വേനലവധിക്കാലങ്ങളില്‍ നാട്ടില്‍ ഉണ്ടാകാറാണ് പതിവ്.പതിവുകള്‍ ചിലപ്പോഴൊക്കെ മാറിമറിയാറുണ്ട്.കുടുംബം ദോഹക്ക് പോന്നു.മധ്യേഷ്യന്‍ സംഭവവികാസങ്ങള്‍ നേര്‍ക്കു നേര്‍ ഇറാനിലേക്ക് കൂടെ പടര്‍ന്ന സാഹചര്യം. ലോക പൊലീസിന്റെ മേഖലയിലെ നിറസാന്നിധ്യം - കളം മറിച്ചിലുകള്‍.ആക്രമണ പ്രത്യക്രമണങ്ങള്‍.വല്യേട്ടന്റെ മേഖലയിലെ താവളങ്ങള്‍ ഇറാന്‍ ഉന്നം വെക്കുമെന്ന വാര്‍ത്തകള്‍.വിപുലമായ താവളങ്ങളിലൊന്ന് ഖത്തറിലാണെങ്കിലും പ്രത്യാക്രമണ സാധ്യത കുറവാണെന്ന വിലയിരുത്തലുകളില്‍ സമാശ്വസിക്കുകയായിരുന്നു. വാര്‍ത്തകളുടെ മലവെള്ളപ്പാച്ചില്‍.
ജൂണ്‍ 23 വൈകുന്നേരം ഖത്തര്‍ വ്യോമപാത താല്‍ക്കാലികമായി അടക്കുന്നു എന്ന വാര്‍ത്ത.ഒപ്പം ഇന്ത്യയടക്കമുള്ള വിദേശ എമ്പസികളുടെ ജാഗ്രതാനിര്‍ദേശം.സുഖകരമല്ലാത്തത് എന്തൊക്കെയൊ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചന.പ്രാദേശിക കൂട്ടായ്‌മയുടെ തീരുമാനിക്കപ്പെട്ട പ്രവര്‍ത്തക സമിതി മാറ്റിവെക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യഥാസമയം സിറ്റിയില്‍ എത്തി.
വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരായി ആകാശക്കാഴ്‌ച കാണുകയായിരുന്നു.അഥവാ അല്‍ഉദൈദ് താവളം ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ പാഞ്ഞെത്തുന്നതും നിര്‍വിര്യമാക്കപ്പെടുന്നതും കണ്ടും പകര്‍ത്തിയും നില്‍ക്കുന്ന കാഴ്‌ചയില്‍ ഞാനും പങ്കുചേര്‍ന്നു. ആദ്യമാദ്യം പരിഭാന്തിയായിരുന്നുവെങ്കിലും പിന്നീട് ആസ്വാദ്യകരമായ ആകാശക്കാഴ്ചയയായി പരിണമിച്ചതു പോലെ തോന്നി.തുരുതുരെ തൊടുത്തുവിട്ട മിസൈലുകള്‍ ഒന്നൊഴികെ എല്ലാം നിര്‍വീര്യമാക്കാന്‍ കഴിഞ്ഞു എന്ന വാര്‍ത്ത താമസിയാതെ കേള്‍ക്കാന്‍ കഴിഞ്ഞു.
യഥാസമയം ഖത്തറിന്റെ വ്യോമ പാത അടക്കാന്‍ കഴിഞ്ഞതുകൊണ്ടും ഒന്നൊഴികെ എല്ലാം നിര്‍വീര്യമാക്കാന്‍ സാധിച്ചതുകൊണ്ടും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു എന്നു സാരം.വലിയ പ്രഹര ശേഷിയുള്ള മിസൈലുകള്‍ നിര്‍വീര്യമാക്കുന്നതിന്റെയും നിലത്ത് പതിച്ചതിന്റെയും ശബ്‌ദം ദോഹ നഗരത്തില്‍ ഒരുവിധം എല്ലായിടത്തും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ആകാശക്കാഴ്‌ച ഖത്തറില്‍ എല്ലായിടത്തും ദര്‍ശിക്കാനും സാധിച്ചിരുന്നുവത്രെ.