ഉമ്മ യാത്രയായിട്ട് ഏഴുവര്‍ഷങ്ങള്‍...പത്തുമക്കളുടെ ഉമ്മ പേരമക്കളും മക്കളും അവരുടെ മക്കളും എല്ലാമായി അനുഗ്രഹീതരായ കുടുംബാംഗങ്ങളുടെ ഉമ്മയും - ഉമ്മൂമയും യാത്രയായിട്ട് അറബ് കലണ്ടര്‍ പ്രകാരം മുഹറം 15ന് ഏഴ് വര്‍ഷങ്ങള്‍.എല്ലാം ഇന്നും ഇന്നലെയും എന്ന പോലെ തോന്നും.ദൈവവും ദൂതനും കഴിഞ്ഞാല്‍ ഉമ്മയാണ് എല്ലാം.
ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ പുന്നാര മോള്‍. ഹാജി കുഞ്ഞു ബാവു വൈദ്യരുടെ പ്രിയപ്പെട്ട പെങ്ങള്‍.രായം മരക്കാര്‍ വിട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടി സാഹിബിന്റെ മകന്‍ ഖാദര്‍ ബാപ്പുട്ടിയുടെ നല്ലപാതി ഐഷ.പ്രായാധിക്യത്തിന്റെ പരിമിതികളും അടയാളങ്ങളും തരിമ്പുപോലും ആര്‍ക്കും പിടികൊടുക്കാത്ത പോലെ പ്രസന്നവദയായ സ്‌നേഹനിധിയായ പൊന്നുമ്മ.
പത്രവായന ശീലമാക്കിയ വിവേകമതി.കേട്ടറിവിനെക്കാള്‍ വായിച്ചറിവിന് പ്രധാന്യമുണ്ടെന്നു പറയുകയും അതിനനുസൃതമായി വായനകള്‍ക്കും അന്വേഷണങ്ങള്‍ക്കും സാധ്യമാകുന്നത്ര സമയം കണ്ടെത്തുകയും ചെയ്‌തിരുന്ന പ്രകൃതക്കാരി.
ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും വെട്ടിത്തുറന്നു പറയുന്ന തന്റേടക്കാരി. പ്രദേശത്തെ പ്രസിദ്ധനായ പണ്ഡിതന്റെ പ്രഭാഷണം ഏറെ ഹൃദ്യമാണെന്ന വിവരം അദ്ധേഹത്തെ നേരിട്ടറിയിക്കണമെന്ന് ശാഠ്യമുള്ള തനി നാട്ടിന്‍പുറത്തുകാരി.അമ്മായിയമ്മ എന്ന പ്രയോഗം പോലും നിരര്‍ഥകമെന്ന് ജീവിതത്തിലൂടെ പാഠം നല്‍കിയ വാത്സല്യനിധി.
കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധങ്ങളായ ഇടങ്ങളും കാണാന്‍ പുറപ്പെടുന്നതില്‍ കുഞ്ഞു മക്കളെപ്പോലെ ആവേശം കാണിക്കുമായിരുന്നു.മൂത്ത പെണ്‍മക്കളുമായി ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു വന്നതിനു ശേഷം,ഇനി നമുക്കൊന്നു പോകണം, എന്ന് സ്‌നേഹത്തോടെ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള്‍ കുടുംബ സമേതം ഉംറ നിര്‍വഹിച്ച് അവരുടെ ആഗ്രഹം സഫലീകരിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്‌തി പറഞ്ഞറിയിക്കാനാകില്ല.
ഉമ്മയുമൊത്തുള്ള ദിനേനയുള്ള ഹറമിലേക്കുള്ള പോക്കുവരവുകളും അഞ്ച് നേരങ്ങളിലെ നമസ്‌ക്കാരങ്ങളും മനസ്സില്‍ ഹരിതാഭമായ ഓര്‍മ്മകളാണ്. ഉമ്മയുടെ കൈപിടിച്ചുള്ള തവാഫും ചേര്‍ത്ത് നിര്‍ത്തിയുള്ള പ്രാര്‍ഥനകളും,മനം നിറഞ്ഞൊഴുകിയ നിഷ്‌കളങ്കമായ കണ്ണീര്‍ തുള്ളികള്‍ മണ്ണില്‍ നിന്നും വിണ്ണിലേക്ക് ഭാഷ്‌പീകരിച്ചുണ്ടായ മേഘപാളികളിലൂടെ ഒരു പക്ഷെ പറന്നുയര്‍ന്നതും അനുഭൂതിദായകമായ ദിനരാത്രങ്ങളായിരുന്നു. പ്രസ്‌തുത യാത്രാ വിശേഷങ്ങളിലെ ഓരോ നിമിഷവും വിവരണാതീതം.അഥവാ സ്വര്‍ഗീയം.
ശാരീരികമായി ഏറെ പ്രയാസങ്ങളുണ്ടായിട്ടും 2017ല്‍ വലിയപെരുന്നാളിന് ഈദ് ഗാഹിലേക്ക് എല്ലാവരും കൂടെ പോകുന്നതില്‍ കൂടുതല്‍ ഔത്സുക്യം കാണിച്ചിരുന്നു.അവരുടെ ജീവിതത്തിലെ ഒടുവിലത്തെ പെരുന്നാളായിരുന്നു അത് എന്നോര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നു.
തൊട്ടടുത്ത മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിലെത്തുന്നവര്‍ ആരെങ്കിലും ഒരിക്കലെങ്കിലും കുടിവെള്ളമന്വേഷിച്ചൊ,ഒഴിഞ്ഞ കുപ്പികള്‍ തേടിയൊ വീട്ടിലെത്തിയാല്‍ പിന്നീട് നിത്യ സന്ദര്‍ശകരായി മാറുകയാണ് പതിവ്. ഒരാവശ്യം മാത്രമന്വേഷിച്ചു വരുന്നവരുടെ എത്രയൊ അനിവാര്യമായ ആവശ്യങ്ങള്‍ അങ്ങോട്ട് ചോദിച്ചറിയുന്ന പൊന്നുമ്മ.ഉമ്മയുടെ വിയോഗ വിവരമറിയാതെ ഒരിക്കല്‍ വീട്ടിലെത്തിയ ഒരു വൃദ്ധയോട് ഉമ്മ യാത്രയായ വിവരം ബോധിപ്പിച്ചപ്പോള്‍ സ്‌തബ്‌ധയായി നിന്നു നെഞ്ചില്‍ കൈവെച്ച് വേദനയോടെ ഏറെ നേരം നിന്ന് പ്രാര്‍ഥിച്ചാണ് അവര്‍ മടങ്ങിയത്.
ഉമ്മയുടെ അന്ത്യനാളുകളിലെ ഓരോ രംഗവും ഇപ്പോഴും മനസ്സിലുണ്ട്.മുഹറം അവധിയില്‍ മകന്‍ അന്‍സാര്‍ നാട്ടിലെത്തി.എല്ലാവരും നോമ്പെടുത്തു ഒരുമിച്ച് നോമ്പ് തുറന്നു.സഹോദരന്‍ ഹമീദ്‌ക്കയും അന്ന് വീട്ടിലെത്തിയിരുന്നു.ഇഫ്‌താറിനു ശേഷം ഉമ്മയുടെ ചില ആശങ്കകള്‍ ദൂരീകരിക്കാനാകുന്ന പ്രവാചകാധ്യാപനങ്ങള്‍ പറഞ്ഞു കൊടുത്തു. അന്നേദിവസം രാത്രി എല്ലാവരും കൂടെ ദീര്‍ഘനേരം പ്രാര്‍ഥനയും നടത്തി.മനസ്സിലുണ്ടായിരുന്ന അസ്വസ്ഥകള്‍ നീങ്ങിയെന്നും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു എന്നും ഉമ്മ പറഞ്ഞു.ഭയപ്പെടേണ്ട അടുത്ത ദിവസം തൃശൂര്‍ ആശുപത്രിയിലേയ്‌ക്ക് പോകാമെന്നു സമാശസിപ്പിച്ചു.
2017 ഒക്‌ടോബര്‍ രണ്ടിന് വൈകുന്നേരം എല്ലാവരും കൂടെയുള്ള തൃശൂര്‍ യാത്ര ഈ സന്തുഷ്‌ട കുടുംബത്തിന്റെ ഉമ്മൂമയുമായുള്ള അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച അവസാന യാത്രയായിരിക്കുമെന്നു നിനച്ചതേയില്ല. മരണത്തിന്റെ തൊട്ടു മണിക്കൂറുകള്‍ക്ക് മുമ്പ്‌വരേയും തന്നെ സന്ദര്‍ശിക്കാനെത്തിയവരെ വേണ്ടത് പോലെ പരിഗണിക്കാന്‍ പരിചരിക്കാന്‍ മക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നതില്‍ അവര്‍ പ്രത്യേകം ജാഗ്രത കാണിച്ചിരുന്നു.
ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അവസരോചിതമായി ഇളയ സഹോദരി നേര്‍ത്ത സ്വരത്തില്‍ ആവശ്യപ്പെട്ടപ്പോള്‍, നോക്കട്ടെ ഓര്‍മ്മയില്‍ വരുന്നതിനെക്കുറിച്ചൊക്കെ പടച്ചോനോട് പറഞ്ഞു നോക്കാം... എന്ന നര്‍മ്മം പറഞ്ഞു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത സ്‌നേഹ നിധിയായ പൊന്നുമ്മ.
2017 ഒക്‌ടോബര്‍ നാലിനു വൈകുന്നേരം പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.പാതിരായ്‌ക്ക് ശേഷം സങ്കീര്‍ണ്ണമാണെന്ന അറിയിപ്പ് നല്‍കപ്പെട്ടു.അഥവാ 2017 ഒക്‌ടോബര്‍ 5 (ചന്ദ്രമാസ കണക്കനുസരിച്ച് ഹിജ്‌റ 1439 മുഹറം 15) പുലര്‍ച്ചയ്‌ക്ക് ഒന്നരയോടെ മരണത്തിന്റെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ സാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ജീവിച്ചിരിക്കുന്ന എല്ലാ മക്കളും ഞാനും കുടുംബിനിയും മക്കളും ഉമ്മയുടെ അന്ത്യയാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചു.
ഉമ്മയുടെ വേര്‍പാടിനു ശേഷം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മുല്ലശ്ശേരി അബ്‌സ്വാര്‍ കോര്‍ണറില്‍ നൊമ്പരപ്പെടുത്തുന്ന ശാന്തത ഇപ്പോഴും തളം കെട്ടിനില്‍ക്കുന്ന പ്രതീതി.
വാര്‍ദ്ധക്യ സഹജമായ നേര്‍ത്ത ചില അടയാളങ്ങള്‍ പോലും പൂനിലാവൊളിയുള്ള തൂമന്ദഹാസത്തിലൊളിപ്പിച്ചു വെച്ച ഞങ്ങളുടെ ഉമ്മ.. ഉമ്മൂമ ശാന്തിയുടെ സമധാനത്തിന്റെ ലോകത്തേയ്‌ക്ക് യാത്രയായിട്ട് നീണ്ട ഏഴുവര്‍ഷങ്ങള്‍.
പ്രാര്‍ഥനാ പൂര്‍വ്വം.
മഞ്ഞിയില്‍
15.01.1446