Wednesday, April 22, 2020

ഇരട്ടി മധുരത്തിന്റെ നാളുകള്‍

ക്ഷേമാശ്വൈര്യങ്ങള്‍ നേരുന്നു..

കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും മനുഷ്യ കുലത്തിന്‌‌‌   കേട്ടു കേള്‍‌വി പോലും ഇല്ലാത്ത വിധത്തിലുള്ള വ്രത വിശുദ്ധിയുടെ നാളുകള്‍ വരവേല്‍‌ക്കാനുള്ള മാനസികമായ തയാറെടുപ്പിലാണ്‌ വിശ്വാസ ലോകം.

ഈ വരുന്ന വ്രത വിശുദ്ധിയുടെ രാപകലുകളിലെ ശിക്ഷണങ്ങള്‍ കടുപ്പം കൂടും എന്നത് വാസ്‌തവമാണ്‌.എന്നാല്‍ ഇതിന്റെ ആത്മീയമായ അനുഭൂതി അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അതിമനോഹരമായ വിജയമായിരിയ്‌ക്കും.

സാന്ദര്‍‌ഭികമായി ഒരു കാര്യം.സ്വാച്ഛാധിപതികളുടെ തടവറകളില്‍ കഴിയുന്ന സാത്വികന്മാരുടെ ജയിലനുഭവങ്ങള്‍ എഴുതപ്പെട്ടത്‌ ‌ മനസ്സില്‍ തെളിയുന്നു.

തടവറയില്‍ കഴിയുമ്പോളും തങ്ങളുടെ നിര്‍ബന്ധ/ഐഛിക അനുഷ്‌ഠാനങ്ങള്‍ പരിതിയിലും പരിമിതിയിലും അവര്‍ നിര്‍‌വഹിച്ചു പോരും.വെള്ളിയാഴ്‌ചകളില്‍ ഒരു ജുമുഅ നിസ്‌കാര പുറപ്പാട്‌ പോലും അവര്‍ നടത്തും.ഒരിക്കല്‍ ഒരു കാവല്‍‌ക്കാരന്‍ ചോദിച്ചുവത്രെ.താങ്കള്‍ക്ക്‌ നന്നായി അറിയാം ഈ കടമ്പ കടക്കാന്‍ പോലും സാധ്യമല്ല എന്ന്‌ എന്നിട്ടും ഒരു ജുമ‌അക്ക്‌ പോകാനുള്ള ഒരുക്കം നടത്തുന്നത് എന്തിനാണ്‌ ? അപ്പോള്‍ ആ സാത്വികന്‍ പ്രതികരിച്ചുവത്രെ.ഒരുങ്ങുക എന്നത് എന്റെ ബാധ്യതയാണ്‌.വഴിയൊരുക്കുക എന്നത്‌ എന്റെ നാഥന്റെയും.കരുണയുടെ തരിമ്പു പോലും ഇല്ലാത്ത ആ കാവല്‍ക്കാരന്റെ കണ്ണുകള്‍ പോലും സജലങ്ങളായതെ.‌

മസ്‌ജിദില്‍ നിന്നും അദാന്‍ മുഴങ്ങുന്നത് കാതോര്‍‌ക്കുന്നതു പോലെ നിര്‍ണ്ണിതമായ ഓരോ സമയത്തും വിശ്വാസി ഒരുങ്ങിയിരിക്കണം.ഒരോന്നും എണ്ണി എണ്ണി പറയുന്നില്ല ഇങ്ങനെ ഓരോ കാര്യത്തിലും കരുതലുകള്‍ വിസ്‌മരിക്കാതെ ഈ ഇരട്ടിക്കുന്ന ശിക്ഷണ കാലത്തെ ഇരട്ടി മധുരമായി  സ്വീകരിക്കാനും ആസ്വദിക്കാനും മനസ്സിനെ പാകപ്പെടുത്താം.
....................
സൂക്ഷ്‌മത പാലിക്കുക.‌ ഓണ്‍ ലൈനിലായാലും ഓഫ്‌ലൈനില്‍ ആയാലും.കേവലം നേരമ്പോക്ക് മാത്രമായി ജിവിതത്തെ ചുരുക്കി കെട്ടരുത്‌.നാം പ്രയോഗിക്കുന്ന വാമൊഴിയിലും വരമൊഴിയിലും ദുസ്സൂചനകളും പരിഹാസ പ്രയോഗങ്ങളും വര്‍‌ജ്ജിക്കാന്‍ ശ്രമിക്കണം.ഈ ഇരട്ടി പരീക്ഷണ ഘട്ടം ഉയരാനും വളരാനും ഉള്ള ശിക്ഷണ കാലമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണം.പുതിയ ശീലും ശൈലിയും ആര്‍‌ജ്ജിച്ചെടുക്കാനുള്ള തീവ്ര ശ്രമം നടത്തണം.

ഇന്നലെ വരെ നാം ജീവിച്ച സാഹചര്യമല്ല വരാനിരിക്കുന്ന നാളുകൾ.അത് പ്രവചനാതീതമാണ്.വാക്കുകളിൽ, പ്രവൃത്തികളിൽ, സാമൂഹിക ഇടപെടലുകളിൽ, ജീവിതത്തിന്റെ സമസ്‌‌ത മേഖലകളിൽ തന്നെ സമൂലമായ ഒരു മാറ്റത്തിന്റെ അനിവാര്യത നാം തിരിച്ചറിയേണ്ടതുണ്ട്.കാലമാണ് സാക്ഷി.കരുതലുണ്ടവുക,നമുക്ക് നമ്മോട് , സമൂഹത്തോട്,നാം ജീവിക്കുന്ന ഈ സാഹചര്യങ്ങളോട്, ഈ ദിനങ്ങളും കടന്നുപോകും.

പ്രാർത്ഥനയും ആത്മവിശ്വാസവും തീർച്ചയായും നമ്മെ കർമ്മനിരതരാക്കും....

നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ...
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍