ജൂണ്‍ 4 ഇഫ്‌ത്വാറിനു ശേഷം കൃത്യ നിര്‍വഹണവുമായി ബന്ധപ്പെട്ട് പേള്‍ ഖത്തറില്‍ പോകേണ്ടതുണ്ടായിരുന്നു.റമദാന്‍ 30 തികച്ച് ജൂണ്‍ 6 നായിരിയ്‌ക്കും ഖത്തറില്‍ ഈദ് എന്ന മുന്‍ധാരണയുടെ ബലത്തില്‍ സഹ പ്രവര്‍ത്തകരുമായി സംഭാഷണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ ടലഫോണ്‍ സന്ദേശം.ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ ഒഴിച്ച് എല്ലായിടത്തും ജൂണ്‍ 5 ഈദുല്‍ ഫിത്വര്‍ പ്രഖ്യാപിച്ചിരിക്കുന്നു.ഓഫിസുമായി ബന്ധപ്പെട്ട ചില ഫോണ്‍ റിങുകള്‍ക്ക് ശേഷം വീട്ടിലേക്കും ഹിബമോള്‍ക്കും ഷാമിലാക്കും വിളിച്ച് സന്ദേശം കൈമാറി.മിനിറ്റുകള്‍ക്കകം എല്ലാവരും എല്ലാം അറിയുന്ന കാലത്തെ കുറിച്ച് ഒരു നിമിഷം വെറുതെ ഓര്‍ത്തു പോയി.
പെരുന്നാള്‍ നമസ്‌കാരം കാലത്ത് 5 മണിയ്‌ക്കായിരിയ്‌ക്കും എന്ന് ഔഖാഫ് മന്ത്രാലയത്തിന്റെ അറിയിപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു.ഖത്തറിലെ വിവിധ ഈദ് മുസ്വല്ലകളില്‍ പെരുന്നാള്‍ ഖുത്വുബയുടെ പരിഭാഷയുള്ള കേന്ദ്രങ്ങളെ കുറിച്ചും വാര്‍ത്തകളില്‍ നിന്നും അറിഞ്ഞിരുന്നു.തദനുസാരം മാള്‍ സിഗ്‌നലിനടുത്തുള്ള ഈദ് ഗാഹിലായിരുന്നു പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.പൊന്നാനി ഉസ്‌മാന്‍ക്കയും റഫീഖും ഞാനും ഒരുമിച്ചായിരുന്നു പോയത്.സി.ഐ.സി ദോഹ സോണ്‍ അധ്യക്ഷന്‍ അസൈനാര്‍ സാഹിബായിരുന്നു പരിഭാഷകന്‍.
താമസ സ്ഥലത്ത് തിരിച്ചെത്തി വിസ്‌തരിച്ചൊരു പ്രാതല്‍ കഴിഞ്ഞ് വീണ്ടും വീട്ടിലും നാട്ടിലുമുള്ള ബന്ധുക്കളുമായി സംസാരിച്ചു.ഹിബമോളും ഷമീര്‍ മോനും ഉച്ചക്ക് മുമ്പ് 'ഉദയത്തില്‍' എത്താമെന്ന് പറഞ്ഞിരുന്നു.മധ്യാഹ്ന നമസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും മക്കളും എത്തിയിരുന്നു.പിന്നെ വീഡിയോ കോള്‍ വഴി വീട്ടിലേയ്‌ക്ക് വിളിച്ചു ആശംസകള്‍ മുഖാമുഖം കൈമാറി.നോമ്പും നോറ്റിരിക്കുന്നവരും പെരുന്നാളാഘോഷിക്കുന്നവരും തമ്മിലുള്ള ആശംസാ കൈമാറ്റത്തിന്റെ തിളക്കക്കുറവ് ഉണ്ടാകാതിരുന്നില്ല.ഒപ്പം അക്കരെ ഇക്കരെ എന്ന യാഥാര്‍ഥ്യത്തിന്റെയും.
റഫിക്കയും സുഹൈല്‍ക്കയും ഉച്ച ഭക്ഷണത്തിനുള്ള തയാറെടുപ്പുകളുടെ തിരിക്കുകള്‍ ഒരു പെരുന്നാള്‍ പശ്ചാത്തലം നല്‍കുന്നുണ്ടായിരുന്നു.
ഡൈനിങ് ടേബിളില്‍ ഒതുങ്ങുന്നതിലും അധികം പേര്‍ എന്നതിനാലും ഞാനും മക്കളും ഒരുമിച്ചിരിക്കുക എന്നതിനാലും ഞങ്ങള്‍ക്ക് സിറ്റിങ് റൂമിലായിരുന്നു വിളമ്പിയത്.
ഉസ്‌മാന്‍,കുഞ്ഞുമോന്‍,സുഹൈല്‍,റമീസ്,ഫര്‍ഹാന്‍,റഫീഖ്,മുബാറക് ഡൈനിങില്‍ ഇരിന്നു.ഫിറോസും,അനസും പുറത്തായിരുന്നു.അബ്‌ദുല്‍ കരീം,ഷാജഹാന്‍, നിസാര്‍, ഷറഫു തുടങ്ങിയവര്‍ അവധിയിലുമാണ്.
ഭക്ഷണത്തിനു ശേഷം അല്‍പം മാത്രം വിശ്രമിച്ച് പുറത്തിറങ്ങി.'ഉദയം' താമസസ്ഥലത്തിന്റെ തൊട്ടടുത്താണ് ദോഹ അല്‍ ജദീദ് മെട്രോ സ്‌റ്റേഷന്‍.തെക്ക് വക്ര മുതല്‍ വടക്ക് കിഴക്ക് അല്‍ ഖസര്‍ വരെ ഏകദേശം 30 കിലോമീറ്ററിലധികം ദൂരം മെട്രോ ആഴ്‌ചകള്‍ക്ക് മുമ്പാണ് സേവനം ആരംഭിച്ചത്.
അല്‍ ഖസര്‍ വരെ ട്രൈനിലും തുടര്‍ന്ന് ഫീഡര്‍ സര്‍വിസുകള്‍ വഴി തൊട്ടടുത്ത കടലോര കൗതുകങ്ങളും സന്ദര്‍ശിക്കാനുറച്ച് യാത്ര പുറപ്പെട്ടു.ഇപ്പോള്‍ 13 സ്റ്റേഷനുകളിലൂടെയാണ് ദോഹ മെട്രാ കടന്നുപോകുന്നത്. അൽ ഖസർ, ഡി.ഇ.സി.സി, ക്യു.ഐ.സി വെസ്റ്റ് ബേ, കോർണിഷ്, അൽബിദ (ഇൻറർചേഞ്ച് സ്റ്റേഷൻ), മുശൈരിബ് (ഇൻറർചേഞ്ച് സ്റ്റേഷൻ), അൽ ദോഹ അൽ ജദീദ, ഉമ്മു ഗ്വാളിന, അൽ മതാർ അൽ ഖദീം, ഉഖ്ബ ഇബ്ൻ നഫീ, ഫ്രീ സോൺ, റാസ്ബു ഫന്റാസ്, അൽ വഖ്റ എന്നിവയാണ് ഈ സ്റ്റേഷനുകൾ.ലുസൈൽ, ഖത്തർ യൂനിവേഴ്സിറ്റി, ലെഗ്തൈഫിയ, കതാറ എന്നീ സ്‌റ്റേഷനുകളും താമസിയാതെ തുറക്കുമത്രെ.
സ്റ്റാന്‍ടേര്‍ഡ് യാത്രാ നിരക്ക് 2 രിയാലാണ്.ഗോള്‍ഡന്‍ ക്ലബ്ബ് യാത്രാ നിരക്ക് 10 രിയാലും.6 രിയാല്‍ ഡേ പാസ് എടുത്താല്‍ ഒരു ദിവസത്തെ എത്ര യാതയും ആവാം.30 രിയാല്‍ ഡേ പാസ് എടുത്താല്‍ ഗോള്‍ഡന്‍ കോച്ചിലുള്ള ഒരു ദിവസത്തെ മുഴുവന്‍ യാത്രയ്‌ക്കും അതു മതിയാകും.ഇടക്കിടെ പാസ് എടുക്കുന്നതിനു പകരം റീചാര്‍ജ് ചെയ്യാവുന്ന യാത്രാ പാസുകളും ലഭ്യമാണ്.ഇലക്‌ട്രോണിക് വാതിലുകള്‍ എന്ന കടമ്പ കടക്കാന്‍ പാസ്സ് അനിവാര്യമാണ്.അതിനാല്‍ താല്‍കാലിക പാസ്സ് എടുക്കുന്നവര്‍ യാത്രാവസാനം വരെ പാസ്സ് സൂക്ഷിച്ചിരിക്കണം.ഒരു പരീക്ഷണ സര്‍വീസാണ് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുള്ളത്.ഇനിയും പുതിയ ലൈനുകളും സ്‌റ്റേഷനുകളും ബന്ധിപ്പിച്ച മെട്രോ സര്‍വീസുകള്‍ അധികം താമസിയാതെ പ്രതീക്ഷിക്കാം.
ഏകദേശം രണ്ട് മണിയോടെ ഞങ്ങള്‍ അല്‍ ഖസര്‍ സ്‌റ്റേഷനില്‍ ഇറങ്ങി.ഖത്തറിന് ഇങ്ങനേയും ഒരു മുഖമുണ്ടല്ലേ...മകള്‍ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.പുറത്തിറങ്ങിയപ്പോള്‍ ഫീഡര്‍ സര്‍വിസുകള്‍ യാത്രക്കാരെ പ്രതീക്ഷിച്ചിട്ടെന്നോണം കാത്തു നില്‍പുണ്ടായിരുന്നു.ആദ്യം കണ്ണില്‍ പെട്ട ബസ്സ് ഡ്രൈവറോട് എങ്ങോട്ട് എന്നന്വേഷിച്ചപ്പോള്‍.......
എവിടെയാണ് നിങ്ങള്‍ക്ക് പോകേണ്ടതെന്ന മറുചോദ്യമായിരുന്നു പ്രതികരണം. പ്രത്യേകിച്ചൊരിടവും ഇല്ല.ഒരു മെട്രോ യാത്രയും ഒപ്പം ഒരു സമയം പോക്കും മാത്രമാണെന്നു പറഞ്ഞപ്പോള്‍ 'എങ്കില്‍ കയറുക നമുക്കൊന്നു കറങ്ങാം' എന്ന് അയാളും.അങ്ങിനെ മരുഭൂ പ്രകൃതിയെ താലോലിച്ചൊഴുകുന്ന കടല്‍കരയില്‍ ഒരുക്കിയ കൃത്രിമ ഭംഗിയും ആസ്വദിച്ച് ഞങ്ങള്‍ ഒന്നു കറങ്ങി.അരമണിക്കൂറിലേറെ മന്ദം മന്ദം നീങ്ങിയ ആഢംബര വാഹനം തിരിച്ച് അല്‍ ഖസറിലെത്തി.
എവിടെയാണ് നിങ്ങള്‍ക്ക് പോകേണ്ടതെന്ന മറുചോദ്യമായിരുന്നു പ്രതികരണം. പ്രത്യേകിച്ചൊരിടവും ഇല്ല.ഒരു മെട്രോ യാത്രയും ഒപ്പം ഒരു സമയം പോക്കും മാത്രമാണെന്നു പറഞ്ഞപ്പോള്‍ 'എങ്കില്‍ കയറുക നമുക്കൊന്നു കറങ്ങാം' എന്ന് അയാളും.അങ്ങിനെ മരുഭൂ പ്രകൃതിയെ താലോലിച്ചൊഴുകുന്ന കടല്‍കരയില്‍ ഒരുക്കിയ കൃത്രിമ ഭംഗിയും ആസ്വദിച്ച് ഞങ്ങള്‍ ഒന്നു കറങ്ങി.അരമണിക്കൂറിലേറെ മന്ദം മന്ദം നീങ്ങിയ ആഢംബര വാഹനം തിരിച്ച് അല്‍ ഖസറിലെത്തി.
അല്‍ ഖസറില്‍ നിന്നും മെട്രോ യാത്ര.വക്രയാണ് ലക്ഷ്യം.തിരിച്ച് വീണ്ടും ദോഹജദിദും.സമയം വൈകും തോറും തിരക്ക് കൂടുന്നുണ്ടായിരുന്നു.വക്രയോടടുക്കും തോറും ടണല്‍ വഴിയുള്ള സഞ്ചാരത്തിന് മോക്ഷം കിട്ടിയിരുന്നു.കിഴക്കന്‍ ഉള്‍ക്കടല്‍ തിളച്ചു മറിയുന്നുണ്ട്.പുതിയ പദ്ധതി പ്രദേശങ്ങളും കാണാമായിരുന്നു.നാല് മണിയോടെ വക്ര സ്‌റ്റേഷനില്‍ ഇറങ്ങി.പുറത്ത് കടന്നു.ഫീഡര്‍ സര്‍വീസുകളുടെ വലിയ നിര തന്നെയുണ്ടായിരുന്നു.വക്ര സൂഖ് ബോര്‍ഡ് ഉള്ള ബസ്സില്‍ ഞങ്ങള്‍ കയറി.10 മിനിറ്റ് യാത്രക്ക് ശേഷം കടലിനെ ചുംബിച്ച് കിടക്കുന്ന വക്ര പൈതൃക സൂഖില്‍ എത്തി.പൗരാണിക കാലത്തെ പള്ളികളുടെ കെട്ടിലും മട്ടിലുമുള്ള പള്ളികള്‍ ശ്രദ്ധയില്‍ പെട്ടു.പള്ളിയോട് തൊട്ട് വിശ്രമ മുറിയോട് ചേര്‍ന്ന ഒരിടത്തില്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കും അംഗ സ്‌നാനത്തിനും സൗകര്യങ്ങളുണ്ടായിരുന്നു.
സയാഹ്ന പ്രാര്‍ഥനക്ക് ശേഷം കടലോരത്തു കൂടെ ഒന്നു ചുറ്റിക്കറങ്ങി.ഖത്തറിലെ പൗരാണിക ഗ്രാമങ്ങള്‍ എല്ലാം കടലോരത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്‌തിരുന്നത്.വടക്ക് ഭാഗത്തുള്ള റുവൈസ് കഴിഞ്ഞാല്‍ ചരിത്ര പ്രാധാന്യമുള്ള ജനവാസ കേന്ദ്രമാണ് വക്ര.
ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിന്റെ എല്ലാ ചരിത്രാവശിഷ്‌ടങ്ങളുടേയും പൈതൃക സങ്കേതങ്ങളുടേയും പഴമ ഒട്ടും ചോരാതെ നില നിര്‍ത്തുന്നതില്‍ ഒരു ഭരണ കൂടം കാണിക്കുന്ന സൂക്ഷ്‌മത ആരെയും അത്ഭുതപ്പെടുത്തും.വൃത്തിയും വെടിപ്പും ഉള്ള കടലോരം.ആധുനികതയും അത്യാധുനികതയും എന്നതിനപ്പുറം സകലമാന പാരമ്പര്യ ചിഹ്നങ്ങളേയും സമരസപ്പെടുത്തിയ കടലോര ഗ്രാമം ആരേയും കൊതിപ്പിക്കും.
അകലെ കടലിലേയ്‌ക്ക് തള്ളി നില്‍ക്കുന്ന കുന്നും താഴ്‌വരയും,കരയോട് ചേര്‍ന്ന് യത്രാ ബോട്ടുകള്‍ കടല്‍ തിരമാലകളില്‍ ഓളം തള്ളുന്നതും,തീരത്തോട്` ചേര്‍ന്ന് മുതിര്‍ന്നവരും കുട്ടികളും കടല്‍ വെള്ളത്തില്‍ കലപില കൂട്ടി കുളിക്കുന്നതും കളിക്കുന്നതും... കാഴ്‌ചകളോരോന്നും ഹൃദ്യം.
ഹിബമോള്‍ ദാഹം പറഞ്ഞപ്പോള്‍ ഐസ് ക്രീം ബാറില്‍ കയറി ഒരു വക്ര സ്‌പെഷല്‍ കൂള്‍ ഡ്രിങ്‌സ് ആകാമെന്ന് എല്ലാവരും.അറേബ്യന്‍ ഡ്രൈ ഫ്രൂട്‌സുകളുടെ മിശ്രിതമാണത്രെ വക്ര സ്‌പെഷല്‍.സന്ധ്യക്ക് മുമ്പ് വീട്ടിലെത്തണമെന്ന ഉദ്ദേശത്തോടെ ബസ് സ്റ്റേഷനിലേയ്‌ക്ക് നടന്നു.ഫീഡര്‍ സര്‍വിസില്‍ വക്ര മെട്രോയിലെത്തി.ഒരു പൊതു സമ്മേളന നഗരിപോലെ പുരുഷാരം.ഗോള്‍ഡ് കോച്ചും,ഫാമിലി കോച്ചും സ്‌റ്റാന്‍ടേര്‍ഡ് കോച്ചും എല്ലാം മിശ്രിതം.ഒരു രക്ഷയുമില്ലാത്ത തിരക്കില്‍ ആശ്ചര്യപ്പെട്ട് അധികൃതരും.