Tuesday, September 3, 2024

മറക്കാനാകാത്ത ഒരു മധ്യാഹ്നവും ഊണും

എമ്പതുകളിലെ പ്രവാസ കഥകള്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.ഇതാ ഒരു വിരുന്നൂട്ടിന്റെ കഥ.
മറക്കാനാകാത്ത ഒരു മധ്യാഹ്നവും ഊണും ..
==============
എമ്പതുകളിലെ റുവൈസ് കാലം.ഏകാന്തതയുടെ തുരുത്തില്‍ നിന്നും റുവൈസിലേക്ക് മുച്ചക്ര വാഹനത്തില്‍ ഇടക്ക് ഒരു സവാരി നടത്താറുണ്ട്. പുറപ്പെടും മുമ്പുള്ള വേഷം മാറ്റം കാണുമ്പോള്‍ തന്നെ കൂടെയുള്ള ശുനകന്മാര്‍‌ക്ക് കാര്യം മനസ്സിലാകും. കടലോരത്തു കൂടെയുള്ള മണല്‍ വഴിയിലൂടെ എന്നോടൊപ്പം ഓടിയെത്താനുള്ള തയാറെടുപ്പിലായിരിക്കും സാലയും സ്റ്റല്ലയും.അരമണിക്കൂറിലധികം യാത്ര ചെ‌യ്‌താല്‍ റുവൈസിലെത്തും. ഞാനെത്തും മുമ്പ് തന്നെ അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തി കാത്ത് നില്‍‌ക്കും.റുവൈസ് പൊലീസ് സ്‌റ്റേഷന്റെ തൊട്ടടുത്തുള്ള കോഴിക്കോട്ടുകാരന്റെ കടയുടെ ചാരത്ത്. ഈ കടയുടെ വിലാസത്തിലായിരുന്നു കത്തുകള്‍ വന്നിരുന്നത്.

പോസ്റ്റ് ബോക്‌സില്‍ എന്തെങ്കിലും ഉണ്ടോ എന്നതായിരിക്കും ആദ്യത്തെ അന്വേഷണം.അതിനു ശേഷമാണ്‌ ദാഹജലം പോലും കുടിക്കുമായിരുന്നുള്ളൂ. നായ്‌ക്കള്‍‌ക്കും അവരുടെ വിഹിതം കൊടുക്കും. ആധുനികവൽകരണത്തിൻ്റെ പ്രാരം‌ഭ ഘട്ടത്തിൽ റുവൈസ് സിറ്റിയുടെ തെക്ക് ഭാഗത്ത് ഒരു പെട്രോള്‍ സ്റ്റേഷനും അതിനോടനുബന്ധിച്ച്‌ ഒരു ഗ്രോസറിയും ടീ സ്റ്റാളും ഉണ്ടായിരുന്നു.മലബാര്‍ ഭാഗത്ത് നിന്നുള്ള മലയാളികളായിരുന്നു എല്ലാ ജോലിക്കാരും.അവിടെയുള്ള കാരണവര്‍ എപ്പോഴും ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുമായിരുന്നെങ്കിലും സ്‌നേഹത്തോടെ നിരസിക്കാറാണ്‌ പതിവ്.

ഇത്തവണ എന്തുകൊണ്ടോ കഴിച്ചിട്ട് പോകാമെന്നു തീരുമാനിച്ചു. അപ്പോഴേക്കും തൊട്ടടുത്തുള്ള പള്ളിയില്‍ നിന്നും മധ്യാഹ്ന അദാൻ മുഴങ്ങുന്നുണ്ടായിരുന്നു.നിസ്‌ക്കാരാനന്തരം ഇടവേളയില്‍ ഗ്രോസറിയോട് ചേര്‍‌ന്ന താമസ സ്ഥലത്ത് എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു.

ബാസ്‌മത്തിയുടെ ചോറും ചെറിയമത്തി മുളകിട്ടതും മീന്‍ വറുത്തതും പപ്പടവുമായിരുന്നു വിഭവങ്ങള്‍.സുപ്രയുടെ ഒരു വശത്ത് ഒരു പാത്രത്തില്‍ മുറിക്കാത്ത ജര്‍ജീര്‍ഇല അതില്‍ ചെറുനാരങ്ങ മുറിച്ച് വെച്ചിട്ടുണ്ട്.കൂടാതെ നാരങ്ങാ അച്ചാറും.ഉള്ളത് പറഞ്ഞാല്‍ വായില്‍ കപ്പലോടാനുള്ള വെള്ളമുണ്ടായിരുന്നു.

ആദ്യം എല്ലാവരുടെ പാത്രത്തിലും കുറച്ച് ചോറും കറിയും ഓരോ മത്സ്യവും വിളമ്പി.എല്ലാവരും ഉണ്ണാന്‍ തുടങ്ങി.ചൂടുള്ള ചോറ് കുറേശെയായി വിളമ്പിയെടുത്ത് അവരോടൊപ്പം തുടക്കമിട്ടു. മാസത്തിലൊരിക്കല്‍ ദോഹയില്‍ പോകുമ്പോള്‍ മാത്രമായിരുന്നു അരിഭക്ഷണം കഴിച്ചിരുന്നുള്ളൂ. സൂക്ഷിച്ചു വെച്ച റൊട്ടി ചൂടാക്കിയാണ്‌ കഴിച്ചിരുന്നത്. മത്സ്യം ഓവണില്‍ അതുമല്ലെങ്കില്‍ കനലില്‍ വെച്ചു പാകം ചെയ്യുകയാണ്‌ പതിവ്‌.മറ്റു രീതികളൊന്നും വശമില്ലായിരുന്നു. ചോറ് പാകം ചെയ്യാന്‍ പോലും പിന്നീടാണ്‌ പഠിച്ചത്.ഏതായാലും ദീര്‍‌ഘനാളായി അരിഭക്ഷണം കഴിക്കാന്‍ അവസരം കിട്ടാത്ത എനിക്ക് തികച്ചും ഒരു സ്വര്‍‌ഗീയവിരുന്നു പോലെയായിരുന്നു...

പലരും പലതും പറയുന്നുണ്ടായിരുന്നു ഒപ്പം ചിരിയോട് ചിരിയാണ്‌.എന്തിനാണ്‌ അവരൊക്കെ ചിരിക്കുന്നതെന്ന്‌ പൂര്‍‌ണ്ണമായും മനസ്സിലായിരുന്നില്ല എന്നതാണ്‌ സത്യം.കളിയും കാര്യവും തിരിച്ചറിയാനാവാത്ത വിധമുള്ള കുറേ ആളുകള്‍ എന്ന്‌ വേണമെങ്കില്‍ പറയാം.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും വാതോരാത്ത സം‌സാരം.

ഇടവേളക്ക് ശേഷം കിട്ടിയ നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുന്നതിലും കഴിക്കുന്നതിലുമായിരുന്നു ഈസാധുവിന്റെ മുഴുവന്‍ ശ്രദ്ധയും. അതിനാൽ വിളമ്പിക്കൊണ്ടിരുന്നതിന്റെ അളവും ഒരു വേള മറന്നു പോയിട്ടുണ്ടാകണം. ഇതിന്നിടയിൽ പൊതുവെ തമാശാ ഭ്രമമുള്ളവരുടെ കല്ലുവെച്ച കലപിലാ നര്‍‌മ്മങ്ങള്‍ക്ക് കാത് കൊടുത്തപ്പോൾ എല്ലാവരും കൂടെ വാരിവലിക്കുകയാണ്‌ എന്ന് ബോധ്യമായി.

കൂട്ടത്തിലൊരാള്‍ തൊട്ടടുത്തുള്ള സുഹൃത്തിനോടെന്നവണ്ണം ചോദിക്കുന്നത് കേട്ടു.ഇദ്ദേഹം മന്ത്രിയുടെ അതിഥി മന്ദിരത്തിലാണെന്നല്ലേ പറഞ്ഞത്. അര്‍‌ധോക്തിയില്‍ ....ഒന്നുല്ല്യ എന്നിട്ട് ഒന്നു കുലുങ്ങി ചിരിച്ചു.തമാശയാണ്‌ ഒന്നും വിചാരിക്കരുത്...

കഴിച്ചതെല്ലാം ആവിയായിപ്പോയതു പോലെ..
അല്ല ഞാന്‍ തന്നെ ദഹിച്ചു പോയതു പോലെ ...
കൂടുതല്‍ സമയം അവിടെ നില്‍‌ക്കാന്‍ എന്തുകൊണ്ടോ മനസ്സ് അനുവദിച്ചില്ല.
വേഗം നന്ദി പറഞ്ഞു പിരിഞ്ഞു.

തിരക്കിട്ട് യാത്ര പറഞ്ഞ്‌ ഇറങ്ങിയെങ്കിലും വളരെ സാവകാശമായിരുന്നു താവളത്തിലേക്കുള്ള സഞ്ചാരം.ചിന്തകളില്‍ ഒരു കടന്നല്‍ കൂട് രൂപപ്പെട്ടതുപോലെ.ഇയാള്‍‌ക്കെന്തു പറ്റി എന്ന ഭാവത്തില്‍ സാലയും സ്റ്റല്ലയും പ്രതികരിക്കുന്നുണ്ടായിരുന്നു.എന്റെ ഓരോ ഭാവമാറ്റവും അവര്‍‌ക്ക് നന്നായി മനസ്സിലാകുമായിരുന്നു.

വര്‍‌ഷങ്ങള്‍ കഴിഞ്ഞിട്ടും മരുഭൂമിയുടെ ഓരത്തെ നാടന്‍ സുപ്രയും വിഭവങ്ങളും വട്ടമിട്ടിരുന്നതും ഭക്ഷിച്ചതും ആതിഥേയരുടെ തമാശകള്‍‌ക്കിരയായതും ഓര്‍‌ക്കുമ്പോള്‍ ....
ഇപ്പോഴും മനസ്സ് അസ്വസ്ഥമാകാറുണ്ട്.
=============
മഞ്ഞിയിൽ