പ്രസിദ്ധമായ വ്യാപാരസമുച്ചയത്തിലെ ഭോജനശാലയില്‍ ഒരു തീന്മേശക്കരികെ ഊഴവും കാത്തിരിക്കുകയായിരുന്നു.തൊട്ടടുത്ത് സ്വദേശികളായ ദമ്പതികള്‍ പരസ്‌പരം സന്തോഷത്തോടെ സംസാരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.ചിരിയും കളിയും തമാശയും എല്ലാമായി കഴിയുമ്പോള്‍ അയാളുടെ ഫോണ്‍ ശബ്‌ദിച്ചു.
പക്ഷെ അദ്ദേഹം ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.അപ്പോള്‍ സഹധര്‍മിണി ചോദിക്കുന്നുണ്ട്.അവളായിരിക്കും ലേ.......? ഇതോടെ പരസ്‌പര സംഭാഷണത്തിന്റെ ഈണവും താളവും മറ്റൊരു ശൈലിയിലേക്ക് പോയി.
ഇതിന്നിടെ ഭക്ഷണ കൗണ്ടറില്‍ നിന്നും ക്രമ നമ്പര്‍ വിളിച്ചത് കേട്ട് എന്റെ ഭക്ഷണ തളികയും വാങ്ങി മറ്റൊരു ഭാഗത്തേക്ക് മാറിയിരുന്നു. എത്രപെട്ടെന്നാണ് കാലാവസ്ഥകള്‍ മാറിമറിയുന്നത്.വെറുതെ മനസ്സ് മന്ത്രിച്ചു.ഒപ്പം ഏകദേശം രണ്ടര പതിറ്റാണ്ട് മുമ്പുള്ള ഒരോര്‍മ മനസ്സില്‍ തെളിഞ്ഞു വന്നു.
ഒരു പക്ഷെ രാജ്യത്തെ ആദ്യത്തെ എന്ന് പറയാവുന്ന വിശാലമായ വ്യാപാരസമുച്ചയം രണ്ടായിരത്തിന്റെ തുടക്കത്തിലാണ് പ്രാരംഭം കുറിച്ചത്. പ്രസ്‌തുത സമുച്ചയത്തില്‍ ഞങ്ങളുടെ വ്യാപാര ശൃംഖലയുടെ ശാഖയും തുറന്നിരുന്നു.
ഒരു ദിവസം മധ്യവയസ്‌കരായ ദമ്പതികള്‍ ഷോറൂമിലേക്ക് കയറിവന്നു.അഭിവാദ്യം ചെയ്‌തു.ഞങ്ങള്‍ പ്രത്യഭിവാദ്യം ചെയ്‌തു.
ഇദ്ദേഹത്തിന് ഒന്നാം തരം ഒരു പാദരക്ഷവേണം.ഇയാള്‍ പുതുമാരനാണ്. സഹധര്‍മിണിയുടെ സംസാരം കേട്ട് അയാള്‍ ചിരിക്കുന്നുണ്ട്.കൃത്യമായി ഒന്നും അറിയാതെ ഞങ്ങളും ചിരിച്ചു.
ഒരു സെയില്‍സ്‌മേനോട് ഇവര്‍ക്ക് വേണ്ടത് കാട്ടികൊടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല.ഞാന്‍ തന്നെ കൂടെ നിന്നു.ഏറെ വിലപിടിപ്പുള്ളതും മിതമായ വിലയുള്ളതും ഒക്കെ നോക്കിക്കൊണ്ടിരുന്നു. ഇതിന്നിടയില്‍ പുതുമാരന്‍ പ്രയോഗം ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു.ആവര്‍ത്തനത്തിന്റെ വിമ്മിഷ്‌ടം അയാള്‍ പറയുന്നുണ്ടെങ്കിലും അവള്‍ അതൊന്നും മുഖവിലക്കെടുത്തിരുന്നില്ല. ഒടുവില്‍ ഒരെണ്ണം രാജകീയമായ പാദരക്ഷ തന്നെ തിരഞ്ഞെടുത്തു.
വിലകൂടുതലാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍
പിന്നേ ... വിലക്കൂടുതല്‍ ! എന്ന് അവള്‍ പരിഹസിച്ചു.
ഓരോ വാക്കിലും കുറേ പരാമര്‍ശങ്ങള്‍ അടങ്ങിയത് പോലെയായിരുന്നു സ്‌ത്രീയുടെ സംസാരം.
ഇനിയും എന്തൊക്കെ വാങ്ങാനുണ്ടെന്നോ..?
ഓരോന്നായി അക്കം പറഞ്ഞ് എണ്ണിക്കൊണ്ടിരുന്നു.
തൊപ്പിവേണം,ഗത്തറ വേണം,അത്തര്‍ വേണം....
അവള്‍ നെടുവീര്‍പ്പിട്ടു...
അയാള്‍ അധികം സംസാരിച്ചിരുന്നില്ല.ചിരിക്കുക മാത്രമായിരുന്നു.
ബില്ലിങ് കൗണ്ടറില്‍ എത്തി പണമടക്കുമ്പോള്‍ അവള്‍ പറയുന്നുണ്ട്.എന്നെ കൂട്ടാതെ സൂഖിലിറങ്ങാനായിരുന്നു പൂതിയും പദ്ധതിയും.ഞാന്‍ വിട്ടില്ല. എന്നല്ല അങ്ങനെ വിടാന്‍ കഴിയില്ലല്ലോ.അപ്പോള്‍,അവളുടെ സംഭാഷണത്തിന് കനം കൂടുന്നുതും മിഴികള്‍ നനയുന്നതും എന്നെ അസ്വസ്ഥനാക്കി.
കൗണ്ടറില്‍ നിന്നും ബില്ലും സാധനവും വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ എന്തു പറയണമെന്ന് അറിയാത്ത വിധം പ്രയാസപ്പെട്ടു.വീട്ടിലെത്തിയ അതിഥികളോടെന്നപോലെ വാതില്‍ വരെ അനുഗമിച്ചു.
രണ്ടു പേരും നടന്നകലുന്നത് നോക്കി വേദനയോടെ പ്രവേശന കവാടത്തില്‍ തന്നെ നിന്നു.കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.അറിയാതെ എന്റെ കൈകള്‍ ഉയരുമ്പോഴേക്കും അവര്‍ നടന്നകന്നു കഴിഞ്ഞിരുന്നു.
===============
മഞ്ഞിയില്‍