Friday, February 1, 2019

ശുഷ്‌കാന്ധത

എന്റെ കണ്ണുകള്‍ക്ക്‌ ഇടയ്‌ക്ക്‌ ബാധിക്കാറുള്ള ശുഷ്‌കാന്ധത ബാധിച്ചു വിശ്രമത്തിലായിരുന്നു. പ്രതിവിധിയായി തര്‍പ്പണം ചികിത്സയ്‌ക്ക്‌ വിധേയനായി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.അഥവാ ഔഷധയോഗ്യമായ നെയ്യ്‌ നിശ്‌ചിത അളവില്‍ നേത്രഗോളത്തിന്മേല്‍ നിര്‍ത്തുന്ന ചികിത്സ.തുടര്‍ച്ചയായി വായിക്കുന്നവരിലും ഇലക്ട്രോണിക് മീഡിയകള്‍ ഉപയോഗിക്കുന്നവരിലും കാണപ്പെടുന്നതാണ്‌ ശുഷ്‌കാന്ധത.

രണ്ടാഴ്‌ച നീണ്ടു നിന്ന തര്‍‌പ്പണം എന്ന നേത്ര ചികിത്സയില്‍ സകല കാഴ്‌ച്ചകളും നിഷേധിക്കപ്പെട്ടിരുന്നു.മനോഹരമായ പ്രകൃതിയുടെ മുടിയിഴപോലും കാണാനാകുമായിരുന്നില്ല.നല്ല പാതിയുടെ വിശ്രമമില്ലാത്ത പരിചരണം.ദൈനം ദിന ചര്യകള്‍ എല്ലാം തകിടം മറിഞ്ഞ കാലം.പത്ര വാര്‍‌ത്തകള്‍ ഹിബ മോള്‍ വായിച്ചു തരും.മറ്റു വിശേഷങ്ങളുമായി അമീന മോള്‍ വരും.സാമൂഹിക മാധ്യമങ്ങളിലെ വാര്‍‌ത്താധിഷ്‌ടിത ചര്‍‌ച്ചകളും വരികള്‍‌ക്കിടയിലെ വായനകളും വിലയിരുത്തലുകളുമായി മക്കള്‍ ഉണ്ടാകും.നിശ്ചിത സമയങ്ങളില്‍ വിശുദ്ധ വചനങ്ങളുടെ പാരായണ റെക്കാര്‍‌ഡുകള്‍ ക്രമമനുസരിച്ച് കേള്‍‌പ്പിക്കാനുള്ള ഉത്തരവാദിത്തവും മക്കള്‍‌ക്കായിരുന്നു.അതിനാല്‍ ചികിത്സ കഴിയുന്നതോടെ വിശുദ്ധ വേദം പൂര്‍‌ണ്ണമായും അര്‍‌ഥ സഹിതം ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ചു.നിഷ്‌ഠയോടെയുള്ള ചികിത്സ നല്ല ഫലം കാണിക്കുന്നുണ്ട്‌.

സോഷ്യല്‍ മീഡിയ കുറച്ചുകാലം ഭാഗികമായും പിന്നെ പര സഹായത്താലും പരിചരിച്ചിരുന്നു.ഇടക്കാലത്ത് വെച്ച് പൂര്‍‌ണ്ണമായും വിരാമമിടാന്‍ നിര്‍‌ബന്ധിതനായി.വീണ്ടും മുഖ പുസ്‌തകത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു.പരിചരിക്കാനും പകരക്കാരാകാനും സഹായികളുള്ളതിനാല്‍ എന്തിനു പേടിക്കണം.പ്രാര്‍‌ഥിച്ചവര്‍‌ക്കും പ്രതികരിച്ചവര്‍‌ക്കും നന്ദി.ദൈവത്തിനാണ്‌ സര്‍‌വ്വ സ്‌തുതിയും.