Monday, April 8, 2024

2024 ലെ റമദാന്‍

ഒരു ഇടവേളക്ക് ശേഷം ഖത്തറിലായിരുന്നു ഇത്തവണ റമദാന്‍.മാര്‍‌ച്ച് ആദ്യവാരം അതിഥിയായെത്തിയ ആര്‍.പി സിദ്ദീഖ് സാഹിബും കൂടെ ഉണ്ടായിരുന്നു.റമദാനിനു തൊട്ടുമുമ്പുള്ള വെള്ളിയാഴ്‌ച ഇമാം മുഹമ്മദ് ബിന്‍ അബ്‌‌ദുല്‍ വഹാബ് മസ്‌ജിദിലായിരുന്നു ജുമ‌അ നിര്‍‌വഹിച്ചത്. ഉദയം പ്രവര്‍‌ത്തക സമിതി അം‌ഗം എന്‍.പി ജാസിമും കൂടെയുണ്ടായിരുന്നു.
----------
സാന്ദര്‍‌ഭികമായി ഇമാം മുഹമ്മദ് ബിന്‍ അബ്‌‌ദുല്‍ വഹാബ് മസ്‌ജിദിനെക്കുറിച്ച്:-

അല്‍ ഖുവൈറില്‍ പണിതീര്‍ത്ത രാജ്യത്തെ ഏറ്റവും വലിയ പള്ളി . ഖത്തറിന്റെ പരമ്പരാഗത നിര്‍മാണ പ്രൗഢിയും ആധനുനികതയുടെ രൂപകല്‍പനാ വൈഭവവും ശില്‍പവൈദഗ്ധ്യത്തിന്റെ ദൃശ്യഭംഗിയും സമ്മേളിക്കുന്ന പള്ളി രാജ്യത്തെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഏറ്റവും നൂതനമായ അടയാളം കൂടിയായിരിക്കും.

ഒരേ സമയം പതിനായിരം പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ കഴിയുന്ന പള്ളിയോടനുബന്ധിച്ച് ഗ്രന്ഥശാല അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ ഏറ്റവും വലിയ പള്ളിയായ സ്‌പൈറല്‍ മോസ്‌കിനെ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് നിര്‍മാണത്തിലും രൂപകല്‍പനയിലും സൗകര്യങ്ങളിലും ഏറെ സവിശേഷതകളുള്ള അല്‍ ഖുവൈറിലെ പള്ളി വലുപ്പത്തില്‍ ഒന്നാം സ്ഥാനം കൈയ്യടക്കുന്നത്.

ഇരുപത്തിയഞ്ചോളം വലിയ താഴികക്കുടങ്ങളും നിരവധി ചെറിയ താഴികക്കുടങ്ങളും നാല് മിനാരങ്ങളുമുള്ള പള്ളിയുടെ നിര്‍മാണം 2006 ലായിരുന്നു ആരംഭിച്ചത്.
ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് 19,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. 14,877 ചതുരശ്രമീറ്റര്‍ സ്ഥലത്ത് വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും 3,853 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്.

12,117 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം വരുന്ന ഗ്രൗണ്ട് ഫേ്‌ളാറിലാണ് പുരുഷന്‍മാര്‍ക്ക് നമസ്‌കാരത്തിനുള്ള പ്രധാന ഹാള്‍ . സ്ത്രീകള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും വെവ്വേറെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലാണ് ലൈബ്രറി. ഇവിടെ തന്നെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രാര്‍ഥനാ ഹാളുകളുമുണ്ട്.

പള്ളി നിര്‍മാണത്തിന്റെയും മേല്‍നോട്ടത്തിന്റെയും ചുമതല എസ്.എം.ഇ.സി കമ്പനിക്കായിരുന്നു. ആസ്‌ത്രേലിയ, ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലായി 40ഓളം ഓഫീസുകളും നാലായിരത്തോളം ജീവനക്കാരുമുള്ള കമ്പനിയുടെ മേഖലാ ആസ്ഥാനം ഖത്തറാണ്.
----------
പ്രത്യേകം നിര്‍‌ദേശിക്കപ്പെട്ട പോലെ വിശുദ്ധ ഖുര്‍‌ആനിലെ ഇസ്‌റാ‌അ്‌ എന്ന അധ്യായം പഠനവിധേയമാക്കി.പ്രസ്‌തുത അധ്യായത്തെ ആസ്‌പദപ്പെടുത്തി സി.ഐ.സി തുമാമ സോണ്‍ ഒരുക്കിയ പാഠ പഠനങ്ങളും ദിനേനയുള്ള പ്രശ്‌നോത്തരിയുമായി ബന്ധപ്പെട്ടും സഹകരിക്കാനുള്ള സുവര്‍‌ണ്ണാവസരം യഥാവിധി ഉപയോഗപ്പെടുത്തി.

റമദാനിനോടനുബന്ധിച്ച് ഖുര്‍‌ആന്‍ ആസ്വാദനം എന്ന പഠന പരമ്പര അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായി.സി.ഐ.സി തുമാമ സോണ്‍ സൗഹൃദ വേദിയുടെ ഹ്രസ്വ സന്ദേശങ്ങള്‍ പങ്കുവെക്കുന്നതിലും  ഖത്തറിലെ പ്രസിദ്ധമായ മലയാളം റേഡിയൊ 98.6 ല്‍ മജ്‌ലിസ് റമദാന്‍ പ്രഭാഷണങ്ങളിലും പങ്കാളിയാകാന്‍ കഴിഞ്ഞു.

സി.ഐ.സി വിജ്ഞാന വിരുന്നും,ഖിയാഫ് ഇഫ്‌താര്‍ സം‌ഗമവും,തനിമയുടെ അമൃതവാണിയും,സൗഹൃദവേദിയുടെ ഇഫ്‌താറും,പ്രാദേശിക ഒത്തു കൂടലുകളും എല്ലാം ഹരിതാഭമായ ഓര്‍‌മ്മകളായി മനസ്സിലുണ്ട്.

തിരക്ക് പിടിച്ച ദിനരാത്രങ്ങള്‍‌ക്കൊടുവില്‍ റമദാന്‍ വിടപറയുകയാണ്‌.
സര്‍‌വലോക പരിപാലകനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.
============
അസീസ് മഞ്ഞിയില്‍