അല്‍ ജാമിഅ വേള്‍ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉലൂമുല്‍ ഖുര്‍ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു.
സദസ്സിനെ അഭിമുഖീകരിച്ചു സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട പഠിതാക്കളില്‍ ഒരാളാകാനുള്ള സൗഭാഗ്യവും ഉണ്ടായി.ഖത്തറില്‍ വെച്ച് വിശുദ്ധ ഖുര്‍ആനിന്റെ സൗന്ദര്യ ശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ആദരണീയനായ ഉസ്‌താദ് സലീം മൗലവിയില്‍ നിന്ന് അംഗീകാരം ഏറ്റു വാങ്ങാനും സദസ്സിനെ അഭിമുഖീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി മധുരം പോലെ അനുഭവപ്പെട്ടു.....
------------
2023 ഫിബ്രുവരി അവസാന വാരം മൗലവിയെ സന്ദര്‍ശിക്കാന്‍ ലഭിച്ച അസുലഭാവസരമാണ് പങ്കുവെക്കുന്നത്.
ഖത്തറിലെ പഴയകാല ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പരസ്‌പരമുള്ള സംഭാഷണങ്ങളില്‍ മുന്‍കാല അസോസിയേഷന്‍ സാരഥികള്‍ വിശിഷ്യാ സലീം മൗലവി കടന്നുവരിക സ്വാഭാവികം.കഴിഞ്ഞ ദിവസം ഖാലിദ് അറക്കല്‍,മുഹമ്മദ് കുട്ടി ചേന്ദമംഗല്ലൂര്‍,എ.വി.എം ഉണ്ണി തുടങ്ങിയവരുമായി ഒക്കെ സംസാരിച്ചപ്പോഴും മൗലവി പരാമര്‍ശിക്കപ്പെട്ടിരുന്നു.അതുപോലെ കുടുംബവും മക്കളുമായി തൊണ്ണൂറുകളിലെ പ്രവാസകാലം ഓര്‍ത്തെടുക്കുമ്പോഴൊക്കെ മൗലവി എന്ന മഹദ് വ്യക്തിത്വം ഓര്‍മ്മിക്കപ്പെടാറുണ്ട്.
ഈയിടെ മൗലവിയുടെ ആരോഗ്യവിവരവുമായി ബന്ധപ്പെട്ട ചില വര്‍ത്തമാനങ്ങള്‍ മക്കളുമായി പങ്കുവെച്ചപ്പോള്‍ മൊറയൂരിലുള്ള വീട്ടില്‍ പോയി സന്ദര്‍ശിക്കാമെന്ന അഭിപ്രായത്തിലെത്തി.പോകും വഴി എ.വി.എം ഉണ്ണിയെ കൂടെ കൂട്ടാമെന്ന ധാരണയില്‍ ഞാനും മക്കളും (അന്‍സാര്‍,ഹമദ്)കാലത്ത് ഒമ്പത് മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടു. ഏകദേശം പത്തുമണിയോട് കൂടെ പന്താവൂരിലെത്തി.തലേന്നാള്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച് എ.വി.എം ഉണ്ണി ഒരുങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. ഒരുക്കമെന്നു പറഞ്ഞാല്‍ എല്ലാവിധ ഒരുക്കങ്ങളും.അഥവാ സൗകര്യപ്പെടുമെങ്കില്‍ എന്തെങ്കിലും പകര്‍ത്താനും ശബ്‌ദലേഖനം ചെയ്യാനുമുള്ള ഒരുക്കം.
റൗഊഫ് സാഹിബ്നെ വിളിച്ച് സന്ദര്‍ശന വിവരം അറിയിച്ചിരുന്നു.കൂടാതെ മധ്യാഹ്നത്തിനു ശേഷമേ മൗലവിയുടെ വീട്ടിലേക്ക് എത്തുകയുള്ളൂ എന്ന വിവരവും ധരിപ്പിച്ചിരുന്നു.ഞങ്ങള്‍ യാത്ര തുടര്‍ന്നു.യാത്രയിലുടനീളം എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പ്രവാസികള്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്ന അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലെ ഓര്‍മ്മച്ചെപ്പുകള്‍ പലതും ഗൃഹാതുരതയോടെ തൊട്ടു തലോടുകയായിരുന്നു.ചുരുക്കത്തില്‍ മൂന്ന് മണിക്കൂര്‍ യാത്രാ ദൂരം അറിഞ്ഞതു പോലുമില്ല.ഒരിടത്താവളത്തില്‍ നിര്‍ത്തി വിശ്രമിച്ച് ലഘു ഭഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു.മൗലവിയുടെ വീട്ടിലേക്ക് ഏകദേശം അരമണിക്കൂര്‍ യാത്രാദൂരമുള്ളപ്പോള്‍ അഥവാ മൊറയൂര്‍ പ്രാന്തപ്രദേശത്തെ ഹിറാ മസ്‌ജിദില്‍ നിന്നും ദുഹുര്‍ നമസ്‌കരിച്ചതിനു ശേഷം മൗലവിയുമായി ഫോണില്‍ ബന്ധപ്പെട്ടു.
സന്ദര്‍ശനം ! എന്ന് അര്‍ധവിരാമത്തില്‍ നിശബ്‌ദമായ നിമിഷങ്ങള്‍.ഒരു സന്ദര്‍ശനം ഉദ്ദേശിച്ച് ഇത്രയും ദൂരമൊക്കെ വരേണ്ടതുണ്ടോ എന്നായിരുന്നു പിന്നത്തെ അന്വേഷണം.മൊറയുര്‍ പരിസരത്ത് നിന്നു തന്നെയാണ് വിളിക്കുന്നത്.ഈ പ്രദേശത്ത് എത്തിയിട്ട് മൗലവിയെ കാണാതെ എങ്ങനെപോകും.എ.വി.എം ഉണ്ണിയും കൂടെയുണ്ട്.എന്നൊക്കെ പറഞ്ഞപ്പോഴാണ് ഒരു വിധത്തില്‍ സന്ദര്‍ശനത്തിന് സമ്മതിച്ചത്.
വീട്ടിലെത്തി പൂമുഖ വരാന്തയില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു.താമസിയാതെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി.ആദ്യം എന്റെ മക്കളെ പരിചയപ്പെടുത്തി. മക്കളൊക്കെ കവിതയെഴുതുമോ എന്ന നര്‍മ്മഭാവത്തിലാണ് സംസാരം തുടങ്ങിയത്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് ശേഷം സന്ദര്‍ശകരെ തല്‍ക്കാലം അനുവദിക്കുന്നില്ലെന്ന വിവരം കാര്യകാരണ സഹിതം ഹ്രസ്വമായി അദ്ദേഹം വിശദീകരിച്ചു തന്നു.
ക്ഷണനേരം കൊണ്ട് എമ്പതുകളിലെ - തൊണ്ണൂറുകളിലെ ഖത്തര്‍ പ്രവാസകാലത്തെ അസോസിയേഷന്‍ വര്‍ത്തമാനങ്ങള്‍ക്ക് തുടക്കമിട്ടു.
വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കാലത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍വഹിച്ച കാര്യങ്ങള്‍ വിശേഷിച്ച് പൊതു സമൂഹത്തെ ഉദ്ദേശിച്ച് കൊണ്ട് സംഘടിപ്പിക്കപ്പെട്ടിരുന്ന സാമൂഹിക സാംസ്ക്കാരിക വൈജ്ഞാനിക കലാ സാഹിത്യ പരിപാടികളില്‍ വിശേഷപ്പെട്ട പലതും അദ്ദേഹം ഓര്‍ത്തെടുത്തു.ഇത്തരം സംവിധാനങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരേയും മൗലവി ഓര്‍ത്തെടുത്തു. തുള്ളല്‍ പാട്ടും വില്ലു പാട്ടും വഞ്ചിപ്പാട്ടും തുടങ്ങി മലയാളത്തനിമയുള്ള കലാരൂപങ്ങള്‍ക്കും വിനോദങ്ങള്‍ക്കും ആദ്യമായി വേദിയൊരുക്കിയത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനായിരുന്നു.
ഇങ്ങനെ സംഭാഷണം പടിപടിയായി നീണ്ടു കൊണ്ടിരിക്കെ കൂടുതല്‍ സമയം ഈ സാഹചര്യത്തില്‍ ചെലവഴിക്കേണ്ടതില്ലെന്നു ഇടക്ക് ഞാന്‍ സൂചിപ്പിച്ചു.
പ്രസന്നവദനനായിരുന്നുവെങ്കിലും അതിഥികള്‍ക്ക് വേണ്ടി കൂടുതല്‍ ഇരുന്നു തരാനുള്ള ആരോഗ്യസ്ഥിതിയല്ല എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അടുത്ത വാരം മുതല്‍ ചികിത്സക്ക് വിധേയനാകുന്ന വിവരവും മൗലവി ഞങ്ങളോട് പങ്കുവെച്ചു.ഇതിന്നിടെ ഞാന്‍ ഒന്നു പകര്‍ത്തിക്കോട്ടെ എന്നു പറഞ്ഞ് എ.വി.എം ഉണ്ണി ചിലത് വീഡിയോവില്‍ പകര്‍ത്തിക്കൊണ്ടിരിക്കേ അദ്ദേഹം വിശ്രമിക്കാനായി എഴുന്നേറ്റു.സ്നേഹസമ്പന്നനായ വ്യക്തിത്വത്തിന്റെ ഒരു വലിയ പണ്ഡിതന്റെ സാമിപ്യം തൊട്ടറിഞ്ഞ നിര്‍വൃതിയില്‍ ഞങ്ങള്‍ പടിയിറങ്ങി.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുഷേരിബില്‍ വെച്ച് മൗലവിയെ കണ്ടു മുട്ടിയതും ഘട്ടംഘട്ടമായി മുഷേരിബ് യൂണിറ്റ് അംഗമായി അസോസിയേഷന്‍ അംഗത്വമെടുത്തതും തൊണ്ണൂറുകളിലെ സര്‍ഗാത്മകമായ അജണ്ടകളും പദ്ധതികളും പരിപാടികളും അതിലെ പ്രവര്‍ത്തന നൈരന്തര്യവും എണ്ണപ്പെട്ട മുഹൂര്‍ത്തങ്ങള്‍ പോലും ശിലാലിഖിതങ്ങള്‍ പോലെ മനസ്സിലുണ്ട്.പ്രസ്ഥാന പ്രവര്‍ത്തന മാര്‍ഗത്തില്‍ ഇതു പോലെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍ അപൂര്‍വമാണ്.
ലോക രക്ഷിതാവായ നാഥാ പ്രിയപ്പെട്ട മൗലവിക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഹൃദയം തൊട്ട പ്രാര്‍ഥന സ്വീകരിക്കേണമേ....
===========
മഞ്ഞിയില്‍