Friday, May 19, 2023

വിജയശ്രീലാളിതരായവര്‍‌ക്ക് അഭിവാദ്യങ്ങള്‍

ഈ വര്‍ഷം പത്താം തരം പൊതു പരീക്ഷക്കിരുന്ന എല്ലാ വിദ്യാര്‍ഥികളും വലിയ നേട്ടം കൈവരിച്ചിരിക്കുന്നു.ചരിത്ര പ്രസിദ്ധമായ ഈ ഉയര്‍‌ന്ന മേനിയുടെ അഭിമാനാര്‍ഹമായ വിജയത്തില്‍ ആശംസകളുടെ പ്രവാഹമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.എല്ലാ വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനികള്‍‌ക്കും അനുമോദനങ്ങള്‍...അഭിവാദ്യങ്ങള്‍...

ഭാവി വാഗ്‌‌ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ധര്‍മ്മ സരണിയിലെ വീരോചിതമായ കര്‍മ്മങ്ങള്‍ക്ക്‌ ചൂട്ട്‌ പിടിക്കാന്‍ നിയുക്തരായ പരിവ്രാചകന്മാരത്രെ അധ്യാപകര്‍. കുശവന്റെ കയ്യിലെ കളിമണ്ണുരളകളെപ്പോലെ പുതിയ രൂപവും ഭാവവുമാകാന്‍ കാത്ത്‌ കഴിയുന്ന അസംസ്‌കൃത മണ്ണുരളകളാണ്‌ വിദ്യാര്‍ഥികള്‍. പാകപ്പെടുത്തപ്പെട്ട മണ്ണുരളകള്‍ കലങ്ങളായും കുടങ്ങളായും ചട്ടികളായും ചെരാതുകളായും മാറ്റപ്പെടുന്നു.അതതു രൂപ കല്‍പനക്കനുസൃതമായി മണ്ണ്‌ പാകപ്പെടുക എന്നതുപോലെ പാകപ്പെട്ടവിധം രൂപപ്പെടുത്താനും സാധിക്കണം.

വിദ്യാര്‍ഥികളെന്ന മണ്ണുരളകള്‍ പരുവപ്പെടേണ്ടത്‌ അവരുടെ മാതാപിതാക്കളുടെ മടിത്തട്ടുകളിലാണ്‌.രൂപപ്പെടേണ്ടത്‌ അധ്യാപകന്റെ നിര്‍മ്മാണ കൌശലത്തിലും.മണ്ണ്‌ യഥാവിധി പാകപ്പെടുന്നില്ല എന്നത്‌ ദുരന്തമാണ്‌.യഥോചിതം രൂപപ്പെടുന്നില്ല എന്നതും .​

സമൂഹത്തിന്റെ വിവിധമേഖലയിലുള്ളവരുടെ പോരായ്‌മകളും ദൂഷ്യങ്ങളും എടുത്തോതുന്ന വര്‍ത്തമാന ശൈലി പുനര്‍വിചിന്തനത്തിന്‌ വിധേയമാക്കണം. ആത്യന്തികമായി മാറേണ്ടത്‌ സമൂഹമാണ്‌.നല്ല സമൂഹത്തില്‍ നല്ല അധ്യാപകരുണ്ടാകും .നല്ല ഉദ്യോഗസ്ഥരുണ്ടാക്കും .നല്ല രാഷ്‌ട്രിയക്കാരനും സാമുഹിക പ്രവര്‍ത്തകനും ഉണ്ടാകും .നല്ല അവസ്ഥയും വ്യവസ്ഥയും ഉണ്ടാകും.ഒരു നല്ല നാളെയുടെ സങ്കല്‍പത്തെ പൂവണിയിക്കുന്നതില്‍ നിതാന്ത ജാഗ്രതയുള്ളവരായിരിക്കണം മതാപിതാക്കളും അധ്യാപകരും.

=========










അസീസ് മഞ്ഞിയില്‍