Sunday, August 23, 2020

അല്ലാഹുവിന്‌ സ്‌തുതി

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അന്‍‌സാര്‍ മോന്റെ വിവാഹം സമം‌ഗളം കഴിഞ്ഞു.2020 ആഗസ്റ്റ് 23 ന്‌ വടൂക്കരയിലെ കല്ലയില്‍ വീട്ടില്‍ വെച്ചായിരുന്നു നിഖാഹ്‌.മാതാപിതാക്കളും ബന്ധുമിത്രാധികളും കാത്തിരുന്ന വിശേഷം.

വിവാഹ ദിവസം കാലത്ത്‌ (ഖത്തര്‍ സമയം 08.00/ഇന്ത്യന്‍ സമയം 10.30 ന്‌) നിഖാഹിനുള്ളവര്‍ പുറപ്പെട്ടു.ഒപ്പം സൂം ഓണ്‍ ലൈനും ലോഞ്ചു ചെയ്‌തു. ഓണ്‍ ലൈനില്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ബന്ധു മിത്രാധികള്‍ യഥാ സമയം എത്തിയിരുന്നു.മുല്ലശ്ശേരിയില്‍ നിന്നും തൃശൂര്‍ വടൂക്കരയില്‍ എത്താന്‍ എകദേശം 45 മിനിറ്റ്‌ സമയം വേണ്ടി വരും.ഇത്രയും സമയം ഓണ്‍ ലൈന്‍ വഴി സൂമിലുള്ളവരുമായി അന്‍‌സാര്‍ ബന്ധപ്പെടുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്‌തു കൊണ്ടിരുന്നു.ഓണ്‍ ലൈന്‍ സദസ്സില്‍ എത്തിയവര്‍ തങ്ങളുടെ ആശംസകളും സന്തോഷങ്ങളും പങ്കുവെച്ചു.

മുതുവട്ടൂര്‍ ഖത്വീബ്‌ സുലൈമാന്‍ അസ്‌ഹരി അയച്ചു തന്ന റെക്കാര്‍‌ഡ്‌ സന്ദേശം സദസ്സുമായി പങ്കുവെച്ചു.

ഈശ്വര ചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്‍ 
ഇഹപര സുകൃതം ഏകിടും ആര്‍ക്കും
ഇത് സംസാര വിമോചന മാര്‍ഗ്ഗം

എന്ന വരികള്‍ ഓര്‍‌മ്മിപ്പിച്ചു കൊണ്ടുള്ള സന്ദേശം പുതിയ ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന ഇണകള്‍‌ക്കും അതിന്‌ സാക്ഷ്യം വഹിക്കുന്നവര്‍‌ക്കും ആത്മീയാനുഭൂതി പകരുന്നതായിരുന്നു.

പ്രാസ്ഥാനിക ഘടകങ്ങളിലെ പ്രതിനിധികളും,പ്രാദേശിക പ്രതിനിധികളും തങ്ങളുടെ ആശംസകള്‍ പങ്കുവെച്ചു.ഉദയം പഠനവേദിക്ക്‌ വേണ്ടി സെക്രട്ടറി നൗഷാദ്‌ തൊയക്കാവ്‌, നന്മതിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതിക്ക്‌ വേണ്ടി രക്ഷാധികാരി ഹമീദ്‌ കുട്ടി ആര്‍.കെ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു.

പ്രതിബന്ധങ്ങള്‍ നിരനിരയായി പ്രത്യക്ഷപ്പെടുന്ന ലോകത്ത്‌ കൂടെയാണ്‌ ലോകം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.പ്രതിസന്ധികളെ സാധ്യതകളാക്കി ജീവിതത്തെ സര്‍‌ഗാത്മകമാക്കാന്‍ വിശ്വാസികള്‍‌‌ക്ക്‌ സാധിക്കും.സാധിക്കണം.കോവിഡ്‌ കാലത്തെ സന്തോഷ സന്താപങ്ങള്‍ ജീവിതത്തിലെ കടുത്ത പരീക്ഷണ നാളുകള്‍ അതി ശക്തമായ ചില ശിക്ഷണങ്ങള്‍ നല്‍‌കുന്നുണ്ട്‌.കുടും‌ബ പരമായ, സാമൂഹ്യമായ,സാംസ്‌‌ക്കാരികമായ,ധാര്‍‌മ്മികമായ കൃത്യമായ മാനങ്ങള്‍ അതിലുണ്ട്‌.സന്തോഷ സന്താപങ്ങള്‍ നരകീയമായ സ്വര്‍‌ഗീയമായ അവസ്ഥകള്‍ ഒരോരുത്തര്‍‌ക്കും സൃ‌ഷ്‌‌ടിച്ചെടുക്കാന്‍ കഴിയും.‌അല്ലാഹുവിനെ സ്‌മരിക്കല്‍, നന്ദിയുള്ളവനായിരിക്കല്‍, ആത്മാര്‍‌ഥമായ നിരീക്ഷണ ഗവേഷണങ്ങളില്‍ മനസ്സിനെ വ്യാപരിപ്പിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ കൊണ്ട്‌ ഇതു സാധിക്കും.ഇതായിരുന്നു ആശം‌സകളുടെ രത്‌‌നച്ചുരുക്കം.

ഷാഹുല്‍ പേരോത്തിന്റെ വശ്യ സുന്ദരമായ 'നീയെറിഞ്ഞ കല്ല്‌ പാഞ്ഞ്‌ മാനത്തമ്പിളി പാതി മുറിഞ്ഞ്‌ തോട്ടു വരമ്പില്‍ വീണതെന്ന്‌  പൊള്ള്‌ പറഞ്ഞില്ലേ...‌' എന്നു തുടങ്ങുന്ന വരികള്‍ സൈനു , ഇം‌തിയാസ്‌ ബീഗം , റസ റസാഖ് എന്നിവര്‍ ചേര്‍‌ന്ന്‌ ശബ്‌‌ദം നല്‍‌കിയതും,മാപ്പിളപ്പാട്ടിലെ ക്ലാസ്സിക്കുകളും സദസ്സിനെ സന്തോഷിപ്പിച്ചു.

ഇന്ത്യന്‍ സമയം കൃത്യം 11.30 ന്‌ വടൂക്കര ഖത്വീബിന്റെ കാര്‍‌മ്മികത്വത്തില്‍ നിഖാഹ്‌ നടന്നു.മധ്യാഹ്ന പ്രാര്‍‌ഥനയും ഭക്ഷണവും കഴിഞ്ഞ്‌ മുല്ലശ്ശേരിയിലേയ്‌ക്ക്‌ തിരിച്ചു പോന്നു.

വടുക്കരയില്‍ വെച്ച്‌‌ നടന്ന എല്ലാ ചടങ്ങുകളും മുല്ലശ്ശേരിയിലുള്ളവരും സൂമിലൂടെ വീക്ഷിച്ചിരുന്നു.മം‌ഗള കര്‍‌മ്മത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന നാട്ടിലുള്ളവര്‍‌ക്കും ഗള്‍‌ഫ്‌ രാജ്യങ്ങളില്‍ ഉള്ള ബന്ധു മിത്രാധികള്‍‌ക്കും സൂം ഓണ്‍ ലൈവ്‌ തികച്ചും ആഹ്‌ളാദകരമായ അനുഭവമായിരുന്നു.

അന്‍‌സാറിന്റെ പിതാവായ എന്നെ സം‌ബന്ധിച്ചിടത്തോളം ആദ്യാന്തം ഈ വിവാഹ സുദിനത്തില്‍ കുടും‌ബത്തോടൊപ്പം ഉണ്ടായിരുന്ന പ്രതീതിയായിരുന്നു.പ്രതികൂല സാഹചര്യത്തില്‍ എല്ലാ അര്‍ഥത്തിലും സഹകരിച്ചവര്‍‌ക്ക്‌ ഭാഗഭാക്കായവര്‍‌ക്ക്‌ നന്ദി.നേരിട്ടും വിവിധ മീഡിയകള്‍ വഴിയും ആശംസകള്‍ അറിയിച്ചവര്‍‌ക്കും സമാശ്വസിപ്പിച്ചവര്‍‌ക്കും കൂടെ നിന്നവര്‍‌ക്കും പ്രാര്‍‌ഥിച്ചവര്‍‌ക്കും നന്ദി പ്രകാശിപ്പിക്കട്ടെ.അതിലുപരി കരുണാവാരിധിയായ നാഥന്‌ ഒരായിരം നന്ദി.

കാരണവന്മാരുടെ സഹായത്താല്‍ മകന്‍ ഹമദ്‌ കാര്യങ്ങള്‍ എല്ലാം ഭം‌ഗിയായി നിയന്ത്രിച്ചു.

Related Posts:

  • മഴവില്ല്‌ പൂത്ത കണ്ണുകള്‍ എത്ര ആകസ്‌മികമായിരുന്നെന്നോ ആ സമാഗമം.സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഓഫീസില്‍ കടന്നു വന്നു.സ്വയം പരിചയപ്പെടുത്തി.ശിവ പ്രകാശ്‌.ഏറെ ഭവ്യതയോടെ ചില കാ… Read More
  • കാരണവര്‍ഞങ്ങളുടെ തറവാട്ടു കാരണവന്മാരുടെ ശുനക പ്രേമത്തെ സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.11970 ല്‍വിടവാങ്ങിയ ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടിയും 2018 ല്‍ പരലോകം പൂ… Read More
  • ഓര്‍‌മ്മകളിലെ സത്താര്‍ഓര്‍‌മ്മകളിലെ കെ.ജി സത്താര്‍ അണിയറയില്‍ ഒരുങ്ങുന്നു.ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സം‌ഘടിപ്പിക്കപ്പെടുന്ന സം‌ഗീത വിരുന്ന് കൊതിയോടെ കാത്തിര… Read More
  • പെരുന്നാള്‍ ആശം‌സകള്‍. ഒരു ശില്‍പിയും പുതിയ ശില്‍പം രൂപപ്പെടുത്തുന്നില്ല.ശിലയില്‍ താന്‍ കണ്ട ശില്‍പത്തിന്‌ അനുഗുണമല്ലാത്തത്‌ കൊത്തി മാറ്റുക മാത്രമാണ്‌ ചെയ്യുന്നത്‌.മനുഷ്യ… Read More
  • മുശൈരിബ്‌ സ്‌മരണകള്‍ മുശൈരിബ്‌ സ്‌മരണകള്‍ 1980/90 കളിലെ ഖത്തര്‍ ഓര്‍‌മ്മകളുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളാണ്‌ പങ്കു വെക്കുന്നത്‌.ദോഹയിലെ മുശേരിബ്‌ പ്രദേശത്തെ രണ്ട്‌ തെ… Read More