Sunday, December 15, 2024

മുഈനുദ്ദീന്‍ വൈദ്യര്‍ ഓര്‍‌മയായി

തൊയക്കാവ് :ഹാജി കുഞ്ഞി ബാവു വൈദ്യരുടെ മകന്‍ മുഈനുദ്ദീന്‍ വൈദ്യര്‍ അല്ലാഹുവിലേക്ക് യാത്രയായി വാര്‍‌ദ്ധക്യ സഹജമായ കാരണത്താല്‍ കുറച്ച് നാളായി രോഗശയ്യയിലായിരുന്നു.

ഒരാഴ്‌ചയിലധികമായി വൈദ്യരുടെ  ആരോഗ്യനില തൃപ്‌തികരമായിരുന്നില്ല.  ഡിസം‌ബര്‍ 15 ന്‌ മധ്യാഹ്നത്തിനു ശേഷമായിരുന്നു മരണം.

തൊയക്കാവ് മുട്ടിക്കല്‍ വസതിയില്‍ വെച്ചായിരുന്നു അന്ത്യശ്വാസം വലിച്ചത്. ബന്ധുമിത്രാധികളും പെണ്‍‌മക്കളും മരണാസന്നവേളയില്‍ അടുത്തുണ്ടായിരുന്നു.

ഡിസം‌ബര്‍ 16 തിങ്കളാഴ്‌ച 11 മണിക്ക് തൊയക്കാവ് ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.

ഭാര്യ:-സുഹറ.മക്കള്‍:-ഡോ.അബ്‌ദുല്‍ഹഫീദ്,സബീന,സല്‍‌വ.മരുമക്കള്‍:-ഡോ.സായ,അബ്‌ദുല്ല,ഷാഹുല്‍,സഹോദരങ്ങള്‍:-നഫീസ,റാബിയ,ഹവ്വ, ഹാജറു,അഹമ്മദ്‌,അബ്‌ദുറസാഖ്‌, ആമിനക്കുട്ടി,ഉസ്‌മാന്‍.

പരേതന്റെ പാരത്രിക ജീവിതം പ്രകാശമാനമാക്കി അനുഗ്രഹിക്കട്ടെ.

===============

കേരളത്തിലെ പ്രഗത്ഭരും പ്രശ‌സ്‌തരുമായ പണ്ഡിതവര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ സവിശേഷ പ്രാധാന്യം നല്‍‌കിപ്പോരുന്നു.

വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ വൈദ്യ കേസരി അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട്‌ അനുഗ്രഹീതമാണ്‌. ആയുര്‍‌വേദത്തിലും സിദ്ധവൈദ്യത്തിലും ഏറെ പ്രശസ്‌തനായിരുന്ന പരേതനായ വൈദ്യ കേസരി ഹാജി കുഞ്ഞു ബാവു വൈദ്യരുടെ മകനാണ്‌ മുഈനുദ്ധീന്‍ വൈദ്യര്‍.

മുഈനുദ്ധീന്‍ വൈദ്യരുടെ മകന്‍ ഡോക്‌ടര്‍ ഹഫീദ്‌ പുതിയ തലമുറയിലെ പ്രശസ്‌തനും പ്രഗത്ഭനുമായ ഭിഷഗ്വരനാണ്‌.മുഈനുദ്ധീന്‍ വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്‌, ഉസ്‌മാന്‍ എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്‍‌ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധരത്രെ.