Sunday, March 17, 2024

ബദരീങ്ങളെ ആണ്ടില്‍ പതിഞ്ഞ നോമ്പോര്‍‌മ്മ

വ്രത വിശുദ്ധിയുടെ അനുഗ്രഹീതമായ ദിനങ്ങളില്‍ റമദാന്‍ പാതി കഴിയുന്നതോടെ വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ ദഫ്‌ മുട്ടി ഉണരുന്ന ബദറിന്റെ രാവുകളായിരിയ്‌ക്കും. ബദറില്‍ ശഹീദായവരുടെ ഓര്‍‌മ്മക്കായ് നടത്തുന്ന ബദരീങ്ങളുടെ ആണ്ട് നേര്‍‌ച്ച ബാല്യകാല നോമ്പോര്‍‌മ്മകളിലെ സവിശേഷ ദിനമാണ്‌.

നോമ്പ്‌ തുടങ്ങുന്നതിനു മുമ്പ് തന്നെ നേര്‍‌ച്ചയുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചിട്ടുണ്ടാകും.ബീരാവുക്കയും അയമുക്കയുമാണ്‌ ഇക്കാര്യത്തില്‍ ഉപ്പയുടെ സഹായികളും സഹയാത്രികരും.റമദാനിലെ ആദ്യ നാളുകളില്‍ തന്നെ ബന്ധുമിത്രാധികളോടും മഹല്ലിലെ എല്ലാ വീടുകളിലും നേര്‍‌ച്ചയുടെ ക്ഷണം നടന്നിരിയ്‌ക്കും.

നാട്ടുകാരെ ക്ഷണിക്കാന്‍ എവിടെയൊക്കെ ആരൊക്കെ പോകണമെന്ന് മുന്‍ കൂട്ടി തിരുമാനിക്കപ്പെട്ടിരിയ്‌ക്കും.ഓരോ വീട്ടിലും ചെന്ന്‌ ഉമ്മറപ്പടി കയറുമ്പോള്‍ തന്നെ വീട്ടിലെ ഉമ്മമാര്‍ 'ദേ നേര്‍‌ച്ചക്ക് വിളിക്കാന്‍ വന്നിരിക്കണ്‌' എന്നു പറയും.'അല്ലാ...മോനേ ഇവുടുന്ന് ഉപ്പ മാത്രം മതിയോ അതല്ല എല്ലാവരും വരണോ..?'എന്നിത്യാദി ചോദ്യങ്ങള്‍‌ക്കുള്ള ഉത്തരം ഒരുചിരിയിലൊതുക്കി തിരിച്ചു പോരുമ്പോള്‍ 'അദേ ഞങ്ങള്‍‌ക്ക്‌ള്ളത് കൊടുത്തയച്ചാല്‍ മതി...'അടക്കിപ്പിടിച്ച സ്വരത്തില്‍ ഉമ്മൂമമാര്‍ പറയുമായിരുന്നു.

ഈ ആവശ്യങ്ങളൊക്കെ നൂറു ശതമാനവും പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ആയിരുന്നു എന്നതാണ്‌ യാഥാര്‍‌ഥ്യം..

മാംസം വേവുന്നതിന്റെ നെയ്‌ചോറിന്റെയൊക്കെ മണം പോലും കേള്‍‌ക്കാന്‍ കൊതിയോടെ കാത്തിരുന്ന കാലം അത്ര അകലെയൊന്നും അല്ലായിരുന്നു.

മഞ്ഞിയില്‍ പള്ളിയില്‍ റമദാനിന്റെ തുടക്കം മുതല്‍ തന്നെ ദിനേനയുള്ള ഇഫ്‌ത്വാറിനുള്ള തയാറെടുപ്പുകള്‍ നടക്കുമായിരുന്നു.ഒരു ചീള്‌ കാരക്കയും മണ്‍‌ ചട്ടിയില്‍ കുറച്ച്‌ പാല്‍ ചായയും കൂടെ കൂട്ടാന്‍ പൊന്തപ്പമോ റസ്‌കോ ഇതായിരുന്നു വിഭവം.ചായയുണ്ടാക്കാനുള്ള അടുപ്പ്‌ പൂട്ടുന്നതും വിറക്‌ ശേഖരിക്കുന്നതും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിലും കുട്ടികള്‍ വലിയ ആവേശത്തോടെ സഹകരിക്കും.ഒരു പക്ഷെ മത്സരിച്ച്‌ പങ്കെടുക്കും. ചായയുണ്ടാക്കുന്നത്‌ പള്ളി മുറ്റത്ത്‌ തന്നെയായിരിയ്‌ക്കും.അസര്‍ നിസ്‌കാരം കഴിഞ്ഞുടന്‍ തന്നെ ഇതിനുള്ള ചിട്ട വട്ടങ്ങള്‍ തുടങ്ങും.കാരയ്‌ക്ക മുറിച്ചിരുന്നത് വയോവൃദ്ധനായ കുഞ്ഞി സെയ്‌തുക്കയായിരുന്നു.അതിനു പറ്റിയ കത്തി അദ്ധേഹത്തിന്റെ താക്കോല്‍ കൂട്ടത്തില്‍ തന്നെ ഉണ്ടാകും.ഒരു കാരയ്‌ക്ക നാലു പേര്‍‌ക്ക്‌ എന്നതായിരുന്നു കണക്ക്‌.നാട്ടിലെ ചില പ്രമാണിമാരുടെ നോമ്പുതുറ ഊഴം വരുമ്പോള്‍ ഒരു കാരയ്‌ക്ക രണ്ട്‌ പേര്‍ക്കെന്ന വീതത്തില്‍ മുറിക്കപ്പെടും. കൂടാതെ രണ്ടല്ലി മധുര നാരങ്ങയോ മുന്തിരിങ്ങയോ പ്രത്യേകമായും ഉണ്ടാകും.

വലിയ കൂടകളിലാണ്‌ ഇന്ന്‌ ഈത്തപ്പഴം കൊണ്ട്‌വരുന്നത്.പളുങ്കു പാത്രങ്ങളിലാണ്‌ പഴങ്ങളും വിഭവങ്ങളും വിളമ്പുന്നത്.ആളോഹരിയാക്കി വീതം വെച്ചിരുന്നതിനു പകരം താല നിറയെ വിളമ്പി വെക്കുകയാണ്‌.ഇഷ്‌ടാനുസാരം എടുത്ത്‌ ഭക്ഷിക്കാന്‍.

പറഞ്ഞു വന്നത് നേര്‍‌ച്ചയെ കുറിച്ചാണ്‌.അസര്‍ നമസ്‌ക്കാരത്തിനു ശേഷമാണ്‌ മൗലിദ് പാരായണവും മറ്റു കര്‍‌മ്മങ്ങളും നടക്കുക.പള്ളിയിലെ ഖതീബിന്റെ നേതൃത്തത്തില്‍ നടക്കുന്ന ഈ ചടങ്ങില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.പൂമുഖത്ത് പുല്‍ പായ വിരിച്ച് ഒരുക്കിയത് കൂടാതെ നിര്‍‌ണ്ണിതമായ ഒരു ഭാഗത്ത് പ്രത്യേക വിരിപ്പുകള്‍ വിരിച്ചും തലയിണകള്‍ വെച്ചും സജ്ജമാക്കിയിട്ടുണ്ടാകും.ഇത് വിശിഷ്‌ട വ്യക്തികള്‍‌ക്കുള്ള ഇരിപ്പിടമാണ്‌.അഥവാ മജ്‌ലിസ്.നേര്‍‌ച്ച കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍‌ക്ക് 'കൈമടക്ക്' അഥവാ പാരിതോഷികം കൊടുക്കാന്‍ ഉപ്പ വാതില്‍‌ക്കല്‍ തന്നെ നില്‍‌പ്പുണ്ടാകും.ഓരോരുത്തരും തങ്ങളുടെ കൈമടക്കും വാങ്ങിയാണ്‌ പുറത്തിറങ്ങുക.

നേര്‍‌ച്ച ചൊല്ലിക്കഴിയുമ്പോഴേക്കും മഞ്ഞിയില്‍ പറമ്പും പരിസരവും നിറഞ്ഞു കവിഞ്ഞിരിയ്‌ക്കും.നിസ്‌ക്കാരപ്പള്ളിയുടെ അകവും പുറവും ഉമ്മറവും കഴിഞ്ഞ്‌ മുറ്റത്ത് പെരുമ്പായ വിരിച്ചാണ്‌ മഗ്‌രിബ് നിസ്‌ക്കാരം നിര്‍‌വഹിക്കുക.

ഈത്തപ്പഴച്ചീളും ജീരകക്കഞ്ഞിയും തരിക്കഞ്ഞിയുമൊക്കെയാകും വിശേഷ ദിവസത്തെ നോമ്പു തുറയെ ആഘോഷമാക്കുന്ന ഘടകം.

ഉസ്‌താദുമാര്‍‌ക്കും കൂടെയുള്ളവര്‍‌ക്കും പൂമുഖത്ത് പ്രത്യേകം ഒരുക്കിയ ഇടത്തില്‍ ഭക്ഷണം വിളമ്പും.അധികപേരും മുറ്റത്തെ കളത്തിലിരുന്നാണ്‌ ഭക്ഷിക്കുക.

കളിമണ്ണ്‌ കൊണ്ട് കളം മെഴുകിയ മുറ്റത്ത് പായകള്‍ വിരിച്ച് അന്നദാനം തുടങ്ങും.ഇലയിലായിരുന്നു ബിരിഞ്ചിയും കറിയും വിളമ്പിയിരുന്നത്. ബദരീങ്ങളെ നേര്‍‌ച്ചക്ക് ബിരിഞ്ചി എന്നതായിരുന്നു നാട്ട്നടപ്പ്.തേങ്ങാ ചോറ് എന്നും ഇത് അറിയപ്പെടുന്നുണ്ട്.ഓലകൊണ്ട് മെടഞ്ഞ കൊട്ടകളുമായി വരി നില്‍‌ക്കുന്ന വിശേഷിച്ചും സ്‌ത്രീകള്‍‌ക്ക് പ്രത്യേകം വിളമ്പി കൊടുക്കും.

ഭക്ഷണം കഴിച്ച് ആത്മ നിര്‍‌വൃതിയോടെ അതിലുപരി തെളിഞ്ഞ മുഖത്തോടെ കൂട്ടം കൂട്ടമായി ആളുകള്‍ പോയിരുന്നത് ഇന്നും കണ്ണിലെ കരളിലെ ചിത്രങ്ങളാണ്‌.സ്വാദിഷ്‌ടമായ ഭക്ഷണത്തിന്‌ ഇതുപോലൊരു ആണ്ടറുതിയെ പ്രതീക്ഷിക്കുന്നവരായിരുന്നു അധികവും.

പരിമിതികള്‍‌ക്കിടയില്‍ നിന്നു കൊണ്ട്‌ ഉള്ളതു കൊണ്ട്‌ തൃപ്‌തിപ്പെട്ടിരുന്ന കാലം അസ്‌തമിച്ചിരിക്കുന്നു.കണ്ണു കഴക്കാത്ത കാത്തിരിപ്പില്‍ പോലും നിരാശരാകാത്ത പഴയ കാലം തിരിച്ചു വരാനാകാത്ത വിധം ദൂരത്താണ്‌.ദാരിദ്ര്യത്തിലും സമ്പന്നമായ മനസ്സിന്റെ ഉടമകളുടെ സൗഹൃദ സാഹോദര്യത്തിന്റെ സുഗന്ധം അനുഭൂതിദായകമായിരുന്നു.