Monday, September 12, 2022

സപ്‌തം‌ബറിലെ മണിയറയും മണ്ണറയും

2022 സപ്‌‌തം‌ബര്‍ 8 വൈകുന്നേരം അബൂഹമൂര്‍ ഖബര്‍‌സ്ഥാന്‍ ബ്ലോക് നമ്പര്‍ 106 ല്‍ ഖബറടക്കത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.ബന്ധു മിത്രാധികളും സുഹൃത്തുക്കളും ചേര്‍‌ന്ന്‌ ഉമറിന്റെ ഭൗതീക ശരീരം  അടക്കം ചെയ്യാനുള്ള ഒടുവിലത്തെ മിനുക്ക് പണികളില്‍ സജീവം.ദുഃഖം ഘനീഭവിച്ച അന്തരീക്ഷം.നാട്ടിലെ ഖബറടക്ക രീതിയില്‍ നിന്നും തികച്ചും വ്യതിരിക്തമായ ശൈലി മരുഭൂമിയിലെ ഖബറടക്കത്തില്‍ പ്രകടമാണ്‌.ഈ സാഹചര്യത്തില്‍ വിശേഷാലൊരു ഹൃദയ വ്യഥ അനുഭവപ്പെടുന്നുണ്ടായിരുന്നു.

നമ്മുടെ നാട്ടില്‍ ഖബറുകള്‍‌ക്ക്‌ മേല്‍ക്കുഴി, ഇരിക്കക്കുഴി എന്നീ രണ്ട് വ്യത്യസ്ത കുഴികളാണ് തയ്യാറാക്കുക. ഇരിക്കക്കുഴിയില്‍ മൃതശരീരം കിടത്താനുളള വീതി മാത്രമാണ് ഉണ്ടാവുക.മൃത ശരീരം അടക്കിയതിനു ശേഷം,മൂടു കല്ലുകള്‍ വെച്ച് അടക്കും.അറേബ്യന്‍ ഗള്‍‌ഫ് രാജ്യങ്ങളില്‍ ഒരേ വലിപ്പത്തിലും ആകൃതിയിലുമുള്ള ആറടി താഴ്ചയിലുള്ള ഒറ്റ കുഴിയാണ്.ഏറ്റവും അടിയില്‍ പാര്‍ശ്വത്തിലെ ഭിത്തി ചെത്തി ഒരു മൃതശരീരത്തെ കിടത്താന്‍ മാത്രം പാകത്തില്‍ വലിപ്പമുള്ള അറ വെട്ടിയൊരുക്കും.അതിലേക്ക് മൃതദേഹം കയറ്റിവെച്ച ശേഷം കുഴച്ച മണ്ണുരുളകള്‍ കൊണ്ട് അറ അടയ്ക്കുന്നതാണ് ഗള്‍‌ഫ്‌ നാടുകളിലെ രീതി.പിന്നെ ആറടി കുഴിയും മണ്ണിട്ട് മൂടും.മണല്‍ നിറഞ്ഞ മരുഭൂമിയുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് രൂപപ്പെട്ട ശൈലിയായിരിക്കാം ഇത്.

ഖബറടക്ക വേളയില്‍ സാക്ഷിയായ സന്ദർഭം.മനുഷ്യന്റെ  നിസ്സഹായാവസ്‌ഥയില്‍ സ്‌തം‌ഭിച്ചു നിന്നു പോയ മുഹൂര്‍‌ത്തങ്ങള്‍.എല്ലാം യന്ത്രങ്ങൾക്ക് വഴിമാറിയപ്പോൾ ഊര്‍‌ന്നു പോകുന്ന ചോര്‍‌ന്നു പോകുന്ന മഹിതമായ സമ്പ്രദായങ്ങൾ ഗൃഹാതുരതയോടെ ഓര്‍‌ത്ത് നൊന്തു പോയ നിമിഷം.

വിശാലമായി നീണ്ട് കിടക്കുന്ന ശ്‌മശാന ഭൂമിയില്‍ നൂറുകണക്കിന്‌ ഖബറുകള്‍ മുന്‍‌കൂട്ടി ഒരുക്കി വെക്കുന്നുണ്ട്.ഓരോന്നിനും അതിന്റെ ഊഴം വരും.മയ്യിത്ത് നിസ്‌‌ക്കാര ശേഷം പ്രത്യേക വാഹനത്തില്‍ ഖബരിന്നരികെ വരെ ജനാസ കൊണ്ടുവരും.മൃത ദേഹം ഖബറിലേക്ക് ഇറക്കി വെച്ച്,സിമന്റ്‌ സ്ലാബുകള്‍ കൊണ്ട്‌ മൂടി പഴുതടക്കാനുള്ള കുഴച്ച മണ്ണ്‌ സഹൃദയര്‍ പരസ്‌പരം കൈമാറി ഖബറിലേക്ക്‌ എത്തിക്കുന്നതിനപ്പുറം,ചുറ്റും കൂടിയവര്‍‌ക്ക്‌ ഒന്നും സാധിക്കുകയില്ല.

ഇതേ മണ്ണില്‍ നിന്നാകുന്നു നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിലേക്ക്‌ തന്നെ നിങ്ങളെ തിരിച്ചു കൊണ്ടു പോകും. ഇതില്‍ നിന്നു തന്നെ നിങ്ങളെ മറ്റൊരിക്കല്‍ നാം പുറപ്പെടുവിക്കുകയും ചെയ്യും.

എന്ന്‌ ശാന്തമായി നിന്നു മൊഴിയാം.

ഉറച്ചു കിടക്കുന്ന ചുടുകാട്ടിലെ കല്ലും കട്ടയുമല്ലാതെ ഒരു പിടി മണ്ണും എടുക്കാനാകില്ല.ഷേവലിന്റെ സഹായത്താലാണ്‌ ഖബറില്‍ മണ്ണ് നിറക്കുന്നത്.അതെ,യന്ത്ര വത്കൃത ലോകത്ത് എല്ലാം യാന്ത്രികം. അസ്വസ്ഥമാകുന്ന മനസ്സിന്റെ തീഷ്‌ണതയില്‍ ചുട്ടുപോകുന്ന മനസ്സോടെ  കൈകളുയർത്താം.നാടും വീടും വിട്ട പരദേശിയുടെ സ്വീകാര്യമായ പ്രാര്‍‌ഥനകൾക്ക് വേണ്ടി.

2012 സപ്‌‌തം‌ബറിലായിരുന്നു ഉമറിന്റെ വിവാഹം.പുതു മണവാളന്‍ തന്റെ ഇണയെ മണിയറയിലേക്ക് കൂടെ കൂട്ടുന്ന അനുഗ്രഹീതമായ നിമിഷങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നു.പുതിയ ജീവിതാധ്യായം പ്രാരം‌ഭം കുറിച്ച മഹിതമായ മുഹൂര്‍‌ത്തം.ഒരു ദശാബ്‌‌ദത്തിനു ശേഷം ഭൗതിക ജീവിതത്തില്‍ നിന്നും പാരത്രിക ലോകത്തേക്കുള്ള പ്രയാണത്തിലും,അഥവാ ജീവിതാധ്യായത്തിന്‌ വിരാമമിട്ട് മണ്ണറയിലേക്ക്‌ യാത്രയാക്കുന്നേരവും സാക്ഷിയായപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന.തന്റെ പ്രിയതമന്റെ ഖബറടക്കത്തിന്‌ സാക്ഷിയായി തൊട്ടടുത്തൊരു വാഹനത്തില്‍ മുഹ്‌സിയും ഉണ്ടായിരുന്നു.

മൃത ശരീരം ഖബറിലെ പാര്‍‌ശ്വ ഭാഗത്തെ അറയിലേക്ക്‌ എടുത്ത വെച്ച ശേഷം കുഴച്ച മണ്ണുരുളകള്‍ വെച്ച് അടച്ചു.എന്നിട്ട് ആറടി ആഴമുള്ള കുഴിയിലേക്ക്‌ മണ്‍ കോരിയിലൂടെ മണ്ണൊഴുക്കി മൂടിക്കൊണ്ടിരുന്നു.കണ്ണുകളില്‍ ഇരുട്ട് കയറുന്നതു പോലെ തോന്നി.കൈകാലുകള്‍ കുഴഞ്ഞു പോകുന്നതു പോലെ.പരസഹായമില്ലാതെ നില്‍‌ക്കാന്‍ കഴിയാത്ത അവസ്ഥ. പറഞ്ഞറിയിക്കാനാകാത്ത അസ്വസ്ഥത.ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തെക്കാള്‍ വേവും നോവുമായിരുന്നു ഉള്ളുമുഴുവന്‍. പരേതാത്മാവിന്റെ പാരത്രിക വിജയത്തിനായി ഉള്ളുരുകി പ്രാര്‍‌ഥിച്ചു. ഒടുവില്‍ സലാം പറഞ്ഞു കൊണ്ട് പിരിഞ്ഞു.

കോരിച്ചൊരിയുന്ന മഴയുടെ അർധ വിരാമാത്തിൽ ഇനിയൊരു പെരുമഴക്ക് തുടക്കമാവും മുമ്പ് വീടെത്താനുള്ള വ്യഗ്രത പോലെ......

വാഹനത്തില്‍ കയറിയിരുന്നപ്പോള്‍ വിശുദ്ധ ഖുര്‍‌ആനിലെ ഇരുമ്പ്‌ എന്ന അധ്യായത്തിലെ ഇരുപതു മുതലുള്ള സൂക്തത്തിലെ സം‌ക്ഷിപ്‌‌ത ചിത്രം ഓര്‍‌മ്മയില്‍ തെളിഞ്ഞു.ജീവിതമെന്നാല്‍ കളിയും തമാശയും വിനോദവും ആര്‍‌ഭാഡവും സന്താന സൗഭാഗ്യങ്ങളില്‍ പരസ്‌‌പരം മികച്ചു നില്‍‌ക്കാനുള്ള മത്സരവുമെന്നത്രെ മനുഷ്യരുടെ വിചാരം.ഇത്തരം അതിരു വിട്ട സമീപനത്തെ അതിമനോഹരമായി ചിത്രീകരിക്കുന്ന ഭാഗം വര്‍‌ണ്ണമഴയായി പെയ്‌‌തിറങ്ങി. ശാശ്വതമായ വിജയത്തിനുവേണ്ടി നന്മയിലേക്കുള്ള മത്സരമാണ്‌ പരമ പ്രധാനം എന്ന് അടിവരയിട്ടുകൊണ്ടാണ്‌ പ്രസ്‌തുത ഭാഗം അവസാനിക്കുന്നത്.

കരുണാവാരിധിയായ തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ...
==============
അസീസ് മഞ്ഞിയില്‍