Thursday, August 6, 2020

ചരിത്രം ഒരു ചുരുക്കെഴുത്ത്‌

രാജ്യത്തെ കടുത്ത അനീതിയായി ലോകം മുഴുവന്‍ നിരീക്ഷിക്കുന്ന ഇന്ത്യയിലെ ബാബരി മസ്‌ജിദ്‌ ധ്വംസനം വളരെ ലളിതമായി നീതീകരിക്കുന്ന ചില ശുദ്ധഗതിക്കാരുടെ ഭാഷയും ഭാഷ്യവും ആരെയും അത്ഭുതപ്പെടുത്തും.കവി പറഞ്ഞത്‌ പോലെ ഇന്ത്യയിലെ വിവിധ വിശ്വാസ ധാരയില്‍ ഉള്ളവരില്‍,വിരലിലെണ്ണാവുന്നവര്‍ കടല്‍ താണ്ടി വന്നിരിക്കാം.എന്നാല്‍ ബാക്കി ലക്ഷോപലക്ഷം അല്ല അതിലും അധികവും ഹിമാലയവും അറബിക്കടലും താണ്ടി വന്നവരല്ല.ഈ മണ്ണിന്റെ മക്കളാണ്‌.ചരിത്ര പരമായ ഒരു വസ്‌തുത പറയുകയാണെങ്കില്‍ സവര്‍‌ണ്ണ ആര്യന്മാര്‍ അന്യ ദേശത്ത്‌ നിന്നും വന്ന്‌ സിന്ധ് നദീതിരത്ത്‌ കുടിയേരിയവരാണ്‌ എന്നതാണ്‌ യാഥാര്‍‌ഥ്യം.

-------------
ചരിത്രം ഒരു ചുരുക്കെഴുത്ത്‌:-

കേരളക്കരയിലെ ഒരു നാട്ടു രാജാവ്‌ ചേരമാന്‍ പെരുമാള്‍,ആറാം നൂറ്റാണ്ടില്‍ നേരിട്ട്‌ മക്കയില്‍ പോയി ഇസ്‌ലാം മതം വിശ്വസിച്ച്‌,ഒരു പ്രബോധക സം‌ഘവുമായി നാട്ടിലേയ്‌ക്ക്‌ തിരിക്കാന്‍ തമ്പടിച്ചിരുന്ന ഒമാന്‍ തീരത്തെ ഷഹറുല്‍ മുഖല്ലയില്‍ വെച്ച്‌ പരലോകം പൂകി.പ്രസ്‌തുത നാട്ടു രാജാവിന്റെ അതിഥികളായെത്തിയ മാലിക്‌ ഇബ്‌നു ദിനാറും സം‌ഘവും തങ്ങളുടെ സഖാവിന്റെ കൊട്ടാര വിരുന്നുകാരും കുടും‌ബക്കാരും എന്ന രീതിയിലാണ്‌ വന്നതും സ്വീകരിക്കപ്പെട്ടതും.അക്കാലത്തെ പ്രധാനപ്പെട്ട ഇല്ലങ്ങളായ പോക്കാക്കില്ലം,മമ്മസ്രായില്ലം,പുഴങ്ങര ഇല്ലം,മഠങ്ങള്‍, കാവുകള്‍,  അമ്പലത്ത്‌ വീടുകള്‍,കൂടാതെ പണിക്കവീട്,പുതിയവീട് തുടങ്ങിയ നായര്‍ കുടും‌ബങ്ങളില്‍ നിന്നുമായിരുന്നു ആദ്യമായി ഇസ്ലാം ആശ്ലേഷിച്ചവർ എന്നാണ് ചരിത്രരേഖ.

കൊടുങ്ങല്ലൂര്‍ കേന്ദ്രമായിരുന്ന പ്രസിദ്ധങ്ങളായ പല ഇല്ലങ്ങളും (ഇസ്‌ലാം ആശ്ലേഷിച്ചവരും അല്ലാത്തവരും) തൃശൂരിലേക്കും വിശിഷ്യാ പടിഞ്ഞാറന്‍ കായലോര പ്രദേശങ്ങളിലേക്ക് കൂടുമാറിയിരുന്നു.വെങ്കിടങ്ങ് മുല്ലശ്ശേരി എന്നീ പ്രദേശങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ട ദേശങ്ങളാണ്‌.ഒരേ ഇല്ലത്തിന്റെ വിലാസത്തില്‍ അറിയപ്പെടുന്ന രണ്ട് ധര്‍‌മ്മങ്ങളിലുള്ളവര്‍ പരസ്‌പര സ്നേഹദരവോടെ കഴിഞ്ഞിരുന്നു എന്നതും വസ്‌തുതയാണ്‌.

പൂര്‍‌വികര്‍ പരിപാലിച്ചു പോന്നിരുന്ന കാവുകളും കോവിലുകളും ക്ഷേത്രങ്ങളും ഒക്കെ മസ്‌ജിദുകളായി പരിണമിക്കപ്പെട്ടു എന്നത് യാഥാര്‍‌ഥ്യമത്രെ. ഇതിന്നര്‍‌ഥം ഇതൊക്കെ കയ്യേറിയെന്നോ അതിക്രമിച്ചൊതുക്കി എന്നോ അല്ല. ഒരു സം‌ഘം തങ്ങളുടെ വിശ്വാസമാറ്റത്തിന്നനുസരിച്ച്‌ ആരാധനാലയങ്ങളുടെ സ്വഭാവങ്ങള്‍ മാറ്റി എന്നു മാത്രമാണ്‌..

ക്ഷേത്രങ്ങള്‍ മസ്‌ജിദുകളായത് പുനസ്ഥാപിക്കപ്പെടുന്നതില്‍ വിരോധമില്ലെന്നു വളരെ ലളിത സുന്ദരമായി പറയുന്നവര്‍ മനസ്സിലാക്കിയിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം.

ഇവിടെയുള്ള ഈ എഴുതുന്ന വ്യക്തി അടക്കം ഇല്ലത്തുകാരാണ്‌.നന്മയും തിന്മയും വെളിച്ചവും ഇരുളും തിരിച്ചറിഞ്ഞ ഹിന്ദു പൂര്‍‌വ്വ പിതാക്കളെ കുറിച്ച്‌ അഭിമാനം കൊള്ളുന്നവരില്‍ ഈ ഇല്ലത്തുകാരും ഉണ്ട്‌.അവരുടെ നിഷ്‌കളങ്കതയുടെ പരിണിതിയാണല്ലോ ആദ്യ കാലങ്ങളില്‍ തന്നെ ഈ വിശ്വാസ ധാരയില്‍ ഉള്‍‌ചേരാന്‍ ഭാഗ്യം സിദ്ദിച്ചത്.പൂര്‍‌വ്വികരുടെ സൗഭാഗ്യം നിരാകരിക്കുന്നവര്‍ പൊട്ടിച്ചു കൊണ്ടിരിക്കുന്ന പൊയ്‌വെടികള്‍‌ക്കൊപ്പം, പൂര്‍‌വ്വ സൂരികളുടെ ആഗ്രഹാഭിലാഷങ്ങള്‍‌ക്കൊപ്പം നിന്നവരുടെ അവകാശങ്ങള്‍,പൂര്‍‌വ്വികരെ വിസ്‌‌മരിച്ച ധിക്കാരികള്‍‌ക്ക്‌ വേണ്ടി മറന്നു കളയരുത്.

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഏതെങ്കിലും ഇല്ലത്തെ മുസ്‌‌ലിം കുടുംബക്കാര്‍ തങ്ങളുടെ മൂന്നാം പേരില്‍ നിന്നും ഇല്ലം നീക്കം ചെയ്‌തതായി ചൂണ്ടികാണിക്കാന്‍ കഴിയില്ല.പുഴങ്കര ഇല്ലത്ത് ഇബ്രാഹീമുമാരും മമ്മസ്രായില്ലത്തെ അബ്‌‌ദുല്‍ ഖാദര്‍ മാരും,  പോക്കാക്കിലത്ത് മുഹമ്മദുമാരും ജീവിക്കുന്ന ഉദാഹരണങ്ങളാണ്‌.

പല തറവാട്ട്‌ മനപ്പറമ്പുകളിലെയും ദേവാലയങ്ങൾ ഏക ദൈവത്തെ നമിക്കുന്ന ആരാധനാലയങ്ങളായി മാറിയിരിയ്ക്കാം.എന്നാല്‍ അതില്‍ ആരാധനക്കെത്തുന്നവര്‍ പഴയ തലമുറക്കാരുടെ പിന്‍‌ഗാമികളാണ്. സത്യത്തില്‍ അവകാശം ഹനിക്കപ്പെടുകയല്ല.സം‌രക്ഷിപ്പെടുകയാണ്.

‌ഔദാര്യം എടുത്തോതി അന്യവല്‍‌കരിക്കല്‍ ധിക്കാരികളായ വിധ്വംസക ശക്തികളുടെ വിലകുറഞ്ഞ അടവുകളില്‍ ഒന്നു മാത്രം.

........

അബ്‌ദുല്‍ അസീസ്‌ 
മഞ്ഞിയിൽ
പുഴങ്ങരയില്ലത്ത്