പാണക്കാട് പുതിയമാളിയേക്കല്‍ സയ്യിദ് അഹ്‌മദ് പൂക്കോയ തങ്ങളുടെയും സയ്യിദ മര്‍യം ചെറിഞ്ഞി ബീവിയുടെയും മകനായി 1947-ല്‍ ജനനം. മാതാവിന്റെ വിയോഗാനന്തരം പിതാവിന്റെയും പിതൃസഹോദരിയുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്.പാണക്കാട് ഡി.എം.ആര്‍ എല്‍.പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.1965 ല്‍ കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.തിരുന്നാവായ കോന്നല്ലൂര്‍ ജുമാ മസ്‌ജിദില്‍ രണ്ട് വര്‍ഷത്തോളം പഠിച്ചു.പിന്നീട് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ ചേര്‍ന്നു.1972-ല്‍ ഉപരി പഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു.1975 - ല്‍ ഫൈസി ബിരുദം കരസ്ഥമാക്കി.
പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍ത്തകളുടെ പിന്നാമ്പുറത്ത് കുറെ ഓര്‍മ്മകളും ചരിത്രത്താളുകളില്‍ സൂക്ഷിക്കാന്‍ തൊട്ടു തലോടാന്‍ പീലിത്തണ്ടുകളും വിട്ടേച്ചു കടന്നു പോകും.
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി.പിന്‍ഗാമിയായി സാദിഖലി ശിഹാബ് തങ്ങള്‍ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു.
മുല്ലശ്ശേരി പഞ്ചായത്തില്‍ പെട്ട തിരുനെല്ലൂര്‍ എന്ന മഹല്ലില്‍ പാണക്കാട്ട് തങ്ങന്‍മാര്‍ പലരും പല സന്ദര്‍ഭങ്ങളിലും വന്നിട്ടുണ്ട്.തിരുനെല്ലൂരിന്റെ തൊട്ടടുത്ത മഹല്ലാണ് പാടൂര്‍.ബി.വി.സീതി തങ്ങളുടെ നാട് എന്ന് പറയുന്നത് നന്നായിരിയ്‌ക്കും എന്നു തോന്നുന്നു.ഒരു പക്ഷെ അതു കൊണ്ടായിരിക്കാം പാണക്കാട്ടേക്കുള്ള അകലം അത്രയൊന്നും ദൂരമാകാതിരുന്നത്.
പാണക്കാട് തങ്ങന്‍മാര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ തിരുനെല്ലൂരിലെത്തിയത് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.2007 തിരുനെല്ലൂര്‍ ജുമാ മസ്‌ജിദ് പുനരുദ്ധാരണാനന്തര ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയത് മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ സാരഥി സ്വാദിഖലി ഷിഹാബ് തങ്ങളായിരുന്നു.2013 ത്വാഹ മസ്‌ജിദ് പുനര്‍ നിര്‍മ്മാണാനന്തര ഉദ്‌ഘാടനം ചെയ്യാനെത്തിയത് വിടപറഞ്ഞ സയ്യിദ് ഹൈദറലി ഷിഹാബ് തങ്ങളായിരുന്നു.മഞ്ഞിയില്‍ പള്ളി ത്ഖ്‌വ മസ്‌ജിദ് എന്ന് പുനര്‍ നാമകരണം നടത്തിയതും ഹൈദറലി ഷിഹാബ് തങ്ങള്‍ തന്നെ.2017 തിരുനെല്ലൂര്‍ ഭവന സമുച്ചയം ഉദ്‌ഘാടനം ചെയ്യാന്‍ ഷമീര്‍ അലി ഷിഹാബ് തങ്ങളായിരുന്നു എത്തിയത്.2019 നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതിയുടെ താക്കോല്‍ ദാനം സയ്യിദ് സ്വാദിഖലി ഷിഹാബ് തങ്ങളാണ് നിര്‍വഹിച്ചത്.
മര്‍ഹൂം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ വിദ്യാഭ്യാസ വര്‍ത്തമാനങ്ങള്‍ തുടക്കത്തില്‍ സംക്ഷിപ്‌തമാക്കി പറഞ്ഞിട്ടുണ്ട്.എഴുപതുകളില്‍ ജാമിഅ നൂരിയ്യയില്‍ പഠിച്ചു കൊണ്ടിരിക്കെ 1973-ലായിരുന്നു സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ രൂപീകണം.
അഥവാ മര്‍ഹൂം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളായിരുന്നു പ്രസ്‌തുത പ്രസ്ഥാനത്തിന്റെ പ്രഥമ പ്രസിഡണ്ട്.വൈസ് പ്രസിഡണ്ട് ഏര്‍ച്ചം വീട്ടില്‍ കൊച്ചു മുഹമ്മദ് മുസ്‌ലിയാരും.അവര്‍ സഹപാഠികളും നല്ല സുഹൃത്തുക്കളും ആയിരുന്നു.മുല്ലശ്ശേരി ബ്ലോക് വെങ്കിടങ്ങ് പഞ്ചായത്തിലെ കണ്ണോത്ത് മഹല്ലിലാണ് ഏര്‍ച്ചം വീട്ടില്‍ ബാവുട്ടി ഹാജിയുടെ മകന്‍ കൊച്ചു മുഹമ്മദ് മുസ്‌ലിയാര്‍ താമസിക്കുന്നത്.(ഈ കുറിപ്പുകാരന്റെ മൂത്തുമ്മയുടെ മകന്‍) എഴുപതുകളില്‍ കേരളവര്‍മ്മയില്‍ നിന്നും ബിരുദം നേടിയ ശേഷമായിരുന്നു കൊച്ചു മുഹമ്മദ്, ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നത്.
കഴിഞ്ഞ ദിവസം ഏറെ ദുഃഖഭാരത്താല്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു കൊച്ചു മുഹമ്മദ് മുസ്‌ലിയാര്‍. കാര്യങ്ങള്‍ സാവകാശം ചോദിച്ചറിഞ്ഞപ്പോള്‍ എഴുപതുകളിലെ ഓര്‍മ്മച്ചെപ്പ് ഏറെ ഗൃഹാതുരതയോടെ ഓര്‍ത്തെടുത്തു.ഒന്നൊന്നായി ബന്ധുമിത്രാധികളോട് വിവരിച്ചു.പഴമയുടെ പഴന്തുണിയിലും പ്രശോഭിച്ചു നില്‍ക്കുന്ന വര്‍ത്തമാനങ്ങള്‍.
മുസ്‌ലീഗിന്റെ പുതിയ സാരഥിയായി പ്രഖ്യപിക്കപ്പെട്ട സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ 2019 ല്‍ തിരുനെല്ലൂരില്‍ വന്നിരുന്നു.അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ അസ്‌ഗറലി തങ്ങള്‍ പാടൂര്‍ എന്റെയും അടുത്ത സുഹൃത്തും ഗുണകാംക്ഷിയുമാണ്.ആദരണീയ വ്യക്തിത്വങ്ങളുമായി വേദി പങ്കിട്ടതും മനസ്സ് പങ്കുവെച്ചതും ഒരു വട്ടം ഓര്‍മ്മയില്‍ ചിറകടിച്ചു പറന്നു.നന്മതിരുനെല്ലൂരിന്റെ വിശേഷാല്‍ അവാര്‍ഡ് സമ്മാനിച്ചതും ആദരണീയനായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളായിരുന്നു.
വിടപറഞ്ഞവരുടെ പരലോകം പ്രകാശ പൂരിതമാക്കി അനുവദിച്ചരുളുമാറാകട്ടെ.ജീവിച്ചിരിക്കുന്നവരെ ഇഹപരവിജയികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ....
--------------
അസീസ് മഞ്ഞിയില്‍