Sunday, May 25, 2025

യാത്രാമൊഴി ...

എന്റെ ഉമ്മയുടെ മൂത്ത സഹോദരിയുടെ (വല്യുമ്മ) മകനാണ്‌ പാടൂര്‍ അബ്‌ദുറഹ്‌മാന്‍ കേലാണ്ടത്ത്.കാരണവര്‍, ഉടപ്പിറപ്പ്, സഹോദരന്‍ കൂട്ടുകാരന്‍ ഒരുവേള ഗുരുനാഥന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണ്‌.

എഴുപതുകളില്‍ എന്റെ കൗമാര കാലത്ത് ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ ദിശാബോധം നല്‍‌കിയതില്‍ കേലാണ്ടത്തിന്റെ പങ്ക് വളരെ വലുതാണ്‌.

എനിക്കെന്നല്ല എന്റെ കൂട്ടുകാര്‍, സഹപാഠികള്‍, സമപ്രായക്കാര്‍ പ്രദേശത്തെ പലര്‍‌ക്കും അബ്‌ദുറഹ്‌മാന്‍‌ക്കയുടെ സഹവാസവും സമാഗമവും ഒത്തു ചേരലുകളും ഭാവി ജീവിതത്തിന്റെ ദിശ നിര്‍‌ണ്ണയിക്കുന്നതില്‍ വിലപ്പെട്ട സം‌ഭാവനകളായി മാറിയിരിക്കണം.

കേവല സാമുദായികതക്കപ്പുറമുള്ള മതദര്‍‌ശന ധാര്‍‌മികതയെ മാനുഷികതയെ ആത്മീയതയെ വിശുദ്ധ വചന സുധയുടെ വഴിയിലേക്കും വെളിച്ചത്തിലേക്കും തിരിച്ചു വിടാനുള്ള സര്‍‌ഗാത്മകമായ ഈ സാധുവിന്റെ -  നിഷ്‌കളങ്കനായ മനുഷ്യന്റെ പ്രയത്നങ്ങള്‍ ഉപകരിച്ചിട്ടുണ്ട്.

അബ്‌ദുറഹ്‌മാന്‍‌ക്ക ഈ വര്‍‌ഷം ഹജ്ജ്‌ കര്‍‌മത്തിന്‌ പുറപ്പെടുകയാണ്‌.ഈ അവസരത്തില്‍ അദ്ദേഹം എഴിതിയ യാത്രാ മൊഴി എല്ലാവര്‍‌ക്കുമായി പങ്കുവെക്കുന്നു.

പ്രസവിച്ചു വീണ കുഞ്ഞിനെപ്പോലെ ഈ പരിശുദ്ധ കര്‍‌മ്മം നിര്‍‌വഹിച്ചു തിരുച്ചുവരാന്‍ അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന്‌ പ്രാര്‍‌ഥിക്കുന്നു...

യാത്രാമൊഴി ...

ഒരിക്കലും വറ്റാത്ത സംസമിന്റെ നാട്ടിലേക്ക്, ഒരിക്കലും ചീയാത്ത ഈത്തപ്പഴത്തിന്റെ നാട്ടിലേക്കു, ഒട്ടും തളരാതെ നടന്നു നീങ്ങുന്ന ഒട്ടകക്കൂട്ടങ്ങളുടെ താഴ്‌വരയിലേക്ക്, ലബ്ബൈകല്ലാഹ് എന്ന തൽബിയത്തിന്റെ  ആരവം മുഴങ്ങുന്ന  മക്കാനഗരിയിലേക്ക്, ഇന്നോളം വിളക്കണഞ്ഞിട്ടില്ലാത്ത മസ്‌ജിദുല്‍ ഹറാമിന്റെ അകത്തളത്തിലേക്കു, സർവ്വോപരി ഭൂമദ്ധ്യബിന്ദുവിൽ നാഥന്റെ പ്രഥമ ഭവനമായി പണികഴിക്കപ്പെട്ട  തൗഹീദിന്റെ  പ്രഭാ കേന്ദ്രമായ  വിശുദ്ധ കഅബാ മന്ദിരത്തിലേക്ക്.....

നിങ്ങളുടെ ഈ വിനീതനായ ഞാൻ അല്ലാഹുവിനാൽ ക്ഷണിക്കപ്പെട്ട അതിഥിയായിക്കൊണ്ട് യാത്ര പുറപ്പെടുകയാണ്.

മുത്ത് റസൂലിന്റെ റൗളാ ശരീഫും ജന്നത്തുൽ ബഖിഅയും ബദറിന്റെ രണഭൂമിയും ഉഹ്ദിന്റെ മലമടക്കുകളും ഖുബാമസ്‌ജിദും എല്ലാമെല്ലാം കൺകുളിർക്കെ കാണാനുള്ള ആർത്തിയോടെ.....

ഞാൻ പുറപ്പെടുകയാണ്.

ഇൻശാഅല്ലാഹ്... ഈ മാസം 30 നാണ്‌ നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനയാത്ര.പ്രാർത്ഥനയിലുണ്ടവണേ.....

എന്റെ ഇടപെടലുകളിൽ ഇടപാടുകളില്‍  അരോചകമായി വല്ലതും വന്ന് പോയിയിട്ടുണ്ടെങ്കിൽ  പൊരുത്തപ്പെട്ടു തരണേ.

സ്നേഹ ബാഷ്‌പങ്ങളോടെ 

നിങ്ങളുടെ

അബ്‌ദുറഹ്‌മാൻ,

കേലാണ്ടത്ത്.

99618 99185

22-05-25

=============











സലാം.....


ഞാൻ തിരിച്ചു വരികയാണ്. നിങ്ങളോടെല്ലാം അന്ന് യാത്ര പറഞ്ഞല്ലേ പോന്നത്.എന്റെ ആത്മാവിനെ നേരിൽ കാണാനായി ഇവിടേക്ക് പോന്നതായിരുന്നു. 4000 സംവത്സരങ്ങളുടെ തരംഗ ദൈർഘ്യമുള്ള ഒരു വിളിപ്പുറത്തായിരുന്നു ആ പുറപ്പെടൽ. അതോടെ ഞാനെന്റെ വേരുകൾ തേടുകയായിരുന്നു.എന്റെ പൈതൃകം ഇബ്രാഹീമീ കുടുംബത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

കഅബാ മന്ദിരം എന്നെ വരവേറ്റു. മത്താഫിന്റെ പ്രതലം എനിക്ക് മസ്തിഷ്കം വരെ കുളിരേകി.സംസം എന്റെ ധമനികളിൽ നിർവൃതികളോടെ ഒഴുകികൊണ്ടേയിരുന്നു. സഫാ മർവക്കിടയിലെ പ്രയാണം എന്നെ ചരിത്രത്തിന്റെ നാൾ വഴികളിലേക്കാനയിച്ചു.171 രാഷ്ട്രങ്ങളിൽ നിന്നായി പ്രവഹിച്ച  ജനസാഗരത്തിൽ ഞാനും ഒരു തുള്ളിയായി ലയിച്ചു.  ഇരു ഹറമുകളിലും എനിക്കെന്റെ നെറ്റിത്തടം പതിച്ചു വെക്കാനായി. 

ചരിത്രം ഉറങ്ങുകയല്ല എഴുന്നേറ്റിരിക്കുന്ന ഓരോ കേന്ദ്രങ്ങളിലും നടന്നു നടന്നു കരഞ്ഞു. ഇടനെഞ്ചു പിടഞ്ഞു കൊണ്ടുള്ള ഹാജറ ബീവിയുടെ നെട്ടോട്ടം എന്റെ ആന്തരാത്മാവിനെ വിയർപ്പിൽ നനയിച്ചു. 

ഓ, അത്ഭുതം തന്നെ !

വ്യത്യസ്ത രൂപഭാവങ്ങളുള്ള, വ്യത്യസ്ത സംസ്കാരങ്ങളുള്ള വിഭിന്നങ്ങളായ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യങ്ങളുടെ വേഷങ്ങളണിഞ്ഞ ജനലക്ഷങ്ങളുടെ കണ്ണുകളിലെ നോവും വേവും ആശയും പ്രതീക്ഷയും നേരിട്ട് കാണാനായി.സർവ്വോപരി എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയ ആതിഥേയനായ അള്ളാഹു മാന്യമായി തന്നെ എന്നെ സൽകരിച്ചു. ആ പുളകത്തിൽ കൃതജ്ഞതയാലെന്റെ  കൺ തടം നിറഞ്ഞൊഴുകി.

വാമൊഴി കൊണ്ടും വരമൊഴി കൊണ്ടും അനുഭവത്തിന്റെ തീവ്രത ആർക്കും പ്രതിഫലിപ്പിക്കാൻ കഴിയില്ല.നിങ്ങൾ വന്നനുഭവിക്കുക തന്നെ വേണമെന്നെ ഉണർത്താനുള്ളൂ.അത് പോലെ മക്കയുടെ ഭക്തി സാന്ദ്രതയും മദീനയുടെ ആത്മീയ സൗന്ദര്യവും  ഒരു പേന കൊണ്ടും എഴുതി തീർക്കാവുന്നതല്ല കൂട്ടുകാരെ. നിങ്ങൾ വേഗം വസ്‌ത്രം മാറ്റുക. ഈ മണ്ണിനെ ചുംബിക്കാൻ നിങ്ങളുടെ യവ്വനത്തിൽ തന്നെ പാഞ്ഞെത്തുക.ഞാൻ എന്തൊന്ന് ഇവിടുന്നു പൊറുക്കി എടുത്തുവോ അവയുടെ കാലുറപ്പിനായി ഇനിയും നിങ്ങൾ പ്രാർത്ഥിക്കുക. നന്മ നേർന്നു കൊണ്ട്....


അബ്ദുൽ റഹ്‌മാൻ, പാടൂർ.

===========

===========

10.07.2025