Thursday, September 8, 2022

ഉമര്‍ ഓര്‍‌മ്മയായി

ദോഹ:പാറാത്ത് വീട്ടില്‍ പൂനത്ത് ഖാദര്‍ മകന്‍  പി.പി ഉമര്‍ (36) വട്ടേക്കാട് - തൃശൂര്‍, മരണപ്പെട്ടു.അര്‍‌ബുധ ബാധിതനായി ദീര്‍‌ഘകാലമായി ചികിത്സയിലായിരുന്നു. ഖബറടക്കം ദോഹയില്‍.ഭാര്യ മുഹ്‌സിന. മകന്‍ ഹം‌ദാന്‍.

ഉമര്‍ ഓര്‍‌മ്മയായി
----------
2018 ലാണ്‌ ഏറ്റവും ഒടുവില്‍ അവധികഴിഞ്ഞ്‌ ഉമര്‍ പി.പി ഖത്തറിലെത്തുന്നത്.2018 ഏപ്രില്‍ മാസത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നിയമക്കുരുക്കില്‍ തടവിലായി.ജയില്‍ വാസത്തിന്നിടക്ക്‌ 2021 ല്‍ തുടയെല്ലില്‍ കടുത്ത വേദനയെ തുടര്‍‌ന്ന്‌ ചികിത്സക്ക്‌ വിധേയനായി.പിന്നീട്‌ ഹമദ്‌ ആശുപതിയില്‍ അഡ്‌‌മിറ്റ് ചെയ്യപ്പെട്ടു. അര്‍‌ബുധവുമായി ബന്ധപ്പെട്ടതായിരുന്നു രോഗം എന്ന്‌ സ്ഥിരീകരിച്ചു കൊണ്ടുള്ള ചികിത്സ തുടര്‍‌ന്നു കൊണ്ടിരുന്നു.ദീര്‍‌ഘനാളത്തെ ചികിത്സക്കിടയില്‍ ആശുപതിയില്‍ നിന്നും ഡിസ്‌ചാര്‍‌ജ്‌ ചെയ്യപ്പെട്ടു.

2022 ല്‍ ഡിസ്‌ചാര്‍‌ജ്‌ ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോവിഡ്‌ ബാധിച്ചു.കോവിഡ് ബാധ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രയാസത്തിലാക്കി.വീണ്ടും അഡ്‌മിറ്റ് ചെയ്യപ്പെട്ടു.റുമേല കാന്‍‌സര്‍ ആശുപതിയിലായിരുന്നു ചികിത്സ.

രോഗവും ചികിത്സയും കൂടാതെ നിയമ കുരുക്കുകളും ഉള്ളതിനാലും നാട്ടിലേക്കുള്ള യാത്ര നടന്നില്ല.ഉമര്‍ ഖത്തറിലേക്ക്‌ പോരുമ്പോള്‍ 4 വയസ്സ് പ്രായമുണ്ടായിരുന്ന മകന്‍ മുഹമ്മദ് ഹം‌ദാന്‌ ഇപ്പോള്‍ 9 വയസ്സ് ആയിരിക്കുന്നു.

മകന്റെ വിവരം അറിഞ്ഞതു മുതല്‍ കണ്ണീരിലായ ഉമ്മ ഏറെ രോഗ ബാധിതയായി.മകന്റെ ആരോഗ്യാവസ്ഥ ഏറെ സങ്കീര്‍‌ണ്ണമാണെന്നതിനാല്‍ മകനെ കാണാന്‍ അവര്‍ ദോഹയില്‍ ഓണ്‍ അറൈവല്‍ വിസയില്‍ വന്നു.തിരിച്ചു പോയി.ശേഷം ഉമറിന്റെ ഭാര്യ ഒരു മാസത്തെ ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തി.സപ്‌തം‌ബര്‍ 8 ന്‌ മുഹ്‌സിന തിരിച്ചു പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നു മനസ്സിലാക്കി യാത്ര നീട്ടിവെക്കുകയായിരുന്നു.കൂടാതെ മുഹ്‌സിന പോകരുതെന്നു ഉമര്‍ പ്രത്യേകം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

മാസങ്ങള്‍‌ക്ക്‌ മുമ്പ്‌ തന്നെ ഉമര്‍ അന്ത്യയാത്രക്ക്‌ ഒരുങ്ങിക്കൊണ്ടിരുന്നു എന്നത് ഒരു യാഥാര്‍‌ഥ്യമാണ്‌.സപ്‌തം‌ബര്‍ 6 വൈകുന്നേരത്തോടെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഒരുങ്ങിയിരുന്നു എന്നു മാത്രം.നേരമായി എന്ന്‌ ഇടക്ക്‌ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.ഏറെ ദയനീയമായ അവസ്ഥയിലായിട്ടും തന്റെ സഹധര്‍‌മ്മിണിയെ ആവും വിധം സമാശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും മാപ്പപേക്ഷ പോലും നടത്താനും പാതി ബോധത്തിലും ഉമര്‍ മറന്നില്ല.

സപ്‌തം‌ബര്‍ 7 മധ്യാഹ്നം മുതല്‍ ശ്വാസോച്ഛ്വാസത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി.വിശുദ്ധ ഖുര്‍‌ആന്‍ പാരായണം ചെയ്‌തും ദിക്കറുകള്‍ ചൊല്ലിക്കൊടുത്തും നിമിഷങ്ങള്‍ ധന്യമാക്കാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിച്ചു.വിവരങ്ങള്‍ കേട്ടറിഞ്ഞ് ബന്ധു മിത്രാധികളും സുഹൃത്തുക്കളും ആശുപത്രിയിലേക്ക്‌ വന്നു കൊണ്ടിരുന്നു.പാതിരാത്രിയില്‍ 12.04 ന്‌ അഥവാ സപ്‌തംബര്‍ 8 വ്യാഴം, അന്ത്യശ്വാസത്തിന്റെ വേഗത കൂടിക്കൊണ്ടിരുന്നു.സാമൂഹ്യ പ്രവര്‍‌ത്തക സൗദ പി.കെ മുഹ്‌സിനയെ സമാശ്വസിപ്പിക്കാന്‍ അടുത്തുണ്ടായിരുന്നു.ഖുര്‍‌ആന്‍ പാരായണത്തിന്റെ വശ്യതയില്‍ തൗഹീദിന്റെ മന്ത്ര ധ്വനികളാല്‍ നനഞ്ഞ ചുണ്ടുകള്‍ ചലിച്ചു കൊണ്ടിരിക്കേ അനുഗ്രഹത്തിന്റെ മാലാഖമാരുടെ അകമ്പടിയോടെ ഉമറിന്റെ ആത്മാവ് ആകാശാലോകത്തേക്ക്‌ പറന്നകന്നു.

എന്റെ കുടും‌ബവും ബന്ധുമിത്രാധികളും സുഹൃത്തുക്കളും വിശിഷ്യാ ഉമറിന്റെ പ്രിയ സുഹൃത്ത് ഷരീഫും അന്ത്യയാത്രാ വേളയില്‍ ചാരത്തുണ്ടായിരുന്നു.

പ്രാര്‍‌ഥനയില്‍ ഉണ്ടാകണം.
അല്ലാഹു അനുഗ്രഹിക്കട്ടെ....
അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍
============
08/09/2022

അവള്‍ മടങ്ങി
===========
ഉമറിനെ യാത്രയാക്കി മുഹ്‌‌സിന മടങ്ങി.ദീര്‍‌ഘമായ വര്‍‌ഷങ്ങള്‍ തന്റെ പ്രിയതമന്‍ കുരുക്കപ്പെട്ട നിയമക്കുരുക്കിന്റെ ഗതിവിഗതികളും,ആശങ്കയും,തുടര്‍‌ന്ന്‌ അദ്ദേഹത്തെ ബാധിച്ച രോഗവും അതിന്റെ നോവും വേവും അകലങ്ങളിരുന്നും ഒടുവിലൊടുവില്‍ നേരിട്ടെത്തിയും കാണാനും കേള്‍‌ക്കാനും പരിചരിക്കാനും വിധിക്കപ്പെട്ട - അനുഗ്രഹിക്കപ്പെട്ട പൊന്നു മോള്‍,ദോഹ വിട്ടു.
പ്രകാശ വര്‍‌ഷത്തെക്കാളും ദൈര്‍‌ഘ്യം തോന്നിക്കുന്ന കാത്തിരിപ്പിനൊടുവിലെ സമാഗമം ഒരു ഓണ്‍ അറൈവലിലൂടെ സാധിച്ചെടുത്ത നിമിഷം സജലങ്ങളായ അവളുടെ കണ്ണുകള്‍‌ക്ക് നക്ഷത്രങ്ങളെ വെല്ലും വിധം തിളക്കമുണ്ടായിരുന്നു.മൃതപ്രായമായ തന്റെ ഇണയെ ഒന്നും സം‌ഭവിക്കാത്ത മട്ടില്‍ ചേര്‍‌ത്ത് പിടിച്ച് "ഞങ്ങള്‍ ഒരുമിച്ച് ഫോട്ടൊയെടുത്തു.." എന്ന്‌ ആഹ്‌‌ളാദ ഭാവത്തില്‍ പറഞ്ഞു തീരും മുമ്പ് മുത്തു മണിപോലെ ഉതിര്‍‌ന്ന് വീണ അശ്രുകണങ്ങള്‍ എത്ര പരിശുദ്ധം.

നീണ്ട കാലത്തെ ഇടവേളക്കൊടുവില്‍ തന്റെ നല്ലപാതിയെ പരിചരിക്കാനെങ്കിലും പടച്ച തമ്പുരാന്‍ അനുഗ്രഹിച്ചല്ലോ എന്ന ആത്മഗദത്തോടെ 30 ദിവസത്തെ ദൗത്യം.രോഗ പീഢയുടെ മൂര്‍‌ധന്യത്തില്‍  അര്‍‌ധ ബോധാവസ്ഥയിലും ചിലപ്പോള്‍ പൂര്‍‌ണ്ണമായും ബോധം നഷ്‌‌ടപ്പെട്ട അവസ്ഥയിലുമായിരുന്നു.
ഏറെ ധന്യമായ പരിചരണകാലം വിവരണാതീതം.ഇണങ്ങിയും പിണങ്ങിയും താലോലിച്ചും താരാട്ടിയും ഉടുപ്പിച്ചും കുളിപ്പിച്ചും കരളലിയിക്കുന്ന ശുശ്രൂഷാ കാലം.തിട്ടപ്പെടുത്തപ്പെട്ട അത്യപൂര്‍‌വ്വമായ നാളുകളിലെ വിശേഷങ്ങള്‍ കണ്ട് മാലാഖമാര്‍ പോലും അത്ഭുതം കൂറിയിരിയ്‌ക്കാം.ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട സ്വര്‍‌ഗ്ഗലോകം ആസ്വദിച്ച  ആതിഥ്യത്തെ ഓര്‍‌മ്മിപ്പിക്കും വിധം ഹൃദയാവര്‍‌ജ്ജകമായ മുഹൂര്‍‌ത്തങ്ങള്‍.

ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്‌ ബഷീര്‍ അഹ‌മ്മദ് സാഹിബിന്റെ കൂടെയായിരുന്നു യാത്ര. സേവനത്തിന്റെ മഹിത മാതൃകയായ പി.കെ സൗദ സാഹിബയുടെ സഹവാസവും സമീപനവും സാമിപ്യവും മതിവരുവോളം അനുഭവിച്ചു തീരാതെ പോകുന്നതില്‍ മോള്‍‌ക്ക്‌ സങ്കടമുണ്ടായിരുന്നു,അവര്‍ തലേ ദിവസം തന്നെ എല്ലാ ഒരുക്കങ്ങളോടും കൂടെ വന്നിരുന്നു.എമിഗ്രേഷനിലേക്ക്‌ പ്രവേശിക്കും വരെ എല്ലാവരും മുഹ്‌സിനയെ അനുഗമിച്ചു.കരുണാ വാരിധിയായ തമ്പുരാന്റെ കരുണാകടക്ഷങ്ങള്‍‌ക്കായി ഉള്ളുരുകി പ്രാര്‍‌ഥിച്ചു കൊണ്ട് മടങ്ങി.കണ്ണീരുണങ്ങാതെ വായിച്ചു തീര്‍‌ക്കാനാകാത്ത പച്ചയായ ഒരു ജീവിതാധ്യായത്തിനു വിരാമം.
പ്രാര്‍‌ഥനാ പൂര്‍‌വ്വം..
11.09.2022
======
ഇദ്ദ എന്നാല്‍ എണ്ണുക കണക്കാക്കുക എന്നാണ്‌ അര്‍‌ഥം
============
ഇദ്ദ എന്നാല്‍ എണ്ണുക കണക്കാക്കുക എന്നാണ്‌ അര്‍‌ഥം.മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലയളവാണ്‌ ഇദ്ദ (ദീക്ഷാകാലം).ഭര്‍ത്താവ് മരണപ്പെടുകയോ, വിവാഹ മോചനം നടക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഒരോ സ്ത്രീയും ഇദ്ദഃ അനുഷ്‌‌ഠിക്കണമെന്ന് വിശുദ്ധ ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്. 

ഇദ്ദയുടെ ലക്ഷ്യങ്ങള്‍ പലതാണ്.ഗര്‍‌ഭിണിയായിരിക്കേ ഭര്‍‌ത്താവ് മരണപ്പെട്ടാല്‍ പ്രസവം വരെ മാത്രമാണ്‌ ഇദ്ദ. ഇണകള്‍ ഒരുമിച്ച് ജീവിക്കാത്ത സാഹചര്യത്തില്‍ ഭര്‍‌ത്താവ്‌ മരണപ്പെട്ടാല്‍ ഇദ്ദ ആവശ്യമില്ല എന്ന്‌ ഇതിന്നര്‍‌ഥമാക്കരുത്.പവിത്രമായ ബന്ധമാണ്‌ ഇണകളുടേത് എന്ന ബോധ്യമുണ്ടാക്കുക എന്നതും ഇതില്‍ പ്രധാനമാണ്‌.

തങ്ങളുടെ വീടുകളില്‍ സാധാരണ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ഇദ്ദാകാലയളവില്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. എന്നാല്‍ ആകര്‍‌ഷകമായതും തന്റെ ശരീരഭംഗിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വസ്ത്രമോ ഇദ്ദയുടെ കാലയളവില്‍ സ്ത്രീ ഉപയോഗിക്കരുതെന്നാണ്‌ പ്രവാചക പാഠം.

ഇദ്ദ കാലയളവ് ഒരു പ്രയാസകാലമാക്കി കാണാതെ ഭക്ത്യാദരപൂര്‍‌വ്വമുള്ള പ്രാര്‍‌ഥനാകാലമായി മനസ്സിലാക്കുന്നതാണ്‌ ഇസ്‌‌ലാമിക സം‌സ്‌കാരത്തിന്റെ സൗന്ദര്യം.
========== 
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
------------
*നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍ ...*
=======
ഉമര്‍ ഓര്‍‌മ്മയായ ദിവസം തന്നെ,എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി,വൈകുന്നേരത്തോടെ അബുഹമുർ മഖ്ബറയിൽ ഖബറടക്കം നടത്താന്‍ സഹായിച്ച സഹകരിച്ച ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല.

ഔദ്യോഗികമായ എല്ലാ രേഖകളും വാരാന്ത്യത്തിലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂ‌ത്തിയാക്കുക എന്ന ശ്രമകരമായ ദൗത്യം നിർവ്വഹിച്ചതിൽ ഉമറിന്റെ സന്തത സഹചാരി സഹോദരൻ ഷരീഫിന്റെ നിസ്വാർഥ സേവനം ശ്ലാഘനീയം.തന്റെ കൂട്ടുകാരന്‍ കുരുക്കപ്പെട്ട നിയമക്കുരുക്കും അനുബന്ധ പ്രതിബന്ധങ്ങളും ആയാസരഹിതമാക്കാനുള്ള പരിശ്രമങ്ങളിലും ഷരീഫ് അത്യധ്വാനം ചെയ്‌‌തിരുന്നു.

സാന്ത്വന സേവന രം‌ഗത്ത് അവസരത്തിനൊത്ത് ഉണര്‍‌ന്ന് ചികിത്സക്ക്‌ വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സഹായിച്ച രാജ്യത്തെ നന്മയുടെ പ്രതീകമായ സ്ഥാപനം വഴി അനുവദിക്കപ്പെട്ട സൗകര്യങ്ങള്‍ വിലമതിക്കാനാകാത്തതായിരുന്നു.ആരോഗ്യ രം‌ഗത്ത് ഏറെ കീര്‍‌ത്തിക്കപ്പെട്ട ഖത്തറിലെ ആതുരാലയ നഗരിയില്‍ ദീര്‍‌ഘമായ കാലഘട്ടം രോഗിക്ക്‌ ശുശ്രൂഷകള്‍ നല്‍‌കിയ ഭിഷഗ്വരന്മാര്‍‌ക്കും,വിവിധ വകുപ്പുകളില്‍ പെട്ട സേവന നിരതരായ പരിപാലകര്‍‌ക്കും, പരിചാരകര്‍‌ക്കും നന്ദി രേഖപ്പെടുത്തുന്നു. 

നാളിതുവരെയുള്ള പരീക്ഷണ ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്ന, ചെറുതും വലുതുമായ സേവനങ്ങൾ നൽകി‌പ്പോന്ന, പ്രാർഥനയോടെ കൂടെ നിന്ന്‌ ചേര്‍‌ത്ത് നിര്‍‌ത്തിയ ബന്ധുമിത്രാധികള്‍‌ക്കും സഹൃദയര്‍‌ക്കും നന്ദി പ്രകാശിപ്പിക്കുന്നു.വിശിഷ്യാ അന്ത്യയാത്രയിൽ, ജനാസ നമസ്കാരത്തിൽ ഭാഗഭാക്കായ എല്ലാ പ്രിയപ്പെട്ടവര്‍‌‌ക്കും പടച്ച തമ്പുരാന്‍ അർഹമായ പ്രതിഫലം നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ...
=========
പ്രാര്‍‌ഥനയോടെ
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
12.09/2022