തൊണ്ണൂറുകളുടെ അവസാനം മുതലാണ് മീഡിയകളുടെ വളര്‍ച്ചക്ക് അതിശീഘ്രം തിരികൊളുത്തപ്പെട്ടത്. പൊതുവേദികളും ഒത്തു ചേരലുകളും ഒരു ഉത്സവ പ്രതീതിയോടെയായിരുന്നു പ്രവാസികള്‍ ആഘോഷിച്ചിരുന്നത്.
വര്‍ത്തമാനകാലത്തിരുന്ന് തിരിഞ്ഞു നോക്കുമ്പോള്‍,പരസ്‌പര സ്നേഹ സൗഹാര്‍ദ്ദ ബന്ധങ്ങളുടെ തെളിമയും തനിമയും നിറഞ്ഞ സമ്പന്നമായ കാലം ഒരു പഴങ്കഥയായി മാറിയിരിക്കുന്നു.
എമ്പതുകളിലും തൊണ്ണൂറുകളിലും സി.ഐ.സിയുടെ കലാസാഹിത്യ സര്‍ഗാത്മകതയുടെ മുഖം എല്ലാ അര്‍ഥത്തിലും നിറഞ്ഞു നിന്ന നാളുകളായിരുന്നു.
എസ്.എ.എം ബഷീറിന്റെ നേതൃത്വത്തില്‍ സഹൃദയരായ കലാകാരന്മാരുടെ സംഗമ വേദിയായി ഐ.സി.ആര്‍.സി പൂത്തുലഞ്ഞ് നിന്ന അവിസ്‌മരണീയ കാലം ഗൃഹാതുരതയോടെ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.
അഡ്വ.ഖാലിദ് അറക്കല്‍ എ.വി.എം ഉണ്ണി കൂട്ടു കെട്ടില്‍ ഒട്ടനവധി നാടകങ്ങള്‍ അരങ്ങ് തകര്‍ത്ത കലാകാലം.
അറക്കല്‍ ഖാലിദിന്റെ ദോഹയില്‍ അരങ്ങേറിയ ഒട്ടേറെ നാടകങ്ങളിലെ ഗാന രചന മഞ്ഞിയില്‍ തൂലികയില്‍ നിന്നായിരുന്നു.ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ ഐ.സി.ആര്‍.സി കലാകാരന്മാരില്‍ എടുത്ത് പറയാവുന്ന പ്രതിഭകളില്‍ ഒരാളായിരുന്നു വിനയാന്വിതനായ ഖാലിദ് വടകര.ഭൂമി അറിയാതെ നടന്നു പോകുന്ന നിഷ്‌കളങ്കനായ കലാകാരന്‍.സൗമ്യനായ ഖാലിദ് വിടപറഞ്ഞ വാര്‍ത്ത ഏറെ വേദനയോടെയായിരുന്നു വായിച്ചത്.
ഖാലിദ് വടകരയുടെ സ്‌മരണാര്‍ഥം ഇശല്‍മാല ഖത്തര്‍ ഒരു സംഗീത മെഹ്‌ഫില്‍ സംഘടിപ്പിച്ചിരുന്നു.പ്രസ്‌തുത വേദിയില്‍ നിറഞ്ഞ് നിന്ന താരമായിരുന്നു സ്‌നേഹസമ്പന്നനായ ഗായകന്‍ മശ്‌ഹൂദ് തങ്ങള്‍.
തൊണ്ണൂറുകളില്‍ അറക്കല്‍ ഖാലിദ് എ.വി.എം കൂട്ടുകെട്ടില്‍ അരങ്ങിലെത്തിയ ഇടത്താവളം എന്ന നാടകത്തിലെ ആഴിക്കടിയിലെ ചിപ്പിയാണ് ഞാന്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ഖാലിദ് വടകരയായിരുന്നു. ഈ ഗാനത്തിന്റെ ആദ്യഭാഗം അനുസ്‌മരണ വേദിയില്‍ പ്രിയപ്പെട്ട തങ്ങളുടെ ശബ്‌ദത്തില്‍ പുനര്‍ജനിച്ചപ്പോള്‍ മനസ്സിലൂടെ മിന്നിമറഞ്ഞ വികാരവായ്‌പുകള്‍ പകര്‍ത്താന്‍ സാധിക്കുകയില്ല.
പ്രിയ സുഹൃത്ത് സുബൈര്‍ വെള്ളിയോടായിരുന്നു വീഡിയോ അയച്ചു തന്നത്. താമസിയതെ മശ്‌ഹൂദ് തങ്ങളെ ടല്‍ഫോണിലൂടെ ബന്ധപ്പെട്ടു കേട്ടുമുട്ടലിനപ്പുറം കണ്ടുമുട്ടല്‍ അനിവാര്യമാണെന്ന അഭിപ്രായം അറിയിച്ചു.
കഴിഞ്ഞ ദിവസം അനുഗ്രഹീത ഗായകന്‍ മശ്‌ഹൂദ് തങ്ങളും സുഹൃത്തുക്കള്‍ ജിപി കുഞ്ഞബ്‌ദുല്ല,ഫാരിഷ് കുറ്റിച്ചിറ,സുബൈര്‍ വെള്ളിയോട് തുടങ്ങിയവര്‍ വൈകീട്ട് ദോഹയിലെ വീട്ടിലെത്തി.ദീര്‍ഘനേരമുള്ള സമാഗമം ഏറെ ഹൃദ്യവും അവിസ്‌മരണീയവുമായിരുന്നു.
മഞ്ഞു തുള്ളികള്‍ കവിതാസമാഹാരം ഓരോ താളും മറിച്ചു നോക്കിയിരിക്കേ കവിതകളെ കുറിച്ചും സംഗീതത്തെ കുറിച്ചും ഒക്കെയുള്ള വര്‍ത്തമാനങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടു.കവിതാ സമാഹാരത്തിലെ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട ചില കവിതകള്‍ സവിസ്‌തരം ചര്‍ച്ച ചെയ്‌തു.
അലിഫ് ലാം മീം എന്ന ശ്രദ്ദേയമായ കവിതയുടെ ഒരു വായന കേട്ടു കഴിഞ്ഞ ഉടനെ പ്രിയപ്പെട്ട തങ്ങള്‍ സംഗീത ലോകത്തേക്ക് ആനയിക്കപ്പെട്ടതുപോലെ ഗനഘംഭീര ശബ്‌ദത്തില്‍ ഒന്നു മൂളാന്‍ തുടങ്ങി .....ഹൃദയ സ്‌പര്‍ശിയായ ഒരു സ്വരം.ഫാരിഷ് തന്റെ മൊബൈലില്‍ രാഗമൊപ്പിച്ചു കൊണ്ടിരിക്കേ അലിഫ് ലാം മീം അക്ഷരാര്‍ഥത്തില്‍ പെയ്‌തിറങ്ങി.
തിരകളൊടുങ്ങാത്ത തീരത്തിരിക്കുമ്പോള്‍ ഗായകരെങ്ങിനെ മൂളാതിരിക്കും എന്ന കവിതയും മൂളാതിരിക്കാനാവില്ല എന്ന് പറഞ്ഞ് അദ്ദേഹം പാടിത്തകര്‍ത്തു.പ്രവാചകപ്പെരുമയും ചരിത്രഗാഥകളും സയണിസത്തിന്റെ ക്രൂരമായ തമാശകളും തുടങ്ങി വര്‍ത്തമാന ലോക വിശേഷങ്ങളും ഒക്കെ ഇടകലര്‍ന്ന കവിതാ സമാഹാരം അദ്ദേഹം നെഞ്ചോട് ചേര്‍ത്തു.
കവിതകളും സാഹിത്യ രചനാ കൗതുകങ്ങളും ആശയ വൈവിധ്യങ്ങളും അതിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങളും ഇമ്പമാര്‍ന്ന ഓര്‍മകളും പരസ്‌പരം പങ്കുവെച്ചു.
പുതിയൊരു സംഗീത ആല്‍ബം എന്ന ആശയത്തെ സാര്‍ഥകമാക്കാനുള്ള സാധ്യതയും സാധുതയും പ്രിയഗായകന്‍ ഓര്‍മിപ്പിച്ചു.
ഉമ്മയെ കുറിച്ച് വിമല്‍ വാസുദേവ് ശബ്‌ദം നല്‍കി പൊലിപ്പിച്ച കവിത കവിയുടെ ശബ്‌ദത്തില്‍ ആസ്വദിച്ചാണ് കൂടിയിരുത്തം ഒരുവിധത്തില്‍ സമാപിച്ചത്.പുതിയ കാലത്തെ ഓണ്‍ലൈന്‍ ക്രിത്രിമങ്ങള്‍ക്കപ്പുറം ഇതുപോലുള്ള സഹവാസത്തിന്റെ അനിവാര്യത എല്ലാവരും എടുത്ത് പറഞ്ഞു.
ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചാണ് പിരിഞ്ഞത്.
സാഹിത്യചര്‍ച്ചകളിലും കവിയരങ്ങുകളിലും മെഹ്‌ഫിലുകളിലും ഒക്കെ പങ്കെടുക്കാറുണ്ടെങ്കിലും മറക്കാനാകാത്ത അനുഭവമായിരുന്നു കഴിഞ്ഞ ദിവസത്തെ സായാഹ്നം എന്ന് ഹൃദയം തൊട്ട് പറഞ്ഞ ശബ്‌ദ സന്ദേശത്തെ സന്തോഷത്തോടെ സ്വികരിച്ചു കൊണ്ട് മറ്റൊരു സുവര്‍ണാവസരത്തെ പ്രതീക്ഷിച്ച് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു സായാഹ്നം സമ്മാനിച്ച നാഥനെ സ്‌തുതിച്ചു കൊണ്ട് ചുരുക്കുന്നു.
===========
അസീസ് മഞ്ഞിയില്‍