Friday, September 16, 2022

ഓര്‍‌മ്മകളിലെ സത്താര്‍

ഓര്‍‌മ്മകളിലെ കെ.ജി സത്താര്‍ അണിയറയില്‍ ഒരുങ്ങുന്നു.ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സം‌ഘടിപ്പിക്കപ്പെടുന്ന സം‌ഗീത വിരുന്ന് കൊതിയോടെ കാത്തിരിക്കുകയാണ്‌ സംഗീതാസ്വാദകര്‍. 2015 ല്‍ എമ്പത്തിയേഴാമത്തെ വയസ്സിലായിരുന്നു കെ.ജി പരലോകം പൂകിയത്‌.600 ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടക ഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയിട്ടുണ്ട്.
പ്രസിദ്ധനായ പ്രൊഫസര്‍ കെ.ഗുല്‍മുഹമ്മദ് ബാവയുടെ മകനാണ്.പൂവത്തൂര്‍ സെന്‍റ് ആന്‍റണീസ് ഹയര്‍ എലിമെന്‍റി സ്‌‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടാഞ്ചരേിയിലെ കൃഷ്‌‌ണന്‍കുട്ടി ഭാഗവതരുടെ പക്കല്‍ ശാസ്‌‌ത്രീയ സംഗീതം പഠിച്ചു. എം.എസ്. ബാബുരാജ്, രാമുകാര്യാട്ട്, ടി.കെ. പരീക്കുട്ടി, മൊ‌‌യ്‌‌തു പടിയത്ത് തുടങ്ങിയവരുമായുള്ള അടുപ്പം മലയാള സംഗീതമേഖലയിലേക്ക് അടുപ്പിച്ചു.1942 ല്‍ മദ്രാസിലത്തെി ആദ്യ ഗ്രാമഫോണ്‍ റെക്കൊഡിങ് നടത്തി.
1960-70 കളില്‍ ആകാശവാണിയിലും ഗ്രാമഫോണ്‍ റെക്കൊഡുകളിലും നിരവധി മാപ്പിളപാട്ടുകള്‍ ആലപിച്ചു. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. ഹാര്‍മോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാര്‍മോണിയ അധ്യാപകന്‍' എന്ന കൃതി രചിച്ചിട്ടുണ്ട്.സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ ആദ്യകാല സംഗീത ഗുരു.
കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ ഇന്നെന്തേ നിന്‍ മിഴിക്കോരു നിറമാറ്റം പൊന്നേ...''
ഹസ്ബീ റബ്ബീ ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗ‌യ്റുല്ലാ നൂറുമുഹമ്മദ് സല്ലല്ലാ ലാഇലാഹ ഇല്ലല്ലാ...''
മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടുപോകണേ മക്കം കാണുവാന്‍ കഅ്ബ ചുറ്റുവാന്‍ കില്ല പിടിച്ചങ്ങ് കേഴുവാന്‍..'',
ഏക ഇലാഹിന്റെ കരുണാ കടാക്ഷത്താല്‍ എഴുതിയ കത്തു കിട്ടി
എന്റെ സഖീ...തുടങ്ങിയ ആസ്വാദക ലോകം ഏറ്റെടുത്ത പാട്ടുകളെ അനശ്വരമാക്കിയ ഗായകനാണ്‌ കെ.ജി.സത്താര്‍.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതില്‍ അനിഷേധ്യമായ പങ്കുവഹിച്ച മാപ്പിള്ളപ്പാട്ട് തറവാട്ടിലെ ഖുറൈഷി കെ.ജി സത്താര്‍ എന്റെ നാട്ടുകാരനാണ്‌ എന്നതില്‍ അഭിമാനമുണ്ട്‌.കൗമാരപ്രായത്തില്‍ ഞാന്‍ രചിച്ച വരികള്‍ ആകാശവാണിയിലൂടെ ശബ്‌ദം നല്‍‌കി പ്രോത്സാഹിപ്പിച്ചിരുന്നു എന്നതും ഇത്തരുണത്തില്‍ ഓര്‍‌ത്തു പോകുന്നു...
മക്കത്ത് പൂത്തൊരു പൂവിന്‍ മണമിന്നും തീര്‍‌‌ന്നില്ലാ മദീനത്ത് മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ.. -------- മുന്തിരിവള്ളികള്‍ കാറ്റിലുലഞ്ഞു മധുരക്കനികള്‍ തിങ്ങി നിറഞ്ഞു മണല്‍ കാട്ടിലന്ന്‌ മലരുകള്‍ വിടര്‍‌ന്നു മരുഭൂമിയിലാകെ നറുമണം പരന്നു.. സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- മഗ്‌രിബും മശ്‌രിഖും തുടു തുടുത്തിരുന്നു മദ്‌ഹുകൾ മൂളിക്കൊണ്ട്‌ മരുക്കാടും ഉണര്‍‌ന്നൂ.. മധു മന്ദഹാസത്താലെ മധുപന്മാര്‍ പറന്നു... സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- കിലു കിലെ കലിമകള്‍ കടലിരമ്പിടുന്നു മിനു മിനു മിന്നും താര ഗണങ്ങളും ഉണര്‍‌ന്നു തസ്‌ബീഹിന്‍ സ്വരം കൂട്ടി മഴമേഘം പടര്‍‌‌ന്നൂ... സല്ലല്ലാഹു അലാ മുഹമ്മദ്‌... സല്ലല്ലാഹു അലൈഹി വസല്ലം... -------- ഈ വരികളായിരുന്നു ആകാശവാണിയിലൂടെ ആദ്യമായി ശബ്‌ദം നല്‍‌കപ്പെട്ടത്.എഴുപതുകളില്‍ കൗമാര പ്രായത്തില്‍ എഴുതിയ ഈ മദ്‌ഹ്‌ ഗാനം തൊണ്ണൂറുകളില്‍ മറ്റാരുടെയൊ വിലാസത്തിലും പിതൃത്വത്തിലും കാസറ്റിലൂടെ പ്രചരിച്ചതും സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.
ധാര്‍‌മ്മികമായ പാഠങ്ങളും ചരിത്രങ്ങളും ആഘോഷാവസരങ്ങള്‍‌ക്കസരിച്ചുള്ള പാട്ടുകളും എന്നതിലുപരി സമൂഹത്തില്‍ നിലനിന്നിരുന്ന അത്യാചാരങ്ങളെ സരസമായി അവതരിപ്പിക്കുന്നതിലും കെ.ജി.സത്താര്‍ ബദ്ധശ്രദ്ധനായിരുന്നു. കാതുകളനവധി തുള തുളക്കാന്‍ പടച്ചവന്‍ പറിഞ്ഞിട്ടുണ്ടോ അതിലൊരു കൂമ്പാരം സ്വര്‍‌ണ്ണമിടാന്‍ പടച്ചവന്‍ പറഞ്ഞിട്ടുണ്ടോ ? എന്നീ വരികള്‍ എഴുപതുകളില്‍ മാപ്പിള ചുണ്ടുകളിലെ മൂളിപ്പാട്ടുകളില്‍ ഇടം പിടിച്ചവയായിരുന്നു.
സാമൂഹിക വിപ്ലവത്തിന്‌ വളരെ സമര്‍‌ഥമായി മാപ്പിള ഗാന ശാഖയെ ഉപയോഗപ്പെടുത്തിയ,മാപ്പിളപ്പാട്ട് തറവാട്ടിലെ കാരണവരുടെ സ്‌മരണാര്‍‌ഥം സപ്‌‌തം‌ബര്‍ 29 ന് സം‌ഘടിപ്പിക്കുന്ന ഓര്‍‌മ്മകളിലെ കെ.ജി സത്താര്‍ എന്ന സം‌ഗീതവിരുന്നിന്‌ ഭാവുകങ്ങള്‍. ===== അസീസ് മഞ്ഞിയില്‍