Friday, October 15, 2021

റഹീമ യാത്രയായി

പാടൂര്‍:റഹീമ മഞ്ഞിയില്‍ അല്ലാഹുവിലേക്ക്‌ യാത്രയായി. ദീര്‍‌ഘകാലമായി കാഴ്‌ച നഷ്‌‌ടപ്പെട്ട്‌ പരിചരണത്തിലും, മറ്റ്‌ ശാരീരിക അസ്വസ്ഥതകള്‍‌ക്ക്‌  ചികിത്സയിലും ആയിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കടുത്ത ആരോഗ്യ പ്രശ്‌‌നങ്ങള്‍ ഉണ്ടായിരുന്നു.

മഞ്ഞിയില്‍ മാമദ്‌ ഹാജിയുടെ മകളാണ്‌ റഹീമ. കൊട്ടുക്കല്‍ ഹം‌സയാണ്‌ ഭര്‍‌ത്താവ്‌.

മക്കള്‍:- ഹാരിസ്,റിയാസ്,ഫൗസിയ,റമീന,ജാരിയ.

മരുമക്കള്‍:- സഹീര്‍, ലത്തീഫ്‌,നൗഷാദ്‌, ഷജീല,സബിത.

സഹോദരങ്ങള്‍:- മഞ്ഞിയില്‍ കുഞ്ഞു,ഹം‌സ,അബ്‌ദു റഹിമാന്‍,പാത്തുമ്മു കുഞ്ഞുബാപ്പു.

ഖബറടക്കം പാടൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍.

============

റഹീമത്ത പ്രകാശം നഷ്‌ടപ്പെട്ട ലോകത്ത്‌ നിന്നും പ്രകാശ പൂരിതമായ ലോകത്തേക്ക്‌ യാത്രയായിരിക്കുന്നു.

കാല്‍ പെരുമാറ്റം ശ്രവിക്കുന്ന മാത്രയില്‍ ഒതുക്കിപ്പിടിച്ച തുണിയുടെ നേര്‍‌ത്ത അനക്കം കേള്‍‌ക്കുന്ന നിമിഷം എന്തിന്‌ മുറിക്കകത്തേക്ക്‌ എത്തുന്ന മാത്രയില്‍ പോലും 'ങാ അസി' എന്നു പറയുന്ന പ്രിയപ്പെട്ട റഹീമത്ത യാത്രയായി.

എല്ലാവരും കൂടെയാണ്‌ ഇത്താനെ കാണാന്‍ പോകാറുള്ളത്. ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം പേര്‌ വിളിച്ച് പരിഗണിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുമായിരുന്നു.മാത്രമല്ല അടുത്തേക്ക്‌ വിളിക്കപ്പെടുന്നവരെ കാണുന്നുണ്ടെന്ന്‌ പോലും തോന്നിപ്പോകും.ഓരോ സന്ദര്‍‌ശനത്തിലും ഒരു പാട്‌ കാര്യങ്ങള്‍ പങ്കുവെച്ചാണ്‌ തിരിച്ചു പോരുക. ഓരോന്നും എണ്ണിയെണ്ണി ക്രമപ്രകാരം തന്നെ ചോദിച്ചറിയുമായിരുന്നു.

മഹാമാരി സൃഷ്‌ടിച്ച അകലം പാലിക്കല്‍ ചിട്ടവട്ടം കാരണം ഈയിടെയായി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നതില്‍ മനസ്സ്‌ വല്ലാതെ നൊന്തുപോകുന്നു.

എല്ലാം ഉപേക്ഷിച്ച്‌ ഒരു  യാത്ര സുനിശ്ചിതമാണ്‌.ഒരുങ്ങിയിരിക്കുക.എപ്പോള്‍ വേണമെങ്കിലും വിളിക്കപ്പെടാം.ഒരിക്കലും മാറ്റി വെയ്‌ക്കാനാകാത്ത യാത്രയ്‌ക്ക്‌ പാഥേയമൊരുക്കി കാത്തിരിക്കുക. സമയാസമയങ്ങളില്‍ ചെയ്യാനുള്ള കാര്യങ്ങള്‍‌ക്ക്‌ മറ്റൊരു അവധി വെയ്‌ക്കുന്നത് മൗഢ്യമത്രെ.സമയമായിക്കഴിഞ്ഞാല്‍ ഒരു തരത്തിലുള്ള കാരണത്താലും പോകാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത യാത്രയെ മറന്നു പോകരുത്.

എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. 

ദുരന്തങ്ങള്‍‌ക്ക്‌ മേല്‍ ദുരന്തം എന്ന പോലെയുള്ള കടുത്ത അഗ്‌നി പരീക്ഷണങ്ങളിലൂടെയാണ്‌ ലോകവും ലോകരും കടന്നു പൊയ്‌കൊണ്ടിരിക്കുന്നത്. അടുത്ത ബന്ധു മിത്രാധികള്‍ തന്നെ പലരും വളരെ പ്രയാസമനുഭവിക്കുന്ന കാലമാണിത്.കുറെയൊക്കെ നാം അറിയുന്നു. അറിയാത്തത് അറിയുന്നതിലും ഏറെയായിരിക്കാനാണ്‌ സാധ്യത. വിശ്വാസിയുടെ വജ്രായുധം ആത്മാര്‍‌ഥമായ പ്രാര്‍‌ഥനയാണ്‌.

പരസ്‌പരം അഭിവാദ്യവും പ്രാര്‍‌ഥനയും വര്‍‌ദ്ധിപ്പിച്ച് അനുഗ്രഹീതരാകാന്‍ പഠിപ്പിക്കപ്പെട്ടവരാണ്‌ വിശ്വാസി സമൂഹം.എല്ലാവരും എല്ലാവര്‍‌ക്കും വേണ്ടി സമയം മാറ്റിവെച്ചു കൊണ്ട്‌ തന്നെ പ്രാര്‍‌ഥിക്കണം.തന്റെ സഹോദരന്റെ അഭാവത്തിലുള്ള പ്രാര്‍‌ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്ന കാര്യവും മറക്കാതിരിക്കുക.

പ്രിയപ്പെട്ട പലരും അവിചാരിതമെന്നപോലെ പടിയിറങ്ങുന്ന വാര്‍‌ത്ത അത്യന്തം വേദനിപ്പിക്കുന്നു.മണ്‍ മറഞ്ഞു പോയ എല്ലാവര്‍‌ക്കും വേണ്ടി പ്രാര്‍‌ഥിക്കാം.

മഹാമാരിയുടെ സകലമാന ദുരന്തങ്ങളില്‍ നിന്നും മോചനം ലഭിക്കാനായി അവിരാമം എല്ലാവരും പ്രാര്‍‌ഥിച്ചു കൊണ്ടിരിക്കുക.പരിചിത വലയത്തില്‍ ഉള്ളവരും അല്ലാത്തവരും മഹാമാരി മൂലവും അല്ലാത്തതുമായ വിവിധ പ്രയാസങ്ങളില്‍ ചികിത്സക്ക്‌ വിധേയരായി ആതുരാലയങ്ങളിലും വീടുകളിലും കഴിയുന്നുണ്ട്‌.തീവ്ര പരിചരണ വിഭാഗത്തിലും ഉണ്ട്‌. കാരുണ്യവാനായ അല്ലാഹു എല്ലാവര്‍‌ക്കും സമാധാനവും സമാശ്വാസവും നല്‍‌കി അനുഗ്രഹിക്കട്ടെ.

ജീവിച്ചിരിക്കുന്നവര്‍‌ക്ക്‌ ഇഹപര സൗഭാഗ്യം പ്രധാനം ചെയ്യുമാറാകട്ടെ.മണ്‍ മറഞ്ഞവരുടെ പരലോകം പ്രകാശപുരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.

പ്രാര്‍‌ഥനാ പൂര്‍‌വ്വം

മഞ്ഞിയില്‍

-------------

കാണാമറയത്ത് ഒരു ദീനി സ്‌‌നേഹി..

ഹഫ്‌സ പാടൂര്‍

-----------

ഇന്ന് പുലർച്ചെ മഞ്ഞിയില്‍ റഹീമത്തയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഏകദേശം മുപ്പത് വർഷം പിന്നിലേക്ക് ചിന്തകള്‍ ചിറകടിച്ചു പോയി. എന്റെ തറവാടിന്റെ അടുത്തുള്ള റഹീമത്തയും ഞാനും നഫീസ്ത്തയും (സഫ്‌‌നാടെ ഭർതൃ മാതാവ്)  കൂട്ടുകാരികൾ ആയിരുന്നു. ഞാൻ മിക്കപ്പോഴും നഫീസ്ത്തയെ കാണാൻ പോകും. റഹീമത്ത അവിടത്തെ സ്ഥിരം സന്ദർശക ആയിരുന്നു.. ഞങ്ങൾ ഏറെ നേരം സംസാരിച്ചിരിക്കും. സംസാരത്തിനിടയിൽ ദീനി വിഷയങ്ങൾ ചർച്ച വരും.

ആ ചർച്ച ഒരു ക്ലാസ്സ്‌  സം‌ഘടിപ്പിക്കുക എന്നതിലേക്ക് എത്തി. അൽഹംദുലില്ലാഹ്. അവര്‍ മുന്നിൽ നിന്നു.ഫാത്തിമ ടീച്ചറെ വരുത്തി ഞങ്ങൾ ക്ലാസ്സ്‌ നടത്തി.പഠന പരമ്പര അധികം നീണ്ടു പോയില്ലെങ്കിലും  കേട്ടിടത്തോളം റഹീമത്ത ഉൾക്കൊണ്ടു. അതിന് ശേഷം ഞാൻ കൂട് മാറിയപ്പോൾ കാഴ്ച്ച അകന്നെങ്കിലും മനസ്സ് ഒന്ന് തന്നെ ആയിരുന്നു. ആയിടക്ക് മകളുടെ വിവാഹലോചന വന്നപ്പോൾ വളരെ സന്തോഷത്തോടെ പറഞ്ഞത് ഹാഫ്‌സാടെ ആളുകൾ ആണ് ട്ടോ... പ്രാസ്ഥാനിക കുടുംബം ഇണക്കപ്പെട്ടപ്പോള്‍ ആ ബന്ധത്തിന് മാറ്റ് കൂടി.. 

ഇടക്ക് വിശേഷാല്‍ സമാഹരണങ്ങള്‍‌ക്ക്‌ പോയാൽ വാചലമായി സംസാരിക്കും. അധികവും ദീനി വിഷയങ്ങളും സംശയങ്ങളും ആയിരിക്കും സംസാരിക്കുക.കണ്ണിന്റെ കാഴ്ച്ച നഷ്ട‌പ്പെട്ടതിനു ശേഷവും ചെന്നാൽ ശബ്‌‌ദം കൊണ്ട് തിരിച്ചറിയും.നിഷ്കളങ്കമായ മനസ്സിന്റെ ഉടമയായിരുന്നു.

ഇന്നലെ ഇശാ നമസ്കാരം കഴിഞ്ഞാണ് ഇത്താക്ക്‌ ക്ഷീണം കൂടിയത്‌.മക്കള്‍ ചൊല്ലിക്കൊടുത്ത സത്യ സാക്ഷ്യത്തിന്റെ മന്ത്ര ധ്വനികള്‍ (ദിക്ർ) ഏറ്റു ചൊല്ലി സന്തോഷത്തോടെ സ്വര്‍‌ഗീയാരാമങ്ങളുടെ വര്‍‌ണ്ണക്കാഴ്‌ചകള്‍ ആസ്വദിച്ച് വിടപറഞ്ഞു.നഫീസത്ത നേരത്തെ തന്നെ അല്ലാഹുവിലേക്ക് യാത്രയായി.പിന്നാലെ റഹീമത്തയും.

റഹീമത്താക്ക് വേണ്ടി ഏകാകിയായി കൈ കെട്ടിയപ്പോൾ സങ്കടം നിയന്ത്രിക്കാൻ ആയില്ല.. നാഥാ. നാളെ പരലോകത്തെ സ്വർഗ ലോകത്ത് ഒരു കൂടിക്കാഴച്ചക്ക് നീ ഉദവി നൽകണേ... 

ആമീൻ..

-----------

ഹഫ്‌സ പാടൂര്‍

16.10.2021