരിക്കപ്പെട്ടത്.ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്‌ വേണ്ടത്ര അവസരം ലഭിക്കാത്തവരും,ഇടക്ക്‌ പഠനം നിലച്ചവരുമായവര്‍‌ക്ക്‌ ഉപകാരപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയ പ്രോഗ്രാമുകളില്‍ ആദ്യഘട്ടത്തില്‍ മഖാസിദുശ്ശരീഅ,ഉലൂമുല്‍ ഖുര്‍‌ആന്‍,ഉലൂമുല്‍ ഹദീഥ്,ഉസൂലുല്‍ ഫിഖഹ് കോഴ്‌സുകളായിരുന്നു ഉള്‍‌പ്പെടുത്തിയത്.

അല്ലാഹുവിന്‌ സ്‌തുതി.പ്രസിദ്ധമായ ഇസ്‌ലാമിക കലാലയത്തിന്റെ വിലാസത്തില്‍  ഖുര്‍‌ആനുമായി ബന്ധപ്പെട്ട ഒരു പഠന പരമ്പരയില്‍ ഈ വിശ്രമ ജീവിതകാലത്ത് ഒരു വിദ്യാര്‍‌ഥിയാകാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം വിവരണാതീതം. അത്യാകര്‍‌ഷകമായ പഠന രീതിയില്‍ ഹൃദ്യമായ ഭാഷയില്‍ പഠിതാക്കളോടൊപ്പം ചേര്‍‌ന്നു നിന്ന അധ്യാപകന്റെ സമീപനം മറക്കാനാകാത്ത അനുഭവം.

വിവിധ രാജ്യങ്ങളില്‍ കഴിയുന്ന യൗവ്വനം പിന്നിട്ടവരും മധ്യവയസ്‌കരും ഒരു പക്ഷെ പ്രായം ചെന്നവരും ഒക്കെ അടങ്ങിയ വിദ്യാര്‍‌ഥികള്‍.സാങ്കേതിക സൗകര്യത്തിന്റെ അതിനൂതന പഠന മുറിയില്‍ ഒത്തു കൂടാന്‍ കഴിഞ്ഞതും അവിസ്‌മരണീയം.

ഒരു പക്ഷെ ഒരു പ്രതിസന്ധി കാലം ഇല്ലായിരുന്നുവെങ്കില്‍ ഇത്തരത്തിലൊരു അനുഭവത്തിന്‌ സാക്ഷികളാകാന്‍ നമുക്ക്‌ സാധിക്കുമായിരുന്നില്ല.എത്രമാത്രം ദീര്‍‌ഘ ദൃഷ്‌ടികള്‍ എന്നൊക്കെ പറഞ്ഞാലും മനുഷ്യന്റെ കണ്ണെത്തും ദൂരം പരിമിതം.ജീവിതത്തിലെ ഏതു ഘട്ടവും പൂര്‍‌ണ്ണ മനസ്സോടെ പടച്ച തമ്പുരാനെ സ്‌തുതിക്കാന്‍ നമുക്ക്‌ സാധിക്കണം.പ്രതിസന്ധികളെ പുതിയ സാധ്യതകളാക്കാന്‍ സാധിക്കുമ്പോള്‍ വിനാശം (ശര്‍) എന്നൊന്ന് ഉണ്ടാകുകയില്ലന്നതത്രെ സത്യം.

വിശുദ്ധ ഖുര്‍‌ആനിന്റെ ആലങ്കാരിതകള്‍ ആസ്വദിക്കുന്നതിലും രേഖപ്പെടുത്തി വെക്കുന്നതിലും തല്‍‌പരരായവരെ സം‌ബന്ധിച്ചിടത്തോളം 'ഉലൂമുല്‍ ഖുര്‍‌ആന്‍' വിഭാവനയുടെ / അന്വേഷണങ്ങളുടെ മാനത്ത് മിന്നിത്തെളിയുന്ന പുതിയ താരകങ്ങളെ കണ്ടെത്താനും ആസ്വദിക്കാനുമുള്ള സുവര്‍‌ണ്ണാവസരം സമ്മാനിച്ചിരിക്കണം.അല്ലാഹുവിന്‌ സര്‍‌വ്വ സ്‌തുതിയും.

ഇസ്‌ലാമിക കലാലയത്തിനും ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തന നിരതരായവര്‍‌ക്കും വിശിഷ്യാ സ്‌നേഹ സമ്പന്നനായ അധ്യാപകന്‍ ഡോ.സാഫീര്‍ സാഹിബിനും നന്ദി.

നമ്മുടെ പ്രവര്‍‌ത്തനങ്ങളുടെ പ്രതിഫലനം ഈ ലോകത്തും യഥാര്‍‌ഥ പ്രതിഫലം പരലോകത്തും അനുഗ്രഹിച്ചരുളുമാറാകട്ടെ.
-----------------
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍