പ്രസാധകരോടും പ്രിയപ്പെട്ടവരോടും കൂടിയാലോചിച്ച്, സച്ചിദാനന്ദന്‍ സാറിന്റെ സമയവും സൗകര്യവും കൂടെ പരിഗണിച്ച് മെയ് 20 ന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളില്‍ 'മഞ്ഞു തുള്ളികളുടെ' പ്രകാശനം നടത്താന്‍ തീരുമാനിച്ചു.
വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍,സക്കീര്‍ ഹുസൈന്‍ തൃശൂര്‍,അഡ്വ.ഖാലിദ് അറക്കല്‍,എ.വി.എം ഉണ്ണി എന്നിവരും പ്രിയപ്പെട്ടവരും ആദ്യാന്തം കൂടെയുണ്ടായിരുന്നു.പ്രഭാഷകരുടെ എണ്ണം കുറച്ചു കൊണ്ട് പരമാവധി ചുരുങ്ങിയ അജണ്ട എന്നതായിരുന്നു പൊതുവെ സ്വീകരിക്കപ്പെട്ടത്.പുസ്‌തകത്തിന്റെ പകര്‍പ്പും അജണ്ടയും മുന്‍കൂട്ടി അതിഥികള്‍ക്ക് കൈമാറി.പ്രകാശന വാര്‍ത്താ വര്‍ത്തമാനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു.പ്രത്യേകം നിര്‍ദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ പ്രസ്സ്ക്ലബ്ബിലെ മീഡിയാ ന്യൂസ് ബോക്‌സുകളില്‍ വാര്‍ത്താ കുറിപ്പുകള്‍ നല്‍കി.തൊട്ടടുത്ത ദിവസം സ്ഥിരമായി വായിക്കുന്ന പത്രത്തില്‍ ഒഴികെ എല്ലാ പത്ര മാധ്യമങ്ങളിലും 'ഇന്നത്തെ പരിപാടിയില്‍' പ്രകാശന വാര്‍ത്ത സ്ഥലം പിടിച്ചു.
മെയ് 20 മാനം കൂടുതല്‍ കനക്കുന്നതായി അനുഭവപ്പെട്ടിരുന്നു.വചനം ഡയറക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂരും പി.ടി കുഞ്ഞാലിമാഷും നേരത്തോടെ തൃശൂരില്‍ എത്തും വിധം കോഴിക്കോട് നിന്നും യാത്ര പുറപ്പെട്ട് മധ്യാഹ്നത്തോടെ തൃശൂരില്‍ എത്തിയിരുന്നു.അറക്കല്‍ ഖാലിദും എ.വി.എം ഉണ്ണിയും നാല് മണിക്ക് മുമ്പ് തന്നെ സാഹിത്യ അക്കാഡമിയില്‍ സാന്നിധ്യം അറിയിച്ചു.ഡോ.സലീല്‍ ഹസന്‍ അനിവാര്യമായ കാരണത്താല്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് അറിയിച്ചതിനാല്‍ സൈനബ് ചാവക്കാടിനെ പുസ്‌തകം സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.സൈനബ് ചാവക്കാടും മഞ്ഞിയിൽ കുടുംബംവും ഒരുമിച്ചായിരുന്നു സാഹിത്യ അക്കാഡമിയില്‍ എത്തിയത്.
വൈകുന്നേരം 5.15 നാണ് അജണ്ട പ്രകാരം പരിപാടി തുടങ്ങേണ്ടത്.വേദിയും ശബ്‌ദ സംവിധാനവും ബന്ധപ്പെട്ടവര്‍ ക്രമീകരിച്ചു.ഞങ്ങൾ സച്ചിദാനന്ദന്‍ സാറിന്റെ ഓഫീസില്‍ ചെന്നു കണ്ടു കൃത്യസമയത്ത് തന്നെ പരിപാടി ആരംഭിക്കുമെന്നു ഓര്‍മ്മപ്പെടുത്തി.
പരിപാടി തുടങ്ങാനുള്ള സമയം അടുക്കും തോറും നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.ഏറെ പ്രതീക്ഷയുണ്ടായിരുന്ന സഹോദരങ്ങള്‍ ആരും ഹാജറുണ്ടായിരുന്നില്ല.
പ്രിയപ്പെട്ടവരും ബന്ധുമിത്രാധികളും അവസരത്തിനൊത്ത് ഉണര്‍ന്നതിനാല്‍ യഥാ സമയം പരിപാടി ആരംഭിക്കാന്‍ സാധിച്ചു.
വിമല്‍ വാസുദേവിന്റെ ശബ്‌ദത്തില്‍ പൊന്നുമ്മ എന്ന കവിതയുടെ ശബ്‌ദലേഖനം വൈലോപ്പിള്ളിഹാളില്‍ പ്രതിധനിച്ചപ്പോള്‍ എന്തു കൊണ്ടോ ഹൃദയം നൊന്തു.
ഒരു അക്കാഡമിക് പ്രഭാഷണമൊന്നും ചെയ്യാനുദ്ദേശിക്കുന്നില്ല എന്ന് സച്ചിദാനന്ദന്‍ സാര്‍ ആമുഖമായി പറഞ്ഞുവെങ്കിലും ഒന്നാന്തരം ക്ലാസിക് പ്രഭാഷണത്തിന് സദസ്സ് സാക്ഷ്യം വഹിച്ചു.അധ്യക്ഷന്‍ പി.ടി കുഞ്ഞാലി മാഷ് തന്റെ സ്വതസിദ്ധ ശൈലിയില്‍ സദസ്സിന്റെ മനം കവര്‍ന്നു.അറക്കലും ഖുറൈഷിയും സൈനബും സക്കീര്‍ ഹുസ്സൈനും വചനം സിദ്ദീഖും തങ്ങളുടെ ഊഴങ്ങള്‍ ഹൃദയാവര്‍ജ്ജകമാക്കി.ഇര്‍ഫാന കല്ലയില്‍ മഞ്ഞിയില്‍ കവിതക്ക് ചിറക് തുന്നിയപ്പോള്‍ സദസ്സിലുള്ളവരും കൂടെ പറന്നു.കവിക്ക് പറയാനുള്ളത് പുസ്‌തകത്തിലുണ്ടെന്നായിരുന്നു കവിയുടെ മറുപടി.പൊന്നുമ്മക്ക് വേണ്ടി സമര്‍പ്പിച്ച പുസ്‌തകം എന്നു തൊണ്ടയിടറാതെ പറയാന്‍ കഴിയാത്ത കവി എന്തു മറുപടിപറയാനാണ്.
എല്ലാ മംഗളമായി തീരുന്നത് വരെ ആദരണീയനായ സച്ചിദാനന്ദന്‍ സാര്‍ വേദിയിലുണ്ടായിരുന്നു.
വാര്‍ത്തകള്‍ ഓണ്‍ ലൈന്‍ ഓഫ് ലൈന്‍ ഇതരമീഡിയകള്‍ എല്ലാം പ്രാധാന്യം ചോരാതെ പ്രസിദ്ദീകരിച്ചു.പ്രിയപ്പെട്ട പത്രം ഇവിടെയും നിരാശരാക്കി.
പ്രസാധനവുമായി ബന്ധപ്പെട്ട് ആദ്യാന്തം എല്ലാ അര്‍ഥത്തിലും സഹകരിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു.
=============
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍