Monday, December 16, 2024

ഒരു അധ്യായത്തിന്‌ പരിസമാപ്‌തി

വൈദ്യ കുടും‌ബത്തിലെ ഒരു അധ്യായത്തിന്‌ പരിസമാപ്‌തി

-----------------

മേനോത്തകായിലെ തലമുതിര്‍‌ന്ന കാരണവര്‍ മുഈനുദ്ദീന്‍ വൈദ്യരുടെ ഭൗതിക ശരീരം തൊയക്കാവ്‌ മഹല്ല് ഖബര്‍‌സ്ഥാനിലെ കുടും‌ബാം‌ഗങ്ങളുടെ ഖബറുകള്‍‌ക്കരികില്‍ ഖബറടക്കി.കുറച്ച് നാളായി വാര്‍‌ദ്ധക്യ സഹജമായ കാരണത്താല്‍ രോഗശയ്യയിലായിരുന്നു. ഒരാഴ്‌ചയിലധികമായി  ആരോഗ്യനില തൃപ്‌തികരമായിരുന്നില്ല.  

രണ്ട് ദിവസം മുമ്പ് വൈദ്യരെ  സന്ദര്‍‌ശിച്ചിരുന്നു.ആഹാരാധികാര്യങ്ങളില്‍ വിരക്തി പ്രകടിപ്പിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് കൂടെയുള്ളവര്‍ പറയുന്നുണ്ടായിരുന്നു.എന്നാല്‍ മുഖഭാവങ്ങളില്‍ നിന്നും കാര്യങ്ങള്‍ അതിലും അപ്പുറമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു എന്നതാണ്‌ വാസ്‌തവം.അതുകൊണ്ട് തന്നെ കാര്യത്തിന്റെ ഗൗരവം ബന്ധപ്പെട്ടവരെ ഉണര്‍‌ത്തുകയും ചെയ്‌തു.

ഡിസം‌ബര്‍ 15 ന്‌ മധ്യാഹ്നത്തിനു ശേഷം,മരണാസന്നനാണെന്ന ബോധ്യത്തിലായിരിക്കണം ബന്ധുക്കളെ പലരേയും കാണാന്‍ വൈദ്യര്‍ ആഗ്രഹം പ്രകടിപ്പിച്ചു.വിവരമറിഞ്ഞെത്തിയവരില്‍ കൊച്ചയമു മുസ്‌ല്യാരും ഉണ്ടായിരുന്നു.അദ്ദേഹം  അടുത്തിരുന്ന് ഖുര്‍‌ആന്‍ പാരായണം ചെയ്‌ത് കേള്‍‌പ്പിച്ചു കൊണ്ടേയിരുന്നു.ചുരുക്കത്തില്‍ അന്ത്യാത്രയുടെ അവസാന നിമിഷങ്ങള്‍‌ക്ക് ബന്ധുമിത്രാധികള്‍ എല്ലാവരും സാക്ഷിയായി.ഏകദേശം 2 മണിയോടെ വൈദ്യരുടെ ആത്മാവ്‌ അല്ലാഹുവിലേക്ക് അനുഗ്രഹത്തിന്റെ മാലാഖമാരുടെ അകമ്പടിയോടെ പറന്നുയര്‍‌ന്നു.

ഏര്‍‌ച്ചം വീട്ടിലെ പാരമ്പര്യ ആയുര്‍‌വേദ കുടും‌ബത്തില്‍ പഴയ തലമുറയിലെ വൈദ്യന്മാര്‍ ഇനിയാരും ജീവിച്ചിരിപ്പില്ല.സം‌ഭവബഹുലമായ ഒരു അധ്യായം ഇവിടെ പരിസമാപ്‌തി കുറിച്ചിരിക്കുന്നു.പുതിയ തലമുറയിലുള്ളവര്‍ പ്രതിജ്ഞാ ബദ്ധതയോടെ പുതിയ അധ്യായത്തിലെ താളുകള്‍ ക്രിയാത്മകമായി സര്‍‌ഗാത്മകമായി രചിച്ചു തുടങ്ങണം.അല്ലാഹു അനുഗ്രഹിക്കട്ടെ.

==========

രാവിലെ 10.30 ന്‌  ഏറെ ഉറ്റവരുടെ സൗകര്യാര്‍‌ഥം വീടിനകത്ത് വെച്ച് വൈദ്യരുടെ മകന്‍ അബ്‌ദുല്‍ ഹഫീദിന്റെ നേതൃത്വത്തില്‍  പ്രാര്‍‌ഥനയും ജനാസ നിസ്‌ക്കാരവും നടന്നു.വീട്ടുമുറ്റത്ത് വെച്ച് നടന്ന പ്രാര്‍‌ഥനക്ക് കൊച്ചയമു മുസ്‌ലിയാരും,തൊയക്കാവ് പള്ളിയില്‍ വെച്ച് നടന്ന നിസ്‌ക്കാരത്തിന്‌ മേച്ചേരിപ്പടി ഉസ്‌താദും നേതൃത്വം നല്‍‌കി.മധ്യാഹ്നത്തിനു മുമ്പ് ഖബറടക്കം കഴിഞ്ഞു.

ഖബറടക്കം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരുന്നു.എഴുപതുകളില്‍ പുവ്വത്തൂരിലെ പഴയ പോസ്റ്റോഫീസിനോട് ചേര്‍‌ന്ന് നിന്നിരുന്ന ഓട്മേഞ്ഞ കെട്ടിടത്തിലെ ഒരു മുറിയില്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രമുണ്ടായിരുന്നു.കൂടാതെ കെ.ജി.എസ് ബുക്ക് സ്റ്റാള്‍,വാച്ച് റിപ്പയര്‍,മരുന്ന് കട ഒക്കെയായിരുന്നു പ്രസ്‌തുത കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.വാസ്‌മ,രാഗം തിയറ്റേഴ്‌സ്,വനിതാ ടൈലറിങ് തുടങ്ങിയവയായിരുന്നു മുകളിലെ നിലയില്‍.ആഴ്‌ചയിലെ നിശ്ചിത ദിവസത്തെ കേമ്പ് വിവരങ്ങള്‍ എഴുതിയ നോട്ടീസ് ബോര്‍‌ഡ് പുറത്ത് ചുമരില്‍ തൂക്കിയിട്ടിരുന്നു.

പുവ്വത്തൂര്‍ സെന്റ്‌ആന്റണീസില്‍ പഠിച്ചു കൊണ്ടിരുന്ന കാലം.ഇടവേള സമയത്ത് പുറത്തിറങ്ങിയാല്‍ വൈദ്യരുടെ ചികിത്സാ കേമ്പുള്ള ദിവസങ്ങളില്‍ ഇക്കാനെ കാണാന്‍ ചെല്ലും.ഞെളിഞ്ഞും പിരിഞ്ഞുമൊക്കെ കുറച്ച് നേരം അവിടെ നില്‍‌ക്കും.കുശലന്വേഷണങ്ങള്‍ നടത്തി കൊണ്ടിരിക്കെ മേശ വലിപ്പ് തുറന്ന് അതില്‍ ചുരുണ്ട് കിടക്കുന്ന ഒരു രൂപയൊ രണ്ട് രൂപയൊ എടുത്ത് തരും.വേണ്ട എന്ന് നിരസിച്ചു കൊണ്ട് തന്നെ കാശ് വാങ്ങി പോക്കറ്റിലിട്ട് തിരിച്ചു പോരും.ഒപ്പം ഇക്കയും കസേരയില്‍ നിന്നും എഴുന്നേല്‍‌ക്കും.ഞാന്‍ റോഡ് മുറിച്ചു കടക്കുന്നത് വരെ നോക്കി നില്‍‌ക്കും.

---------------

പഠനകാലത്തും പഠനാനന്തരവും പ്രവാസകാലത്തും ഒക്കെയുള്ള ഓര്‍‌മ്മകള്‍‌ക്ക് അറ്റമില്ല.

ഇടക്കൊക്കെ മേനോത്തകായില്‍ സന്ദര്‍‌ശിക്കുകയും വീട്ട് വര്‍‌ത്തമാനങ്ങള്‍ പങ്കു വെക്കുന്നതും വളരെ ഇഷ്‌ടമാണ്‌.ചിലപ്പോളൊക്കെ എന്നെ കാണണമെന്ന് പ്രത്യേകം ആഗ്രഹം പ്രകടിപ്പിക്കാറും ഉണ്ട്.മിനമോളെയും ഹിബമോളെയും വലിയ ഇഷ്‌ടമാണ്‌.ഒരാളെയെങ്കിലും വൈദ്യം പഠിപ്പിക്കണമെന്നൊക്കെ പറയാറുണ്ട്.ഒരിക്കല്‍ ഹിബമോളുടെ മക്കളുമായി ചെന്ന് കുറേ നേരം മക്കളുമായി കളിച്ചും ചിരിച്ചുമൊക്കെ സമയം ചിലവഴിച്ചു. 

കഴിഞ്ഞ ജൂണില്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ട മഞ്ഞുതുള്ളികള്‍ എന്ന എന്റെ കവിതാ സമാഹാര വര്‍‌ത്തമാനം ഏറെ സന്തോഷത്തോടെയാണ്‌ കേട്ടിരുന്നത്.

മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് സന്ദര്‍‌ശിച്ചപ്പോള്‍ തീരെ അവശനായിരുന്നു.ചുമലിലൂടെ ചുറ്റിയ ഷാളിന്നടിയിലൂടെ കൈകളില്‍ തൊട്ടപ്പോള്‍ സാധ്യമാകുന്നത്ര കൈകള്‍ ചേര്‍‌ത്ത് പിടിച്ച് സാവകാശമായിരുന്നു കൈവിട്ടത്.ജീവനുള്ള ഒടുവിലത്തെ സ്‌പര്‍‌ശനം..

ലോക രക്ഷിതാവായ നാഥാ മണ്‍‌മറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ പ്രവര്‍‌ത്തനങ്ങളുടെ പ്രതിഫലനം ഈ ലോകത്തും പ്രതിഫലം പരലോകത്തും നല്‍‌കി അനുഗ്രഹിച്ചരുളേണമേ...

=============

മഞ്ഞിയില്‍