മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നു. തീര്‍ച്ചയായും മാതാപിതാക്കള്‍ക്കും ബന്ധു മിത്രാധികള്‍ക്കും സന്തോഷദായക വര്‍ത്തമാനം. കരുണാവാരിധിയായ തമ്പുരാന്‍ അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ 30 ദിവസം മാത്രമേ ഇനി ഈ സുദിനം യാഥാര്‍ഥ്യമാകന്‍ കാത്തിരിക്കേണ്ടതുള്ളൂ.ഡിസംബര്‍ 15 നാണ് വിവാഹം.
സ്‌നേഹ നിധിയായ ഉമ്മ വിടപറഞ്ഞിട്ട് വര്‍ഷം പിന്നിട്ടു.ഓര്‍മ്മകളുടെ തീരങ്ങളില്‍ തിരമാലകള്‍ ഒന്നൊന്നായി പതഞ്ഞടുക്കുകയാണ്.ഓളങ്ങള്‍ കലപില കൂട്ടുന്ന തീരങ്ങളില്‍ കുത്തിക്കുറിക്കപ്പെടുന്നതൊക്കെ മായ്‌ച്ചുകളയാനെന്ന പോലെ തിരകള്‍ നിലക്കുന്നില്ല.ഒന്നിനു പുറകെ ഒന്നായി കരഞ്ഞു കലങ്ങി പിണങ്ങിപ്പിരിയും പോലെ വീണ്ടും അണയും പോലെയും.
കല്യാണത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായി വീടൊന്നു ലളിതമായി മോടി പിടിപ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.വീടും പരിസരവും ശുചിയാക്കുന്നതിലും പരിപാലിക്കുന്നതിലും സദാ ജാഗ്രതയുള്ള വീടര്‍ വീട്ടിലുള്ളതിനാല്‍ കൂട്ടിനുള്ളതിനാല്‍ വലിയ തോതിലുള്ള പണികളൊന്നും ഇല്ല എന്നതാണ് ശരി.എന്നിരുന്നാലും ഒരുങ്ങുകയാണ്.മതിലും പടിവാതിലും തുടച്ചു മിനുക്കുകയും നിറം കൊടുക്കുകയും ചെയ്യുന്ന ജോലി നടന്നു കൊണ്ടിരിക്കുന്നു.ഞാന്‍ വരാന്തയില്‍ കമ്പ്യൂട്ടര്‍ കീബോഡില്‍ വിരലുകള്‍ സദാ ചലിപ്പിച്ചും പണികള്‍ നിരീക്ഷിച്ചും ഇരിക്കുകയാണ്.കൂട്ടത്തില്‍ സഹോദരിമാരെ ഓരോരുത്തരേയും മാറി മാറി വിളിക്കും.പരസ്‌പരമുള്ള സംഭാഷണത്തില്‍ ഒരേ ഈണം ഒരേതാളം.ഒന്നുമില്ല പ്രത്യേകിച്ചൊന്നും ഇല്ല വെറുതെ...സംഭാഷണം അങ്ങിനെയാണെങ്കിലും ഒന്നും വെറുതെയല്ല എന്നതാണ് യാഥാര്‍ഥ്യം.
കുറേ കഴിയുമ്പോള്‍ ഇടതു ഭാഗത്തേക്കൊന്നു നോക്കും.ഉമ്മ എന്തോ പറഞ്ഞതു പോലെ.അല്ല പറയുന്നതു പോലെ.ഉമ്മ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.ഞാന്‍ കേള്‍ക്കുന്നുമുണ്ട്. ഇതെഴുതുമ്പോഴും ഉമ്മ പറയുകയാണ്.പള്ളിയില്‍ വിവരം അറിയിക്കുന്നതിനെ കുറിച്ച്,ഭക്ഷണം ഏല്‍പ്പിക്കുന്നതിനെ കുറിച്ച്,കല്യാണക്കത്തിനെ കുറിച്ച്,നാട്ടു കാരണവന്മാരേയും വീട്ടുകാരണവന്മാരേയും കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനെ കുറിച്ച് കല്യാണ ദിവസത്തെ കുറിച്ചും തലേന്നാളിനെ കുറിച്ചും എല്ലാം ഉമ്മ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.പടിയിറങ്ങാന്‍ പ്രയാസപ്പെട്ടാണെങ്കിലും ഒരു വിധം ഇറങ്ങി വീട്ടു പടി വരെ വന്നു നിന്നു കൊണ്ട് പണികളും പണിക്കാരെയും നോക്കുകയും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.അതെല്ലാം അവര്‍ക്കറിയാമെന്ന എന്റെ വര്‍ത്തമാനം അത്ര പിടിക്കാതെ മുക്കി മൂളി തിരിച്ചു നടന്നു...ഇനി അന്‍ചൂന്റെ കാര്യം....ഇത് പറയുമ്പോള്‍ മുഖം വല്ലാതെ പ്രസന്നമാകുന്നുണ്ട്.
ഭാവിയും ഭൂതവും ചരിത്രവും മതവും വിശ്വാസവും നാട്ടു കാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം ഈ വരാന്തയിലെ ഇരുത്തത്തിലായിരുന്നു പങ്കു വെക്കപ്പെട്ടിരുന്നത്.ദിന ചര്യപോലെ പ്രഭാതത്തിലും പ്രദോഷത്തിലും.ഉമ്മ വിടപറഞ്ഞിട്ടും ഉമ്മയുണ്ടെന്ന പ്രതീതിയിലാണ് ദിന ചര്യകള്‍ നീങ്ങുന്നത്.
ഭാവിയും ഭൂതവും ചരിത്രവും മതവും വിശ്വാസവും നാട്ടു കാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം ഈ വരാന്തയിലെ ഇരുത്തത്തിലായിരുന്നു പങ്കു വെക്കപ്പെട്ടിരുന്നത്.ദിന ചര്യപോലെ പ്രഭാതത്തിലും പ്രദോഷത്തിലും.ഉമ്മ വിടപറഞ്ഞിട്ടും ഉമ്മയുണ്ടെന്ന പ്രതീതിയിലാണ് ദിന ചര്യകള്‍ നീങ്ങുന്നത്.
എന്റെ ഇടതു ഭാഗത്തെ കസേര ഇപ്പോള്‍ ശൂന്യമല്ല.ശുഭ്ര വസ്ത്ര ധാരിയായ ഉമ്മ എന്നോടൊപ്പമുണ്ട്.എഴുത്ത് നിര്‍ത്തി ഞാന്‍ എഴുന്നേല്‍ക്കുകയാണ്.വെറുതെ ഒന്നു മുഖം കഴുകാന്‍.
അതെ വെറുതെ....വെറുതെ..........ഞാന്‍ പറഞ്ഞല്ലോ.സത്യത്തില്‍ ഒന്നും വെറുതെയല്ല.വെറുതെയാകുകയും അരുത്.
പ്രാര്‍ഥന പ്രാര്‍ഥന മാത്രം കരുണാമയനായ രക്ഷിതാവിന്റെ കരുണാകടാക്ഷത്തിനായുള്ള പ്രാര്‍ഥന.ജീവിക്കുന്നവരുടെ സൗഭാഗ്യത്തിനു വേണ്ടി.മണ്‍ മറഞ്ഞവരുടെ പരലോക ശാന്തിയ്‌ക്ക് വേണ്ടി ...
മഞ്ഞിയില്‍