Wednesday, May 27, 2020

പ്രതികരണങ്ങള്‍‌ക്ക്‌ നന്ദി...

മനസ്സില്‍ തൊട്ട പ്രതികരണങ്ങള്‍‌ക്ക്‌ നന്ദി...
അഭിമുഖത്തില്‍ സൂചിപ്പിച്ചതു പോലെ യൗവ്വനത്തിലേയ്‌ക്ക്‌ കാലെടുത്ത്‌ വെക്കും മുമ്പുള്ള വായനാ ലോകം തന്നെയാണ്‌ വിവിധ പാതകളിലേയ്‌ക്കുള്ള സഞ്ചാരം വിശാലമാക്കിയത്.വിശിഷ്യാ ധാര്‍‌മ്മിക ദര്‍‌ശന വീക്ഷണങ്ങളെ ശുദ്ധമായ ദര്‍‌പ്പണങ്ങളില്‍ നിരൂപിച്ചെടുക്കാന്‍ ഉപകരിച്ചതും ഉപകരിച്ചു കൊണ്ടിരിക്കുന്നതും.കേവലാര്‍‌ഥത്തിലുള്ള നല്ലത്‌ തിയ്യത് എന്നതിലുപരി എന്തിനേയും അഭിലഷണീയം അനഭിലഷണിയം എന്നു വേര്‍‌ത്തിരിക്കാന്‍‌ വായിക്കേണ്ട സമയത്തുള്ള വായന സഹായിക്കുന്നു എന്നതാണ്‌ യാഥര്‍‌ഥ്യം.ജീവിതത്തില്‍ വലിയ വലിയ പരീക്ഷണങ്ങള്‍ നേരിട്ടപ്പോഴും നേരിടുമ്പോഴും ഈ ഒരു സുഖം അനുഭവിക്കാന്‍ കഴിയുന്നുണ്ട്‌.ചിന്തയേയും മനസ്സിനേയും വിശാലമാക്കാനാകുന്നതിലെ അനുഭൂതിയും ആനന്ദവും വിവരണാതീതമത്രെ.ജീവിതത്തിലെ കൃത്യവും വ്യക്തവുമായ ചിട്ടവട്ടങ്ങളിലൂടെ സാധിച്ചെടുക്കാനാവുന്ന ലോകവും അനുഭവവും ഏറെ വിശാലമാണ്‌.അത്‌ നിര്‍‌മ്മിച്ചെടുത്ത കോട്ട കൊത്തളങ്ങള്‍ ഒരു നാഗരികതപോലെ മനസ്സിലുണ്ട്‌.

മഞ്ഞിയില്‍
..............................
തെരഞ്ഞെടുത്ത ചില പ്രതികരണങ്ങള്‍ താഴെ നല്‍‌കിയിരിക്കുന്നു...
..............................

ക്ഷേമം നേരുന്നു, പ്രാർത്ഥിക്കുന്നു.

എൻ്റെ 13 വർഷത്തെ ഖത്തർ ജീവിതത്തിലേക്ക് ഗൃഹാതുരത്വ വികാരത്തോടെ തിരിച്ചു കൊണ്ടുപോയതിന് നന്ദി.

ചില സായാഹ്നങ്ങളിൽ "തമീമ" യുടെ ഷോറൂമിലിരുന്ന് സുലൈമാനിയും നുണഞ്ഞ് ബോംബെ ജീവിതവും "ഗൾഫ് മലയാളി " യിലെ എഴുത്തുകളുമൊക്കെ ഓർത്തെടുത്ത് ആസ്വദിച്ചത് ഇന്നലെയെന്ന പോലെ മനസ്സിലുണ്ട്.

ഞാൻ ഇപ്പോഴും ഓർക്കുന്ന ഒരു ഗാനമാണ് "ആഴിക്കടിയിലെ ......................
അതിൻ്റെ സം‌ഗീതത്തോട്‌ കൂടിയുള്ള വെര്‍‌ഷന്‍ ഉണ്ടെങ്കിൽ അയച്ചു തരണം.
ഒരു മുത്ത് രൂപപ്പെടുത്തി പുറത്തേക്കെത്തിക്കാൻ ചിപ്പി അനുഷ്‌‌ഠിക്കുന്ന സാധന കവിത പുറത്ത് കൊണ്ടുവരാൻ മഞ്ഞിയിൽ കാണിക്കുന്ന അവധാനത തന്നെയല്ലേ എന്നതോടൊപ്പം ഒട്ടേറെ മാനങ്ങളിൽ വായിച്ചെടുക്കാൻ കഴിയുന്ന വരികളാണവ.

പൊന്നുമോൻ്റെ വേർപാടിൽ പ്രയാസമറിയിക്കാൻ വന്ന ഞങ്ങളെ  തവക്കുലിൻ്റെ നേർരൂപം കാട്ടിത്തന്ന് തിരിച്ചയക്കാൻ  അസീസിനെ പ്രാപ്‌‌തനാക്കിയ ഈമാനിക ബോധ്യം എന്നെ അൽഭുതപ്പെടുത്തിയതും ഓർത്ത് പോവുകയാണ്.

ദൈവ വിധികൾക്ക് മുമ്പിൽ നമ്മളാര്?!
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ.

മുഹമ്മദ് കുട്ടി ചേന്ദമംഗല്ലൂർ
..............................
പാദ പത്മങ്ങളിലെ സ്വർഗ്ഗവും, ആഴിക്കടിയിലെ ചിപ്പിയുമെല്ലാം തീർക്കുന്ന അനുപമ നിർവൃതി ... വീണ്ടും ഇന്നലേകളിലേക്ക് മനസ്സുകൊണ്ടാരു മടക്ക യാത്ര . ഓർക്കാനും ഓർമ്മകളിലെ നൊമ്പരങ്ങളെ പോലും താലോലിക്കാനും നമ്മളെ പ്രാപ്തരാക്കിയത് മരുഭൂമിയും വസന്തവും ചേർത്തു നിർത്താൻ പ്രേരിപ്പിച്ച വെളിച്ചമല്ലാതെ മറ്റെന്താണ് ? .... ആയുരാരോഗ്യ സൗഖ്യ സമാധാന സന്തോഷങ്ങൾ നേരുന്നു.🙏🌹

ഖാലിദ്‌ അറക്കല്‍
..............................
അഭിമുഖം മുഴുവന്‍ കേട്ടു.സന്തോഷം.പഴയ കാലങ്ങളിലേയ്‌ക്ക്‌ എത്തിനോട്ടം നന്നായി.ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വരികള്‍‌ക്കിടയില്‍ പറഞ്ഞു പോകുന്നതായി തോന്നി.മറ്റു പലരും ഇതൊക്കെ കൗതുകത്തിന്‌ വേണ്ടി ചെയ്യുന്നതാണ്‌.നമ്മുടെ അഭിമുഖം ഒന്നും അങ്ങിനെയല്ലല്ലോ,,?ഞാന്‍ ദോഹയില്‍ ഉണ്ടായിരുന്നെങ്കില്‍ നാടക ഗാനങ്ങളുടെ വരികള്‍ ഉള്‍‌പ്പെടുത്താമായിരുന്നു.മറ്റൊരിക്കല്‍ ആവാം.അല്ലാഹു അനുഗ്രഹിക്കട്ടെ.

എ.വി.എം ഉണ്ണി
..............................
പ്രിയപ്പെട്ട അബ്‌ദുല്‍ അസിസ്‌ സാഹിബ്‌...
ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ജിവിതവും സ്‌പന്ദനങ്ങളും ഓര്‍‌മ്മകളും അനാവരണം ചെയ്‌ത ഹൃദയ സ്‌പര്‍‌ശിയായ അഭിമുഖമായിരുന്നു മഞ്ഞിയിലിന്റേത്‌.അധികം പറഞ്ഞില്ലെങ്കിലും അവതരിപ്പിച്ചതിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്‌.അസീസിനെ അറിയുന്നവര്‍‌ക്ക്‌ പ്രത്യേകിച്ച്‌ നന്നായി മനസ്സിലാകും.ജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ പലപ്പോഴും പങ്കുവെച്ചിട്ടുള്ളതാണ്‌.ഇനിയും ഇതുപോലെ പലതും പ്രവര്‍‌ത്തിക്കാനും പങ്കുവെക്കാനും കഴിയുമാറാകട്ടെ.ആശം‌സിക്കുന്നു.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

ഷം‌സുദ്ദീന്‍ മാഷ്‌
..............................
നിങ്ങളാണ് താരം.
പരിപാടി കേട്ടു.

അനായാസം ആ പരിപാടിയെ കൈയിലെടുത്തു എന്ന് ആദ്യമേ പറയട്ടെ.

പിന്നിട്ട ഒരു കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടം എന്നതിലുപരി സമൂഹ മാധ്യമങ്ങളിലെ എഴുത്തുകാരുടെ വർത്തമാനകാല ഇടപെടലുകളിലേക്ക് കൂടി വാക്കുകൾ വിരൽ ചൂണ്ടുന്നു.

02.പതിറ്റാണ്ടുകൾക്കു മുമ്പ് ആരംഭിച്ച ബ്ലോഗ് എഴുത്ത് മുതൽ അതിന്റെ സാധ്യത, ജനങ്ങളിലേക്ക് അതെങ്ങനെ എത്തിക്കാം എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ, അതിന്റെ വളർച്ച, ഒരു ഘട്ടം പിന്നിട്ടപ്പോൾ എഫ്‌ബി പോലുള്ള നൂതന സംവിധാനങ്ങൾ വന്നപ്പോൾ അതിലേക്കുള്ള പരിണാമം .....

മദ്രസ്സ, നബിദിനം, പ്രഭാഷണകലയുടെ ബാലപാഠം,  നാട്ടിലെ കലാ പ്രവർത്തനം, നാടക ഗാനം, കവിതകൾ, ബോംബെ, ഖത്തർ കുടിയേറ്റം, ആദ്യത്തെ രണ്ട് വർഷത്തെ ജോലിക്കായുള്ള കാത്തിരിപ്പ്, ജോലി സ്ഥാപനത്തിന്റെ പ്രാരംഭം, അതിന്റെ തുടർച്ച , ഖത്തർ സാംസ്ക്കാരിക മണ്ഡലത്തിലെ എഴുത്ത് / പ്രഭാഷണം പോലുള്ള പ്രവർത്തനങ്ങൾ...

നന്നായി.
ശബ്‌‌ദ ഗാംഭീര്യം ഉജ്ജ്വലം.
20 മിനിറ്റിൽ 15 മിനിറ്റ് അസീസ് സംസാരിച്ചു.
എങ്കിലും, അപൂർണ്ണത അനുഭവപ്പെട്ടു.

പക്ഷെ,  നിശ്ചിതമായ സമയമല്ലേ അനുവദിക്കപ്പെട്ടിട്ടുള്ളു.
അതിൽ ഒതുങ്ങിനിന്ന് പറയാനാവുന്നത് പങ്ക് വച്ചു.
കേട്ടിരിക്കാൻ സുഖമുണ്ടായിരുന്നു.
ഞാൻ കുറച്ചു കൂടി പ്രതീക്ഷിച്ചു.
പക്ഷെ,
സമയം തന്നെയാണ് വില്ലൻ.
ഏതായാലും നന്നായി.
അഭിനന്ദനങ്ങൾ ...!

റഹ്‌മാന്‍ തിരുനെല്ലൂര്‍
..............................
മഞ്ഞിയിൽ അസീസ്‌ക്ക ... 
എന്റെ ഉമ്മയുടെ വീട് തിരുനെല്ലൂർ ആയത് കൊണ്ട് മഞ്ഞിയിൽ കുടുംബത്തെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്. ഇപ്പോൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെ പ്രിയ സ്നേഹിതനും സഹോദരനുമായ ശിഹാബ് സാഹിബ് നന്മ ഹെല്പ് ഡെസ്കിൽ ഷാർജയെ പ്രതിനിധീകരിച്ച് കൊണ്ട് ഗ്രൂപ്പിൽ ചേർത്തതിന് ശേഷമാണ് അസീസ്‌ക്കയെ വ്യക്തിപരമായി പരിചയപ്പെട്ടത് . പിന്നീട് അസീസ്‌ക്കയുമായി നടത്തിയ ചാറ്റിങ്ങിലൂടെ ഇദ്ദേഹത്തെ കുറിച്ച് കുറച്ച് കൂടി അറിയാൻ സാധിച്ചു. തികച്ചും വ്യവസ്ഥാപിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനും സംഘാടനം നടത്തുവാനും ക്രോഡീകരണത്തിനും അസീസ്‌ക്കക്കുള്ള കഴിവ് ഞാൻ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇന്നിപ്പോൾ റേഡിയോ അഭിമുഖം മുഴുവനായും കേട്ടു. ഒരു വലിയ കാലഘട്ടം തന്നെ അദ്ദേഹം ആ അഭിമുഖത്തിൽ വരച്ചു കാട്ടിയിരിക്കുന്നു. സർവ്വശക്തന്റെ അപാരമായ സഹായം കൊണ്ട് അനുഗ്രഹീതനാണ് അസീസ്ക്ക. നല്ല ഘനഗംഭീര ശബ്ദത്തിനുടമ , അക്ഷരസ്‌ഫുടതയോടെയുള്ള സംസാരശൈലി. തീർത്തും അനുഗ്രഹീത കലാകാരൻ. ആശംസകൾ നേരുന്നു പ്രിയ അസീസ്‌ക്കാക്ക് ....  

സ്നേഹത്തോടെ അബ്‌‌ദുൽ മജീദ് പാടൂർ
..............................
ഒരു വേള പഴയ കാലത്തേക്ക് കൂട്ടി കൊണ്ടു പോകാനും അക്കാലത്തെ കൂട്ടുകാരെയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വീണ്ടും വീണ്ടും ഓർമയിൽ ഓടിയെത്തിക്കാനും അഭിമുഖം സഹായിച്ചു.അഭിനന്ദനങ്ങള്‍...

മുഹമ്മദലി പാവറട്ടി
..............................
അസീസ്‌ മഞ്ഞിയില്‍ എന്ന ബഹുമുഖ പ്രതിഭയെ വായിച്ചെടുക്കാന്‍ സാധിക്കുന്ന അഭിമുഖം.ഗം‌ഭീരം.

അബ്‌‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍
..............................
അഭിമുഖം കേട്ടു.ഒരു കാലഘട്ടത്തിലേയ്‌ക്ക്‌ ഒരു എത്തിനോട്ടം നടത്തിയ പ്രതീതി. വളരെ സന്തോഷം നൽകിയ മുഹൂർത്തം അൽഹംദുലില്ലാഹ്...
.
ബാല്യകാലം മുതലേ എന്നോടൊപ്പം സഞ്ചരിച്ചിരുന്ന വ്യക്തിത്വമാണ്.ആ ബന്ധങ്ങൾ ഇതുവരെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരു വിഷയത്തിൽ ഇറങ്ങിയാൽ അതിനെ ഏതെല്ലാം വിധത്തിൽ സമൂഹത്തിന് ഉപകാരപ്രദമാക്കാൻ കഴിയും അതിലേക്കുള്ള ഗവേഷണമാണ് മറ്റുള്ളവരിൽ നിന്നും അസിക്കാനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ യൗവ്വന കാലഘട്ടവും അതിന് ശേഷം പ്രവാസ ലോകത്ത് എത്തിയതിന് ശേഷമുള്ള കഠിനമായ പ്രയത്‌‌നം വളരെ നന്നായി പുതിയ തലമുറയ്ക്ക് ഓർത്തെടുക്കാവുന്ന രൂപത്തിൽ തന്നെ കാട്ടിതരുന്നു. ഖത്തറിൽ തിരുനെല്ലൂർക്കാരുടെ പ്രവാസ സംഘടനയുടെ പുതിയ ഭാവത്തോടെയുള്ള തുടക്കം 2006 ജനുവരിയിലാണ് ഷാരാ  കഹർബയിലെ ഈസ്റ്റ് വെസ്റ്റ് ഹോട്ടലിൽ നിന്നും ഈദ് മീറ്റോടെയാണ് തുടങ്ങുന്നത്.അന്ന് മുതലാണ് ബാല്യത്തിന് ശേഷം അസിക്കാനെ കൂടുതൽ അടുത്തറിയുന്നത്.പിന്നീട് അങ്ങോട്ട് ഇതുവരെ യുള്ള എൻറെ യാത്രയിൽ കൂടെ ഉണ്ടായിട്ടുള്ള അപൂർവ്വം വ്യക്തികളിൽ ഒരാളാണ്  അസിക്ക....

ഖത്തറിലെ തിരുനെല്ലൂര്‍‌ നിവാസികളുടെ സംഘടനയുടെ സാരഥിയായി അദ്ദേഹത്തിന്റെ കൂടെ ജനറൽ സെക്രട്ടറിയായി ഒരുപാട് കാലം തുടരാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

റേഡിയോ അഭിമുഖത്തിൽ സൂചിപ്പിക്കപ്പെട്ട നന്മ തിരുനെല്ലൂർ സാം‌സ്‌‌ക്കാരിക സമിതിയുടെ മീഡിയാ സെക്രട്ടറിയായി അദ്ദേഹം തുടരുമ്പോൾ ഈ എളിയവൻ അതിൻറെ സെക്രട്ടറി സ്ഥാനത്ത് തുടരുന്നു. അല്ലാഹു ഈ ബന്ധങ്ങൾ നിലനിർത്തി തരട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

ഷിഹാബ്‌ ഇബ്രാഹീം
..............................
അസിക്കയുടെ വേറിട്ട അനുഭവങ്ങൾ പങ്കുവെച്ചതിൽ വളരെ സന്തോഷം .. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

2004 ലെ ഈദിനോടനുബന്ധിച്ച്‌,ഷാര കഹർബയിലുള്ള ഈസ്റ്റ് വെസ്റ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മഹല്ല് മീറ്റിങ്ങിലാണ് ഒരു പാട് കാലങ്ങൾക്കു ശേഷം പുതിയൊരു ഖത്തർ കമ്മിറ്റി നിലവിൽ വരുന്നത്.  പ്രഥമ ജനറൽ സെക്രട്ടറിയായി അസീസ്ക്ക സ്ഥാനമേറ്റതു മുതൽ ആ കമ്മറ്റിയിൽ അംഗമായിരുന്ന എനിക്കും അദ്ദേഹത്തെ അടുത്തറിയാനും, അദ്ദേഹത്തോടൊപ്പം ഒരു പാട് നല്ല കാര്യങ്ങളിൽ സഹകരിക്കാനും കഴിഞ്ഞിട്ടുണ്ട്. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും സൗഹാർദ്ദം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മികച്ചതാണ്. ചെറുപ്പക്കാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും കുറ്റമോ കുറവോ വന്നാൽ അവരെ ശാസിക്കാനും മടിക്കാറില്ല.

നല്ലൊരു എഴുത്തുകാരനും, വാഗ്മിയുമായ അസീസ്‌ക്കയെ ഞാൻ പ്രതിനിധീകരിക്കുന്ന തിരുനെല്ലൂരിൽ നിന്നുള്ള ഖത്തറിലെ യുവാക്കളുടെ  മറ്റൊരു കൂട്ടായ്മയായ മുഹമ്മദൻസ് ഖത്തർ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.

ഖത്തർ മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ എന്ന കൂട്ടായ്മയുടെ മീഡിയ സെൽ സെക്രട്ടറി എന്ന നിലയിൽ വില മതിക്കാനാവാത്ത സംഭാവനകളാണ് ഈ കൂട്ടായ്മയുടെ വിജയത്തിന് വേണ്ടി അദ്ദേഹം നൽകി കൊണ്ടിരിക്കുന്നത്.

ആയുരാരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് ഈ അവസരത്തിൽ ദുആ ചെയ്യുന്നു.

കെ.ജി റഷീദ്‌
..............................
അഭിമുഖം ഹൃദ്യമായി അനുഭ്വപ്പെട്ടു.പുതു തലമുറ അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍ പലതും അതിലുണ്ട്‌.വായന ശാലകളും വായനയും പഠനവും മനനവും എല്ലാം.അഭിനന്ദനങ്ങള്‍

ഷരീഫ്‌ ചിറക്കല്‍
..............................
ഒരു കാലഘട്ടം വളരെ മനോഹരമായി പ്രതിപാധിച്ചു.എല്ലാ മര്‍‌മ്മവും തൊട്ടു തലോടിപ്പോകുന്നുണ്ട്‌.മദ്രസ്സ,വിദ്യാലയം,കല സം‌ഗീതം പശ്ചാതലം, ഗുരുനാഥന്മാര്‍,പ്രിയപ്പെട്ട മാതാവ്‌ എല്ലാം സ്‌ക്രീനിലെന്ന പോലെ തെളിഞ്ഞു.വിദേശയാത്രയുടെ തുടക്കം,പഴയ കാല ദോഹ,പഴമയും പുതുമയും,പ്രസ്ഥാനത്തിന്റെ ഗ്രഹാതുരത്വമുള്ള ഓര്‍‌മ്മകള്‍, രചനകളുടെ തുടക്കം,വായനയുടെ നൈരന്തര്യം. വിവരവിജ്ഞാന കാലഘട്ടത്തിലേയ്‌ക്കുള്ള ചുവടുമാറ്റം,ചിട്ടയോടെയുള്ള ജീവിത യാത്ര.അസീസ്‌ മഞ്ഞിയിലിനെ വായിച്ചെടുക്കാന്‍ സധിച്ച അഭിമുഖം.
അഭിനന്ദനങ്ങള്‍.

ഇസ്‌ഹാഖ്‌
..............................

അഭിമുഖം നന്നായി തോന്നി.ആഴിക്കടിയിലെ ചിപ്പിയാണു ഞാന്‍ എന്ന നാടക ഗാനം വളരെ നന്നായിരിക്കുന്നു.അഭിമുഖത്തിന്റെ തുടക്കത്തില്‍ പാടിയ കവിതയും.ഞാൻ തന്നെയാണോ ആ ആൾ എന്നൊക്ക വിചാരിച്ചു പോയി.ഉമ്മയെ കുറിച്ചുള്ള കവിതയും ഇഷ്‌‌ടമായി.എനിക്ക് എല്ലാം നേരിൽ കേൾക്കണം.എന്നാണ് സാധിക്കുക.താങ്കളെ കുറിച്ച്‌ അഭിമാനം തോന്നുന്നു അസീസ്ക്ക...

എഞ്ചിനിയര്‍ അന്‍‌സാര്‍
കണ്ണൂര്‍