Monday, August 5, 2024

ഒരു പഴങ്കഥ ഓര്‍‌ത്തെടുത്തപ്പോള്‍

ഹൈസ്‌ക്കൂള്‍ പഠനകാലത്ത് വേനലവധികളില്‍ ബോം‌ബെക്ക് പോകാറുണ്ട്.ഒന്നൊ രണ്ടൊ മാസം ബോംബെയില്‍ കഴിച്ചുകൂട്ടാന്‍ ലഭിക്കുന്ന ദിവസങ്ങളെക്കാള്‍ പോക്കുവരവിലെ തീവണ്ടി യാത്രാ കൗതുകങ്ങളും സൗഹൃദങ്ങളുമായിരുന്നു ഏറെ സന്തോഷം നല്‍‌കിയിരുന്നത്.

അന്നൊക്കെ തീവണ്ടി എന്നായിരുന്നു പറഞ്ഞിരുന്നത്.അക്ഷരാര്‍‌ഥത്തില്‍ തീവണ്ടി തന്നെ.യാത്ര കഴിഞ്ഞാല്‍ പുകപുരണ്ട വസ്‌ത്രങ്ങള്‍ ഈ പ്രയോഗത്തെ ബലപ്പെടുത്തിയിരുന്നു.

ബോം‌ബെക്കുള്ള യാത്രകള്‍ എപ്പോഴും പുലര്‍‌ച്ചക്കായിരുന്നു. ടൈനിന്റെ സമയം ഉച്ചയോടടുത്താണെങ്കില്‍ പോലും പുലര്‍‌ച്ചക്ക് വിട്ടില്‍ നിന്നും പുറപ്പെടും.ഉപ്പയോടൊപ്പമായിരുന്നു യാത്രകള്‍.തിരുനെല്ലൂരില്‍ നിന്നും പുവ്വത്തൂര്‍ വരെ നടന്നു പോയിട്ട് വേണം തൃശൂരിലേക്ക് ബസ്സ് കയറാന്‍.ഏകദേശം അരമണിക്കൂര്‍ നടക്കണം.ബീരാവുക്കയൊ ദാവൂദ്ക്കയൊ തുണക്ക് പുവ്വത്തൂര്‍ വരെ ഉണ്ടാകും.വെളുപ്പാന്‍ നേരത്ത് കുരച്ച് ചാടുന്ന നായ്‌ക്കളെ നേരിടാനുള്ള ഒരു കുറുവടിയൊക്കെ കാരണവര്‍ കരുതിയിട്ടുണ്ടാകും.ഞങ്ങള്‍ ഇതിലെ പോകുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ്‌ പല വീടുകളുടെയും മുറ്റത്ത് കൂടെ കടന്നു പോകുക.

വര്‍ഗീസ് വൈദ്യരുടെ പീടികത്തിരിവ് കഴിഞ്ഞാല്‍ ഇടുങ്ങിയ തോടാണ്‌.ഇടതൂര്‍‌ന്ന് വളര്‍‌ന്ന കാട്ടു ചെടികള്‍ ദേഹത്ത് ഉരയും പോലെ തോന്നും.പേടിക്കൊന്നും വേണ്ട എന്ന് ദാവുദ്‌ക്ക പറയുമ്പോള്‍ ചെറിയൊരു പേടി തോന്നും. ചെമ്പേലെ കാവും കടന്ന് കോഴിത്തോട് മുറിച്ച് പിന്നെയും നടന്ന് പുവ്വത്തൂരിലെത്തും.കാലത്ത് ആദ്യം പുറപ്പെടുന്ന ബസ്സ് പറപ്പൂര്‍ റോഡിലുണ്ടാകും.

എഴുപതുകളില്‍ ബോം‌ബെക്കുള്ള യാത്രയില്‍ രണ്ട് രാത്രികള്‍ ട്രൈനില്‍ കഴിയേണ്ടിവരുമായിരുന്നു.ട്രൈന്‍ തൃശൂര്‍ സ്റ്റേഷന്‍ വിട്ട് താമസിയാതെ കേരളം വിടുന്നതോടെ കമ്പാര്‍‌ട്ടുമന്റില്‍ ഉള്ളവരൊക്കെ ഒരു കുടും‌ബമായി തീര്‍‌ന്നിട്ടുണ്ടാകും.സാങ്കേതികമായ കാരണങ്ങളാല്‍ അറിയപ്പെടാത്ത ഇടങ്ങളില്‍ വണ്ടി നിര്‍‌ത്തിയാല്‍ വിജനമായി തോന്നുന്ന സ്ഥലങ്ങളില്‍ നിന്നു പോലും കൊത്തിപ്പിടിച്ച്  ചിലര്‍ വണ്ടിയില്‍ കയറുമായിരുന്നു.ഈ വിദ്വാന്‍‌മാര്‍‌ക്ക് വേണ്ടി നിര്‍‌ത്തിയതാണെന്നു പോലും സം‌ശയം ജനിക്കും.

അതിമനോഹരമായി പാട്ടു പാടുന്നവരും വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും ഗായക കുടും‌ബങ്ങള്‍ വരെ ഇടവിട്ട് കമ്പാര്‍‌ട്ടുമന്റില്‍ എത്തിക്കൊണ്ടിരിക്കും.ഇതിന്നിടയില്‍ യാത്രയില്‍ കഴിക്കാന്‍ കരുതിയ പലതും പരസ്‌പരം പങ്കുവെക്കും.അധികപേരും ബോം‌ബെക്കുള്ളവരാണെങ്കിലും വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങാനുള്ളവരായിരിയ്‌ക്കും.യാത്രപറഞ്ഞിറങ്ങുമ്പോള്‍ സങ്കടപ്പെടുന്നവരുടെ മുഖം കുറേ നേരം മനസ്സില്‍ ഒരു വിങ്ങലായി അവശേഷിക്കും. 

മുഹമ്മദലി റോഡിനോട് ചേര്‍‌ന്ന് കാമ്പക്കര്‍ സ്ട്രീറ്റിലും തൊട്ടടുത്തുള്ള സ്ട്രീറ്റുകളിലും നാട്ടുകാരുടെ ടീ സ്റ്റാളുകളുടെ നിര തന്നെ ഉണ്ടായിരുന്നു. മേമന്‍ മൊഹല്ല എന്നും ഈ ഭാഗങ്ങള്‍ അറിയപ്പെട്ടിരുന്നു. ഇസ്‌മാഈല്‍ ഹബീബ് മസ്‌ജിദിനു തൊട്ട് ടീ സറ്റാള്‍ നമ്പര്‍ 122 എന്ന വിലാസം ഞങ്ങള്‍‌ക്ക് സ്വന്തം.തൊട്ടടുത്ത ഗലിയിലാണ്‌ പ്രസിദ്ധമായ മിനാര്‍ മസ്‌ജിദ്.

സുബഹി അദാന്‍ മുഴങ്ങും മുമ്പ് ടീ സ്റ്റാളുകള്‍ സജീവമായി തുടങ്ങും.സ്റ്റാളിന്റെ ഇറയത്ത് ഉറപ്പിച്ച ടാര്‍പോളിന്‍ ഷീറ്റ് താഴ്‌ത്തി വെച്ചതിന്റെ ചായ്‌വില്‍ കയര്‍ കട്ടിലുകളിലാണ്‌ പുലരുംമുമ്പ് ഉണരേണ്ട ചായക്കാരനു സഹായിയും വിശ്രമിക്കേണ്ടത്.ഉണര്‍‌ന്ന് പ്രാഥമിക കാര്യങ്ങള്‍‌ക്ക് തൊട്ടടുത്തുള്ള പള്ളികളിലെ കുളിമുറികളും ശൗചാലയങ്ങളാണ്‌ ഉപയോഗപ്പെടുത്തിയിരുന്നത്.

സുബഹിക്ക് ഏകദേശം അരമണിക്കൂര്‍ മുമ്പ് തന്നെ വിശ്വാസികള്‍ എത്തി തുടങ്ങും.ഗുജറാത്തില്‍ നിന്നുള്ള മുസ്‌ലിം കച്ചവടപ്രഭുക്കളായ താമസക്കാരായിരുന്നു മേമന്‍ മൊഹല്ലയിലെ ബഹുഭൂരിപക്ഷം പേരും.അഞ്ച് സമയങ്ങളിലെ നമസ്‌ക്കാരങ്ങളില്‍ കൃത്യത പുലര്‍‌ത്തുന്നവരായിരുന്നു അവരിലധികവും.സുബഹി നമസ്‌ക്കാരത്തിനു തന്നെ പള്ളിയില്‍ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്.

നമസ്‌ക്കാരം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതോടെ ടീ സ്റ്റാള്‍ സജീവമാകും.തൊട്ടടുത്തുള്ള ടീ സ്റ്റാളുകളിലും നല്ല തിരക്ക് അനുഭവപ്പെടും.

ഇത്തരത്തിലുള്ള എല്ലാ സ്റ്റാളുകളിലും ബാഹര്‍‌വാലമാരുണ്ടാകും. ആവശ്യക്കാര്‍‌ക്ക് ചായ എത്തിച്ചു കൊടുക്കുന്നവരാണ്‌ ഇവര്‍.ടീ സ്റ്റാള്‍ നമ്പര്‍ 122 ല്‍ ഒരു ഡസനിലധികം ബാഹര്‍‌വാലമാരുണ്ടായിരുന്നു.ഓരോ ബാഹര്‍‌വാലയും തങ്ങളുടെ ജോലി തുടങ്ങും മുമ്പ് ടീ സ്റ്റാളുകളുടെ 100 രൂപക്ക്‌ തുല്യമായ ടോക്കനുകള്‍ എടുത്തിരിക്കണം.ഓരോ ടോക്കനിലും വിവിധ നാണയ മൂല്യങ്ങള്‍ മുദ്രണം ചെയ്‌തിരിക്കും.പ്രസ്‌തുത ടീ സ്റ്റാള്‍ നാണയമാണ്‌ ബാഹര്‍‌വാലയും ടീ സ്റ്റാളും തമ്മിലുള്ള വിനിമയ മാധ്യമം.പാതിരാത്രി കഴിഞ്ഞ് ഹിസാബ് (കണക്ക്) നല്‍‌കി,തങ്ങള്‍ ചെയ്‌ത കച്ചവടത്തിന്റെ നിശ്ചിത വിഹിതം നിജപ്പെടുത്തിയിട്ടാണ്‌ തിരിച്ച് പോകുക.

122 നമ്പര്‍ ടീ സ്റ്റാളില്‍ ഒരു ദിവസം 40 ലിറ്ററിലധികം പാല്‍ ആവശ്യമായിരുന്നു. പഴയ പാല്‍ ചെമ്പ് ഇന്നും വീട്ടിലുണ്ട്.പ്രത്യേക ആവശ്യങ്ങള്‍ വരുമ്പോള്‍ ബിരിയാണിയും നെയ്‌ചോറും ഒക്കെ പാകം ചെയ്യാന്‍ ഉപയോഗിച്ചു പോരുന്നു.

ബോം‌ബെ കാഴ്‌ചകള്‍ വിസ്‌മയകരമായിരുന്നു.ഓരോ ഗലികളിലും വൈകുന്നേരമാകുന്നതോടെ വഴിവാണിഭക്കാരുടെ തിരക്കായിരിയ്‌ക്കും. സാധാരണക്കാരും അല്ലാത്തവരും ഉയര്‍‌ന്ന ഉദ്യോഗസ്ഥരും എന്ന വ്യത്യാസമൊന്നുമില്ലാതെ വഴിയോര വിഭവങ്ങള്‍ വാങ്ങുന്നതും ഒതുങ്ങി നിന്നു കുടിക്കുകയും കഴിക്കുകയും ചെയ്യുന്നത് ഏറെ ആശ്ചര്യപ്പെടുത്തിയിരുന്നു. 

ജനങ്ങള്‍ തിങ്ങി നിരങ്ങി നീങ്ങുന്നതിനിടയില്‍ വിവിധ വേഷക്കാരും ഭാഷക്കാരും ശബ്‌ദമുഖരിതമായ അന്തരീക്ഷവും ഗലികളിലെ പട്ടണക്കാഴ്‌ചകളും വിവരണാതീതം.

ബോം‌ബെയിലുള്ളപ്പോള്‍ ബാഹര്‍‌വാലകള്‍‌ക്ക് ടോക്കണ്‍ കൊടുക്കുന്നതും ഹിസാബ് വാങ്ങിക്കാനും ഉള്ള ചുമതലമാത്രമേ എനിക്കുണ്ടാകാറുള്ളൂ. അധിക നേരവും പുട്ട്കച്ചവടക്കാരന്‍ മുഹമ്മദ്ക്കാടെ തൊട്ട് ചെന്നിരുന്ന് നാട്ടുവീട്ടുവര്‍‌ത്തമാനങ്ങള്‍ പറഞ്ഞിരിക്കും.

ബാല്യകാല വിശേഷങ്ങളും ബോം‌ബെയിലെത്തിയ ആദ്യകാലം മുതലുള്ള കഥകളും പറഞ്ഞു തരും.തികച്ചും കേരളീയമായ ഒരു വിഭവം രാജ്യത്തിന്റെ ഇതരഭാഗത്തുള്ളവര്‍‌ക്ക് കൂടെ പ്രിയമുള്ളതാക്കിയ മുഹമ്മദ്‌ക്ക ഒരു സം‌ഭവം തന്നെയായിരുന്നു.

ഒരിക്കല്‍ ബോം‌ബെയില്‍ നടന്ന ക്രുരമായൊരു കൊലപാതകവും സമര്‍‌ഥരായ രഹസ്യാന്വേഷണ വിഭാഗം അവരെ പിടികൂടിയ കഥയും പങ്കുവെച്ചു.

മുഹമ്മദ്‌ക്കാടെ സ്വതസിദ്ധമായ ശൈലിയില്‍ ഏതു കഥയും കേള്‍‌ക്കാന്‍ നല്ല രസമായിരുന്നു.ആവശ്യക്കാര്‍‌ക്ക് പുട്ട് പൊതിഞ്ഞു കൊടുക്കുമ്പോളും കഥ പറഞ്ഞു കൊണ്ടേയിരുന്നു.

അഥവാ കൊലപാതകത്തിനു ശേഷം വെട്ടി നുറുക്കി അടയാളം പോലും ശേഷിപ്പിക്കാത്ത പാതകിയുടെ കഥയായിരുന്നു വിവരിച്ചത്. ഗലിയിലെ പ്രസിദ്ധനായ കീമക്കച്ചവടക്കാരന്റെ അടുത്ത് പുതുതായി ഒരാള്‍ ജോലിക്കെത്തി.ഏറെ താമസിയാതെ അയാളുടെ പ്രിയപ്പെട്ടവനായിമാറി. തൊട്ടടുത്ത ഷോപ്പുകളിലുള്ളവര്‍ പോലും ഇവരുടെ സ്‌നേഹ സൗഹൃദം കണ്ട് അമ്പരന്നിരുന്നുവത്രെ.ഒരു ദിവസം കച്ചവടക്കാരനെ ചൊടിപ്പിക്കുന്ന വിധം ഒരു പ്രതികരണം ജോലിക്കാരന്റെ ഭാഗത്ത് നിന്നും ഉണ്ടായി.വളരെ ക്ഷുപിതനായി അയാള്‍ അലറിയതിനു ഗലിയിലെല്ലാവരും സാക്ഷിയായി.തൊട്ടടുത്തുള്ള എല്ലാവരും ഈ ജോലിക്കാരന്റെ സ്വഭാവമാറ്റത്തില്‍ അത്ഭുതം കൂറി.ദിവസങ്ങള്‍ വീണ്ടും നീങ്ങി.ഒരിക്കല്‍ കൂടെ പ്രകോപിപ്പിച്ചു.

നോക്ക് ഇന്നയിന്ന ആളെ നിനക്ക് അറിയോ.... അവനെ ഇതുകൊണ്ട് കൊത്തിയരിഞ്ഞ് അടയാളം പോലും ഇല്ലാതാക്കിയവനാണ്‌ ഞാന്‍.കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉയര്‍‌ത്തി അയാള്‍ അക്രോശിച്ചു.

പ്രസ്‌തുത കേസന്വേഷണം ഇങ്ങനെയായിരുന്നത്രെ സമാപിച്ചത്.

കഴിഞ്ഞ ദിവസം സയണിസ്റ്റ് തലവന് തുര്‌ക്കി ഭരാണാധികരിയോട് പറഞ്ഞതും ഈ ഇറച്ചിവെട്ടുകാരന്റെ ഭാഷതന്നെയായിരുന്നു

സത്യത്തില്‍ ഈ കൊടും പാതകിയുടെ കഥ ഓര്‍‌ത്തെടുത്തപ്പോള്‍ ബോം‌ബെ ഓര്‍‌മകള്‍ കൂടെ തൂലികയില്‍ നിന്നും അടര്‍‌ന്നു വീഴുകയായിരുന്നു.

മഞ്ഞിയില്‍

=============