✍അന്‍സാര്‍ മഞ്ഞിയില്‍
എന്റെ ബാല്യത്തിന്റെ തുടക്കം ഖത്തറിൽ ആയിരുന്നു.ഉപ്പ ഉമ്മ ഇക്ക ഞാനും ഹിബയും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം അതിലേക്ക് ഇരട്ടി മധുരമായി ഹമദും (ഹമ്മു) കടന്നു വരുന്നു.
ഉമ്മാടെ പ്രസവ വിവരം അറിഞ്ഞ് ദോഹയിലുള്ള ബന്ധുമിത്രാധികള്‍ ആശുപതിയിലെത്തിയപ്പോള്‍ സ്വാഭാവികമായ ഒരു അന്വേഷണം.കുഞ്ഞിന് പേരിട്ടൊ എന്ന്.ആശുപത്രി കിടക്കയിലെ 'ഹമദ്' മുദ്ര പതിപ്പിച്ച വെള്ള തുണിയില്‍ പൊതിയപ്പെട്ട ഉണ്ണിയെ നോക്കി ഉപ്പ പ്രതിവചിച്ചുവത്രെ.പേരിതു തന്നെ ഹമദ്. അങ്ങിനെയാണ് ഖത്തറിലെ പ്രസിദ്ധമായ ഒരു ആതുരാലയത്തെ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പേരിന്റെ വാഹകനാകാന്‍ ഹമദ് അബ്‌ദുല്‍ അസീസിന് ഭാഗ്യം ലഭിച്ചത്.
റുമൈലയിലെ ഒരു കൊച്ചു വീട് ഞങ്ങളുടെ എല്ലാം എല്ലാമായിരുന്നു.പഴയ കാല ഖത്തറിലെ ജനവാസ കേന്ദ്രങ്ങളില്‍ പെട്ട പ്രദേശമാണ് റുമൈല.ഇപ്പോള്‍ അത്യാകര്‍ഷകമായി ഒരുക്കിയെടുത്ത ബിദ പാര്‍ക്കിന്റെ എതിര്‍ വശം.പഴയ കാല ജനവാസത്തെ ഓര്‍മ്മിപ്പിക്കുന്ന പള്ളി പുനര്‍ നിര്‍മ്മിപ്പിക്കപ്പെട്ടിട്ടുണ്ട്.
ചിര പുരാതന പഴമ അതേ പടി നിലനിര്‍ത്തികൊണ്ട് തന്നെയാണ് പള്ളി പുനരുദ്ധരിച്ചിരിക്കുന്നത്.പള്ളിയുടെ ചുറ്റുപാടുമുണ്ടായിരുന്ന വാസ സ്ഥലം മരങ്ങളും ചെടികളും തൊടികളും താഴ്‌വരകളും ഒക്കെയാക്കി പരിവര്‍ത്തിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞു.
രണ്ടോ മൂന്നോ ഗ്രോസറി കടകളും,സ്റ്റേഷനറി കടകളും പച്ചക്കറിപ്പീടികകളും, ചായക്കടകളും,പഴയ ഒരു ലൈബ്രറിയും,ഇലക്‌ട്രിക് ഷോപ്പും,ബാര്‍ബര്‍ ഷാപ്പുകളും ഒരു പട്ടാണി റൊട്ടി ബാക്കറിയുമായിരുന്നു റുമൈല തെരുവിലെ പ്രധാന കച്ചവട സ്ഥാപനങ്ങള്‍.കൂടാതെ പള്ളിയോട് ചേര്‍ന്ന് ഒരു മലയാളി ഉപ്പാപ്പാടെ ജൂസ് പീടികയും, അതിഥി മന്ദിരത്തിന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന ദാല്‍ റൊട്ടിക്ക് പ്രസിദ്ധമായ ഡല്‍ഹി ദര്‍ബാര്‍ എന്ന റസ്‌റ്റോറന്റും കൂടെ ആയാല്‍ പഴയ റുമൈലയുടെ പ്രൗഢമായ മുഖം ഏകദേശം പൂര്‍ണ്ണം.ഉപ്പാടെ ഇത്തരത്തിലുള്ള ഗൃഹാതുരത്വ വര്‍ത്തമാനം എന്റേതു കൂടെയാക്കി കാണാന്‍ ശ്രമിക്കാറുണ്ട്.
പള്ളിയോട് ചേര്‍ന്നു ഇടത്തും വലത്തുമായി രണ്ട് മുള്ളന്‍ പഴ മരങ്ങളുണ്ടായിരുന്നു.ഈ മരങ്ങള്‍ക്ക് അഭിമുഖമായിട്ടായിരുന്നു ഞങ്ങളുടെ വീട്.ഇഷ്‌ടിക പാകിയ മുറ്റത്ത് ചുമരിനോട് ചേര്‍ന്ന് ചെടി ചട്ടികളില്‍ ഉമ്മയുടെ പച്ചക്കറി കൃഷി സമൃദ്ധിയായി വളര്‍ന്നു നിന്നിരുന്നത് ഇന്നും ഓര്‍മ്മകളിലെ ഹരിതാഭമായ ഒരു തുരുത്താണ്.തൊട്ടപ്പുറത്ത് രണ്ട് പാകിസ്ഥാന്‍ കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്.മക്കളില്ലാത്ത ഒരു കുടുംബവും,എന്റെ പ്രായമുള്ള മകന്‍ ഫിറോസ് മാത്രമുള്ള മറ്റൊരു കുടുംബവും.കോമ്പൗണ്ടുകള്‍ക്കുള്ളിലെ നാലു ചുമരുകള്‍ക്കുള്ളിലാണ് ഞങ്ങളുടെ കളികള്‍ പലതും.ഒരു തരം ഒളിച്ചു കളിയാണ് കളിച്ചിരുന്നതെങ്കിലും കള്ളനും പൊലീസു എന്നായിരുന്നു ഞങ്ങളുടെ നിര്‍വചനം.ഓട്ടത്തിന്നിടയില്‍ ഉമ്മാടെ കൃഷിച്ചട്ടികളില്‍ തട്ടാതിരിക്കുക എന്നത് മാത്രമാണ് കളിയിലെ മുഖ്യ ഉപാധി.കളിയില്‍ വേറെ നിബന്ധനകളൊന്നും ഇല്ല.പിടിക്കപ്പെടുന്നവന്‍ കള്ളനും പിടിക്കുന്നവന്‍ പൊലീസും.
ഞാനും ഇക്കയും ഒപ്പിച്ചു വെക്കുന്ന ഗുലുമാലുകൾ,അതില്‍ അറിഞ്ഞും അറിയാതെയും ഭാഗഭാക്കാകുന്ന പാകിസ്ഥാനി ബാലനും.പറക്കമുറ്റാത്ത ഹിബ, കളിക്കളത്തിലേയ്‌ക്ക് തള്ളിത്തുറയ്ക്കാൻ തക്കം പാര്‍ത്തിരിക്കുന്ന ഹമ്മു, അതിരുകളില്ലാത്ത സ്നേഹക്കടലായി ഞങ്ങളെ വാരി കോരി പുണരുന്ന ഉപ്പയും ഉമ്മയും.
വെള്ളിയാഴ്ചകളിൽ മുസ്‌തഫ മാമയും (അളിയൻ മാമ) ഷംസു മാമയും (വണ്ടി മാമ) ഞങ്ങളുടെ സ്ഥിരം അതിഥികളായിരുന്നു. വാരാന്ത്യ ഖുർആൻ പഠനവും അന്നേ ദിവസമാണ് നടക്കാറുള്ളത്.അതൊരു ആഘോഷമാണ്. പള്ളിമുറ്റത്തെ മരത്തണലുകള്‍ വാഹനങ്ങള്‍ കൊണ്ട് നിറയും.ദോഹയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങൾ ഒരിടത്ത് ഒത്തുകൂടി പരസ്പര ബന്ധങ്ങൾ പുതുക്കുന്നു.പരസ്‌പരം പാഠ്യഭാഗങ്ങള്‍ പങ്കുവെക്കുന്നു. പഠനവും മനനവും പാരായണവും സ്‌നേഹ സംവാദവും എല്ലാം ഹൃദ്യം മനോഹരം.ചുരുക്കത്തില്‍ ഒന്നിച്ചൊരുമിച്ച് ആത്മീയാവേശം നിറഞ്ഞൊഴുകുന്ന ദിവസം.
ഞാനും ഇക്കയും ഈ സമയങ്ങളിൽ അടുക്കളയിലാണ് നിലയുറപ്പിക്കാറുള്ളത്.അടുക്കള എന്നു പറഞ്ഞാല്‍ സ്വീകരണ മുറിയെക്കാള്‍ മനോഹരമായിരുന്നു.ക്ലാസിനെത്തുന്നവര്‍ ഇരിപ്പിടം തികയാതെ വന്നാല്‍ അടുക്കളയിലും ഇടം പിടിക്കുമായിരുന്നു.ഉമ്മ പൊന്നു പോലെ കാത്തു സൂക്ഷിക്കുന്ന അടുക്കളയെ കുറിച്ച് ക്ലാസിനെത്തുന്ന സ്‌ത്രീകള്‍ക്ക് വലിയ മതിപ്പായിരുന്നു. ചിലരൊക്കെ അത് പരസ്യമായി പറയുകയും ചെയ്യും.ആ പ്രശംസ കേള്‍ക്കുന്നത് ഒരു സുഖം തന്നെയായിരുന്നു.ഉമ്മാക്ക് പ്രത്യേകിച്ചും.
വാരാന്ത്യ യോഗ ദിവസം ഞങ്ങളുടെ കണ്ണുകൾ,വീട്ടിലേയ്‌ക്ക് വരുന്ന അതിഥികളുടെ കൈകളിലേക്കായിരിയ്‌ക്കും.അവർ കൊണ്ടുവരുന്ന വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് ബാഗുകളും പായ്‌ക്കറ്റുകളും ബിസ്‌കറ്റുകളും മിഠായികളും.അതിഥികള്‍ വന്ന് പോകുമ്പഴേക്കും അവര്‍ കൊണ്ടുവന്നതൊക്കെ കൈകാര്യം ചെയ്‌തിട്ടുണ്ടാകും.അതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നവര്‍ ഞങ്ങള്‍ കുട്ടി പട്ടാളവുമായിരിയ്‌ക്കും.
തിരക്കുകൾ കഴിഞ്ഞ് വരുമ്പോഴേക്കും മുസ്‌തഫ മാമയും ഷംസു മാമയും വന്നിരിയ്‌ക്കും.ഉപ്പയുമായി സൊറപറഞ്ഞ്,ഉമ്മ പ്രത്യേകം പാകം ചെയ്‌ത പലഹാരങ്ങൾ കഴിച്ച് അവര്‍ മടങ്ങും.പിന്നെ ആ വാരത്തില്‍ ലഭ്യമായ എന്തെങ്കിലും ഒരു സിനമാ വീഡിയൊ കാസറ്റ് കണ്ട് കുറേ വൈകിയായിരിയ്‌ക്കും ഉറങ്ങാന്‍ കിടക്കുന്നത്.അന്ന് കണ്ട സിനിമയില്‍ പേടിപ്പെടുത്തുന്ന എന്തെങ്കിലും ചിത്രീകരണം ഉണ്ടായിട്ടുണ്ടെങ്കില്‍ അന്നത്തെ ഉപ്പാടെ ഉറക്കം പോയി എന്ന് പറഞ്ഞാൽ മതി.നാഴികക്ക് നാൽപ്പത് വട്ടം എന്ന പോലെ ഉപ്പ....ഉപ്പ എന്ന് വിളിച്ച് മുഖം മുഖത്തോട് അടുപ്പിച്ച് ഉറങ്ങുമ്പഴേക്കും നേരം പരപരാ വെളുക്കും.
ഇങ്ങനെ ശാന്ത സുന്ദരമായി ജീവിതനൗക തുഴയുമ്പോളാണ് എനിക്ക് അപ്രതീക്ഷിതമായി വയറുവേദന വരുന്നത്. എന്നെ സംബന്ധിച്ചെടത്തോളം മുഖ്യമായ ആഹാരം എന്നത് ചിപ്‌സും പപ്‌സും മിഠായിയുമൊക്കെയാണ്.ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇന്റെർവെല്ലിൽ കുട്ടികൾ വടയും ഇഡ്ഡലിയുമൊക്കെ കഴിക്കുമ്പോൾ ഞാൻ കഴിച്ചു കൊണ്ടിരുന്നത് കോലു മിഠായിയാണ്. ഇത് ഉപ്പാക്ക് നല്ലപോലെ അറിയാവുന്നത് കൊണ്ടാകാം വയറുവേദന എന്ന് പറയുമ്പോഴേക്കും ചൂരലെടുത്തത്.
അന്ന് ഞാൻ സ്ക്കൂളിൽ പോയില്ല. ഉമ്മ തിളപ്പിച്ചു ആറ്റി കൊണ്ടു വന്ന ഒരു ഗ്ലാസ്സ് പാലും ഒരു പായ്‌ക്കറ്റ് ബിസ്ക്കറ്റും ചൂരൽ പഴം കാണിച്ച് എന്നെ കൊണ്ട് കഴിപ്പിച്ചിട്ടാണ് ഉപ്പ ജോലിക്ക് പോയത്.കഴിക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞാൽ ചൂരൽ പഴവും കിട്ടും. എന്നതിനാൽ ഞാൻ അത് മുഴുവൻ കഴിച്ച് ക്ഷീണിതനായി ഉറങ്ങിപ്പോയി. ഇടക്കെപ്പഴോ എണീറ്റ് ഞാൻ നിലവിളി തുടങ്ങി.അസഹ്യമായ വേദന.ഉമ്മ എന്റെ വയറ്റിൽ വിക്സ് മെല്ലെ തേച്ച് ആശ്വസിപ്പിച്ച് വീണ്ടും ഉറക്കി.തലവേദന മുതല്‍ ശരീരത്തിലുള്ള സകല വേദനകള്‍ക്കും സംഹാരിയാണ് വിക്‌സ് എന്നായിരുന്നു പൊതുവിലുള്ള വിശ്വാസം.
വിക്‌സിന്റെ വീര്യം അധികനേരമുണ്ടായില്ല. എനിക്ക് നിവരാന്‍ പോലും പറ്റുന്നുണ്ടായില്ല.ചെമ്മീൻ പോലെ ചുരുണ്ടുകൂടി കിടന്നു.എന്ത് ചെയ്യണമെന്നറിയാതെ ഉമ്മ, ഉപ്പാനെ ഫോണില്‍ വിളിച്ചു.അപ്പഴേക്കും മുസ്‌തഫ മാമ വന്ന് ഞങ്ങളെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൂട്ടികൊണ്ടുപോയി.
അവിടെ ചെന്നപ്പോൾ ദഹന കുറവാണ് എന്ന് പറഞ്ഞ് പ്രാഥമിക ചികിത്സയുടെ ഭാഗമായി ഗ്ലുക്കോസ് കയറ്റി.അത് കൂടാതെ ഒരു ഗുളിക ശോധനയുണ്ടാകാന്‍ പ്രയോഗിച്ചു.ഗുളികകളുടെ പ്രയോഗങ്ങള്‍ ഒന്നും ഫലിച്ച ലക്ഷണമില്ല.ഞാൻ വീണ്ടും നിലവിളിക്കാൻ തുടങ്ങി. എനിക്ക് ചുറ്റും ഒരു പാടുപേർ തടിച്ചുകൂടി.
ദൈവാനുഗ്രഹം പോലെ ഒരു ഡോക്ടർ ഇത് കണ്ട് എന്റെ അടുത്തേക്ക് വന്ന് കണ്ട മാത്രയിൽ തന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായി എന്നു തോന്നുന്നു.ഉടനെ എക്സറേ എടുക്കാന്‍ നിര്‍ദേശം കൊടുത്തു.അപ്പന്‍ഡിക്സ് ആണെന്ന് രോഗ നിര്‍ണ്ണയവും നടത്തി.ഉടനെ ഓപ്പറേഷന് വിധേയമാക്കണമെന്ന് പറഞ്ഞ് ഹമദ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.
ഞൊടിയിടയിൽ എന്നെ ആംബുലൻസിലേക്ക് കയറ്റി കൂടെ ഉപ്പയും.ഉമ്മ ഇതെല്ലാം കണ്ട് വിളർത്തുപ്പോയി.
പക്ഷെ ഞാൻ അപ്പഴേക്കും എന്റെ വേദനയെല്ലാം മറന്നിരുന്നു.പലപ്പോഴും ചീറിപ്പാഞ്ഞു പോകുന്ന ആംബുലൻസുകൾ കണ്ട് അമ്പരന്ന് നില്‍ക്കുമ്പോള്‍ അതിന്റെ അകത്ത് എന്താണെന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു.സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ എല്ലാം മറന്നു.തലക്ക് മീതെ തെളിയുന്ന വിളയ്ക്കുകൾ നോക്കി കൗതുകത്തോടെ കിടന്നു.സന്തോഷം പങ്കുവെക്കാൻ വെമ്പി എന്റെ ഇക്കാനെ തിരയുന്നുണ്ടായിരുന്നു.എന്നാൽ വികാരങ്ങളുടെ കടലിരമ്പത്തെ തന്നിലേക്ക് ആവോളം ആവാഹിച്ച ഉപ്പാടെ മുഖം എന്നെ അസ്വസ്ഥനാക്കി.അത് മനസ്സിലാക്കിയിട്ടാകാം എന്നെ നോക്കി മന്ദഹസിക്കാൻ ഉപ്പ ശ്രമിക്കുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ എത്തി നേരെ ഓപ്പറേഷൻ തീയേറ്ററിലേക്കാണ് കൊണ്ട് പോയത്. അപ്പഴേക്കും ഉമ്മയും ബന്ധുമിത്രാധികളും മാമയുമായി അവിടെയെത്തി.തീയേറ്ററിൽ കയറാൻ നേരം നഴ്സുമാർ എനിക്ക് കളിപ്പാട്ടങ്ങൾ കൊണ്ട് തന്നു. അത്രയും കളിപ്പാട്ടങ്ങൾ ഒരുമിച്ചു ഞാൻ കണ്ടട്ടേയില്ല.ഇടം കണ്ണ് കൊണ്ട് ഇക്കയെ നോക്കി ഇതെല്ലാം കാണിച്ച് കൊതിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.പക്ഷെ ഇക്ക നിർവികാരനായി ഉമ്മയോട് ചേർന്ന് നിന്നു. ഉമ്മ കണ്ണുനീരടക്കാൻ ശ്രമിക്കുമ്പോഴും അതൊരു ഉറവയായൊഴുകിക്കൊണ്ടിരുന്നു.ഈ സന്തോഷം എന്തെ ഇവർക്ക് മനസ്സിലാകാത്തത്.നോക്ക് എന്റെ കയ്യിലെ കളിപ്പാട്ടങ്ങൾ എന്നൊക്കെ ഞാന്‍ ആത്മഗദം ചെയ്യുന്നുണ്ടായിരുന്നു.
വൈകാതെ തീയേറ്ററിലേക്ക് കൊണ്ടുപോയി.ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ കണ്ടത് മുഖമൂടികൾ അണിഞ്ഞ് കയ്യുറ ധാരികളായ ഒരുകൂട്ടം വെള്ള പട്ടാളം യുദ്ധത്തിനെന്നപ്പോലെ തയ്യാറെടുക്കുന്നുതാണ്. വെള്ളി നിറത്തിൽ പലതരം ഉപകരണങ്ങൾ അങ്ങനെ എന്തൊക്കെയോ സാമഗ്രികൾ. ഇതെല്ലാം കണ്ട് കിടക്കുന്നതിന്റെ ഇടയിൽ ഒരാൾ വന്ന് എന്റെ പേര് ചോദിച്ച് സംസാരിക്കുന്നതിന്റെ ഇടയിൽ എനിക്ക് ഒരാൾ ഓക്സിജൻ മാസ്ക് വെച്ചു തന്നു.അതിന്റെ മണം പിടിക്കാതെ വന്നപ്പോൾ എനിക്ക് വേണ്ട എന്ന് പറഞ്ഞ് അത് ഊരിമാറ്റി.
കാഴ്ച മങ്ങുന്നത് പോലെ അനുഭവപെട്ടു.കണ്ണുകൾ അറിയാതെ അടഞ്ഞു.പിന്നീട് ഓർമ്മ വരുമ്പോൾ ചുറ്റും എന്റെ സ്നേഹ നിധികൾ നിൽപ്പുണ്ടായിരുന്നു.അവർ സ്നേഹ തിരമാലകൾ തീർത്ത് ആ സ്നേഹക്കടലിലേക്ക് എന്നെയും വാരിപ്പുണര്‍ന്നു കൂട്ടിക്കൊണ്ടുപോയി…